സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പ്രത്യേകഇനങ്ങള്‍ / സഭാദര്‍ശനം

അമോറിസ് ലെത്തീസ്യ- അധ്യായം 9: വിവാഹത്തിന്‍റെ ആധ്യാത്മികതയും കുടുംബവും


ഒന്‍പത് അധ്യായങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന സ്നേഹത്തിന്‍റെ സന്തോഷം എന്ന രേഖയുടെ അവസാന അധ്യായത്തിലേക്കു നാം കടക്കുകയാണ്. വിവാഹ ജീവിതവും കുടുംബജീവിതവും അത് ആധ്യാത്മികജീവിതമാണ്. ഈ ആധ്യാത്മികതയെക്കുറിച്ചാണ് അവസാനമായി പാപ്പായ്ക്കു പറയുവാനുള്ളത്.  വിവാഹ, കുടുംബജീവിതങ്ങള്‍ ദൈവികപദ്ധതിക്കനുസരിച്ച് നീങ്ങേണ്ടതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇതുവരെ പാപ്പാ പറഞ്ഞതെല്ലാം ആധ്യാത്മികമാനത്തില്‍ അവയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ളതു തന്നെയായിരുന്നു.  ഏതു ജീവിതാവസ്ഥയും രക്ഷാകരമാകണമെങ്കില്‍ എന്താണ് അതിലെ ദൈവഹിതമെന്നു തിരിച്ചറിയുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യണം. അതുകൊണ്ടാണ് വിവാഹോടമ്പടിയെക്കുറിച്ച്, അതു ലംഘിക്കുന്നവരെ തിരിച്ചുകൊണ്ടുവരുന്നതിന് അജപാലകര്‍ അവരോടൊത്തു സഹഗമിക്കുന്നതിനെക്കുറിച്ച്, അവരുടെ സാഹചര്യങ്ങളെ വിവേചിക്കുന്നതിനെക്കുറിച്ച്, കുട്ടികളുടെ വളര്‍ത്തലിനെക്കുറിച്ച് പാപ്പാ പറയുന്നത്.  എല്ലാറ്റിനുമുപരിയായി സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് പാപ്പാ പറയുന്നതും എല്ലാവരും ദൈവത്തിന്‍റെ സ്നേഹകാരുണ്യത്തിലാശ്രയിച്ചുകൊണ്ട് സഭയിലൂടെയൊഴുകുന്ന ദൈവികകൃപാവരത്തിന്‍റെ നീര്‍ച്ചാലില്‍നിന്നു പാനം ചെയ്യുന്ന ദൈവമക്കളായി രക്ഷാകരമായ ജീവിതത്തിനുടമകളാകാനാണ്.

അതുകൊണ്ട് കുടുംബജീവിതത്തിലും അതിന്‍റെ ബന്ധങ്ങളിലും വികസിക്കുന്ന സവിശേഷ ആധ്യാത്മികതയുടെ ചില മൗലികസ്വഭാവവിശേഷങ്ങളെ വിവരിക്കുവാന്‍ കുറച്ചു സമയം ചെലവഴിക്കുന്നത് യുക്തമാണ് എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ വിവാഹകുടുംബജീവിതത്തെക്കുറിച്ചു പഠിപ്പിക്കുന്ന രേഖയുടെ അവസാനാധ്യായം ആരംഭിക്കുന്നത്.

