സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പ്രത്യേകഇനങ്ങള്‍ / സുവിശേഷപരിചിന്തനം

പൗരസ്ത്യസഭകളില്‍ വലിയ നോമ്പിന് തുടക്കം


മലങ്കര റീത്തിലെ ആരാധനക്രമ പ്രകാരം ആരംഭിക്കുന്ന വിലയനോമ്പ് ആദ്യവാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനമാണിന്ന്.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 1-11 വലിയ നോമ്പിലെ ഒന്നാം ഞായര്‍

മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവിടുത്തോടു പറഞ്ഞു. അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു. സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ല. അവിടുത്തെ അമ്മ പരിചാരകരോടു പറഞ്ഞു. അവിടുന്നു നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിനും രണ്ടോ മൂന്നോ അളവു വലുപ്പമുണ്ടായിരുന്നു. ഭരണികളില്‍  വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്‍റെ അടുത്തുകൊണ്ടു ചെല്ലുവിന്‍ എന്ന് അവിടുന്നു പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. വീഞ്ഞായി മാറിയ വെള്ളം കലവറക്കാകരന്‍ രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു. എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍ നിങ്ങള്‍ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. യേശു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിച്ചു.

1. മനുഷ്യന്‍ സൃഷ്ടിയാണ് സ്രഷ്ടാവല്ല, എന്നാണ് വിശുദ്ധമായ നോമ്പുകാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. അനുദിന ജീവിതചുറ്റുപാടുകളില്‍ ഈ സ്ഥാനഭ്രംശം, വളരെ അധികം പ്രകടമായി വരുന്ന കാലമാണിത്. നാം സൃഷ്ടികളാണെന്ന സത്യംമറന്ന് സ്രഷ്ടാക്കളായി ചമയുകയും, നമ്മുടെ സഹോദരങ്ങള്‍നിന്നും അയല്‍ക്കാരില്‍നിന്നും അകന്നു മതിക്കെട്ടില്‍ എല്ലാവരും ജീവിക്കുവാന്‍ പരിശ്രമിക്കുന്നു. ജീവിത പ്രതിസന്ധികളും യാതനകളും നമ്മെ വെല്ലുവിളിക്കുമ്പോള്‍ മാത്രമാണ് മാനസാന്തരത്തിലേക്കുള്ള വഴി തേടുന്നത്. ഈ ലോകത്തിന്‍റെ ബാഹ്യമായ പ്രേരണകള്‍ക്ക് നാം കീഴ്പ്പെട്ടുപോകരുതെന്നാണ് തപസ്സാചരണത്തിന്‍റെ അന്തസ്സത്തയും ആഹ്വാനവും. ബാഹ്യമോടിക്ക് അര്‍ത്ഥമില്ലെന്നും മറ്റുള്ളവരുടെ അംഗീകരാത്തിലോ, പ്രശംസയിലോ, താല്ക്കാലിക വിജയത്തിലോ അല്ല ജീവിതമൂല്യം അടങ്ങിയിരിക്കുന്നത്, മറിച്ച് മനുഷ്യന്‍റെ ആന്തിരികതയിലും ആത്മീയതയിലുമാണെന്ന് തപസ്സുകാലം നമ്മെ പഠിപ്പിക്കുന്നു, അനുസ്മരിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ ദിവ്യസ്പര്‍ശത്താല്‍ രൂപാന്തരപ്പെട്ട് പുതുവീഞ്ഞിന്‍റെ സമൃദ്ധിയുണ്ടായ കാനായിലെ കല്യാണ വിരുന്നിലെ സംഭവാമാണ് ഇന്നത്തെ സുവിശേഷം കാണിച്ചുതരുന്നത് (യോഹ. 2, 1-11).

