സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

സഭയിലെ നാലു വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധപദത്തിലേയ്ക്ക്


ആഗോളസഭയിലെ 4 വാഴ്ത്തപ്പെട്ടവര്‍ 2015 മെയ് 17-ാം തിയതി ഞായറാഴ്ച കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്ന് ഫെബ്രുവരി 14-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍സിസ്ട്രി തീരുമാനിച്ചു. പുതുതായി കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ആഗോളസഭയില്‍ 20 നവകര്‍ദ്ദിനാളന്മാരും ചേര്‍ന്നാണ് വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം അംഗീകരിക്കുകയും തിയതി നിശ്ചയിക്കുകയും ചെയ്തത്. വിശുദ്ധപദം ചൂടുന്ന വാഴ്ത്തപ്പെട്ടവരായ 4 പേരുടെ പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. വാഴ്ത്തപ്പെട്ട ഷോണ്‍ എമിലി വിലനോവെ (1811-1854)  ഫ്രഞ്ചു സ്വദേശിനിയും അമലോത്ഭവ നാഥയുടെ സന്ന്യാസിനീ സഭാസ്ഥാപകയുമായിരുന്നു. പെണ്‍കുട്ടികള്‍ക്കും തെരുവിലെ പാവങ്ങള്‍ക്കും വേണ്ടിയുള്ള പതറാത്ത സമര്‍പ്പണം വിശുദ്ധിയിലേയ്ക്കുള്ള അവളുടെ പടവുകളായി.

2. വാഴ്ത്തപ്പെട്ട മേരി അല്‍ഫോന്‍സീന്‍ ഡാനില്‍ ഗടാസ് (1843-1927)  ജരൂസലേമില്‍ ജനിച്ച്, വിശുദ്ധ യൗസേപ്പിതാവിന്‍റെ ദര്‍ശന സഭയിലെ സന്ന്യാസിനിയായി. യുവജനങ്ങള്‍ക്കും പാവങ്ങളായ അമ്മമാര്‍ക്കുംവേണ്ടി ജീവന്‍സമര്‍പ്പിച്ചു കൊണ്ട് വിശുദ്ധിയിലേയ്ക്ക് ഉയര്‍ന്നു.

3. ക്രൂശിതന്‍റെ വാഴ്ത്തപ്പെട്ട മേരി ബുവാര്‍ദി (1846-1916).  വിശുദ്ധനാട്ടില്‍ ഗലീലിയാ തീരത്തോട് ചേര്‍ന്ന് നസ്രത്തുഭാഗത്ത് അറബികളായ മാതാപിതാക്കളില്‍നിന്നും ജനിച്ചു. ഗ്രീക്ക് കത്തോലിക്കാ മെല്‍ക്കൈറ്റ് സമൂഹത്തിലെ അംഗമായിരുന്നു. പിന്നീട് പോയിലെ കര്‍മ്മലസഭയില്‍ ചേര്‍ന്നു തീവ്രമായി വ്രതാനുഷ്ഠാന ജീവിതം നയിച്ചു. കര്‍മ്മല ആത്മീയതയുമായി ഇന്ത്യയില്‍ പ്രേഷിതജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ തരികെ ബെതലഹേമിലെത്തി അവിടെ സഹനത്തിന്‍റെ യോഗാത്മീയതയില്‍ ജീവിച്ചുകൊണ്ട് ദൈവഹിതത്തിനു കീഴ്പ്പെട്ട് ആത്മാക്കളുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയില്‍ സ്വാര്‍പ്പണംചെയ്തു.

4. വാഴ്ത്തപ്പെട്ട മരിയ ക്രിസ്തീന സാവോയ് (1812-1836)  നേപ്പിള്‍സിലെ സാവോയ് പ്രഭുകുടുംബത്തില്‍ ജനിച്ചു. ഫെര്‍ഡിനന്‍റ് രണ്ടാമന്‍റെ പത്നിയായി രാജ്ഞീ പദത്തില്‍ പ്രവേശിച്ചു. കൊട്ടാരത്തിലായിരിക്കുമ്പോഴും ലാളിത്യമാര്‍ന്നതും വിശ്വാസതീക്ഷ്ണതയും ഉപവിപ്രവൃത്തികള്‍ നിറഞ്ഞതുമായ ജീവിതം നയിച്ചു. പുത്രന്‍റെ ജനനത്തെ തുടര്‍ന്നുണ്ടായ ആലസ്യങ്ങളും സഹനവും ആഴമായ വിശ്വാസമുള്ള ക്രിസ്തീനായെ പ്രവസവത്തിന്‍റെ അഞ്ചാം നാള്‍ ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തി.

2013-ലെ കണ്‍സിസ്ട്രിയില്‍ മരിയ ക്രിസ്തീനയുടെ മദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അത്ഭുതരോഗ ശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് നേപ്പിള്‍സിലെ വിശുദ്ധ ക്ലാരയുടെ ബസിലിക്കയില്‍ 2014 ജനുവരി 25-ന് ധന്യയായ മരിയ ക്രിസ്തീനയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്കും ഉയര്‍ത്തിയിരുന്നു.