വിവാഹത്തിന്‍റെ ആധ്യാത്മികതയും കുടുംബവും എന്നു ശീര്‍ഷകം കൊടുത്തിരിക്കുന്ന ഈ അധ്യായത്തില്‍ പ്രകൃത്യതീത സംസര്‍ഗത്തിന്‍റെ ഒരാധ്യാത്മികതയാണവിടെ ഉള്ളതെന്നും ഉത്ഥാനത്തിന്‍റെ വെളിച്ചത്തിലാണ് ആ ആധ്യാത്മികത ജീവിക്കേണ്ടതെന്നും അത് സ്നേഹത്തിന്‍റെ, അതായത് ശുശ്രൂഷയുടെയും ആശ്വാസത്തിന്‍റെയും പ്രചോദനത്തിന്‍റേതുമായ ഒരു ആധ്യാത്മികതയാണെന്നും വിശദീകരിക്കു ന്നു.  ഉത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ ജീവിക്കേണ്ട പ്രകൃത്യതീത സംസര്‍ഗത്തിന്‍റെ ആധ്യാത്മികതയെക്കുറിച്ചുള്ള പാപ്പായുടെ ഈ പ്രബോധനം ഇന്നു നമുക്കു ചിന്താവിഷയമാക്കാം.

നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങള്‍ പരി. ത്രിത്വത്തിന്‍റെ വാസസ്ഥലമാണ്.  പാപ്പാ ഈ സത്യത്തെ ഇപ്രകാരം വിശദമാക്കുന്നു: ''വൈവാഹിക സംസര്‍ഗ ത്തിന്‍റെ ദേവാലയത്തില്‍ ത്രിത്വം സന്നിഹിതമാണെന്ന് നമുക്ക് ഇന്നു കൂട്ടിച്ചേര്‍ത്തു പറയാം'' (No. 314).  ദൈവം തന്‍റെ സ്തുതികളില്‍ വസിക്കുന്നു എന്ന വചനം (സങ്കീ 22:3) സങ്കീര്‍ത്തനത്തില്‍നിന്നുദ്ധരിച്ചുകൊണ്ട് ഇങ്ങനെ വ്യാഖ്യാനിക്കുകൂടി ചെയ്യുന്നുണ്ട്.  ''അതുപോലെ, അവിടുന്ന് തനിക്കു മഹത്വം നല്‍കുന്ന വൈവാഹികസ്നേഹത്തിന്‍റെ അഗാധതയില്‍ നിവസിക്കുന്നു'' (No. 314).

എല്ലാവിധത്തിലുമുള്ള അനുദിനക്ലേശങ്ങളോടും കഠിനാധ്വാനത്തോടും സന്തോഷത്തോടും പ്രത്യാശയോടുംകൂടിയ യഥാര്‍ഥവും സുദൃഢവുമായ കുടുംബങ്ങളില്‍ കര്‍ത്താവിന്‍റെ സാന്നിധ്യമുണ്ട്.  കര്‍ത്താവിന്‍റെ സാന്നിധ്യം ഉള്ള കുടുംബത്തില്‍ വസിക്കുമ്പോള്‍ കാപട്യം കാണിക്കുകയോ നുണ പറയുകയോ ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്.  അവിടെയെങ്ങനെയാണ് നമുക്കു മുഖംമൂടി ധരിക്കാന്‍ കഴിയുക.  അതിനു പിന്നില്‍ നമുക്കു മുഖം മറയ്ക്കാനാവുക. വിശുദ്ധമായ സ്നേഹമുള്ള കു ടുംബത്തില്‍ കര്‍ത്താവ് തന്‍റെ സന്തോഷത്തോടും സമാധാനത്തോടും കൂടെ ഭരിക്കും.  കുടുംബപരമായ ആധ്യാത്മികത വിവിധങ്ങളായ രൂപങ്ങളില്‍ പ്രകടമാണ്. സ്നേഹത്തിന്‍റെ ഒരായിരം ആംഗ്യങ്ങളാല്‍, പരിഗണനയുടെയും വാത്സല്യത്തിന്‍റെയും ഒരായിരം ചേഷ്ടകളാല്‍ പ്രകടമാണ്.  ഒപ്പം ആധ്യാത്മികതയില്‍ വളരുന്നതും അവയിലൂടെയാണെന്നതില്‍ സംശയമില്ല.  കാരണം, പാപ്പാ പറയുന്നു, കൂട്ടായ്മയെ ആഴപ്പെടുത്തുന്ന ദാനങ്ങളുടെയും കണ്ടുമുട്ടലുകളുടെയും വൈവവിധ്യത്തില്‍ ദൈവത്തിനു നിവാസകേന്ദ്രമുണ്ട്. അതായത്, സനേഹപൂര്‍വമായ സംസാരത്തിലും ചേഷ്ടകളിലും ദൈവത്തിന്‍റെ ചൈതന്യമുണ്ട്. ദൈവസ്നേഹത്തിനു നാം പ്രത്യുത്തരം നല്കുന്നത് പരസ്നേഹത്തിലൂടെയാണ്.  അങ്ങനെയെങ്കില്‍, ദൈവം തന്‍റെ സ്നേഹത്താല്‍ നമുക്കു നല്‍കിയിരിക്കുന്ന കുടുംബത്തെ സ്നേഹപൂര്‍വം കൈക്കൊള്ളുമ്പോള്‍, ആ കുടുംബത്തില്‍ പരസ്പരസ്നേഹത്താല്‍ ബന്ധിക്കപ്പെട്ടു ജീവിക്കുമ്പോള്‍ ദൈവത്തെ ത്തന്നെയാണു നാം സ്നേഹിക്കുക.  അവിടെ പരസ്പരസ്നേഹമില്ലാതെ ജീവിക്കുമ്പോള്‍ ദൈവത്തെ, ദൈവത്തിന്‍റെ ദാനങ്ങളെ നാം നിഷേധിക്കുന്നു.  