2. കെട്ടിടം പണിയുന്നതുപോലെ ചിട്ടപ്പെടുത്തിയ പ്ലാനില്‍ കെട്ടി ഉയര്‍ത്താവുന്നതാണ് ജീവിതമെന്ന് നാം തെറ്റിദ്ധരിക്കുന്നു. എന്നാല്‍ മുഴുവന്‍ കണക്കുകൂട്ടലുകളും തകിടംമറിച്ച് ചില നേരങ്ങളില്‍ ജീവിതത്തിന്‍റെ വീഞ്ഞില്ലാതെ പോകുന്നു. വിരുന്നിനെത്ര പേരെത്തുമെന്നും, എത്ര പേര്‍ക്ക് എന്തൊരുക്കണം എന്നുമൊക്കെ വളരെ വ്യക്തതയുള്ള catering സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, വീഞ്ഞില്ലാതെ പോകുമ്പോളറിയണം, ഭക്ഷണം തികയാതെ വരുമ്പോഴറിയണം – അത് ജീവിതവുമായി ബന്ധപ്പെട്ട പാഠമാണെന്ന്. പട്ടം പറപ്പിക്കുന്ന പയ്യന്‍റെ അഹന്തയാണ് ചിലപ്പോള്‍ നമുക്ക്. ഞാനാണീ ഈ വര്‍ണ്ണക്കടലാസിനെയും നീലമാനത്തെയും നിയന്ത്രിക്കുന്നത് എന്നൊരു ശാഠ്യത്തിലാണവന്‍! പിന്നീടെപ്പൊഴോ പട്ടം പൊട്ടിവീണപ്പോഴുണ്ടായ അവബോധത്തിന്‍റെ നിമിഷത്തില്‍ നാമറിയുന്നു, നമ്മുടെ ഇച്ഛകളല്ല, മറിച്ച് വീശിയടിച്ച കാറ്റാണ് ജീവിതത്തിന്‍റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതെന്ന്!

പച്ചവെള്ളം വീഞ്ഞാക്കി മാറ്റാനുള്ള കെല്പ് മനുഷ്യന് ഉണ്ടെന്നു വിശ്വസിക്കുന്നുവോ? ചെറിയകാര്യങ്ങളില്‍ ഉള്ളുനിറയെ സ്നേഹവും, കൂടെ ദൈവവുമുണ്ടെങ്കില്‍ ജീവിതത്തിന്‍റെ പച്ചവെള്ളത്തെ നമുക്ക് ലഹരിയുള്ള വീഞ്ഞാക്കി മാറ്റാം. അതൊരു ജീവിതാനുഭവവും, അത്ഭുതവുമായിരിക്കും. A single rose can be your garden, എന്ന് കേട്ടിട്ടില്ലേ. ആരു പറഞ്ഞു, പൂന്തോട്ടം പണിയാന്‍ അന്യനാടുകളില്‍നിന്നും വരുന്ന Anthuriumങ്ങളും Orchidകളും വേണമെന്ന്? നമ്മുടെ പൂജകളും അര്‍ച്ചനകളും അര്‍ത്ഥവത്താക്കാന്‍ ഇറക്കുമതിചെയ്ത പൂക്കള്‍ കെട്ടുകണക്കിന് ചന്തയില്‍നിന്നും വാങ്ങണമോ? നാലുമണിപ്പൂകൊണ്ടും, ഒറ്റചെമ്പരത്തികൊണ്ടും, കട്ടച്ചെമ്പരത്തികൊണ്ടുമൊക്കെ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കാമല്ലോ, പൂജചെയ്യാമല്ലോ. ഗൃഹപാഠം ചെയ്യുന്ന കുഞ്ഞ്, ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവ്, അത്താഴമൊരുക്കുന്ന ഭാര്യ, അതിഥി, ചെറിയ കത്ത്, ഒരു ഇ-മെയില്‍... ഇങ്ങനെ ജീവിതത്തിലെ പച്ചവെള്ളമാകുന്ന സാധാരണ സംഭവങ്ങളെയും സാധനങ്ങളെയും വ്യക്തി സ്പര്‍ശംകൊണ്ട് നമുക്ക് ‘വീഞ്ഞാ’ക്കി മാറ്റാനാകും. ഇതിന്‍റെ മറുതലം മനസ്സിലാക്കണം. എന്താണെന്നോ..? ജീവിതത്തിന്‍റെ സ്നേഹതലങ്ങളില്‍ ദൈവം ഇല്ലാതെയാകുമ്പോള്‍, സ്വാര്‍ത്ഥതയും ജഡീകതയും വളര്‍ന്നുവരുന്നു. അങ്ങനെ ഒരിക്കല്‍ വീഞ്ഞായി മാറിയ അനുഭവങ്ങള്‍ അല്ലെങ്കില്‍ ജീവിതാത്ഭുതങ്ങള്‍ വീണ്ടും പച്ചവെള്ളമായും, വളരെ സാധാരണമായും പുനഃപരിവര്‍ത്തനംചെയ്യപ്പെട്ടേക്കാം. ഉദാരഹണത്തിന്, സ്നേഹത്തിന്‍റെ ഊര്‍ജ്ജപ്രവാഹംപോലെ ഇന്നലെ അനുഭവവേദ്യമായ വ്യക്തി, ജീവിത പങ്കാളി ഏതാനും ദിവസങ്ങള്‍കൊണ്ട് ഹൃദയത്തെ സ്പര്‍ശിക്കാതെ പോകുമ്പോള്‍, അയാള്‍ ഉടലിന്‍റെ ആസ്ക്തി മാത്രമായിത്തീരാം. അത് യഥാര്‍ത്ഥ സ്നേഹമല്ലെന്ന് അപ്പോള്‍ നാം അറിയണം. അവിടെ ജീവിതത്തിന്‍റെ വീര്യമാര്‍ന്ന  വീഞ്ഞൊക്കെ പച്ചവെള്ളമായി മാറുന്ന അനുഭവമാണ്, അവസ്ഥയാണ്. വ്യക്തിബന്ധങ്ങള്‍ മാത്രമല്ല, കുടുംബമാണ് ഇവിടെ തകരുന്നത്!

