സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

ക്രിസ്മസ്പുല്‍ക്കൂടും ട്രീയും: ചരിത്രവും സന്ദേശവും


ക്രിസ്തുമസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു പക്ഷേ ആദ്യമായി മനസ്സില്‍ വരുന്നതു പുല്‍ക്കൂടാണ്.  പിന്നെ ക്രിസ്മസ് ട്രീയും പതുക്കെ പതുക്കെ ക്രിസ്മസ് പപ്പായും മനസ്സിലേക്കു കടന്നുവരികയായി. പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണിയുടെ ചുറ്റും നാം നോക്കുമ്പോള്‍ പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും കാണാം. കാളയും കഴുതയും ഉണ്ണിയുടെ അരികിലായി ഉണ്ടായിരിക്കും. പിന്നെ ഉണ്ണിയെ വണങ്ങിനില്ക്കുന്ന ആട്ടിടയന്മാരുണ്ടാകും,  കൂടെ ആടുകളും.  കിഴക്കുനിന്നുള്ള മൂന്നു ജ്ഞാനികളെ യാത്രയിലായിരിക്കുന്നതുപോലെ ഒരുക്കിയിട്ടുണ്ടാകും.  പുല്‍ക്കൂടിനു  മുകളിലേക്കു നോക്കിയാല്‍ നക്ഷത്രവും കാണാം.  പണ്ട് നക്ഷത്രം തെളിക്കാന്‍ തിരി കത്തിച്ചുവയ്ക്കുകയും മുളക്കഷണങ്ങള്‍കൊണ്ടുണ്ടാക്കിയ ഫ്രെയിമിലൊട്ടിച്ച നിറമുള്ള കടലാസു കത്തിപ്പോവുകയും ചെയ്യുമ്പോള്‍ സങ്കടപ്പെടുകയും ചെയ്തിരുന്ന അനേകം ബാല്യങ്ങളുണ്ടായിരുന്നു.  ഇന്ന് എത്രയോ വര്‍ണങ്ങളിലും വൈവിധ്യം നിറഞ്ഞ രീതിയിലുമുള്ള നക്ഷത്രങ്ങളാണ് വാങ്ങാന്‍ കിട്ടുന്നത്.  അതില്‍ വൈദ്യുതബള്‍ബുകള്‍ തെളിഞ്ഞുനില്‍ക്കുമ്പോഴുള്ള ഭംഗി പറയേണ്ടതുമില്ല.

ദൈവപുത്രനായ യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളിലാണുള്ളത്.  വി. മത്തായിയുടെ സുവിശേഷം, യേശുവിന്‍റെ ജനനത്തെക്കുറിച്ചു യൗസേപ്പിനു ലഭിച്ച ദര്‍ശനവും ജ്ഞാനികളുടെ സന്ദര്‍ശനവും ഹേറോദേസിനെ ഭയന്ന് ഉണ്ണിയെയും കൊണ്ട് ഈജിപ്തിലേക്കുള്ള പലായനവും വിവരിക്കുമ്പോള്‍, ലൂക്കാ സുവിശേഷകന്‍, ദൈവപുത്രന്‍റെ അമ്മയാകുമെന്ന സന്ദേശം അറിയിച്ചുകൊണ്ട് ദൈവദൂതന്‍ മറിയത്തിനു പ്രത്യക്ഷനാകുന്നതും ബെതലഹേമിലൊരു കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ യേശു ജനിക്കുന്നതും ആട്ടിടയന്മാര്‍ ശിശുവിനെ സന്ദര്‍ശിക്കുന്നതും മാലാഖവൃന്ദം അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്ന് ആലപിക്കുന്നതുമൊക്കെ വിവരിച്ചിരിക്കുന്നു.

പുല്‍ക്കൂട് എന്ന ആശയം ലൂക്കായുടെ സുവിശേഷത്തില്‍ നിന്നാണ് നമുക്കു ലഭിച്ചിരിക്കുന്നത്.  രണ്ടാമധ്യായം നാലു മുതല്‍ ഏഴുവരെ വാക്യങ്ങളിലായി ഇങ്ങനെ നാം വായിക്കുന്നു. 

