സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ഏഷ്യ

ജപ്പാനില്‍നിന്നൊരു ചിന്ത : “പഴയകാര്യങ്ങള്‍ പുതുമയ്ക്കുള്ള ചുവടുകള്‍”


പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് പുതിയ കാല്‍വയ്പിനാണ്. ഇപ്പോള്‍ ജപ്പാനില്‍ പര്യടനം നടത്തുന്ന വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഹിരോഷിമ നഗരമദ്ധ്യത്തിലുള്ള ലോകസമാധാനത്തിന്‍റെ ഭദ്രാസന ദേവാലയത്തില്‍ ജനുവരി 29-Ɔ൦ തിയതി ഞായറാഴ്ച ദിവ്യബലിയര്‍പ്പിക്കവെയാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അവിശ്വാസനീയവും ഭീതിദവുമായ വിനാശത്തിന് മനുഷ്യന് കെല്പുണ്ടെന്ന ദുഃഖസത്യം വെളിപ്പെടുത്തുന്ന സ്ഥാനമാണ് ഹിരോഷിമാ-നാഗസാക്കി പട്ടണങ്ങള്‍! സമാധാനത്തിനുള്ള മനുഷ്യശ്രമങ്ങളെ പാടെ നശിപ്പിക്കുന്ന ഘടകമാണ് യുദ്ധമെന്നും തലമുറകളെ അനുസ്മരിപ്പിക്കുന്ന ചരിത്രസ്മാരകങ്ങളാണ് വിനാശത്തിന്‍റെ 71-വര്‍ഷങ്ങള്‍ പിന്നിട്ട ഹിരോഷിമാ-നാഗസാക്കി നഗരങ്ങള്‍! ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വേദനയോടെ അനുസ്മരിച്ചു.

സംവാദത്തിലൂടെയും അനുരഞ്ജനത്തിലൂടെയും കൂട്ടായ്മയിലൂടെയും ലോകത്ത് ഇനിയും സമാധാനം വളര്‍ത്താം. സുസ്ഥിരവും പ്രശാന്തവുമായ ജീവിതങ്ങള്‍ രാഷ്ട്രങ്ങളില്‍ വളര്‍ത്തിയെടുക്കാം. ഈ പ്രത്യാശയിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെയും സഭയുടെയും എല്ലാ പ്രവര്‍ത്തനങ്ങളും കരുനീക്കുന്നത്. സമാധാനം സഭയുടെ അടിസ്ഥാന ലക്ഷ്യമാണ്. ആര്‍ച്ചുബിഷപ്പ് ഗ്യലഹര്‍ പ്രഭാഷണത്തില്‍ പങ്കുവച്ചു. സമാധാന പാലകരാണ് അനുഗ്രഹീതര്‍. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു പഠിപ്പിക്കുന്നു. അതിനാല്‍ ലോകസമാധാനത്തിനുള്ള പരിശ്രമം രാഷ്ട്രീയമല്ല. അതിന്‍റെ അടിത്തറ കുടുംബങ്ങളും വ്യക്തികളും സമൂഹങ്ങളും നന്മയുടെ സ്ഥാപനങ്ങളുമാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ആഹ്വാനംചെയ്തു.

ജനുവരി 27-ന് ആരംഭിച്ച ആര്‍ച്ചുബിഷപ്പ് ഗ്യാലഹറിന്‍റെ ജപ്പാന്‍ സന്ദര്‍ശനം ഫെബ്രുവരി3-വരെ നീണ്ടുനില്ക്കും.

ഏഷ്യന്‍ രാജ്യമായ ജപ്പാനില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ ഒരു ശതമാനം – 30 ലക്ഷത്തോളം മാത്രമാണ് ആകെ ക്രൈസ്തവര്‍. അതില്‍ ശരാശരി 6 ലക്ഷംപേര്‍ മാത്രമാണ് കത്തോലിക്കര്‍. ടോക്കിയോ അതിരൂപതയുടെ കീഴില്‍ 16 രൂപതകളുണ്ട്. ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലന്‍, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ജപ്പാന്‍റെയും പ്രേഷിതനും മദ്ധ്യസ്ഥനുമാണ്.  16-Ɔ൦ നൂറ്റാണ്ടില്‍ ഈശോസഭാംഗങ്ങളും ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങളുമാണ് ബൗദ്ധമത രാഷ്ട്രമായ ജപ്പാനില്‍ ക്രിസ്തുവെളിച്ചം പകര്‍ന്നത്. വിശുദ്ധനായ മാക്സ്മീലിയന്‍ കോള്‍ബെയാണ് ആധുനിക കാലത്ത് ജപ്പാനില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ്ക്കന്‍ മിഷണറി.