സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

കര്‍ദ്ദിനാള്‍ ഫ്രാന്‍ചിഷെക്‍ മഹാര്‍ഷ്കിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിച്ച പോളണ്ടിലെ കര്‍ദ്ദിനാള്‍ മഹാര്‍ഷ്കിയെ “സുവിശേഷ ചൈതന്യമാര്‍ന്ന അജപാലകന്‍” എന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. ആഗസ്റ്റ് 2-ാം തിയതി, ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.45-നാണ് ക്രാക്കോയിലെ ആശുപത്രിയില്‍ കര്‍ദ്ദിനാള്‍ മഹാര്‍ഷ്കി അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ നീണ്ടകാല രോഗങ്ങളിലൂടെയാണ് 89-ാമത്തെ വയസ്സില്‍ പോളണ്ടിന്‍റെ നല്ലിടയന്‍ അന്തരിച്ചത്. ക്രാക്കോ അതിരൂപതാദ്ധ്യക്ഷനായിരുന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി 1978-ല്‍ സ്ഥാനമേറ്റ കര്‍ദ്ദിനാള്‍ മഹാര്‍ഷ്കി 2005-വരെ അവിടെ മെത്രാപ്പോലീത്തയായിരുന്നു.

  1. പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം

പോളണ്ട് അപ്പോസ്തോലിക സന്ദര്‍ശനത്തിനിടെ ജൂലൈ 28-ാം തിയതി വ്യാഴാഴ്ച സന്ദര്‍ശന പരിപാടികള്‍ തെറ്റിച്ച്, ക്രോക്കോയിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചെന്ന് കര്‍ദ്ദിനാള്‍ മഹാര്‍ഷ്കിയെ സന്ദര്‍ശിക്കാനും, അന്ത്യനിമിഷങ്ങളില്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ച് യാത്രപറയാനും സാധിച്ചത് സ്നേഹത്തോടെ പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു. അന്ത്യനിഷങ്ങളിലെ സഹനത്തിലും അദ്ദേഹം ‘ദൈവികകാരുണ്യത്തിന്‍റെ സാക്ഷി’യായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു.

രാഷ്ട്രീയമായും സമൂഹികമായും പ്രതിസന്ധികളുള്ള പരിവര്‍ത്തനത്തിന്‍റേതുമായ കാലഘട്ടത്തിലാണ് ക്രാക്കോ അതിരുപതയുടെ അജപാലകനായി അദ്ദേഹം വിവേകത്തോടും വിശുദ്ധിയോടുംകൂടെ  അജഗണത്തെ നയിച്ചതെന്ന്, ഇപ്പോഴത്തെ ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ജീവിഷിന് ആഗസ്റ്റ് 2-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലൂടെ പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ ഇടയസ്നേഹം സ്വായത്തമാക്കിയ ഈ സഭാശുശ്രൂഷകന്‍റെ ആത്മാവിനെ ദൈവം സ്വര്‍ഗ്ഗീയ മഹത്വത്തില്‍ സ്വീകരിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് അനുശോചനസന്ദേശം പാപ്പാ ഉപസംഹരിച്ചത്.

കര്‍ദ്ദിനാള്‍ മഹാര്‍ഷ്കിയുടെ മരണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 211 ആയി കുറഞ്ഞു. അതില്‍ 112-പേര്‍ 80 വയസ്സിനു താഴെ സഭയുടെ ഔദ്യോഗിക കാര്യങ്ങളില്‍ വോട്ടവകാശമുള്ളവരാണ്. 80 വയസ്സിനുമുകളിലുള്ള 99-പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

  1. പാപ്പാ വോയ്ത്തീവയുടെ ക്രാക്കോയിലെ പിന്‍ഗാമി

1927-ല്‍ ക്രാക്കോയില്‍ ജനിച്ചു. യുവാവായിരിക്കെ നാസി അധിനിവേശകാലത്ത് കൈപ്പണിയെടുത്തു ജീവിച്ചി‌ട്ടുണ്ട്. 1945-ല്‍ പോളണ്ടിന്‍റെ വിമോചനസഖ്യത്തില്‍ പങ്കുചേര്‍ന്നു. അതേ വര്‍ഷം സെമിനരിയിലും ചേര്‍ന്നു. 1950-ലായിരുന്നു പൗരോഹിത്യ സ്വീകരണം. ആദ്യകാല അജപാലന ശുശ്രൂഷയ്ക്കുശേഷം സ്വിറ്റ്സര്‍ലണ്ടിലും ജര്‍മ്മനിയിലും ഉന്നതപഠനം നടത്തി. ക്രാക്കോയിലെ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനായി. പിന്നെ അവിടത്തെ ഡയറക്ടറായി. ക്രാക്കോ അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാല്‍ വോയ്ത്തീവ (പിന്നീട് പാപ്പാ വോയ്ത്തീവ) 1977-ല്‍ അദ്ദേഹത്തെ ക്രാക്കോയിലെ വാവേല്‍ കുന്നിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസിന്‍റെ ബസിലിക്കയുടെ പ്രധാനപുരോഹിതനായി നിയോഗിച്ചു. 1978-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ ക്രാക്കോയിലെ മെത്രാപ്പോലീത്തയായി ഉയര്‍ത്തിയത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധനായ പാപ്പാതന്നെ അദ്ദേഹത്തെ അഭിഷേചിച്ചു. തുടര്‍ന്ന് 1979-ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്കും ഉയര്‍ത്തി.

ആദ്ധ്യാത്മികത നിറഞ്ഞ പണ്ഡിതനും ചിന്തകനുമായിരുന്നു കര്‍ദ്ദിനാള്‍ മഹാര്‍ഷ്കി. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ കാണിച്ചിട്ടുള്ള ശുഷ്ക്കാന്തി മാതൃകാപരമാണ്. 2005-ല്‍ ക്രാക്കോയില്‍നിന്നും വിരമിച്ചശേഷം പാപ്പാ വോയ്ത്തീവയുടെ മരണത്തെ തുടര്‍ന്ന് മുന്‍പാപ്പാ ബനഡിക്ടിനെ തിരഞ്ഞെടുത്ത കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മയില്‍  ( Conclave) കര്‍ദ്ദിനാള്‍ മഹാര്‍ഷ്കിയും സന്നിഹിതനായിരുന്നു.