സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

ജീവിതസായാഹ്നം പ്രശാന്തമാക്കണം


ജീവിത സായാഹ്നത്തിലെത്തിയവരുടെ പരിചരണം ശ്രേഷ്ഠമായിരിക്കണമെന്ന്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for ProLife) പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഇഗ്നാസിയോ കരാസ്ക്കോ പ്രസ്താവിച്ചു. മാര്‍ച്ച് 5-മുതല്‍ 7-വരെ തിയതികളില്‍ വത്തിക്കാനിലെ സിനഡുഹാളില്‍ സംഗമിക്കുന്ന ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ പൊതുസമ്മേളനത്തെക്കുറിച്ചു റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് ജീവിതാന്ത്യത്തിലെത്തിയവരുടെയും വയോജനങ്ങളുടെയും പരിചരണത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് കരാസ്ക്കോ ഇങ്ങനെ പരാമര്‍ശിച്ചത്.

മാരകമായ രോഗങ്ങളാലും, വാര്‍ദ്ധക്യസഹജമായ ആലസ്യങ്ങളാലും ജീവിതാന്ത്യത്തില്‍ ക്ലേശിക്കുന്നവരുടെ വൈദ്യപരിചരണവും അതിന്‍റെ ധാര്‍മ്മികതയും അക്കാഡമിയുടെ ഈ വര്‍ഷത്തെ പൊതുസമ്മേളനം പഠനവിഷയമാക്കുമെന്ന് ആര്‍ച്ചുബിഷപ്പ് കരാസ്ക്കോ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

കുടുംബവും സമൂഹവും ആശുപത്രികളും രോഗീപരിചരണത്തില്‍ വ്യപൃതമായിരിക്കുന്ന  ഇതര പ്രസ്ഥാനങ്ങളും ധാര്‍മ്മികവും ഒപ്പം വളരെ മാനുഷികവുമായ കാഴ്ചപ്പാടോടെ കൈകാര്യംചെയ്യേണ്ട മേഖലയാണ് ജീവിതാന്ത്യത്തിലെത്തിയവരുടെ ശുശ്രൂഷയെന്ന് ആര്‍ച്ചുബിഷപ്പ് കരാസ്ക്കോ ഫെബ്രുവരി 24-ാം ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗികളുടെയും വയോജനങ്ങളുടെയും അന്തസ്സുമാനിക്കാതെയുള്ള അവരുടെ പരിത്യക്താവസ്ത, കാരുണ്യവധം, ധാര്‍മ്മികതയില്ലാത്ത ചികിത്സാക്രമങ്ങള്‍ എന്നിവ പരിഷ്കൃത സമൂഹം എതിര്‍ക്കേണ്ടതാണെന്നും, ആത്മീയവും അജപാലനപരവും ഐക്യദാര്‍ഢ്യത്തിന്‍റേതുമായ മനോഭാവത്തോടെ വയോജനങ്ങളെയും രോഗികളെയും, വിശിഷ്യ മാരകമായ രോഗങ്ങളാല്‍ ക്ലേശിക്കുന്നവരെയും പരിചരിക്കുന്നതില്‍ സമൂഹം ഇനിയും രമ്യമായ പോംവഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് കരാസ്ക്കോ പ്രസ്താവനയില്‍ വിവരിച്ചു.