സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ഏഷ്യ

‘നസ്രായനായ യേശു’ മറാത്തിയില്‍ പുറത്തിറങ്ങി


‘നസ്രായനായ യേശു,’ എന്ന വിശ്വത്തര സിനിമ മറാത്തി ഭാഷയിലേയ്ക്ക് മൊഴിമാറ്റംചെയ്യപ്പെട്ടു.  പ്രശസ്ത ഇറ്റാലിയന്‍ ചലചിത്ര സംവിധായകന്‍, ഫ്രാങ്കോ സെഫിറേലി ഒരുക്കിയ യേശുവിന്‍റെ സമ്പൂര്‍ണ്ണ ജീവചരിത്രമാണ് മറാത്തിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്.

മുബൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന സലീഷ്യന്‍ സഭയുടെ തേജ്പ്രസരിണി കമ്യൂണിക്കേഷന്‍സാണ് (Tejprasarini Communications) നസ്രായനായ യേശുവിന്‍റെ ഏഴുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുവിശേഷാധിഷ്ഠിതമായ ബൃഹത്തായ ചലചിത്രം മറാത്തി ഭാഷയിലേയ്ക്ക് ‘ഡബ്’ചെയ്ത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി ഈ തപസ്സുകാലത്ത് ലഭ്യാമാക്കുന്നത്.

ദൈര്‍ഘ്യമാര്‍ന്ന ഈ ചലചിത്രത്തിന്‍റെ ശബ്ദരേഖ പരിഭാഷ ചെയ്യുന്ന ജോലിയില്‍ ആദ്യന്ത്യം സമര്‍പ്പിതനായത് ഭാഷാദ്ധ്യാപകനായിരുന്ന ജയന്ത്കുമാര്‍ ത്രിഭുവനാണ് (1942-2006).

ക്രിസ്തുവിന്‍റെ വ്യക്തിത്വവും കാലാതീതമായ പ്രബോധനങ്ങളും ഒന്നരക്കോടിയോളം വരുന്ന മഹാരാഷ്ട്രന്‍ ജനതയ്ക്ക് പകര്‍ന്നുനല്കാന്‍ സെഫിറേലിയുടെ അത്യപൂര്‍വ്വചലച്ചിത്രം സഹായിക്കുമെന്ന് മൊഴിമാറ്റത്തിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്ത്വം വഹിച്ച, തേജ്പ്രസരിണിയുടെ ഡയറക്ടര്‍, ഫാദര്‍ ജോവാക്കിം ഫെര്‍ണാണ്ടസ് ഫെബ്രുവരി 23-ാം തിയതി ചൊവ്വാഴ്ച മുമ്പൈയില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

യേശുവിന്‍റെ ജനനം മുതല്‍ മരണോത്ഥാന രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതസംഭവങ്ങള്‍  വിശ്വത്തര അഭിനേതാക്കളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ബഹുവര്‍ണ്ണ ചലചിത്രം. ക്രിസ്തുചരിതത്തിന്‍റെ മൂലരചനകളായ സമാന്തരസുവിശേഷങ്ങളോട് ഏറെ വിശ്വസ്തത പുലര്‍ത്തിയിരിക്കുന്നത്  സെഫിറേലിയുടെ ഈ ‘മെഗാ’ നിര്‍മ്മിതിയുടെ പ്രത്യേകതയാണ്. മൊഴിമാറ്റ പദ്ധതിക്ക് തുടക്കമിട്ട, തേജ്പ്രസരിണിയുടെ സ്ഥാപക ‍ഡയറക്ടരും, ഇപ്പോള്‍ റോമിലെ സലീഷ്യന്‍ യൂണിവേഴ്സിറ്റിയുടെ ഡീനും മാധ്യമവിഭാഗം പ്രഫസറുമായ ഫാദര്‍ പീറ്റര്‍ ഗൊണ്‍സാല്‍വസാണ് പദ്ധതിക്ക് ചുക്കാന്‍പിടിച്ചത്.

ആനി ബന്‍ക്രോഫ്റ്റ്, മേരി യൂര്‍, ഒലീവിയ ഹുസ്സേ, ആന്‍റെണി ക്വിന്‍, പീറ്റര്‍ ഉസ്തിനോവ്, റോഡ് സ്റ്റൈഗര്‍, ലോറന്‍സ് ഒലിവര്‍, ക്രിസ്റ്റഫര്‍ പ്ലമര്‍ തുടങ്ങി ഹോളിവൂഡിലെ കാലംകണ്ട പ്രഗത്ഭരായ നടീനടന്മാര്‍ ഇതില്‍ വേഷമിട്ടിരിക്കുന്നതും ചലചിത്രത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.  അമേരിക്കയിലെ ഷെക്സ്പീരിയന്‍ തിയറ്റര്‍ നടന്‍, റോബര്‍ട് പവല്‍ ക്രിസ്തുവിന്‍റെ വേഷമിട്ടിരിക്കുന്നതും ചിത്രത്തിന്‍റെ വിജയമാണ്. ആന്‍റെണി ബര്‍ജസ്, സസ്സോ ചെച്ചീ ദാ’മികോ, സെഫിറേലി എന്നിവര്‍ ചേര്‍ന്ന് സുവിശേഷാധിഷ്ഠിതമായി ചിട്ടപ്പെടുത്തിയ തിരക്കഥയും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

എഴുപതുകളുടെ അന്ത്യത്തില്‍ (1978-ല്‍) ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറ്റലിയിലുമായി ടെലിവിഷന്‍ പരമ്പരയായിട്ടാണ് ഫ്രാങ്കോ സെഫിറേലി ചിത്രം ആദ്യം പുറത്തുകൊണ്ടുവന്നത്. പദ്ധതിയുടെ മൂല്യം മനസ്സിലാക്കി അമേരിക്കയിലെ ന്യൂ റൊഷേല്‍ സലീഷ്യന്‍ മതബോധനകേന്ദ്രം അതിന്‍റെ മതബോധന പകര്‍പ്പും (Catechetical Edition) ഇറ്റാലിന്‍, ഇംഗ്ലിഷ് ഭാഷകളില്‍ ലോകമെമ്പാടും പ്രചരിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത ഇറ്റാലിയന്‍ തിരക്കഥാകൃത്തും സിനിമറ്റോഗ്രഫറും നിര്‍മ്മാതാവുമായ വിന്‍ചേന്‍സാ ലബേലയാണ് ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.