ജോസഫ്,   ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്ന് യൂദയായില്‍ ദാവീദിന്‍റെ പട്ടണമായ ബേതലഹേമിലേയ്ക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.  അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു.  അവള്‍ തന്‍റെ കടിഞ്ഞൂല്‍പ്പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.

തുടര്‍ന്ന്  കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു എന്ന സകല ജനത്തിനുംവേണ്ടിയുള്ള സദ്വാര്‍ത്ത ആ പ്രദേശത്തെ വയലുകളില്‍ രാത്രി ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ക്കു നല്കുന്നതും സ്വര്‍ഗീയസൈന്യത്തിന്‍റെ ഒരു വ്യൂഹം ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പറയുന്നതും ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു:  അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (2, 8-14)

എന്നാല്‍ ജ്ഞാനികളെക്കുറിച്ചും നക്ഷത്രത്തെക്കുറിച്ചുമുള്ള വിവരണം കാണുന്നത് വി. മത്തായിയുടെ സുവിശേഷത്തിലാണ്.  രണ്ടാമധ്യായത്തിലെ ആദ്യവാക്യങ്ങളില്‍ ഇപ്രകാരമാണു പറയുക.  യൂദയായിലെ ബേതലഹേമില്‍ യേശു ജനിച്ചപ്പോള്‍, പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.  അവര്‍ അന്വേഷിച്ചു.  എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രംകണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.   രാജജനനത്തെക്കുറിച്ചു കേട്ടു ഭയപ്പെട്ട ഹേറോദേസ് രാജാവ് തുടര്‍ന്ന് ജ്ഞാനികളോടു നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം ചോദിക്കുന്നുണ്ട്.  കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങി ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നു നിന്നതായും രേഖപ്പെടുത്തുന്നുണ്ട്, രണ്ടാമധ്യായത്തില്‍. മത്തായി സുവിശേഷകന്‍, ശിശു കിടന്നത് പുല്‍ത്തൊട്ടിയിലാണെന്നല്ല, ഭവനത്തിലാണെന്നാണു പറയുന്നത്.  ജ്ഞാനികള്‍ നിക്ഷേപപാത്രങ്ങള്‍ തുറന്ന് ശിശുവിന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയായര്‍പ്പിച്ചു എന്നും മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. 

ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ഏറ്റവും പഴയ ചിത്രീകരണം എന്നത് ഏതാണ്ട് നാലാം നൂറ്റാണ്ടിലേതെന്നു പറയപ്പെടുന്ന റോമിലെ വി. സെബസ്ത്യാനോസിന്‍റെ നാമത്തിലുള്ള കാറ്റക്കൊമ്പിലെ ചുവര്‍ചിത്രമാണ്. എന്നാല്‍, ക്രിസ്മസ് പുല്‍ക്കൂടിന്‍റെ അല്ലെങ്കില്‍ ക്രിബിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് 800 ഓളം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 'എന്നെ അങ്ങേ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ' എന്നു പ്രാര്‍ഥിച്ച വി. ഫ്രാന്‍സീസ് അസ്സീസ്സിയാണ് സമാധാനരാജാവായി പിറന്ന യേശുവിന്‍റെ ഓര്‍മയില്‍ ആദ്യത്തെ ക്രിബ് നിര്‍മിച്ചത് എന്നു ചരിത്രം സാക്ഷിക്കുന്നു. ഈ പുല്‍ക്കൂട് 1293-ലെ ക്രിസ്മസ്സിന്‍റെ തലേന്ന് അസ്സീസ്സിയ്ക്കടുത്തുള്ള ഗ്രേച്ചോയിലാണ് നിര്‍മിക്കപ്പെട്ടത്.  അതിന്‍റെ നിര്‍മാണത്തിനു പിന്നിലെ കഥയിങ്ങനെയാണ്.

