സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

‘പാവങ്ങളുടെ അമ്മ’ വിശുദ്ധപദത്തിലേയ്ക്ക്


കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ പാപ്പാ ഫ്രാന്‍സിസ് ജൂബിലിവത്സരത്തില്‍ വിശുദ്ധപദത്തിലേക്കുയര്‍ത്തും.

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ മദ്ധ്യസ്ഥത്തില്‍ ലഭിച്ച അത്ഭുതരോഗശാന്തി ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for the Causes of Saints) വിശുദ്ധ പദപ്രഖ്യാപനത്തിനുള്ള ഡിക്രി പ്രബോധിപ്പിച്ചത്.

ബ്രസീല്‍ സ്വദേശിയായ എഞ്ചിനീയറുടെ മസ്തിഷ്ക്കാര്‍ബുദം വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ മദ്ധ്യസ്ഥത്താല്‍ അത്ഭുതകരമായി സുഖപ്പെട്ടത് ആധുനിക വൈദ്യശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ‘പാവങ്ങളുടെ അമ്മ’യെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മദറിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ ജന്മനാളില്‍ ഒപ്പുവച്ചത്.

കല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപവിയുടെ മിഷണറിമാര്‍  (Congregation of the Missionaries of Charity) എന്ന സന്ന്യാസ സഭയുടെ സ്ഥാപകയായ മദറിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങ് വത്തിക്കാനില്‍ നടത്തുന്ന തിയതി ഇനിയും നിശ്ചയിച്ചിട്ടില്ല. പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ആസന്നഭാവിയില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിലായിരിക്കും (Consistory) വിശുദ്ധപദ പ്രഖ്യാപത്തിനുള്ള ദിവസം നിശ്ചയിക്കുന്നതെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1910 ഓഗസ്ററു മാസം 26-ാം തിയതി മാസിഡോണിയയിലെ സ്ക്കോപ്ജെ എന്ന സ്ഥലത്ത് അല്‍ബേനിയന്‍ മാതാപിതാക്കളില്‍നിന്നും ജനിച്ച ആഗ്നസ് ഗോണ്‍ഷാ സയാജുവാണ് പിന്നീട് മദര്‍ തെരേസയായി തീര്‍ന്നത്. 1997 സെപ്ററംബര്‍ മാസം 5-ാം തിയ്യതി കല്‍ക്കട്ടയിലെ മാതൃഭവനത്തില്‍ അന്തരിച്ചു. ലോകസമാധാനത്തിനുള്ള 1979-ലെ നൊബേല്‍ സമ്മാനം നേടിയിട്ടുള്ള ‘കാരുണ്യത്തിന്‍റെ അമ്മ’യെ 2003-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തി. 1929-ല്‍ ഇന്ത്യലെത്തിയ സിസ്റ്റര്‍ തെരേസ 1949-ലാണ് ഉപവിയുടെ മിഷണറിമാരുടെ സന്ന്യാസസഭ സ്ഥാപിച്ചത്. കല്‍ക്കട്ടയിലെ‍ കാളിഘട്ടില്‍ തുടക്കമിട്ട ആതുരശുശ്രൂഷയുടെ എളിയ സംരംഭം വളര്‍ന്നു പന്തലിച്ച് ലോകമെമ്പാടും ആയിരങ്ങള്‍ക്ക് കാരുണ്യത്തിന്‍റെ തണലേകി നില്ക്കുന്നു.

മറ്റു മൂന്നു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അതേ ഡിക്രിയില്‍ അംഗീകരിക്കുകയുണ്ടായി :   1. ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കമ്പോണി മിഷണറി സഭാംഗമായ വൈദികനും ദൈവദാസനുമായ ഇറ്റലിക്കാരന്‍ ജോസഫ് അംബ്രോസ്ലി (1923-1987).

2. ക്രൈസ്തവവിദ്യാലയങ്ങള്‍ക്കായുള്ള സഹോദരരുടെ സന്ന്യാസ കൂട്ടായ്മയിലെ  (Institute of the Brother of Christian School) അംഗം ദൈവദാസന്‍, ഇറ്റലിക്കാരനായ അഡോള്‍ഫ് ലനുവേല ലിയൊനാര്‍ദോ മര്‍ത്തിനെസ് (1894-1976).  3. ജര്‍മ്മന്‍കാരനായ ആല്‍മായ സഹോദരന്‍, ദൈവദാസന്‍ ഹെന്‍റി ഹാഹെന്‍ (1800-1882).