കാനായില്‍ വെള്ളം നിറച്ചുവച്ചത് ആറു കല്‍ഭരണികളിലാണ്, അവയെല്ലാം വീഞ്ഞായി മാറി. ബൈബിള്‍ ചിന്തകന്മാര്‍ പറഞ്ഞുതരുന്നത്, ഈയൊരു കല്യാണവിരുന്ന് മാത്രമല്ല, ഇനിയും സംഭവിക്കേണ്ട ജീവിതത്തിന്‍റെ എത്രയോ വിരുന്നുകള്‍ക്ക് ഉതകുമാറുള്ള സ്നേഹസമൃദ്ധിയാണ് ദൈവം അവിടെ വര്‍ഷിച്ചത്.. ദൈവം തരുന്നതൊക്കെ ഇങ്ങനെയാണ്. അളന്ന് തിട്ടപ്പെടുത്തിയല്ല. നീട്ടിയ മനുഷ്യകരങ്ങളിലേയ്ക്ക് നന്മയും സ്നേഹവും അവിടുന്ന് സമൃദ്ധമായും കലവറയില്ലാതെയും ചൊരിയുകയാണ്. അളവില്ലാതെ, അതിരില്ലാതെ ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കു നല്കിയത് ചാകരയാണ്. അതുപോലെ ജീവിതത്തില്‍ ഒരിക്കലും സ്വപ്നം കാണുവാന്‍പോലുമാവാത്ത ഇടത്തിലേയ്ക്കാണ് ദൈവം എന്നെ കൈപിടിച്ചു കൊണ്ടുപോകുന്നത്. തുള്ളി സ്നേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്നേഹത്തിന്‍റെ കടലാണ് അവിടുന്ന് ഒഴുക്കുന്നത്. നുള്ളു വിശ്വാസത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവസ്നേഹത്തിന്‍റെ ഒരാകാശമാണ് അവിടുന്ന് വിതാനിക്കുന്നത്. പൂവിനായി കെഞ്ചുമ്പോള്‍, ഇതാ, വസന്തമാണ് അവിടുന്ന് വിരിയിക്കുന്നത്.

3. ക്രിസ്തുവിന്‍റെ രക്ഷാരഹസ്യങ്ങള്‍ ധ്യാനിക്കുന്ന തപസ്സിന്‍റെ ഈ സമയം, രക്ഷകന്‍റെ സ്നേഹത്തിനും അവിടുത്തെ ദൈവിക സമൃദ്ധിക്കും സാക്ഷൃംവഹിക്കേണ്ട അവസരമാണ്. ഭൗതികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ അനാഥത്വത്തില്‍ ജീവിക്കുന്നവര്‍ക്ക് പിതാവായ ദൈവത്തിന്‍റെ കരുണ്യപൂര്‍ണ്ണമായ സുവിശേഷ സ്നേഹത്തിന് നമുക്ക് ഈ ദിനങ്ങളില്‍ സാക്ഷൃംവഹിക്കാം. സ്വര്‍ഗ്ഗീയപിതാവ് സകലരെയും ക്രിസ്തുവില്‍ ആശ്ലേഷിക്കുവാനും, മാപ്പരുളുന്ന അവിടുത്തെ സ്നേഹത്തിലേയ്ക്ക് തിരിച്ചെടുക്കുവാനും ഇടയാവട്ടെ.