ഫ്രാന്‍സീസിന്‍റെ സ്നേഹിതനായി അസ്സീസ്സി പട്ടണത്തില്‍ ജോവാന്നി എന്നൊരാള്‍ ഉണ്ട‌ായിരുന്നു. ലോകത്തിന്‍റെ വഴിവിട്ട് ആത്മീയയാത്ര ആരംഭിച്ചിരുന്ന അദ്ദേഹത്തെ വിശുദ്ധന്‍ സ്നേഹിച്ചിരുന്നു. ഫ്രാന്‍സീസിന്‍റെ കാലഘട്ടം, അതായത് പതിമൂന്നാം നൂറ്റാണ്ടിലെ ക്രിസ്മസ് ആഘോഷം സമ്മാനദാനങ്ങളുടെ കൈമാറലും മറ്റും നടത്തി, വിരുന്നുണ്ണുന്ന തികച്ചും ഭൗതികമായ രീതിയിലുള്ള ഒന്നായിരുന്നു.  ഇതില്‍നിന്നു ഭിന്നമായി തികച്ചും ആത്മീയമായി, ക്രിസ്തുവിന്‍റെ ശൂന്യവത്ക്കരണത്തെ യഥാതഥം അവതരിപ്പിച്ചുകൊണ്ട് അവിടുത്തെ ക്കണമെന്നാഗ്രഹിച്ച ഫ്രാന്‍സീസ് ക്രിസ്തുമസ്സിനു രണ്ടാഴ്ചമുമ്പ് തന്‍റെ സ്നഹിതനായ ജൊവാന്നിയെ സന്ദര്‍ശിച്ച്, നാമൊന്നിച്ച് ഇക്കൊല്ലം ക്രിസ്മസ് ആഘോഷിക്കുന്നതിനാഗ്രഹിക്കുന്നെങ്കില്‍ ദയവായി വേഗം ഞാന്‍ പറയുന്ന വിധത്തില്‍ ഒരുക്കങ്ങള്‍ ചെയ്യുക എന്നപേക്ഷിച്ചു.  ബെതലേഹമില്‍ പിറന്ന ശിശുവിന്‍റെ ഓര്‍മ ആചരിക്കുന്നതിന് കഴുതയുടെയും കാളയുടെയും മധ്യേ പുല്‍ക്കൂട്ടില്‍ ശയിക്കുന്ന ഒരു ശിശുവിനെ ഒരുക്കണം.  ഇതെന്‍റെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയണം.  നല്ലവനും വിശ്വസ്തനുമായ ആ മനുഷ്യന്‍ വിശുദ്ധന്‍ പറഞ്ഞതുപോലെ എല്ലാം ഒരുക്കി. എന്നാല്‍ ശിശുമാത്രം ഇല്ലായിരുന്നു.

ഫ്രാന്‍സീസിന്‍റെ സഹോദരന്മാരും ഒപ്പം അയല്‍വാസികളും ഫ്രാന്‍സീസിനോടൊപ്പം കൂടി.  അവര്‍ മെഴുതിരികളും മറ്റും കൊണ്ടുവന്ന് രാത്രിയെ പ്രകാശമാനമാക്കി. പുല്‍ക്കൂടി സജ്ജമായിരുന്നു. വയ്ക്കോലു നിരത്തിയിരുന്നു.  കഴുതയും കാളയും ഉണ്ടായിരുന്നു.  ജനക്കൂട്ടം ആനന്ദത്തോടെ പുല്‍ക്കൂടിനു ചുറ്റുംനിന്ന് ആഘോഷിച്ചു.  ഫ്രാന്‍സീസ് സുവിശേഷം വായിച്ച് അതിന്‍റെ സന്ദേശവും നല്കി.  അതിനുശേഷം ഫ്രാന്‍സീസ് പുല്‍ക്കൂട്ടിനരികെ ചെന്ന് കൈകള്‍ വിരിച്ചു ഭക്തിയോടെ നിന്നു, ദിവ്യശിശു അവിടെ ശയിക്കുന്നു എന്ന മട്ടില്‍.  അദ്ദേഹത്തിന്‍റെ തീക്ഷ്ണമായ ഭക്തിയില്‍ ഉണ്ണിയേശു ആ പുല്‍ത്തൊട്ടിയില്‍ നവജാതരാജാവ് എന്നപോലെ പ്രഭയില്‍കുളിച്ച് അവതരിച്ചു എന്നു പറയപ്പെടുന്നു.