വി. ജോണ്‍ പോള്‍ മാര്‍പ്പാപ്പാ കുടുംബങ്ങള്‍ക്കൊരെഴുത്ത് എന്ന തന്‍റെ രേഖയില്‍ വിവാഹത്തെ ഉടമ്പടി എന്നു വിശേഷിപ്പിക്കുന്ന വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ധരണി എടുത്തുകാട്ടുന്നുണ്ട്. കുടുംബം വിവാഹപരമായ ഒരു കൂട്ടായ്മയില്‍ ജനിക്കുന്നു.  ആ കൂട്ടായ്മയെ സ്ത്രീയും പുരുഷനും പരസ്പരം ആതാമാര്‍പ്പണം നടത്തുകയും പരസ്പരം സ്വീകരിക്കുകയും ചെയ്യുന്ന ഒരു ഉടമ്പടി എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍വചിക്കുന്നത് (No. 7).  ഇതേരീതിയില്‍ ഫ്രാന്‍സീസ് പാപ്പായും പറയുന്നതു ശ്രദ്ധേയമാണ്. വൈവാഹിക ആധ്യാത്മികത ദൈവികസ്നേഹം നിവസിക്കുന്ന ഉടമ്പടിയുടെ ആധ്യാത്മികതയാണ്.

കുടുംബപരമായ കൂട്ടായ്മ സന്തോഷത്തിന്‍റെയും സഹനത്തിന്‍റെയും സമ്മിശ്രമാണ്. എന്നാല്‍ അതിന്‍റെ ഭാവാത്മകവശം കാണാന്‍ കഴിഞ്ഞാല്‍ അതു അനുദിനവിശുദ്ധീകരണത്തിലേക്കും ആത്മീയവളര്‍ച്ചയിലേക്കുമുള്ള യഥാര്‍ഥ പാതയാണെന്നു കാണാം. ദൈവത്തോടുള്ള ബന്ധത്തില്‍ ആഴപ്പെടാനുള്ള മാര്‍ഗമാണത്. കുടുംബത്തിലെ സഹോദരപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ ഹൃദയത്തിന്‍റെ തുറവിയിലുള്ള വളര്‍ച്ചയ്ക്കുള്ള പ്രേരണയാണ്.  അങ്ങനെ കര്‍ത്താവുമായുള്ള പൂര്‍വാധികം പൂ ര്‍ണമായ കണ്ടുമുട്ടലിനുള്ള പ്രേരണയാണ്.  മനുഷ്യവ്യക്തിക്ക് ഒരു സാമഹികമാനം അന്തര്‍ലീനമായിട്ടുണ്ട്.  കുടുംബം മനുഷ്യന്‍റെ സാമൂഹികസ്വഭാവത്തിന്‍റെ പ്രഥമവും അടിസ്ഥാനപരവുമായ പ്രകാശനമായി എന്നും പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഇന്നും ഈ പരിഗണന മാറ്റമില്ലാതെ നിലകൊള്ളുന്നു. കുടുംബത്തിലെ കൂട്ടായ്മയ്ക്ക് പരി. ത്രിത്വത്തിന്‍റെ കൂട്ടായമയോടുള്ള ബന്ധം, സ്രഷ്ടാവെന്ന നിലയിലുള്ള ദൈവത്തിന്‍റെ അധീശത്വം അംഗീകരിച്ചുകൊണ്ടു തന്നെ നമുക്കു കാണാനാവും.

