സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പ്രത്യേകഇനങ്ങള്‍ / വചനവീഥി

സന്തോഷത്തിന്‍റെ ജപവഴികള്‍ : മേരിയന്‍ ചിന്താമലരുകള്‍


ജപമാലമാസം ആരംഭിച്ചു കഴിഞ്ഞു. പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച അനിതരസാധാരണമായ ജൂബിലിവത്സരത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 8, 9 ശനി, ഞായര്‍ ദിവനസങ്ങളില്‍ മേരിയന്‍ ജൂബിലിദിനങ്ങളായി വത്തിക്കാനിലും, ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളിലും സ്ഥാപനങ്ങളിലും ആചരിക്കപ്പെടുകയാണ്.

സന്തോഷവും ആനന്ദവും പര്യായംപോലുള്ള രണ്ടു പദങ്ങളാണെങ്കിലും, തമ്മില്‍ അന്തരമുണ്ട്. ഒരു വ്യക്തിയുടെ ജീവിതപരിസരം സമ്മാനിക്കുന്ന അനുഭൂതിയും അനുഭവവുമാണ് സന്തോഷം! കുട്ടിക്കൊരു ഐസ്ക്രീം കിട്ടുന്നതുപോലെയാണത്. അത് തുളുമ്പിപ്പോയാല്‍ അതോടെ സന്തോഷവും കെട്ടുപോകുന്നു. എന്നാല്‍ പരിസരങ്ങള്‍ക്കു നിര്‍ണ്ണയിക്കാനോ നിര്‍മ്മിക്കാനോ ഉറപ്പിക്കാനോ, നശിപ്പിക്കുവാനോ ആവാത്ത ആത്മീയ അനുഭൂതിയാണ് ആനന്ദം. കിണറും ഉറവയും പോലെയാണത്. ആദ്യത്തേത് കിണറാണെങ്കില്‍ രണ്ടാമത്തേത് ഉറവയാണ്. വിശുദ്ധ ഗ്രന്ഥം സൂചിപ്പിക്കുന്നതുപോലെ, ഉറവകളെ മറന്ന് നമ്മള്‍ പൊട്ടക്കിളര്‍ തേടുന്നവരാണ് പലപ്പോഴും. “ജീവന്‍റെ ഉറവയായ ദൈവത്തെ ഉപേക്ഷിച്ച്.... ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയാണു നിങ്ങള്‍ ...,” എന്നാണ് പ്രവാചക ശബ്ദം (ജറെമിയ 2, 13). ജീവിതം പ്രകാശപൂര്‍ണ്ണമല്ലാത്തതും, പ്രതിസന്ധികള്‍ നിറഞ്ഞതുമാകുമ്പോഴും ആനന്ദത്തിന്‍റെ ഉറവ കണ്ടെത്താമെന്നാണ് മറിയത്തിന്‍റെ ജീവിതം പഠിപ്പിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മനോഹരമായ ആനന്ദഗീതങ്ങളിലൊന്നാണു മറിയത്തിന്‍റേത്. എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു, എന്‍റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു (ലൂക്കാ 1, 46-55).

Magnificat

എലിസബത്ത് രാജുവും സംഘവും ആലപിച്ച ‘മറിയത്തിന്‍റെ സ്ത്രോത്രഗീതം,’ ഫാദര്‍ മാത്യു മുളവനയുടെ മണിപ്രവാള ശൈലിയിലുള്ള വരികളാണ്, സംഗീതം ജെറി അമല്‍ദേവ്.

നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ജാലകത്തില്‍നിന്നു നോക്കുമ്പോള്‍ മറിയത്തിന് ആഹ്ലാദിക്കാന്‍ കാര്യമായിട്ടൊന്നുമില്ല. എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിന്‍റെ വിളുമ്പില്‍ നില്‍ക്കേണ്ടി വന്നവള്‍. സ്ത്രീയെന്ന നിലയില്‍ അവള്‍ക്കൊരു ആത്മാഭിമാനം കൊണ്ടുനടക്കാനാവാത്ത കാലമായിരുന്നു അത്. പുരുഷമേധാവിത്തമുള്ളൊരു സംസ്ക്കാരത്തില്‍ അവള്‍ എന്തിനെയോര്‍ത്ത് ആഹ്ലാദിക്കാന്‍? ദരിദ്ര, പ്രവാസിനി, പിന്നെ വിധവ, മകന്‍ നഷ്ടപ്പെട്ട അമ്മ... എന്നിട്ടും അവള്‍ തന്‍റെ ജീവിതത്തെ ആനന്ദത്തിന്‍റെ ഒരദൃശ്യഭൂമികയില്‍ പണിതുയര്‍ത്തി.  അതിലേയ്ക്ക് മറിയം എത്തിയത് അഞ്ചു ദിവ്യരഹസ്യങ്ങളിലൂടെയാണല്ലോ. ജപമണികളുടെ പ്രാര്‍ത്ഥനാതാളത്തില്‍ നാം മറിയത്തിന്‍റെ സന്തോഷരഹസ്യങ്ങള്‍ അനുദിനം ധ്യാനിക്കുന്നു.  അതുവഴി ആനന്ദത്തിലേയ്ക്കുള്ള മറിയത്തിന്‍റെ വഴികള്‍ നമുക്കു പിന്‍ചെല്ലാം. സ്വാശീകരിക്കാം.