ദൈവത്തിന്‍റെ ഈ മനുഷ്യന്‍, രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെടുന്ന ഈ വിശുദ്ധന്‍,  ആദ്യത്തെ പുല്‍ക്കൂടിനരികെ നിലകൊണ്ടതിനെക്കുറിച്ച്, അദ്ദേഹത്തിന്‍റെ അനുയായിയും സമകാലീനനുമായിരുന്ന വി. ബൊനെവഞ്ചെര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.  ദൈവത്തിന്‍റെ ഈ മനുഷ്യന്‍, ഉണ്ണിയീശോയോടുള്ള നിറഞ്ഞ ഭയഭക്തിയോടെ, കണ്ണീരില്‍ കുളിച്ച്, എന്നാല്‍ ആനന്ദത്തിന്‍റെ കിരണങ്ങള്‍ വീശിക്കൊണ്ട്, നിലകൊണ്ടു. സുവിശേഷം ആലപിച്ചശേഷം, ചുറ്റുമുള്ള ജനങ്ങളോട് പാവപ്പെട്ട രാജാവിന്‍റെ ജനനത്തെക്കുറിച്ച് പ്രഘോഷിച്ചു.  ശിശുവിനെക്കുറിച്ചുള്ള സ്നേഹവാത്സല്യങ്ങളാല്‍ യേശു എന്ന പേരുപോലും ഉച്ചരിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.  ബേതലഹേമിലെ ശിശു എന്നുമാത്രമേ അദ്ദേഹത്തിന് വിളിക്കാനായുള്ളു.   

ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളെയും സഹോദരീസഹോദന്മാരായി കണ്ടിരുന്ന, മൃഗങ്ങളെയും പക്ഷികളെയുമെല്ലാം സ്നേഹിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സീസ്, കര്‍ഷകരോട് ക്രിസ്മസ് ദിനത്തില്‍ കൂടുതലായി ധാന്യവും വയ്ക്കോലും കാളകള്‍ക്കും മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കും കൊടുക്കണമെന്നപേക്ഷിക്കുമായിരുന്നത്രെ.  പുല്‍ക്കൂട്ടില്‍ ദൈവപുത്രനോടൊത്തുണ്ടായിരുന്ന അവരെ കൂടുതല്‍ ബഹുമാനിക്കണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ.  അതുപോലെ, ക്രിസ്മസ് കാലത്ത് വൃക്ഷങ്ങള്‍ക്കു കീഴെ അദ്ദേഹം അപ്പക്കഷണങ്ങള്‍ വിതറുമായിരുന്നു, സഹോദരരായ പക്ഷികള്‍ക്കുവേണ്ടി.  സകല സൃഷ്ടികളെയും ബഹുമാനിക്കുന്ന ഈ ചൈതന്യം ക്രിസ്മസ് കാലത്തിന്‍റെ ചൈതന്യമാക്കുവാന്‍ നമുക്കും കഴിഞ്ഞിരുന്നെങ്കില്‍!  ഉണ്ണിയീശോയോട് അതീവ ഭക്തിയുണ്ടായിരുന്ന വിശുദ്ധനാണ് ഫ്രാന്‍സീസ് അസ്സീസ്സി. അദ്ദേഹത്തിന്‍റെ ഭക്തി  ഉണ്ണിയീശോയുടെ ദാരിദ്യത്തിലും ശൂന്യമാക്കലിലും പങ്കുചേരുന്നതിലൂടെയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.

ഉണ്ണിയേശുവിന്‍റെ തളിരാര്‍ന്ന പൂമേനി വയ്ക്കോലില്‍ നോവാതിരിക്കാന്‍ പൂവുകളായി നമ്മുടെ പുണ്യങ്ങള്‍ ഉണ്ടാകണം.  തളിര്‍മേനിയെ കുത്തിനോവിക്കുന്ന കൊടുംതണുപ്പിനെ അതിജീവിക്കാന്‍ നമുക്ക് പരസ്പരസ്നേഹത്തിന്‍റെ ഊഷ്മളത പകരാനാവണം.  സഹോദരര്‍ക്കുവേണ്ടി ഏറ്റെടുത്ത ത്യാഗത്തിന്‍റെ നെരിപ്പോടു കത്തിച്ചു വയ്ക്കാന്‍ കഴിയണം.  