അതുകൊണ്ട്, ദൈവസ്നേഹത്തിന്‍റെ പ്രകാശനം സഹോദരസ്നേഹത്തില്‍ ഉണ്ടായേ തീരൂ.  ബൈബിളില്‍നിന്ന്, പ്രത്യേകിച്ച്, യോഹന്നാന്‍റെ ഒന്നാം ലേഖനത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഇതു വിശദീകരിക്കുന്നു.

തന്‍റെ സഹോദരനെ വെറുക്കുന്നവന്‍ അന്ധകാരത്തിലാണ്. അവന്‍ അന്ധകാരത്തില്‍ നടക്കുന്നു (1 യോഹ 2:11). അങ്ങനെയുള്ള വ്യക്തി മരണത്തില്‍ നിവസിക്കുന്നു (1 യോ 3:14).  അവന്‍ ദൈവത്തെ അറിയുന്നില്ല (4:8).

തന്‍റെ മുന്‍ഗാമികളുടെ പ്രബോധനങ്ങളും ഇക്കാര്യം വിശദീകരിക്കാന്‍ പാപ്പാ ഉപയോഗിക്കുന്നുണ്ട്.   ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ദൈവം സ്നേഹമാകുന്നു എന്ന 2005-ലെ ചാക്രികലേഖനത്തില്‍ നിന്ന്, ''നമ്മുടെ അയല്‍ക്കാരന്‍റെ നേരെ കണ്ണടയ്ക്കല്‍ ദൈവത്തോടുള്ള ബന്ധത്തില്‍ നമ്മെ അന്ധരാക്കല്‍ കൂടിയാണ്'' (നം. 16). '' മങ്ങിപ്പോയ ലോകത്തെ സ്ഥിരം പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഏകപ്രകാശം സ്നേഹമാണ്, നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മുടെയിടയില്‍ വസിക്കും അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണമാക്കപ്പെടും'' (നം. 39).  വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നു:  ''മനുഷ്യവ്യക്തിക്ക് ഒരു സാമൂഹികമാനം അന്തര്‍ലീനമായിട്ടുണ്ട്. ആ സാമൂഹിക മാനത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ പ്രഥമവും മൗലികവുമായ പ്രകാശനം വിവാഹം ചെയ്ത ദമ്പതികളും കുടുംബവുമാണ് (CL 40).

ഇവയെല്ലാം ഉദ്ധരിച്ചശേഷം ഫ്രാന്‍സീസ് പാപ്പാ പറയുന്നു. ആധ്യാത്മികത കുടുംബത്തിന്‍റെ സംസര്‍ഗത്തില്‍ സമൂര്‍ത്തമായിത്തീരുന്നു.  അതുകൊണ്ട്, ആത്മീയമായ അഭിനിവേശങ്ങളാല്‍ നയിക്കപ്പെടുന്നവര്‍ ഒരിക്കലും കുടുംബം പരിശുദ്ധാത്മാവി ലുള്ള ജീവിതത്തിന്‍റെ വളര്‍ച്ചയെ തടയുന്നുവെന്ന്  വിചാരിക്കരുത് എന്നു പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. പിന്നെയോ അവരെ മൗതികമായ ഐക്യത്തിലേക്കു നയി ക്കാന്‍ കര്‍ത്താവ് ഉപയോഗിക്കുന്ന പാതയായി വിവാഹത്തെ കാണണം.