ദരിദ്രനായിത്തീരുകയും തന്‍റെ ദാരിദ്ര്യംമൂലം നമ്മെ സമ്പന്നരാക്കുകയും, ദൈവസ്നേഹത്തിന്‍റെ ധാരാളിത്തം നമ്മില്‍ വര്‍ഷിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ നാം അനുകരിക്കുന്നിടത്തോളം മാത്രമേ, പിതൃസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവരവ് ഈ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ആത്മപരിത്യാഗത്തിനു യോജിച്ച സമയമാണിത്. നമ്മുടെ ദാരിദ്ര്യംകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും, അവരെ സമ്പന്നരാക്കുവാനും, അതിനായി എനിക്കെന്തു ചെയ്യുവാനാകുമെന്നും

ഈ നാളുകളില്‍ നമ്മോടുതന്നെ ചോദിക്കുന്നത് ഉചിതമായിരിക്കും. യഥാര്‍ത്ഥമായ ദാരിദ്ര്യം വേദനാജനകമാണെന്ന കാര്യം മറക്കാതിരിക്കാം. പ്രായശ്ചിത്തത്തിന്‍റെ പ്രായോഗികത ഇല്ലാത്ത ആത്മപരിത്യാഗം, യഥാര്‍ത്ഥ പരിത്യാഗമല്ല. “യാതൊരു ചെലവുമില്ലാത്തതും, നമ്മെ വേദനിപ്പിക്കാത്തതുമായ പരസ്നേഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,” എന്നാണ് പാപ്പാ ഫ്രാന്‍സിസ് നോമ്പുകാല സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നത്.

“നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്,” (ജോയേല്‍ 2, 13) എന്ന ഉള്‍ക്കാഴ്ചയുള്ള പ്രവാചക വചനത്തിലൂടെ കൃപയുടെ കാലയളവിന്‍റെ സവിശേഷത ഹൃദയപരിവര്‍ത്തനമാണെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് ആരാധനക്രമം നമ്മെ തപസ്സുകാലത്തേയ്ക്കു ക്ഷണിക്കുന്നത്, നയിക്കുന്നത്. ഈ പ്രവാചകാഹ്വാനം നമുക്കേവര്‍ക്കുമുള്ള വെല്ലുവിളിയാണ്. മാനസാന്തരത്തെ ബാഹ്യവും ഉപരിപ്ലവുമായ നിര്‍ദ്ദേശങ്ങളോ നിയോഗങ്ങളോ അനുഷ്ഠാനങ്ങളോ മാത്രമായി ചുരുക്കാതെ, അത് വ്യക്തിയുടെ കേന്ദ്രമായ മനസ്സാക്ഷിയോട് ബന്ധപ്പെടുത്തിക്കൊണ്ട്, നമ്മുടെ അസ്തിത്വത്തെ പരിവര്‍ത്തനംചെയ്യുവാനും നവീകരിക്കുവാനുമാണ് തപസ്സുകാലത്ത് പരിശ്രമിക്കേണ്ടത്.

പതിവുകള്‍ക്കപ്പുറം, നമ്മുടെ കണ്ണുംകാതും തുറന്ന്, സര്‍വ്വോപരി ഹൃദയം തുറന്ന് ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്ക് എത്തിനോക്കാനുള്ള ക്ഷണമാണ് തപസ്സുകാലം. ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കാം. കാരണം, ജീവിതവ്യഗ്രതയുടെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും കൃത്രിമമായ ലോകത്തു ജീവിക്കുന്നതുകൊണ്ട്, അറിയാതെതന്നെ നമ്മുടെ ജീവിത ചക്രവാളത്തില്‍നിന്നും ദൈവം മങ്ങിമായാന്‍ ഇടയുണ്ട്. ‍ആദൃം ഭാഗികമായും, പിന്നെ പൂര്‍ണ്ണമായും ദൈവികഭാവം അസ്തമിച്ചൊടുങ്ങാന്‍ സാദ്ധ്യതയുണ്ട്. ഈ തപസ്സ് ജീവിത നവീകരണത്തിനുള്ള ഉണര്‍ത്തുവിളിയാവട്ടെ!

രക്ഷയുടെയും നവീകരണത്തിന്‍റെയും പ്രത്യാശ കൈവെടിയാതെ, ത്യാഗപൂര്‍വ്വം നമുക്ക് മുന്നോട്ടു ചരിക്കാം. കാനായിലെ കല്യാണവിരുന്നിന്‍റെ ആനന്ദ ലഹരിയിലും, കാല്‍വരിയിലെ കുരിശുയാഗത്തിന്‍റെ വേദനയിലും ക്രിസ്തുവിന്‍റെ ചാരത്തു നിന്ന കന്യകാംബിക നമ്മെ ഏവരെയും തുണയ്ക്കട്ടെ! Audio Link >