സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

ആത്മീയ ഉണര്‍വേകാന്‍ ധ്യാനാത്മകമായ കുരിശിന്‍റെവഴികള്‍


2016-ലെ തപസ്സുകാലത്തോട് അനുബന്ധിച്ച് പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ അരങ്ങേറിയ  25,000-ത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുത്ത 100 കി. മീ. ദൈര്‍ഘ്യംകടന്ന കുരിശിന്‍റെവഴിയുടെ ആത്മീയാനുഭവവുമായിട്ടാണ് ക്രാക്കോ അതിരൂപതിയിലെ യുവജനങ്ങള്‍ 2017 ഏപ്രില്‍ 7-Ɔ൦ തിയതി വെള്ളിയാഴ്ച വിശുദ്ധവാരത്തിന് ഒരുക്കമായുള്ള തപോനിഷ്ഠമായ കുരിശിന്‍റെവഴി സംഘടിപ്പിക്കുന്നത്.

പോളണ്ടിലെ 117 വ്യത്യസ്ത വഴികളിലൂടെ ഇക്കുറി നടത്തപ്പെടുവാന്‍പോകുന്ന കുരിശിന്‍റെവഴികളില്‍ കുറഞ്ഞത് ഒരുലക്ഷംപേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ഓസ്ലോ, ജനീവ, ഗ്ലാസ്ഗോ, മാന്‍ചെസ്റ്റര്‍ നഗരങ്ങളിലും, പിന്നെ അന്‍റാര്‍ട്ടിക്ക സിറ്റിയിലും അന്നേ ദിനത്തില്‍ത്തന്നെ തപോനിഷ്ഠമായ കുരിശിന്‍റെവഴി സമാന്തരമായി അരങ്ങേറുമെന്ന് ക്രാക്കോയിലെ സംഘാടക സമിതിയുടെ തലവന്‍, ഫാദര്‍ ജാസെക്ക് സ്ട്രൈസെക് വെളിപ്പെടുത്തി.

തപോനിഷ്ഠമായ കുരിശിന്‍റെവഴി (Intense Way of the Cross) 2017-ലെ ഏപ്രില്‍ 7-Ɔ൦ തിയതി വെള്ളിയാഴ്ച സംഘടിപ്പിക്കുന്നതിന് 30 രാജ്യങ്ങളില്‍ 600 റൂട്ടുകള്‍ തിര‍ഞ്ഞെടുത്തു കഴിഞ്ഞുവെന്നും ഫാദര്‍ സ്ട്രൈസെക് അറിയിച്ചു. കുരിശുയാത്ര ദീര്‍ഘമായൊരു കൂട്ടനടത്തമല്ല. ക്രിസ്തുവിന്‍റെ പീഡാനുഭവത്തെ കേന്ദ്രീകരിച്ചുള്ള 14 രംഗങ്ങളുടെ ധ്യാനാത്മകവും ത്യാഗപൂര്‍ണ്ണവുമായ ആത്മീയയാത്രയാണതെന്ന് ഫെബ്രുവരി 1-‍Ɔ൦ തിയതി പുറത്തുവിട്ട പ്രസ്താവനയില്‍ സംഘാടക സമിതിക്കുവേണ്ടി  ഫാദര്‍ ജാസെക്ക് സ്ട്രൈസെക് വ്യക്തമാക്കി.

കേരളത്തിലെ മലയാറ്റൂര്‍ കുരിശുമല തീര്‍ത്ഥസ്ഥാനത്തേയ്ക്കു ഒറ്റയായും പറ്റമായും വിശ്വാസികള്‍ നടത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശിന്‍റെ തീര്‍ത്ഥാടനങ്ങള്‍ യൂറോപ്പില്‍ അരങ്ങേറുന്ന തപോനിഷ്ഠമായ കുരിശിന്‍റെവഴിയോടു സാദൃശ്യമുണ്ട്.

ലോക യുവജനമേളയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കുരിശിന്‍റെവഴികളും അതിന്‍റെ ധ്യാനാത്മകതയും പ്രാര്‍ത്ഥനാരീതിയും, ആവിഷ്ക്കരണ രീതിയും, ലക്ഷക്കണക്കിനുള്ള യുവജനങ്ങളുടെ പങ്കാളിത്തവുംകൊണ്ട് ഇന്ന് ലോകശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു.

ദുഃഖവെള്ളിയാഴ്ച രാത്രി 9 മണിക്ക് റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന കുരിശിന്‍റെവഴി ഏറെപുരാതനവും ചരിത്രപരവുമാണ്. റോമിലെ വിശ്വാസികളും തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന കുരിശിന്‍റെവഴിയുടെ അവസാനം പാപ്പാ സന്ദേശം നല്‍കാറുണ്ട്.

2017-ല്‍ മാര്‍ച്ച് 1-Ɔ൦ തിയതി ബുധനാഴ്ച സഭയില്‍ ആചരിക്കപ്പെടുന്ന വിഭൂതിത്തിരുനാളോടെ തപസ്സാചരണം ആരംഭിക്കും; അതോടൊപ്പം കുരിശിന്‍റെവഴികളും. ഏപ്രില്‍ 9-Ɔ൦ തിയതി ഹോസാന മഹോത്സവത്തോടെ വിശുദ്ധവാരം ആരംഭിക്കും. ഏപ്രില്‍ 14-Ɔ൦ തിയതിയാണ് ഈ വര്‍ഷത്തെ ദുഃഖവെള്ളി. ഏപ്രില്‍ 16-Ɔ൦ തിയതി ഞായറാഴ്ച ഈസ്റ്റര്‍ മഹോത്സവത്തോടെ വിശുദ്ധവാരം സമാപിക്കും. പൗരസത്യസഭകളിലെ അനുഷ്ഠാനങ്ങളുടെ ദിവസങ്ങളില്‍ മാറ്റമുള്ളത് ശ്രദ്ധിക്കേണ്ടതാണ്.