സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

അധര്‍മ്മങ്ങള്‍ക്കെതിരെ യുഎന്‍ നിസംഗത കാട്ടരുത് : വത്തിക്കാന്‍റെ പ്രതിനിധി


സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ ഐക്യരാഷ്ട്ര സംഘടയുടെ സുരക്ഷാ കൗണ്‍സില്‍  (Security Council of UN) വീഴ്ചവരുത്തുന്നുണ്ടെന്ന് യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതിയും സ്ഥിരംനിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.  യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ജൂലൈ 19-ാം തിയതി സംഗമിച്ച സുരക്ഷാ കൗണ്‍സിലിന്‍റെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ച തുറന്ന ചര്‍ച്ചയിണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മനുഷ്യക്കുരുതിയും മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങളും യുദ്ധത്തിലെ അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലത്ത് നിസംഗതയല്ല, തക്കസമയത്തെ നിര്‍ണ്ണായകമായ ഇടപെടലാണ് ആവശ്യമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ തുറന്നു പ്രസ്താവിച്ചു. ഇന്ന് മനുഷ്യക്കുരുതിയും, മനുഷ്യക്കടത്തും, അകാരണമായ കുടിയിറക്കലും നിര്‍ദ്ദോഷികളുടെ പീഡനങ്ങളും രാജ്യാന്തരതലത്തില്‍ അധികമായി നടമാടുമ്പോള്‍ അംഗരാഷ്ട്രങ്ങളും ഉത്തരവാദിത്ത്വപ്പെട്ടവരും സമ്മേളനത്തിലെ വോട്ടെടുപ്പില്‍ അനീതിക്കെതിരായ വിയോജിപ്പും പ്രതിഷേധവും സത്യസന്ധമായി പ്രകടമാക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടു.

പടര്‍ന്നുപിടിക്കുന്ന അധര്‍മ്മങ്ങളെ ചെറുക്കുന്നതില്‍ യുഎന്‍ സുരക്ഷ സമിതിക്കുള്ള നൈയ്യാമികമായ ഉത്തരാവാദിത്വങ്ങളും അധികാരവും നിര്‍വ്വഹിക്കുന്നതിനു തടസ്സങ്ങളുണ്ട്. ഒന്നാമതായി വേണ്ട അനുമതി നല്‍കാതിരിക്കുന്നതാണ്. അധികാര പരിധിയില്‍ ഉള്‍പ്പെടാത്തതെന്നും, പ്രാമാണികമല്ലാത്തതെന്നും (unwarranted), രാഷ്ട്രങ്ങളുടെ അധികാര സീമയില്‍ വരാത്തതെന്നുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് കടമകള്‍ തള്ളിനീക്കുന്നത്. ഇത് വളരെ സാധാരണമായിട്ടുണ്ട്. മാത്രമല്ല, അവയെ നിരുത്തരവാദിത്വപരമായി അവഗണിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന നിഷേധാത്മകമായ വോട്ടെടുപ്പുകളും സമ്മേളനങ്ങളില്‍ പതിവായിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ  ചൂണ്ടിക്കാട്ടി. 

യുഎന്‍ സ്ഥാനപനത്തിന്‍റെ 71-ാം വാര്‍ഷികം എത്തിനില്ക്കുന്ന സുരക്ഷാകൗണ്‍സിലിന്‍റെ പ്രവര്‍ത്തന രീതികള്‍ വിലയിരുത്തി, പുനര്‍നിര്‍വ്വചിക്കാന്‍ യുഎന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് അടിയന്തിരമായ ഉത്തരവാദിത്വമുണ്ട്. സുരക്ഷാ കൗണ്‍സിലിന്‍റ പ്രവര്‍ത്തന ശൈലിയെക്കുറിച്ചും അനാസ്ഥയെക്കുറിച്ചും ​​അംഗരാഷ്ട്രങ്ങളില്‍ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ഈ മേഖലയിലെ നവീകരണം ഇന്ന് അടിയന്തിരമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമര്‍ത്ഥിച്ചു.