സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

സോദര നിന്ദ:ഹൃദയത്തില്‍ നടത്തുന്ന സോദര ഹത്യ- പാപ്പായുടെ ത്രികാലജപ സന്ദശം


ഈ ഞായറാഴ്ചയും (12/02/17) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, പതിവുപോലെ മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിച്ചു. പാപ്പാ പ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ  സന്ദേശം  ഈ ഞായറാഴ്ച (12/02/17) ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ധ്യായം 5, 17 മുതല്‍ 37 വരെയുള്ള വാക്യങ്ങള്‍, അതായത്, നിയമത്തിന് പൂര്‍ത്തീകരണമേകാനാണ് താന്‍ വന്നത്, സഹോദരങ്ങളുമായി രമ്യതയില്‍ കഴിയുക, വവാഹമോചനവും വ്യഭിചാരവും ആണയിടലും അരുത് ഇത്യാദികാര്യങ്ങളെക്കുറിച്ച് യേശു പറയുന്ന ഭാഗം അവലംബമാക്കിയുള്ളതായിരുന്നു. പ്രസ്തുത സന്ദേശം ഇപ്രകാരം സംഗ്രഹിക്കാം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഇന്നത്തെ ആരാധനാക്രമം മത്തായിയുടെ സുവിശേഷത്തില്‍ കാണപ്പെടുന്ന ഗിരിപ്രഭാഷണത്തിലെ മറ്റൊരു ഭാഗം അവതരിപ്പിക്കുന്നു. ഇവിടെ യേശു തന്‍റെ  ശ്രോതാക്കളെ, മോശയുടെ നിയമത്തിന്‍റെ ഒരു പുനര്‍വായനയ്ക്ക് സഹായിക്കാന്‍ ശ്രമിക്കുകയാണ്. പഴയനിയത്തില്‍ പറഞ്ഞിരുന്നവ സത്യമാണ്, എന്നാല്‍ പൂര്‍ണ്ണമായിരുന്നില്ല. യേശു വന്നിരിക്കുന്നതാകട്ടെ അവ പൂര്‍ത്തീകരിക്കാനും ദൈവത്തിന്‍റെ നിയമം അവസാന പുള്ളിവരെ നിയതമായരീതിയില്‍ പ്രഖ്യാപിക്കാനുമാണ്. യേശു ആ നിയമത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തുകയും നിയമത്തിന്‍റെ അധികൃത മാനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. അവിടന്ന് ഇതെല്ലാം നിറവേറ്റിയത് പ്രഘോഷണവും, അതിലുപരി, കുരിശില്‍ ആത്മസമര്‍പ്പണം ചെയ്തുകൊണ്ടുമാണ്. അപ്രകാരം യേശു ദൈവഹിതം പൂര്‍ണ്ണമായി നിറവേറ്റേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നു. അത്, “നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്ന” രീതിയിലായിരിക്കണം എന്ന് അവിടന്ന് വ്യക്തമാക്കുന്നു. സ്നേഹത്താലും ഉപവിയാലും കാരുണ്യത്താലും നയിക്കപ്പെടുന്നതും, അങ്ങനെ, ഔപചാരികതയുടെ അപകടം ഒഴിവാക്കിക്കൊണ്ട് കല്പനകളുടെ സത്തയ്ക്ക് സാക്ഷാത്കാരമേകാന്‍ കഴിവുറ്റതുമായ ഒരു നീതിയാണത്. ഇതു ഞാന്‍ ചെയ്യാം, ഇതു ചെയ്യില്ല; ഇത്ര വരെ ഞാന്‍ ചെയ്യാം, അതില്‍ കൂടുതല്‍ പറ്റില്ല തുടങ്ങിയ ഉപാധികളാണ്  ഔപചാരികതയുടെ വിവക്ഷ. എന്നാല്‍ അങ്ങനെയല്ല വേണ്ടത്. കൂടുതല്‍ കൂടുതല്‍ ചെയ്യണം.