ഫ്രാന്‍സീസിന്‍റെ 'പുല്‍ക്കൂട്' എന്ന ആശയം ക്രിസ്തീയലോകം വളരെവേഗം ഏറ്റെടുത്തു.  ദേവാലയങ്ങളിലും ഓരോ ക്രിസ്തീയഭവനങ്ങളും ക്രിസ്മസ് കാലത്ത് ക്രിബുകള്‍ നിര്‍മിച്ചു തുടങ്ങി. മനുഷ്യനായി അവതരിച്ച ദൈവത്തിന്‍റെ താഴ്മയെ വെളിവാക്കുന്നതാണ് പുല്‍ക്കൂട്ടിലെ ജനനം. പൗലോസ്ശ്ലീഹാ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നതുപോലെ, ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ, അവിടുന്നു തന്നെത്തന്നെ താഴ്ത്തി. സ്വന്തമായി ഒന്നുമില്ലാതെ, അന്യന്‍റെ കാലിത്തൊഴുത്തില്‍ പിറന്നു.   'മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' (Lk 9:58) എന്ന വാക്കുകളെ അന്വര്‍ഥമാക്കി, മരണത്തില്‍ തന്‍റെ തലചായ്ച്ചതോ കുരിശിലും.   അവിടുത്തെ മൃതശരീരം വച്ചത് മറ്റുള്ളവര്‍ ദാനമായി നല്കിയ കല്ലറയിലും. ഇക്കാര്യം ആഡംബരപൂര്‍ണമായ ക്രിസ്മസ് ക്രിബ് ഒരുക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടതാണ്.  ഭക്തിപൂര്‍വം യാഥാര്‍ഥ്യബോധത്തോടെ, വിശുദ്ധമായ മനസ്സോടും ഹൃദയത്തോടും കൂടെ ഈ വര്‍ഷത്തെ പുല്‍ക്കൂട് ഒരുക്കുവാന്‍, പ്രത്യേകിച്ചും കഴിഞ്ഞുപോയ കാരുണ്യവര്‍ഷാചരണത്തിന്‍റെ ചൈതന്യത്തില്‍ കാരുണ്യപ്രവൃത്തികളുടെ അകമ്പടിയോടെ, അവശ്യമായതൊന്നും കൈവശമില്ലാതിരുന്ന യൗസേപ്പിനോടും മറിയത്തോടും ശിശുവോടുമൊപ്പം അവശ്യത്തിലിരിക്കുന്നവരെ അനുസ്മരിക്കുവാന്‍, വിശക്കുന്നവര്‍ക്കു ഭക്ഷണവും പാര്‍പ്പിടമില്ലാത്തവര്‍ക്കു പാര്‍പ്പിടവും നല്കി, മനുഷ്യാന്തസിനെ മാനിക്കുന്നവിധത്തില്‍ അപരനെ സഹായിച്ചുകൊണ്ട് ക്രിസ്മസ് ആചരിക്കാന്‍ നമുക്കു കഴിയുമ്പോള്‍ തന്നെത്തന്നെ ദാസനായി താഴ്ത്തി നമുക്കു യേശു നല്കിയ രക്ഷ നമുക്കു സ്വന്തമാകും.  

