സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

പഴയാറ്റില്‍പ്പിതാവിന് അന്ത്യാഞ്ജലി! അന്തിമോപചാര ശുശ്രൂഷകള്‍ ബുധനാഴ്ച


ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അന്തരിച്ചു.  വിശ്രമജീവിതം നയിക്കുകയായിരുന്നു. ജൂലൈ 10-ാം തിയതി ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മൃതസംസ്‌കാര ശുശ്രൂഷകള്‍, ജൂലൈ 13-ാം തിയതി  ബുധനാഴ്ച ഉച്ചകഴിഞ്ഞ്  2 മണിക്ക് ഇരിങ്ങാലക്കുട രൂപതയുടെ സെന്‍റ് തോമസ് ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെടും.

കരള്‍ സംബന്ധമായ രോഗത്തിന്‍റെ ചികിത്സയ്ക്കിടെ ആശുപത്രി മുറിയില്‍ തെന്നിവീണതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് 83-ാമത്തെ വയസ്സില്‍  മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ ദേഹവിയോഗത്തിന് കാരണമായത്.  ഇരിങ്ങാലക്കുട രൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത, മാര്‍ പോളി കണ്ണൂക്കാടനാണ് തന്‍റെ മുന്‍ഗാമിയുടെ മരണവാര്‍ത്ത പ്രസ്താവനയിലൂടെ അറിയിച്ചത്.

തൃശൂര്‍ രൂപതയില്‍നിന്നും 1978-ല്‍ പിറവിയെടുത്തതാണ് ഇരിങ്ങാലക്കുട രൂപത. അന്നു മുതല്‍ 2010 ഏപ്രില്‍ 18-ന് സഭാനിയമപ്രകാരമുള്ള പ്രായപരിധി 75 വയസ്സെത്തി വിരമിക്കുംവരെ പുതിയ രൂപതയെ പടിപടിയായി അദ്ദേഹം ആത്മീയമായും, അതിന്‍റെ അജപാലന സംവിധാനങ്ങളിലും ക്രമമായി  ഉയര്‍ത്തിയെടുത്തു. ആരാധനക്രമം, മതബോധനം, സാമൂഹ്യസേവനം, ആരോഗ്യപരിപാലനം, കുടുംബം, മാധ്യമം എന്നിങ്ങനെ വിവിധ മേഖലകളില്‍ വിശ്രമില്ലാതെ അദ്ദേഹം സമര്‍പ്പിതനായിരുന്നു. അവസാനം അദ്ദേഹം തന്നെ പടുത്തുയര്‍ത്തിയ രൂപത സെമിനാരിയില്‍ വിശ്രമംജീവിതം നയിക്കവെയാണ് രോഗഗ്രസ്ഥനായത്.

പുത്തന്‍ചിറയില്‍ പഴയാറ്റില്‍ തോമസ്-മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി  1934 ജൂലൈ  26-നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1952-ല്‍ തൃശൂര്‍, തോപ്പ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ശ്രീലങ്കയിലെ ക്യാന്‍ഡി സെമിനാരിയിലും, പൂനെ പേപ്പല്‍ സെമിനാരിയിലുമായി വൈദികപഠനം  പൂര്‍ത്തിയാക്കി. 1961 ഒക്‌ടോബര്‍ 3-ന് മുംബൈ അതിരൂപത മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ വലേരിയന്‍ ഗ്രേഷ്യസില്‍നിന്നും പൗരോഹിത്യംപട്ടം സ്വീകരിച്ചു.

പാവറട്ടി, തൃശൂര്‍ ലൂര്‍ദ്ദുപള്ളി എന്നിവിടങ്ങളിലെ വികാരി, തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് പ്രഫസര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, വൈദിക സെനറ്റിന്‍റെ കാര്യദര്‍ശി എന്നിങ്ങനെ പൗരോഹിത്യശുശ്രൂഷ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കവെയാണ് നവമായി രൂപീകൃതമായ ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായി നിയമിതനായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ അന്നത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജോസഫ് മാര്‍ പാറേക്കാട്ടിലാണ് 1978 സെപ്തംബര്‍ 10-ാം തിയതി മാര്‍ പഴയാറ്റിലിന്‍റെ മെത്രാഭിഷേക കര്‍മ്മം നിര്‍വ്വഹിച്ചത്.

നീണ്ട 32 വര്‍ഷക്കാലം  വിശുദ്ധിയോടും വിനയത്തോടുംകൂടി തന്‍റെ അജഗണത്തെ നയിച്ച ആത്മീയാചാര്യനായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും സീറോമലബാര്‍ സഭയുടെയും ഉത്തരവാദിത്വപ്പെട്ട വിവിധ തസ്തികകളിലും അദ്ദേഹം സേവനംചെയ്തിട്ടുണ്ട്. പത്തുവര്‍ഷക്കാലത്തിലേറെ അദ്ദേഹം കെ.സി.ബി.സി.-യുടെ  (Kerala Catholic Bishops’ Council) മാധ്യമ കമ്മിഷന്‍റെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാരത് ജ്യോതി, രാഷ്ട്രീയരത്‌ന, രാഷ്ട്രീയ ഗൗരവ്, ഭക്തശ്രേഷ്ഠ പുരസ്‌കാരം, കേരള സഭാതാരം തുടങ്ങിയ ബഹുമതികള്‍ക്ക് മാര്‍ പഴയാറ്റില്‍ അര്‍ഹനായിട്ടുണ്ട്.

കേരളസഭയുടെ നല്ല അജപാലകന്‍റെ ആത്മാവിന് നിത്യവിശ്രാന്തി നേരുന്നു!