സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

കര്‍മ്മംകൊണ്ട് മദര്‍ തെരേസ ഭാരതീയ : കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


സഭ എന്നും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണമാണെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.  ആഗസ്റ്റ് 15-ാം തിയതി തിങ്കളാഴ്ച ഭാരത സ്വാതന്ത്ര്യലബ്ധിയുടെ 70-ാം വാര്‍ഷകവും സ്വര്‍ഗ്ഗാരോപണ മഹോത്സവവും ഒരുമിച്ച് ആഘോഷിച്ചുകൊണ്ട് മുംബൈ നഗരത്തില്‍ യേശുവിന്‍റെ വിശുദ്ധനാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സ്ഥലത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്. 

ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മംകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്‍റെ പൗരതത്വം നേടിയ കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആമുഖമായി അനുസ്മരിച്ചു. കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍, സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ ശ്രദ്ധേയമാകുന്ന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന അമ്മ, ജീവന്‍റെയും മനുഷ്യാന്തസ്സിന്‍റെയും പാവങ്ങളോടുള്ള നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും ശൈലി ഭാരതത്തിന് പകര്‍ന്നുതന്നിട്ടുള്ളത് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു.

പുരോഗതിയുടെയും വികസനത്തിന്‍റെയും പാതയില്‍ സഭ ചെയ്യുന്ന സേവനം ക്രിയാത്മകവും ഫലവത്തുമാണെന്ന് കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ സഭ ജാതിമതഭേദമെന്യേ സകലരുടെയും നന്മയ്ക്കായി സേവനംചെയ്യുന്നുണ്ട്. ജീവനും മനുഷ്യാന്തസ്സും വളര്‍ത്തുകയാണ് സഭയുടെ ലക്ഷ്യം. സഭയുടെ ആരോഗ്യപരിചരണ സ്ഥാനപനങ്ങളി‍ല്‍ 85-ശതമാനവും ഗ്രാമങ്ങളിലും വളരെ സാധാരക്കാരുമായവരുടെ മദ്ധ്യേയാണ്. പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും തേടിയുള്ള നീക്കവും, ധാര്‍മ്മികതയുള്ളതും ജീവനെ ആദരിക്കുന്നതുമായ ആരോഗ്യപരിചരണയാണ് സഭ നടപ്പിലാക്കുന്നത്. കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

നാടിന്‍റെ മത-സാംസ്ക്കാരിക വൈവിധ്യം ദൈവികദാനത്തിന്‍റെ അടയാളവും കൃപാസമ്പന്നതയുമാണെന്നും മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ വിശേഷിപ്പിച്ചു. ബഹുഭൂരിപക്ഷം അക്രൈസ്തവരുള്ള ഭാരതത്തിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ സഭ തുറവുള്ള സമൂഹ്യ-രാഷ്ട്രിയ വീക്ഷണം ആഗ്രഹിക്കുന്നു. അതിനാല്‍ വിവിധ മത സാംസ്ക്കാരിക സമൂഹങ്ങള്‍ തമ്മില്‍ കൈകോര്‍ത്ത്, സംവാദത്തിന്‍റെ പാതയില്‍ ജീവിക്കുവാന്‍ ഭാരതത്തിലെ ക്രൈസ്തവര്‍ പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. അതുവഴി അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്താക്കളാകാം. പകയും വിദ്വേഷവും വിവേചനവുമായി വരുന്നവരെ കീഴ്പ്പെടുത്തുവാന്‍ ആയുധമെടുക്കില്ല. നീതിയുടെയും സമാധാനത്തിന്‍റെയും കൂട്ടായ്മയുടെയും പാത എന്നും സ്വീകരിക്കും. അഖണ്ഡതയും ഐക്യദാര്‍ഢ്യവുമുള്ള രാഷ്ട്രനിര്‍മ്മിതിക്ക് രമ്യതയുടെ പാതയുടെയും ശത്രുസ്നേഹത്തിന്‍റെയും പാഠമാണ് ക്രിസ്തു നല്കുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ 9 അംഗ സഭാനവീകരണ സംഘത്തിലെ അംഗമായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശ്വാസസമൂഹത്തെ ഉദ്ബോധിപ്പിച്ചു.

വിദ്വേഷത്തിന്‍റെയും വിവേചനത്തിന്‍റെയും പാതവിട്ട്, ഐക്യത്തിന്‍റെയും സമഗ്രതയുടെയും, യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെയും പാതയില്‍ ഭാരതത്തെ നയിക്കണമേ,  ഈ നാടിനെ ദൈവം ഇനിയം ശ്രേയസ്സ്ക്കരമാക്കട്ടെ! സ്വര്‍ഗ്ഗാരോപിതയായ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രഭാഷണം ഉപസംഹരിച്ചത്.