ഈ ആധ്യാത്മികതയില്‍, അതായത് ക്രിസ്തുവില്‍ കേന്ദ്രീകൃതമായ കുടുംബ ആധ്യാത്മികതയില്‍, ക്രിസ്തു അതിന്‍റെ മുഴുവന്‍ ജീവിതത്തെയും ഏകീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യും.  വേദനയുടെയും പ്രയാസങ്ങളുടെയും നിമിഷങ്ങളെ കര്‍ത്താവിന്‍റെ കുരിശുമായുള്ള ഐക്യത്തില്‍ അനുഭവിക്കും.  അവയെ കീഴടക്കാന്‍ ഈ ഐക്യം ശക്തി നല്കും.  അങ്ങനെ കുടുംബജീവിതത്തിന്‍റെ ഏറ്റവും ഇരുണ്ട മണിക്കൂറുകളിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ പരിത്യക്താവസ്ഥയിലുള്ള യേശു വുമായുള്ള ഐക്യം തകര്‍ച്ചകളെ വിജയിക്കാന്‍ സഹായിക്കും. ഇക്കാര്യം സിനഡു പിതാക്കന്മാര്‍ സൂചിപ്പിച്ചിരിക്കുന്നതിങ്ങനെയാണ്:  ''പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ദമ്പതികള്‍ വിവാഹജീവിതത്തിലൂടെയും ക്രിസ്തുവിന്‍റെ കുരിശെന്ന രഹസ്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും വിശുദ്ധിയില്‍ വളരുന്നു.  ക്രിസ്തുവിന്‍റെ കുരിശെന്ന രഹസ്യം പ്രയാസങ്ങളെയും സഹനങ്ങളെയും സ്നേഹത്തിന്‍റെ കാഴ്ചയാക്കി മാറ്റുന്നു. കുരിശിനപ്പുറം ഉത്ഥാനത്തിന്‍റെ സന്തോഷവുമുണ്ട്. ഈ ജീവിതത്തില്‍ തന്നെയുള്ള സന്തോഷത്തിന്‍റെയും വിശ്രമത്തിന്‍റെയും ആഘോഷത്തിന്‍റെയും ലൈംഗികതയുടെപോലും നിമിഷങ്ങളെ ഉത്ഥാനത്തിന്‍റെ പൂര്‍ണജീവിതത്തിലുള്ള പങ്കെടുക്കലായി അനുഭവിക്കാം'' (No. 317). ചുരുക്കത്തില്‍, കുടുംബജീവിതത്തിലെ എല്ലാനിമിഷങ്ങളിലും ക്രിസ്തുസാന്നിധ്യമനുഭവിക്കുന്ന ആധ്യാത്മികതയാണ് കുടുംബത്തിനുണ്ടാവേണ്ടത്. വിവാഹിതരായ ദമ്പതികള്‍ വ്യത്യസ്തങ്ങളായ അനുദിനപ്രവൃത്തികള്‍കൊണ്ട് ഉത്ഥിതനായ കര്‍ത്താവിന്‍റെ നിഗൂഢസാന്നിധ്യം അനുഭവിക്കാനുള്ള ദൈവത്താല്‍ പ്രകാശിതമായ സ്ഥാനം സൃഷ്ടിക്കുന്നു.