ക്രിസ്മസ് ട്രീ     ഒരുക്കാന്‍ തുടങ്ങിയതെന്നാണെന്നതിനെക്കുറിച്ച് നിശ്ചയമില്ല.  നിത്യഹരിതവൃക്ഷങ്ങള്‍, പ്രത്യേകിച്ചും ഫിര്‍ മരങ്ങള്‍ അല്ലെങ്കില്‍ ദേവതാരുമരങ്ങള്‍ ശിശിരകാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്ന പതിവ് പ്രാചീനമാണെന്നു പറയാം. വസന്തകാലം വേഗം വന്നെത്തുന്നതിന്, അതായത് പുതുജീവന്‍റെ ആഗമനത്തിന് വേണ്ടിയുള്ള ഒരാചാരമായിരുന്നത്. റോമാക്കാര്‍ക്കും ഈ പതിവുണ്ടായിരുന്നത്രെ.  ഏതായാലും എ.ഡി. ആയിരത്തോടടുത്ത്  നിത്യജീവന്‍റെ അടയാളമായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിത്തുടങ്ങിയത്.  ക്രിസ്തുവിന്‍റെ മനുഷ്യാവതാരംവഴി നമുക്കു നിത്യജീവന്‍, മരണത്തെ അതിജീവിക്കുന്ന നവജീവന്‍ നേടിത്തന്നതിന്‍റെ അനുസ്മരണമാണ് ഇതു വഴി നാം ആഘോഷിക്കുക.  പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങള്‍ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു.  പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ.  അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു എന്ന വസ്തുത തള്ളിക്കളായാനാവില്ല.  അതും നിത്യജീവനെ സൂചിപ്പിക്കുന്നതാണല്ലോ. ഇതൊടനുബന്ധിച്ച് പല കഥകളുമുണ്ടെങ്കിലും വിശുദ്ധ ബോനിഫസിന്‍റെ സുവിശേഷപ്രഘോഷണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ ശ്രദ്ധേയമാണ്.  അതിങ്ങനെയാണ്. 

വി. ബോനിഫസ് ഇംഗ്ലണ്ടില്‍ നിന്നു സുവിശേഷ പ്രഘോഷണാര്‍ഥം ജര്‍മനിയിലേക്കു വരുമ്പോള്‍ ജര്‍മിയിലെ ചില വിജാതീയര്‍, ഒരു ബാലനെ അവര്‍ ആരാധിച്ചിരുന്ന ഒരു ഓക്കുവൃക്ഷത്തിനു ബലിയര്‍പ്പിക്കാനായി ഒരുങ്ങുന്നതു കണ്ടു.  അതില്‍ കോപിച്ച് വിശുദ്ധന്‍ അതിനെ എതിര്‍ക്കുകയും ആ ഓക്കുവൃക്ഷം ചുവടെ വെട്ടിക്കളയുന്നതിനാജ്ഞാപിക്കുകയും ചെയ്തു. എന്നാല്‍ അത്ഭുതകരമായി വെട്ടിക്കളഞ്ഞ വൃക്ഷത്തിന്‍റെ കുറ്റിയില്‍നിന്ന് ഉടനെതന്നെ ഒരു ദേവതാരുമരം മുളച്ചുവളരുകയും വിശുദ്ധന്‍ അതിനെ ക്രിസ്തീയതയുടെ അടയാളമായി കാണുകയും ചെയ്തു.  അദ്ദേഹം ആ രാത്രിയില്‍ത്തന്നെ അവരോടു സുവിശേഷം പ്രസംഗിച്ചുവെന്നും അനുയായികള്‍ ഈ മരം മെഴുതിരികളാല്‍ അലങ്കരിച്ചുവെന്നും പറയപ്പെടുന്നു.  ഇത് ക്രിസ്മസ് ട്രീ ഒരുക്കുന്നതിന്‍റെ പശ്ചാത്തലമായി മാറി എന്നാണൊരു കഥ.

മറ്റൊരു മനോഹരമായ കഥ ഇപ്രകാരമാണ്.