പ്രത്യേകിച്ച് ഇന്നത്തെ സുവിശേഷം മൂന്നു കാര്യങ്ങളാണ്, മൂന്നു കല്പനകളാണ് വിശകലനം ചെയ്യുന്നത്. കൊലപാതകം, വ്യഭിചാരം, ആണയിടല്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

കൊല്ലരുത് എന്ന് പ്രമാണത്തെക്കുറിച്ച് പരാമര്‍ശിക്കവെ യേശു, ശാരീരികമായ കൊലപാതകത്താല്‍ മാത്രമല്ല വ്യക്തിയുടെ ഔന്നത്യത്തെ ഹനിക്കുന്ന നിന്ദ്യമായ വാക്കുകളുള്‍പ്പടെയുള്ള പെരുമാറ്റങ്ങളാലും ഈ കല്പന ലംഘിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്നു. തീര്‍ച്ചയായും നിന്ദ്യമായ വാക്കുകള്‍ക്ക് ഒരു കൊലപാതകത്തിന്‍റെ ഗൗരവമില്ല, കൊലപാതകം പോലെ കുറ്റകരവുമല്ല എന്നിരുന്നാല്‍ത്തന്നെയും അതിനു സമാന്തരമായിത്തന്നെ കാണപ്പെടുന്നു. കാരണം കൊലപാതകത്തിനുള്ള ആധേയങ്ങള്‍ അവയിലുണ്ട്, അതുപോലെതന്നെ അത്തരം ദുഷ്ചിന്തകളെ അവ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. ദ്രോഹങ്ങളുടെ ഒരു ഗൗരവശ്രേണി നിശ്ചയിക്കരുതെന്നും അപരന് ദോഷംവരുത്തുകയെന്ന ലക്ഷ്യമുള്ളതിനാല്‍ എല്ലാ തെറ്റുകളെയും ഹാനികരമായി കാണണമെന്നും യേശു ഓര്‍മ്മിപ്പിക്കുന്നു. യേശുതന്നെ മാതൃകയേകുകയും ചെയ്യുന്നു. ശുഭ ദിനം നേരുന്നതുപോലെയാണ് നാം നിന്ദിക്കുക പതിവാക്കിയിരിക്കുന്നത്. അതു കൊലപാതകത്തിന്‍റെ അതേ പാതയില്‍ത്തന്നെയാണ്. സഹോദരനെ നിന്ദിക്കുന്നവന്‍ സ്വന്തം ഹൃദയത്തില്‍ സഹോദരനെ വധിക്കുകയാണ്. ദയവുചെയ്ത് അധിക്ഷേപിക്കരുത്. നിന്ദനം കൊണ്ട് നമുക്കൊന്നും നേടാനാകില്ല.

പൂര്‍ത്തിയാക്കേണ്ട മറ്റൊന്ന് വൈവാഹികനിയമത്തെ സംബന്ധിച്ചതാണ്. സ്ത്രീയുടെ മേലുള്ള പുരുഷന്‍റെ ഉടമസ്ഥാവകാശത്തിന്‍റെ ലംഘനമായിട്ടാണ് വ്യഭിചാരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ യേശു ആ തിന്മയുടെ മൂലത്തിലേക്കു കടക്കുന്നു. നിന്ദനങ്ങളും ദ്രോഹങ്ങളും വഴി കൊലപാതകത്തിലേക്കെത്തുന്നതു പോലെ സ്വന്തം ഭാര്യയെ അല്ലാതെ പരസ്ത്രീയെ അവകാശപ്പെടുത്തുകയെന്ന ലക്ഷ്യത്തിലൂടെ ഒരുവന്‍ വ്യഭിചാരത്തിലേക്കെത്തുന്നു. മോഷണം, അഴിമതി, അതുപോലെയുള്ള മറ്റെല്ലാ പാപങ്ങളും പോലെ വ്യഭിചാരവും  ആദ്യം നമ്മുടെ ഉള്ളില്‍ രൂപമെടുക്കുന്നു. ഒരിക്കല്‍ ഹൃദയത്തില്‍ തെറ്റായ തിരഞ്ഞെടുപ്പു നടന്നു കഴിഞ്ഞാല്‍ പിന്നെ അത് പ്രവര്‍ത്തിയിലൂടെ സാക്ഷാത്ക്കരിക്കുന്നു. യേശു പറയുന്നു: സ്വന്തമാക്കുകയെന്ന ഉദ്ദേശത്തോടെ പരസ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞു. അവന്‍ വ്യഭിചാരത്തിന്‍റെ പാതയില്‍ ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതെക്കുറിച്ച്, ഇത്തരത്തിലുള്ള ദുഷ്ചിന്തകളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം.