അവിടെ പ്രാര്‍ഥനയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ജീവിതത്തെ പ്രകാശിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു സവിശേഷമാര്‍ഗമായിട്ടാണ് സിനഡുപിതാക്കന്മാര്‍ കുടുംബപ്രാര്‍ഥനയെ വിശേഷിപ്പിക്കുന്നത്.  പാപ്പാ യുടെ തികച്ചും പൈതൃകമായ ഉപദേശത്തിലൂടെ എങ്ങനെ എന്തിനുവേണ്ടിയൊക്കെ പ്രാര്‍ഥിക്കണമെന്നു പറയുന്നുണ്ട്.

സജീവനായ ദൈവത്തിന്‍റെ മുമ്പില്‍ സമ്മേളിക്കുക

അവിടുത്തോടു നമ്മുടെ ആകുലതകളെക്കുറിച്ചു പറയുക

നമ്മുടെ കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍വേണ്ടി അപേക്ഷിക്കുക

പ്രയാസം അനുഭവിക്കുന്ന ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക

സ്നേഹിക്കുന്നതിനുവേണ്ട സഹായം അപേക്ഷിക്കുക

ജീവനും അതിന്‍റെ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുക.

പരിശുദ്ധ അമ്മയുടെ മാതൃത്വപരമായ കാപ്പയിന്‍ കീഴ് നമ്മെ രക്ഷിക്കാന്‍വേണ്ടി പ്രാര്‍ഥിക്കുക. 

ഇവയ്ക്കുവേണ്ടി കുറച്ചുസമയം മാറ്റിവയ്ക്കുക. ലളിതമായ കുറച്ചു വാക്കുകള്‍ വഴിയുള്ള  പ്രാര്‍ഥന കുടുംബത്തിനു അളവറ്റ നന്മ ചെയ്യും.  ഈ സാമൂഹികപ്രാര്‍ഥന, ദിവ്യകാരുണ്യത്തില്‍, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതുവഴി പൂര്‍ണമാകുന്നുവെന്നു പാപ്പാ പറയുന്നു.  പ്രത്യേകിച്ചു ഞായറാഴ്ചകളില്‍ വിശ്രമത്തിന്‍റെ സാഹചര്യത്തില്‍ യേശു കുടുംബങ്ങളുടെ വാതിലില്‍ മുട്ടുന്നു, ദിവ്യകാരുണ്യ അത്താഴത്തില്‍ അവരോടൊപ്പം പങ്കുചേരാന്‍.   ദമ്പതികള്‍ ഈ പെസഹാപരമായ ഉടമ്പടി, വിശുദ്ധ കുര്‍ബാനയാകുന്ന ഉടമ്പടി അവരെ ഒന്നിപ്പിച്ചതാണ് എന്നനുസ്മരിക്കണം.  അത് കുരിശില്‍ അവിടുന്ന് മുദ്രവച്ച ഉടമ്പടിയെ പ്രകാശിപ്പിക്കുന്ന ഒന്നാണ്.  ദിവ്യകാരുണ്യം പുതിയ ഉടമ്പടിയുടെ കൂദാശയാണ്.  ദിവ്യകാരുണ്യവും വിവാഹജീവിതവും ഉടമ്പടികളാണ്.  ദിവ്യകാരുണ്യമെന്ന ഉടമ്പടിയിലാണ് വിവാഹ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. അമോറിസ് ലെത്തീസ്യയുടെ ഒമ്പതാം അധ്യായത്തിന്‍റെ ആദ്യഭാഗം ഇങ്ങനെയാണ് അവസാനിപ്പിച്ചരിക്കുന്നത്.  ''എന്തെന്നാല്‍, ഗൃഹസഭ എന്ന നിലയില്‍ ഓരോ ദിവസവും വിവാഹോടമ്പടി ജീവിക്കാന്‍ ആവശ്യമായ ശക്തിയും പ്രചോദനവും ദിവ്യകാരുണ്യമെന്ന ഭക്ഷണം ദമ്പതികള്‍ക്കു നല്കുന്നു'' (No. 318).