സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

കര്‍ദ്ദിനാള്‍ പാവുളോ ആണ്‍സ് കാലംചെയ്തു പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


ബ്രസീലിലെ സാവോ പാവുളോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു കര്‍ദ്ദിനാള്‍ പാവുളോ എവറീസ്തോ ആണ്‍സാണ് അന്തരിച്ചത്. പാപ്പാ ഫ്രാന്‍സിസ് അനുശോചന സന്ദേശമയച്ചു.

സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകിയ ‘ധീരനായ അജപാലകനെ’ന്ന് കര്‍ദ്ദാനാള്‍ ആണ്‍സിനെ ഡിസംബര്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

സാവോ പാവളോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ പെദ്രോ സ്കേയറിനെയും, സഹായമെത്രാനെയും, വിശ്വാസികളെയും, ബ്രസീലിലെ ദേശീയസഭയെയും സന്ദേശത്തിലൂടെ പാപ്പാ അനുശോചനം അറിയിച്ചു. കര്‍ദ്ദിനാള്‍ ആണ്‍സിന്‍റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും തന്‍റെ ആത്മീയസാമീപ്യവും പ്രാര്‍ത്ഥനയും പാപ്പാ നേരുകയുണ്ടായി. ഉദാരമതിയായ അജപാലകനും, ക്രിസ്തുവിന്‍റെ വിശ്വസ്തദാസനുമായ കാര്‍ദ്ദിനാള്‍ ആണ്‍സിന്‍റെ ആത്മാവിന് നിത്യവിശ്രാന്തി നേര്‍ന്നുകൊണ്ടാണ് സ്പാനിഷില്‍ കുറിച്ച ഹ്രസ്വമായ അനുശോചനം പാപ്പാ ഉപസംഹരിച്ചത്.  

28 വര്‍ഷക്കാലം ബ്രസീലിലെ സാവോ പാവളോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു  കര്‍ദ്ദിനാള്‍ പാവുളോ എവറീസ്തോ ആണ്‍സ് (1970-1998). ഡിസംബര്‍ 14-Ɔ൦ തിയതി ബുധനാഴ്ചയായിരുന്നു അന്ത്യം. 95-മാത്തെ വയസ്സിലാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ കര്‍ദ്ദിനാള്‍ ആണ്‍സ് അന്തരിച്ചത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1973-ല്‍ നിയോഗിച്ച കര്‍ദ്ദിനാളന്മാരില്‍ ഏറ്റവും അവസാനത്തെ കണ്ണിയാണ് കര്‍ദ്ദിനാള്‍ പാവുളോ ആണ്‍സ്.

നലംതികഞ്ഞ അജപാലകനും ആത്മീയനേതാവുമായിരുന്നു അദ്ദേഹം. ഏറെ ലാളിത്യമാര്‍ന്ന ജീവിതംകൊണ്ടും ജനങ്ങള്‍ക്കായുള്ള ജീവസമര്‍പ്പണംകൊണ്ടും ശ്രദ്ധേയനായിരുന്നു കര്‍ദ്ദിനാള്‍ ആണ്‍സ്. ജനങ്ങളുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും അന്തസ്സും സ്വപ്നം കണ്ട അദ്ദേഹം ബ്രസീലിലെ മിലിട്ടറി ഭരണത്തെ പ്രത്യക്ഷമായി എതിര്‍ത്തിരുന്നു. ജനായത്ത നീക്കങ്ങളെ പിന്‍തുണച്ച അദ്ദേഹം, ജനായത്ത നീക്കങ്ങളെയും നേതൃത്വങ്ങളെയും പിന്‍തുണയ്ക്കുകയും, അവരെ മിലിട്ടറിയുടെ പിടിയില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുമുണ്ടെന്ന്, അദ്ദേഹത്തിന്‍റെ  പിന്‍ഗാമിയും ഇപ്പോള്‍ സാവോ പാവുളോയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഒദീലോ പെദ്രോ സ്കേയരര്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു.

സാവോ പാവളോയുടെ പ്രാന്തത്തില്‍ കുടിയേറിയ ജര്‍മ്മന്‍ കുടുംബത്തില്‍ 1921-ല്‍ ജനിച്ചു. ചെറുപ്പത്തിലെ കപ്പൂചിന്‍ സെമിനാരിയില്‍ ചേര്‍ന്ന് 1945-ല്‍ പൗരോഹിത്യം സ്വീകരിച്ചു.  1966-ല്‍ റിസ്പേക്തായിലെ മെത്രാനായി ഉയര്‍ത്തപ്പെട്ടു. 1970-ല്‍ സാവോ പാവുളോയുടെ മെത്രാപ്പോലീത്തയായും നിയമിതനായി. 1973-ല്‍ പോള്‍ ആറാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവി നല്കി.

കര്‍ദ്ദിനാള്‍ ഏണ്‍സിന്‍റെ നിര്യാണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 227 ആകുകയാണ്. അതില്‍ 120-പേര്‍ 80 വയസ്സിനുതാഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവരും, 107-പേര്‍ 80-വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.