Mystery One മംഗലവാര്‍ത്ത :  ജീവിതത്തില്‍ ഗബ്രിയേല്‍ ദൂതന്‍റെ ഇടപെടലുണ്ടാകുന്നു.  ഗബ്രിയേല്‍ മറ്റേതോ ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. കാറ്റില്‍ നിന്‍റെ ജീവന്‍റെ തിരിനാളം കെട്ടുപോയാലും അവശേഷിക്കുന്ന വെളിച്ചമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന നിത്യതയുടെ ദൂതനാണ് ഗബ്രിയേല്‍. നമ്മുടെ അനുദിന ജീവിതത്തില്‍ ചുറ്റുമുള്ള ദൈവികമുദ്രകള്‍ നാം കാണാതെ പോകരുത്.

Mystery two മറിയം ചാര്‍ച്ചക്കാരി ഏലീശ്വായെ സന്ദര്‍ശിക്കുന്നു

ദൈവത്താല്‍ സ്പര്‍ശിക്കപ്പെട്ട ഒരാള്‍ ഉണരുന്നത് കുറെക്കൂടി ആഴമുള്ള ബന്ധനങ്ങളിലേയ്ക്കാണ്. നിനക്കു പുറത്ത്, ജീവിക്കാനും സ്നേഹിക്കാനും നീ കണ്ടെത്തുന്ന കാരണത്തിന്‍റെ പേരാണ് എലിസബത്ത്. അവളാരുമാകാം – നിന്‍റെ ബന്ധുവോ, സുഹൃത്തോ, രോഗിയായ സ്നേഹിതനോ, സ്നേഹിതയോ, കാരാഗൃഹവാസിയോ, അയല്‍ക്കാരനോ ആരുമാവാം. ഒപ്പം ഏതു സ്നേഹാനുഭവത്തിനും കൊടുക്കേണ്ട യാത്രയുടെ വിലകള്‍ മറക്കുകയും അരുത്.

Mystery three യേശുവിന്‍റെ ജനനം :  എങ്ങനെ ജീവിക്കണമെന്നുള്ളതിന്‍റെ ഏറ്റവും മനോഹരമായ മാതൃകയാണ് ബതലഹേം. വചനം മാംസമായ ഇടമാണത്. നമ്മുടെ ജീവിതത്തില്‍ വാക്കും കര്‍മ്മവും തമ്മില്‍ ഒത്തിരി അകന്നുപോയി. വാക്കിനും കര്‍‍മ്മത്തിനും ഇടയില്‍ പണിയാതെ പോകുന്ന പാലം നമ്മെ ആകുലപ്പെടുത്തുന്നുപോലുമില്ല. ക്രിസ്തു ഉള്ളില്‍ രൂപപ്പെടുവോളം പൂര്‍ണ്ണമായും അവിടുത്തേയ്ക്കുവേണ്ടി ഒരീറ്റുനോവ് അനുഭവിക്കുകയാണ് മറിയം. മനസ്സില്‍ കണ്ട സൂര്യനെ ക്യാന്‍വാസിലാക്കാന്‍ കഴിഞ്ഞില്ല, എന്നു വിലപിച്ച വാന്‍ഗോഗ് എന്ന ചിത്രകാരനെപ്പോലെ. വചനത്തിലും മാംസത്തിനുമിടയിലെ അകലമാണ് എന്‍റെ ജീവിതത്തെ ഒരു എതിര്‍സാക്ഷൃമാക്കുന്നത്.