ഒരു ക്രിസ്മസ് രാത്രിയില്‍ ഒരു വനപാലകനും കുടുംബവും കൂടി മുറിയില്‍ നെരിപ്പോടിനടുത്തിരുന്നു തീ കായുകയായിരുന്നു.  വാതിലില്‍ ഒരു മുട്ടുകേട്ട് അയാള്‍ വാതില്‍ തുറന്നപ്പോള്‍, ഒരു നിസ്സഹായനായ ചെറിയ കുട്ടി വാതില്‍പ്പടിയില്‍ നില്‍ക്കുന്നു.  അദ്ദേഹം അവനെ സ്വീകരിച്ച് അവനു കുളിക്കാനും ഭക്ഷിക്കാനും വേണ്ടതുനല്കിയശേഷം തന്‍റെ കുട്ടികളുടെ കിടക്കയില്‍ത്തന്നെ ഉറങ്ങാന്‍ അനുവദിച്ചു.  നേരം പുലര്‍ന്നപ്പോള്‍, അതായത് ക്രിസ്മസ് ദിനത്തില്‍ മാലാഖമാരുടെ ഗാനംകേട്ടാണ് അവര്‍ ഉണര്‍ന്നത്. ആ ചെറിയ കുട്ടിയാകട്ടെ, ഉണ്ണിയേശുവായി മാറി. ഉണ്ണിയേശു അവരുടെ കുടിലിന്‍റെ മുറ്റത്തെ ദേവതാരുവില്‍നിന്ന് ഒരു ഒരു കമ്പു മുറിച്ച് അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചശേഷം അപ്രത്യക്ഷനായി.  ഇതിനുശേഷമാണത്രേ, ക്രിസ്മസ് രാത്രിയില്‍ മരങ്ങള്‍ അലങ്കരിക്കുന്ന പതിവാരംഭിച്ചത്.

ഏതായാലും പത്തൊമ്പതാം നൂറ്റാണ്ടില്‍, ഇംഗ്ലണ്ടില്‍ ക്രിസ്മസ്ട്രീ പ്രചാരത്തിലായി എന്നു രേഖകള്‍ പറയുന്നു. ഏതായാലും ഇന്ന് ക്രിസ്മസ് കാലത്ത് ട്രീയൊരുക്കാത്ത ദേവാലയങ്ങളോ ക്രൈസ്തവകുടുംബങ്ങളോ ഉണ്ടാകില്ല.  അക്രൈസ്തവര്‍പോലും അലങ്കരിച്ച ട്രീകള്‍ കടകളില്‍നിന്നു വാങ്ങി വീടുകളലങ്കരിക്കാറുണ്ട്.  പറുദീസയിലെ ജീവന്‍റെ വൃക്ഷത്തിന്‍റെ അനുസ്മരണം, മനുഷ്യനായി അവതരിച്ച യേശുവിന്‍റെ അനുസ്മരണവുമായി ബന്ധപ്പെട്ടതുതന്നെ. പാപത്തിന്‍റെ ശിക്ഷയായ മരണത്തില്‍നിന്ന് നമുക്കു യേശു നേടിത്തന്ന നിത്യജീവനെ അതോര്‍മിപ്പിക്കുന്നു.

ക്രിസ്മസ് പപ്പാ എന്നു നമ്മുടെയിടയില്‍ അറിയപ്പെടുന്നത് സാന്താക്ലോസ് എന്ന വി. നിക്കോളാസ് ആണത്രെ. സാന്‍ നിക്കോളാസ് എന്നാല്‍ വി. നിക്കോളാസ്.   ഇന്ന് തുര്‍ക്കി എന്നറിയപ്പെടുന്ന ഏഷ്യാമൈനറില്‍ നാലാം നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന മെത്രാനായിരുന്ന അദ്ദേഹം, കാരുണ്യം നിറഞ്ഞ ഒരു വ്യക്തിയായിരുന്നു.  പാവങ്ങളെ സഹായിച്ചിരുന്ന അദ്ദേഹം രഹസ്യമായി ആവശ്യക്കാര്‍ക്ക് സമ്മാനങ്ങള്‍ എത്തിക്കുമായിരുന്നു.  ഇതിനെ സംബന്ധിച്ചു പ്രസിദ്ധമായ കഥയിതാണ്.

