2018-07-20 20:21:00

കുഞ്ഞിനെ വിറ്റു കാശാക്കിയെന്ന ആരോപണം വ്യാജം


റാഞ്ചി, 20 ജൂലൈ
സിസ്റ്റേഴ്സ് കുഞ്ഞിനെ വിറ്റെന്ന ആരോപണം!
മദര്‍ തെരേസയുടെ സഹോദരിമാര്‍ കൈക്കുഞ്ഞിനെ വിറ്റുകാശാക്കിയെന്ന ആരോപണം വ്യാജമെന്ന്, ഉപവിയുടെ സഹോദരിമാരുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍, സിസ്റ്റര്‍ മേരി പ്രേമ കല്‍ക്കട്ടിയില്‍ ജൂലൈ 19-നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാക്ഷ്യപ്പെടുത്തി.  വ്യാജാരോപണവുമായി റാഞ്ചിയില്‍ സിസ്റ്റേഴിസിനെ അറസ്റ്റുചെയ്ത സംഭവം ഭാരതസഭയെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) സെക്രട്ടറി ജനറലും റാഞ്ചി അതിരൂപതയുടെ സഹായമെത്രാനുമായ ബിഷപ്പ് തിയദോര്‍ മസ്ക്കരേനസും സംഭവത്തെ അപലപിച്ചുകൊണ്ടു പ്രസ്താവിച്ചു.

സര്‍ക്കാര്‍ നിയന്ത്രിത ശിശുക്ഷേമകേന്ദ്രം
അവിവാഹിതരായ അമ്മമാര്‍ക്കുവേണ്ടിയുള്ള റാഞ്ചിയിലെ മദര്‍ തെരേസ ഭവനത്തില്‍ കരീഷ്മാ ടോപ്പോ എന്ന 18 വയസ്സുകാരിക്കു പിറന്ന കുഞ്ഞിനെ സര്‍ക്കാരിന്‍റെ ഇന്ത്വാറിലെ ശിശുക്ഷേമ കമ്മറ്റിയെയാണ് (Child Welfare Committee of Indwar) അമ്മയുടെ അനുമതിയോടെ മദര്‍ തേരാസ സഹോദരിമാര്‍ ഏല്പിച്ചത്. എന്നാല്‍ അമ്മ ടോപ്പോയും ശുശുക്ഷേമ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കുഞ്ഞിനെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക്  (1,20,000) കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കച്ചവടം നടത്തി. അമ്മയുടെ അനുവാദത്തോടെ കുഞ്ഞിനെ വിറ്റു കിട്ടിയ പണം തല്പരകക്ഷികള്‍ വീതിച്ചെടുക്കുകയായിരുന്നു. ഇന്ത്വാര്‍ ശിശുക്ഷേമ കേന്ദ്രം 20,000രൂപയും, കച്ചവടത്തിനു കൂട്ടുനിന്ന കേന്ദ്രത്തിലെ കാവല്‍ക്കാരന്‍ 10,000 രൂപയും, കുഞ്ഞിനെ പ്രസവിച്ച യുവതി, കരിഷ്മ ടോപ്പോ തന്‍റെ പഠനം തുടരാനെന്ന പേരില്‍ 90,000 രൂപ കച്ചവടത്തിലെ വലിയ ഓഹരിയും കൈക്കലാക്കിയതായി ജൂലൈ 18-ന്  റാഞ്ചി പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി.

വ്യാജപ്രചാരണവും കുഞ്ഞിന്‍റെ കച്ചവടവും
മദര്‍ തെരേസാ സിസ്റ്റേഴ്സിന്‍റെ ശിശുഭവനത്തിലെ കുഞ്ഞാണെന്നും, സിസ്റ്റേഴ്സിനു കൊടുക്കാനാണ് 1,20,000 രൂപയെന്നും ദത്തെടുത്ത ദമ്പതിമാരെ പറഞ്ഞു ധരിപ്പിച്ചാണ് കുട്ടിയു‌ടെ വില്പന നടത്തിയത്. അമ്മയെയും കുഞ്ഞിനെയും പ്രസവകാലമൊക്കെയും, അതിനുശേഷവും പരിചരിച്ച നിര്‍ദ്ദോഷികളായ മദര്‍ തെരേസ സഹോദരിമാരെയാണ് സ്ഥലത്തെ പൊലീസ് ആദ്യം കുറ്റമാരോപിച്ചതും അറസ്റ്റുചെയ്തതും.

മദര്‍ തെരേസ സിസ്റ്റേഴ്സിന്‍റെ നിരപരാധിത്വം
കുഞ്ഞിന്‍റെ വില്പനയുമായി റാഞ്ചിയിലെ മദര്‍ തെരേസാ ഭവനത്തിനോ അതിലെ സഹോദരിമാര്‍ക്കോ, കല്‍ക്കട്ട ആസ്ഥാനമാക്കിയുള്ള മദര്‍ തെരേസയുടെ ഉപവിയുടെ മിഷണറിമാരുടെ ആസ്ഥാന കേന്ദ്രത്തിനോ യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് സഭയുടെ ഇപ്പോഴത്തെ  സുപ്പീരിയര്‍ ജനറലും, വിശുദ്ധ മദര്‍ തെരേസയുടെ മൂന്നാമത്തെ പിന്‍ഗാമിയുമായ സിസ്റ്റര്‍ മേറി പ്രേമ കല്‍ക്കട്ടിയില്‍ ജൂലൈ 18-നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാക്ഷ്യപ്പെടുത്തി. ഇത് സഭയെയും സഭാസ്ഥാപനത്തെയും  മോശമായി ചിത്രീകരിക്കാനുള്ള ഒരു ഗൂഢാലോചനയുടെയും എളുപ്പം പണമുണ്ടാക്കാനുള്ള ആരുടേയൊക്കെയോ കുബുദ്ധിയുടെയും ഫലമാണ്. സിസ്റ്റര്‍ പ്രേമ വളരെ വേദനയോടെ പ്രസ്താവിച്ചു. ബിഷപ്പ് മസ്ക്കരേനസാണ് ഇക്കാര്യങ്ങള്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ പ്രസ്താവനയിലൂടെ അറിയിച്ചത്.








All the contents on this site are copyrighted ©.