Mystery four യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു

സ്വന്തം ജീവിതം സമര്‍പ്പിച്ചൊരാള്‍ അതിന്‍റെ വഴികളില്‍ സംഭവിക്കുന്ന ഏതനുഭവവും ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ‘സര്‍വ്വവും യേശുനാഥനായ് സമര്‍പ്പിക്കുന്നു’ എന്നൊക്കെ ഉറക്കെ പാടി സ്തുതിച്ചിട്ട്, പിന്നെ പള്ളിക്കു പുറത്തു കടക്കുമ്പോള്‍ എന്‍റെ ചെരിപ്പ് കണ്ടില്ലല്ലോ എന്നോര്‍ത്ത് നിലവിളിക്കരുത്. സര്‍വ്വവും നല്‍കിയ കൂട്ടത്തില്‍ ചെരിപ്പും ഉണ്ടായിരുന്നു എന്നോര്‍ത്താല്‍ മതി. ഇതുപോലെ, അല്ലെങ്കില്‍ ഇതിലും വലിയ എത്രയെത്ര ജീവിതനഷ്ടങ്ങള്‍ നമുക്ക് ദൈവത്തിനു സമര്‍പ്പിക്കാനുണ്ടാവണം.

Mystery five യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു :

അവസാമായി. കൈവിട്ടുപോയ തമ്പുരാനെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരിക. അവന്‍ ദേവാലയത്തിലുണ്ട്. പ്രാര്‍ത്ഥിച്ചും, പഠിപ്പിച്ചും, ധ്യാനിച്ചും തര്‍ക്കിച്ചുമൊക്കെ. ഇത്തിരി തര്‍ക്കത്തിനുകൂടി ദൈവികവഴികളില്‍ ഇടമുണ്ടെന്ന് ഓര്‍പ്പിക്കുകയാണ് ഈ സംഭവം. നിത്യജീവിതത്തില്‍ ഉപകരിക്കുന്ന യുക്തികള്‍ ആത്മീയ ജീവിതത്തിന് വേണ്ടെന്നു കരുതുന്നത് ഭേദപ്പെട്ട ഭാഷയില്‍ പറഞ്ഞാല്‍ ഒരു വിഡ്ഢിത്തരമാണ്, നിരത്തരവാദിത്വപരമായ പ്രവൃത്തിയാണ്.  

Reflection :

ക്രിസ്തുവായിരുന്നു മറിയത്തിന്‍റെ ആനന്ദസ്രോതസ്സ്.  മറിയത്തിന്‍റെ ജീവിതവ്യഥകളെ ആനന്ദവഴിയാക്കിയത് ക്രിസ്തുവാണ്. ക്രിസ്തുവെന്ന ആന്തരിക സാദ്ധ്യതയാണ്. മനുഷ്യജീവന്‍റെ മുഴുവന്‍ സാദ്ധ്യതകളുടെയും ആനന്ദമാര്‍ന്ന പൂവിടലാണ് ക്രിസ്തു. മറിയം കണ്ടെത്തിയ ആത്മീയാനന്ദംപോലെ, ‘പൊട്ടക്കിണറുകളെ വിട്ടുപേക്ഷിച്ച്, ജീവജലത്തിന്‍റെ സജീവഉറവകള്‍ തേടാം....’ ക്രിസ്ത്വാംശം നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്‍റെ അണിയത്ത് ഉറങ്ങുകയാണ്. ‘ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്, അതിവിടെയോ അവിടെയോ അല്ല,’ (ലൂക്കാ 17, 21). നെഞ്ചിലെ ദൈവത്തെ ഖനനം ചെയ്യാനാണ് ക്രിസ്തു പറഞ്ഞത്. മറിയം പങ്കുചേര്‍ന്ന ക്രിസ്തു രഹസ്യങ്ങളുടെ ഉള്‍പ്പൊരുളാണ് ജപമാല. ദൈവരാജ്യത്തിന്‍റെ ജപവഴിയാണത്. ജീവന്‍റെ ഉറവയായ ക്രിസ്തുവിനോടു ചേര്‍ന്ന്, മറിയത്തെപ്പോലെ അവിടുത്തെ ആനന്ദവഴികളില്‍ നമുക്കും സഞ്ചരിക്കാം.

ജപമാലരഹസ്യങ്ങള്‍ ഗാനരൂപം – പ്രീമൂസ് പെരിഞ്ചിരിയുടെ രചനയാണ്, സംഗീതം എല്‍ഡ്രിഡ്ജ് ഐസക്സ്, ഗായകര്‍ എലിസബത്ത് രാജുവും, എം. ജെ. സെബാസ്റ്റൃനും...

Song….  മേരിയന്‍ ഗാനം ആലപിച്ചത് സവിത രാമമൂര്‍ത്തി, കെസ്റ്റര്‍ സംഘമാണ്. രചന ഫാദര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ഓ.എസ്.ജെ, സംഗീതം ജെറി അമല്‍ദേവ്.