ആ പ്രദേശത്ത് ഒരു പാവപ്പെട്ട മനുഷ്യനുണ്ടായിരുന്നു.  അയാള്‍ക്കു മൂന്നു പെണ്‍മക്കളാണുണ്ടായിരുന്നത്.  അവരെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ വേണ്ട സ്ത്രീധനം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ വിഷമിച്ചിരുന്ന അയാളുടെ വീട്ടില്‍, ഒരു സ്വര്‍ണം നിറച്ച ഒരു ചെറിയ സഞ്ചി രഹസ്യത്തില്‍ ഇട്ടു.  ഈ സഞ്ചി ചെന്നുവീണതാകട്ടെ, ഉണങ്ങാനിട്ടിരുന്ന ഒരു കാലുറയിലും. കാലുറയില്‍ സമ്മാനം ക്രിസ്മസ് സമ്മാനം ഒരുക്കുന്ന പതിവിനു പിന്നിലുള്ള കഥ ഇതാണ്.  ഇങ്ങനെ കിട്ടിയ സ്വര്‍ണം മൂത്തമകളെ കല്യാണം കഴിപ്പിച്ചയയ്ക്കുന്നതിനുപയോഗിച്ചു.  പിന്നീട് രണ്ടുപ്രാവശ്യംകൂടി ഇത്തരത്തില്‍ സ്വര്‍ണമടങ്ങിയ സഞ്ചി നല്കി.  മൂന്നാം പ്രാവശ്യം ഇതു കണ്ടുപിടിക്കപ്പെട്ടെങ്കിലും വിശുദ്ധന്‍ ഇക്കാര്യം ആരോടും പറയരുതെന്നു ആ മനുഷ്യനെ വിലക്കി.  എങ്കിലും ഈ വാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു.  ആര്‍ക്കെങ്കിലും രഹസ്യമായി സമ്മാനം ലഭിച്ചാല്‍ അത് സാന്‍ നിക്കോളാസ് നല്കിയതാണെന്നു വിശ്വസിച്ചുപോന്നു.  കുട്ടികളുടെയും സമുദ്രയാത്രികരുടെയും മധ്യസ്ഥനാണ് വിശുദ്ധ നിക്കോളാസ്.  ഒരിക്കല്‍ വലിയ കാറ്റുണ്ടായ സമയത്ത് വി. നിക്കോളാസ് പ്രത്യക്ഷപ്പെട്ട് ശാന്തമാക്കി സമുദ്രയാത്രികരെ രക്ഷിച്ചതായി പറയപ്പെടുന്നു.  പത്തൊമ്പതാം നൂറ്റാണ്ടിലെ ചില രചനകളിലൂടെയാണ് വി. നിക്കോളാസ് ക്രിസ്മസ് രാത്രിയില്‍ സമ്മാനങ്ങളുമായി എത്തുമെന്ന വിശ്വാസം പ്രചരിച്ചുതുടങ്ങിയത് (ഉദാ. A Visit from St. Nicolas or The Night Before Christmas).  മഞ്ഞുപ്രദേശങ്ങളില്‍നിന്ന് റെയ്ന്‍ഡീര്‍ വലിക്കുന്ന വണ്ടിയിലെത്തുന്ന ക്രിസ്മസ് പപ്പാ ആയി ഒരുങ്ങുന്ന കുട്ടികളും വലിയവരും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിരിക്കുന്നു.  ഏതായാലും വി. നിക്കോളാസിന്‍റെ കാരുണ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്നതിന് ഈ ആചരണത്തിലുണ്ടായാല്‍ കരുണാസമ്പന്നനായ ദൈവം നമ്മുടെ മേല്‍ ചൊരിഞ്ഞ വലിയ സ്നേഹത്തിനു ഒരു ചെറിയ പ്രത്യുത്തരമാകും എന്നതിനു സംശയമില്ല.  അതെ തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.  ആദിമുതല്‍ ദൈവത്തോടുകൂടിയായിരുന്ന ദൈവമായ വചനം മാംസമായി നമ്മുടെ ഇടയില്‍ പിറന്നത് ഒരു പുല്‍ക്കൂട്ടിലാണ്.  പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയെ ദൈവപുത്രനായി കാണാനുള്ള വിശ്വാസം നമുക്കുണ്ടാകട്ടെ.  വിനയത്തിലെ മഹത്വം തിരിച്ചറിയാനുള്ള ദിവ്യദൃഷ്ടി നമുക്ക് ഉണ്ടാകട്ടെ.