ആണയിടരുത് എന്ന് യേശു സ്വശിഷ്യരോടു പറയുന്നുണ്ട്. കാരണം ആണയിടല്‍ മാനുഷിക ബന്ധങ്ങളില്‍ കാണപ്പെടുന്ന അനിശ്ചിതത്വത്തിന്‍റെയും ഇരട്ടത്താപ്പിന്‍റെയും അടയാളമാണ്. നമ്മുടെ മാനുഷിക സംഭവങ്ങള്‍ക്ക് ഒരു ഉറപ്പേകുന്നതിന് ദൈവത്തിന്‍റെ  അധികാരത്തെ ഉപകരണമാക്കിത്തീര്‍ക്കുകയാണ് ഇവിടെ. ഉന്നതമായ ഒരു ശക്തിയുടെ ഇടപെടല്‍ കൂടാതെതന്നെ നാം വിശ്വാസയോഗ്യരും ആത്മാര്‍ത്ഥതയുള്ളവരും ആണെന്ന് കരുതപ്പെടുന്നതിന് നമുക്കിടയിലും നമ്മുടെ കുടുംബങ്ങളിലും, നമ്മുടെ സമൂഹങ്ങളിലും സുതാര്യതയുടെയും പര്സപരവിശ്വാസത്തിന്‍റെയും അന്തരീക്ഷം സംജാതമാക്കാനാണ് വാസ്തവത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നത്. സംശയവും പരസ്പരവിശ്വാസമില്ലായ്മയും പ്രശാന്തതയ്ക്ക് എന്നും ഭീഷണിയാണ്.

സന്നദ്ധതാഭാവത്തോടുകൂടിയ ശ്രവണത്തിന്‍റെയും ആനന്ദത്തോടുകൂടിയ അനുസരണത്തിന്‍റെയും മഹിളയായ കന്യകാമറിയം നമ്മെ സുവിശേഷത്തോടു കൂടുതല്‍ അടുക്കുന്നതിനും പുറംമോടിയല്ല, കഴമ്പുള്ളവരായ ക്രൈസ്തവരായിരിക്കുന്നതിനും സഹായിക്കട്ടെ. സകലവും സ്നേഹത്തോടുകൂടി ചെയ്തുകൊണ്ട് ദൈവഹിതം പൂര്‍ണ്ണമായി നിറവേറ്റാന്‍ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാരൂപിയുടെ അനുഗ്രഹം ഇതിനാവശ്യമാണ്.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ സകലരെയും കുടുംബങ്ങളെയും, വിവിധ സംഘടനകളെയും ഇടവക സമൂഹങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ നിന്ദിക്കരുത്, മോശമായി നോക്കരുത് അതായത്, അപരന്‍റെ സ്ത്രീയെ സ്വന്തമാക്കുകയെന്ന ചിന്തയോടെ, നോക്കരുത്, ആണയിടരുത് എന്നീ കാര്യങ്ങള്‍ മറക്കരുത് എന്ന് പറഞ്ഞു. യേശു പറയുന്ന ഈ മൂന്നു കാര്യങ്ങള്‍. അവ എളുപ്പമുള്ളവയാണ് എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും  എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ "അറിവെദേര്‍ചി" അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.