സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ലോകം

റമദാന്‍ പുണ്യദിനങ്ങള്‍ സമാധാനത്തിനുള്ള വഴിതെളിയിക്കട്ടെ!


പരസ്പര ആദരവോടെ ജീവിക്കാന്‍ റമദാന്‍ മാസം സഹായിക്കട്ടെ! ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവദ് ത്വാല്‍ ആഹ്വാനംചെയ്തു.  മുസ്ലിം സഹോദരങ്ങള്‍ വിശുദ്ധമാസം, റമദാന്‍ ആചരണം തുടങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് പാത്രിയര്‍ക്കിസ് ത്വാല്‍ സാഹോദര്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും ചിന്തകള്‍ പങ്കുവച്ചത്. റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ച ജൂണ്‍ 5-ന് ജരൂസലേമില്‍നിന്നും അയച്ച സന്ദേശത്തിലൂടെയാണ് പാത്രിയാര്‍ക്കിസ് ത്വാല്‍  ആശംസകള്‍ നേര്‍ന്നത്. റമദാന്‍ ഉപവാസം ജൂലൈ 5-വരെ നീണ്ടുനില്ക്കും.

മദ്ധ്യപൂര്‍വ്വദേശവും വിശുദ്ധനാടും അതിക്രമങ്ങളാല്‍ ഇനിയും ഉലയുകയാണെന്നും, വെറുപ്പും വിദ്വേഷവും മറന്ന് മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ റമദാന്‍ പുണ്യദിനങ്ങള്‍ സാഹിക്കട്ടെ.  ഉപവാസത്തിന്‍റെയും ദാര്‍ധര്‍മ്മത്തിന്‍റെയും പ്രായശ്ചത്തിന്‍റെയും  മാസത്തിലൂടെ സമൂഹത്തില്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും വളര്‍ത്താന്‍ ആത്മവിശുദ്ധിയുടെ  നാളുകള്‍ സകലരെയും പ്രചോദിപ്പിക്കട്ടെ!  

‘സംസ്ക്കാരങ്ങളുടെ പിള്ളത്തൊട്ടി’ലായ വിശുദ്ധനാട്ടില്‍ വിദ്വേഷവും അനീതിയും നിയമമാകുന്ന പ്രവണത വളര്‍ന്നുവരുന്നത്  വേദനാജനകമാണെന്ന് പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു. യുദ്ധവും വംശീയ സംഘര്‍ങ്ങളും വികലമാക്കുകയും, കുടിയിറക്കങ്ങളാല്‍ വിജനമാക്കപ്പെടുകയുംചെയ്ത ഇറാക്കിന്‍റെ ദയനീയാവസ്ഥയും,  അഭ്യന്തര സംഘട്ടനങ്ങളാല്‍ അസന്തുലിതാവസ്ഥ അനുഭവിക്കുന്ന ഈജിപ്തിന്‍റെ രാഷ്ട്രീയ ചുറ്റുപാടുകളും, അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഇളകിമറിയുന്ന ജോര്‍ദ്ദാന്‍, ലെബനോണ്‍ എന്നീ രാഷ്ട്രങ്ങളുടെ സാമൂഹിക അസ്വാസ്ഥ്യവും പാത്രിയര്‍ക്കിസ് സന്ദേശത്തില്‍ എടുത്തുപറഞ്ഞു.  അതുപോലെ വിശുദ്ധനാടിന്‍റെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകളില്‍ അതിക്രമങ്ങള്‍ കുമിഞ്ഞുകൂടി  കലുഷിതമാവുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഒരുമാസം നീളുന്ന പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വ്യക്തിജീവിതങ്ങളുടെ ആത്മവിശുദ്ധീകരണവും, സാമൂഹിക നവീകരണവും സാധിക്കുമെന്ന് സന്ദേശം പ്രത്യാശിക്കുന്നു. ഇസ്ലാമിക ഹിജ്റി കലണ്ടര്‍ പ്രകാരം  9-ാം മാസമായ റമദാന്‍റെ കാര്‍ക്കശ്യമുള്ള വ്രതനിഷ്ഠകള്‍ സംഘര്‍ഷങ്ങള്‍‍ വിട്ടകലാനും, ആയുധങ്ങള്‍ ഉപേക്ഷിക്കാനും,  ഭീതിയിലും വേദനയിലും  കഴിയുന്ന മദ്ധ്യപൂര്‍വ്വദേശത്തെ ജനതയ്ക്ക് സമാധാനത്തിന്‍റെ നാളുകള്‍ വിരിയിക്കട്ടെ!  ഈ ആശംസയോടെയാണ് പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍ സന്ദേശം ഉപസംഹരിച്ചത്.