സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

കാലത്തിന്‍റെ കറ കഴുകാന്‍ കാരുണ്യത്തിന് കരുത്തുണ്ട് : ജരൂസലേമില്‍നിന്നുമുള്ള സന്ദേശം


കാലത്തിന്‍റെ കറ കഴുകിക്കളയാന്‍ കാരുണ്യത്തിന് കഴിയുമെന്ന് ജരൂസലേമിലെ‍ ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍ പ്രസ്താവിച്ചു.

ഡിംസംബര്‍ 15-ാം തിയതി ചൊവ്വാഴ്ച ജരൂസലേമില്‍ നല്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ത്വാല്‍ ലോകസമാധാനത്തിന് കാരുണ്യം അനിവാര്യമാണെന്ന് പ്രസ്താവിച്ചത്. വ്യക്തികള്‍ മാത്രമല്ല, സമൂഹങ്ങളും രാഷ്ട്രങ്ങളും അനുരഞ്ജിതരാകാന്‍ കാരുണ്യത്തോടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും - സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാംസ്ക്കാരിക മേഖലകളില്‍ - പരിശ്രമിക്കണമെന്ന്, വിശിഷ്യ ജൂബിലിവത്സരത്തില്‍ ശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ത്വാല്‍ ഉദ്ബോധിപ്പിച്ചു.

സമാധാനശ്രമങ്ങള്‍ നടിക്കുന്നവര്‍തന്നെ പിന്നാമ്പുറത്ത് വന്‍കിട ആയുധവപണം നടത്തുന്ന പരിഹാസ്യമായ രാഷ്ട്രീയ ചുറ്റുപാടില്‍ മാനവികതയുടെ സമാധാനമാര്‍ഗ്ഗം സായുധപോരാട്ടമല്ല, സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും മാര്‍ഗ്ഗങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് ത്വാല്‍ പ്രസ്താവിച്ചു. സ്വാര്‍ത്ഥതാല്പര്യങ്ങളെ ഇല്ലാതാക്കാന്‍ കാരുണ്യത്തിനു കഴിയുമെന്നും അങ്ങനെ മാത്രമേ മാനുഷികതയുടെ മൂല്യങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും പാത്രിയര്‍ക്കിസ് ത്വാല്‍ പ്രസ്താവിച്ചു.

രാഷ്ട്രീയ നയങ്ങള്‍ ശരിയാംവണ്ണം ക്രമീകരിക്കുവാനും, മാനവികതയുടെ ധാര്‍മ്മികമൂല്യങ്ങള്‍ മാനിക്കുവാനും പരിശ്രമിക്കുന്നവര്‍ക്ക് അതിക്രമങ്ങളെയും അനീതിയെയും പീഡനങ്ങളെയും സ്വാര്‍ത്ഥാധിപത്യത്തെയും ഇല്ലാതാക്കുന്ന ഉദാത്തമായ രാഷ്ട്രീയധര്‍മ്മം കാരുണ്യമാണെന്ന് പാത്രിയര്‍ക്കിസ് ത്വാല്‍ ചൂണ്ടിക്കാട്ടി. പാപ്പാ ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശപ്രകാരം കാരുണ്യത്തിന്‍റെ മൂന്നു ജൂബിലികവാടങ്ങള്‍ വിശുദ്ധനാട്ടില്‍ തുറന്നിരിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഗദസേമിനിയിലെ ബസിലിക്കയിലും, മംഗലവാര്‍ത്തയുടെ ദേവാലയത്തിലും, വിശുദ്ധ കത്രീനയുടെ ബെതലഹേമിലെ തീര്‍ത്ഥാടനകേന്ദ്രത്തിലുമാണ് കാരുണ്യത്തിന്‍റെ ജൂബിലി കവാ‍ടങ്ങള്‍ തുറന്നിരിക്കുന്നത്.

ലോകമാകെ ഇന്ന് വിഷമസന്ധിയിലാണ്. യുദ്ധത്തിന്‍റെയും ഭീകരതയുടെയും മുഖങ്ങള്‍ ചിന്നഭിന്നമായി വിവിധ സ്ഥലങ്ങളില്‍ തുടരുകയാണ്. രാഷ്ട്രനേതാക്കളും മതനേതാക്കളും ധൈര്യം അവലംബിച്ച് നീതിനിഷ്ഠമായ സമാധനമാര്‍ഗ്ഗങ്ങള്‍ക്കായിട്ടാണ് പരിശ്രമിക്കേണ്ടത്. അങ്ങനെ മാത്രമേ മാനവകുലത്തെ കാലികമായ വിനാശത്തില്‍നിന്നും രക്ഷിക്കാനാവൂ, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാത്രിയര്‍ക്കിസ് ത്വാല്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സന്ദേശം ഉപസംഹരിച്ചത്.