സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / വചനസമീക്ഷ

ജീവിതം നന്മയുടെ തിരഞ്ഞെടുപ്പാകണം


ഫെബ്രുവരി 19-ാം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ജീവിതം നന്മയുടെ തിരഞ്ഞെടുപ്പാണെന്ന ചിന്തകള്‍ പങ്കുവച്ചത്. ജീവിതം പരാജയപ്പെട്ടാലും മരിച്ചു കഴിയുമ്പോള്‍ ആളുകള്‍ പ്രതിമയുണ്ടാക്കുകയും വര്‍ണ്ണച്ഛായാ ചിത്രങ്ങള്‍ വരച്ചു വയ്ക്കുകയും ചെയ്യാറുണ്ട്. അപ്പോഴും നാം ചിന്തിക്കാറില്ല മരണത്തിനും ജീവനുമിടയ്ക്കുള്ള പോരാട്ടമാണ്, തിരഞ്ഞെടുപ്പാണ് ജീവിതം എന്ന് വിഭൂതിത്തിരുനാള്‍ കഴിഞ്ഞുവന്ന ആദ്യനാളില്‍ പാപ്പാ അനുസ്മരിപ്പിച്ചു.

തിരഞ്ഞെടുപ്പ് നന്മ തിന്മകള്‍ക്കിടയിലാണെന്നും, നമ്മെ തുണയ്ക്കാന്‍ കെല്പില്ലാത്ത നിസ്സാരര്‍ക്കും ദൈവത്തിനും ഇടയിലെ തിരഞ്ഞെടുപ്പാണതെന്നും, സംഖ്യാ പുസ്തകത്തെയും (സംഖ്യ 30, 15-20) ലൂക്കായുടെ സുവിശേഷത്തെയും (ലൂക്ക 9, 22-25) ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.

തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ടിരിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള തീരുമാനവും അത്ര എളുപ്പമല്ല. അതുകൊണ്ടാണ് പലപ്പോഴും നാം തീരുമാനങ്ങളില്‍ പമ്മുകയും പരതുകയും ചെയ്യുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ തപസ്സുകാലം നല്ലൊരവസരമാണ്, സമയം കണ്ടെത്തി സ്വസ്ഥമായി ചിന്തിക്കുവാനും ജീവിതത്തെയും ജീവിതരീതിയെയും വിലയിരുത്തുവാനും പരിശ്രമിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ദൈവത്തെയും ജീവിത ഉത്തരവാദിത്വങ്ങളെയും കുടുംബത്തെയുമെല്ലാം മാറ്റി നിറുത്തി, ജീവിത വിജയത്തെയും നേട്ടങ്ങളെയും സമ്പാദ്യത്തെയും കുറിച്ച് ചിന്തിക്കുന്നത് അപകടകരമാണ്. ഞാന്‍ എങ്ങനെ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു, എങ്ങനെ ജീവിത ചുറ്റുപാടുകളുമായി, കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്. ഭൗതികമായി എല്ലാം നേടിയാലും അവസാനം ജീവിതം പരാജയപ്പെടാം. അതിനാല്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നന്മയുടെ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

‘കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍,’ എന്ന സങ്കീര്‍ത്തനപദം അനുസ്മരിച്ചുകൊണ്ട് നമുക്ക് ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ച് മുന്നേറാം. ദൈവം നമ്മോടൊത്തു ചരിക്കുന്നു, അവിടുന്ന് സദാ നമ്മുടെ കൂടെയാണ്, എങ്കിലും ഓര്‍ക്കണം, അവസാനം തിരഞ്ഞെടുപ്പും തീരുമാനവും നമ്മുടേതാണ് - നിങ്ങളുടേതും എന്‍റേതുമാണ്, എന്ന താക്കീതു നല്കിക്കൊണ്ടാണ് പാപ്പാ വചനചിന്തകള്‍ സമാഹരിച്ചത്.