സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

മനുഷ്യക്കടത്തിന് എതിരായ പ്രാര്‍ത്ഥനാദിനം ഫ്രെബ്രുവരി എട്ട്


ഫെബ്രുവരി 8- ഞായര്‍ മനുഷ്യക്കടത്തിന് എതിരായ  പ്രാര്‍ത്ഥനാദിനമായി ആചരിക്കും.

അടിമയായിരുന്ന എന്നാല്‍ പിന്നീട് വിശുദ്ധയായി തീര്‍ന്ന സുഡാനീസ് വനിത, ജോസഫ് ബക്കീത്തയുടെ (1869-1947) തിരുനാളിലാണ് ആഗോളസഭ നവഅടിമത്വമായ മനുഷ്യക്കടത്തിനെതിരെ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നതെന്ന്, നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടെര്‍ക്സണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ദേശീയ പ്രാദേശീയ സഭകള്‍ അവയുടെ സ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥനാദിനം ഉചിതമായി സംഘടിപ്പിച്ചുകൊണ്ടാണ്, പാപ്പാ ഫ്രാന്‍സിസ് വിശ്വശാന്തി സന്ദേശത്തിലൂടെ ആഹ്വാനംചെയ്തിരിക്കുന്ന മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ പ്രാര്‍ത്ഥനയോടെ പങ്കുചേരുന്നതെന്ന് ജനുവരി 29-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ വ്യക്തമാക്കി.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ അടിമക്കച്ചവടക്കാര്‍ തട്ടിക്കൊണ്ടു പോവുകയും, പിന്നെയും വേറെ മുതലാളിമാര്‍ക്ക് മറിച്ച് വില്ക്കുകയും, അവിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ബക്കീത്ത പിന്നീട് വിശുദ്ധയായത് ചരിത്രമാണ്. ബക്കിത്തായുടെ ജീവിതം മനുഷ്യക്കടത്തിന്‍റെ പശ്ചാത്തലത്തിലെ സഭാ വീക്ഷണം വെളിപ്പെടുത്തുന്നുണ്ട്. അവള്‍ അനുഭവിച്ച അടിമത്വത്തിന്‍റെ വേദനയിലും പരിത്യക്താവസ്ഥയിലും രൂഢമൂലമായ വിശ്വാസത്തോടെ ബക്കീത്ത ‘ദൈവത്തിന്‍റെ സ്വതന്ത്രപുത്രി’യായി. മറ്റുളളവര്‍ക്കായി, വിശിഷ്യാ പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കുമായി സന്ന്യാസത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവള്‍ വിശുദ്ധിയുടെ പടവുകള്‍ കയറിയത്. 20-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ജീവിച്ച ബക്കിത്താ മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ്. അതുപോലെ സമകാലീന സമൂഹത്തില്‍ വിങ്ങിനില്കുന്ന അധര്‍മ്മത്തിന്‍റെ മുറിവും ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ ക്ഷതവും സൗഖ്യപ്പെടുത്തുവാനുള്ള മാനുഷികമായ നമ്മുടെ എളിയ പരിശ്രമങ്ങളുടെ മദ്ധ്യസ്ഥയും പ്രചോദകയുമാണ് വിശുദ്ധ ബക്കീത്താ.