സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

''ന്യൂക്ലിയര്‍ ആയുധങ്ങള്‍ പരിഹാരമല്ല, ദുരന്തമാണ്'': ഫ്രാന്‍സീസ് പാപ്പാ


ന്യൂക്ലിയര്‍ ആയുധങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ചുകൊണ്ട് യു.എന്‍. സമ്മേളനത്തില്‍ പാപ്പായുടെ സന്ദേശം

ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള യു. എന്‍ സമ്മേളനത്തിനു നല്‍കിയ സന്ദേശ ത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഈ സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, എലെയന്‍ (Elayne Whyte Gómez) വിറ്റ് ഗോമെസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തില്‍, അന്താരാഷ്ട്രീയ നീതിപരിപാലനകാര്യങ്ങളുടെ രൂപഘടനയ്ക്ക് അടിസ്ഥാനമായിരിക്കേണ്ടത് സമാധാനമാണ്, സമാധാനപരമായ പരിഹാരമാര്‍ഗങ്ങളായിരിക്കണം രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലും, അവയുടെ സൗഹൃദപരിപോഷണത്തിനും സ്വീകരിക്കേണ്ടത് എന്ന് ഐക്യരാഷ്ട്രസഭയുടെ പ്രമാണരേഖയില്‍ പറഞ്ഞിരിക്കുന്നത് എന്ന കാര്യം 2015, സെപ്തംബര്‍ 25-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ ഉദ്ധരിച്ചത് ആവര്‍ത്തിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചിരിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബഹുധ്രുവ ലോകത്തില്‍ സമാധാനവും സുരക്ഷയും നേരിടുന്ന മുഖ്യഭീഷണികള്‍, അവയുടെ വിവിധ മാനങ്ങളോടുകൂടി പരിഗണിക്കുമ്പോള്‍, ഉദാഹരണമായി, ഭീകരതാവാദം, സൈബര്‍ലോക പ്രശ്നങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, ദാരിദ്ര്യം എന്നിവ പരിഗണിക്കുമ്പോള്‍, ന്യൂക്ലിയര്‍ ആയുധങ്ങളാല്‍ അവയ്ക്കു പരിഹാരം കാണാമെന്നുള്ള ചിന്ത അസ്ഥാനത്താണ്. മാത്രവുമല്ല, ഇത്തരം ആയുധോപയോഗത്തിന്‍റെ പരിണിതഫലങ്ങള്‍ മാനവകുലത്തിനും പരിസ്ഥിതിക്കും കൂടുതല്‍ ദുരന്തം വരുത്തുന്നതായിരിക്കും.  അവയ്ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന വിഭവങ്ങള്‍ പാഴാവുകയുമാണ്. അവ, സമാധാന പരിപോഷണത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും, സുസ്ഥിരവികസന അജണ്ട-2030, യാഥാര്‍ഥ്യമാക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തുകയാണ് അവശ്യമായിരിക്കുന്നത്.  അന്താരാഷ്ട്രസമൂഹം വിളിക്കപ്പെട്ടിരിക്കുന്നത്, രാജ്യ, രാജ്യാന്തര സുരക്ഷിതത്വത്തെ വലയം ചെയ്തു നില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലികമായ പരിഹാരമേകുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നതിനല്ല, മറിച്ച്, ഭാവിദര്‍ശനത്തിലൂന്നിയതും സമാധാനവും സ്ഥിരതയും ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായ നയങ്ങളുടെ രൂപീകരണത്തിനാണ് എന്നു പാപ്പാ അടിവരയിട്ടുറപ്പിക്കുന്നു.

ഈ സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍ നൈതികവും ധാര്‍മികവുമായ സംവാദങ്ങളാല്‍ പ്രചോദിതമാകട്ടെ; അവ പ്രതീക്ഷയുടെ ഒരു പ്രകടനമാകട്ടെ; ന്യൂക്ലിയര്‍ ആ‍യുധരഹിതമായ ഒരു ലോകം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള  വഴിയില്‍ നിര്‍ണായക ചുവടുവയ്പാകട്ടെ എന്നാണെന്‍റെ ആശംസ എന്നും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമോന്നതന്‍റെ അനുഗ്രഹമുണ്ടാകട്ടെ എന്നുമുള്ള വാക്കുകളോടെയാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.