2018-07-17 20:20:00

സങ്കീര്‍ത്തനപഠനം : സ്തുപ്പിനുള്ള ആഹ്വാനങ്ങള്‍


സങ്കീര്‍ത്തനം 147-ന്‍റെ വ്യാഖ്യാനപഠനം തുടരുകയാണ്.


ഈ സമ്പൂര്‍ണ്ണ സ്തുതിപ്പിന്‍റെ ആദ്യത്തെ 11 പദങ്ങളുടെ വ്യാഖ്യാനം ശ്രവിച്ചതാണ്. സ്തുതിക്കാനുള്ള രണ്ട് ശ്രദ്ധേയമായ ആഹ്വാനങ്ങള്‍ 1, 6 പദങ്ങളില്‍ നാം കണ്ടു. അവയെ തുടര്‍ന്ന് സ്തുതിപ്പിന്‍റെ കാരണങ്ങള്‍ മനോഹരമായ വരികളില്‍ സങ്കീര്‍ത്തകന്‍ വിവരിച്ചു പറയുന്നതും രണ്ടു വ്യത്യസ്ത ഭാഗങ്ങളില്‍ നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ മനസ്സിലാക്കിയതാണ്.   

ആകെ 20 പദങ്ങളുള്ള സങ്കീര്‍ത്തനം മൂന്നായി തരിക്കപ്പെടുന്നത് മൂന്നു ആഹ്വാനപദങ്ങളുടെ - 1, 6, 12 എന്നിങ്ങനെയുള്ള മൂന്നു അഹ്വാനത്തിനുള്ള പദങ്ങളുടെ സ്ഥാനംകൊണ്ടാണെന്നു പശ്ചാത്തലപഠനത്തില്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. അങ്ങനെ സ്തുതിക്കാനുള്ള ആഹ്വാനങ്ങളുടെ വ്യത്യസ്ത സ്ഥാനങ്ങളാണ് ഗീതത്തെ മൂന്നു ഭാഗങ്ങളായി തിരിക്കുന്നത്. മൂന്നു ഖണ്ഡങ്ങളിലും ആഹ്വാനങ്ങളെ തുടര്‍ന്ന് ഗായകന്‍ ദൈവത്തെ സ്തുതിക്കാനുള്ള കാരണങ്ങള്‍ വിവരിക്കുന്നു, എണ്ണിയെണ്ണിപ്പറയുന്നു. സ്തുതിപ്പിന്‍റെ ആദ്യത്തെ രണ്ടുഭാഗങ്ങള്‍ നാം കണ്ടുകഴിഞ്ഞു. ആദ്യത്തെ ആഹ്വാനത്തെത്തുടര്‍ന്ന്, ഇസ്രായേല്‍ ജനത്തിന്‍റെ രക്ഷയുടെ ചരിത്രത്തില്‍ യാഹ്വേ ചെയ്ത നന്മകള്‍ കാരണങ്ങളായി അനുസ്മരിക്കപ്പെടുകയാണ്. അങ്ങനെ ആദ്യഭാഗത്ത് ദൈവത്തിന്‍റെ നന്മകളും മഹിമാതിരേകങ്ങളും വരികളില്‍ അനുസ്മരിച്ചുകൊണ്ടാണ് ഗാനം തുടങ്ങുന്നത്.

ഇനി സ്തുതിക്കാനുള്ള രണ്ടാമത്തെ ആഹ്വാനം കഴിയുമ്പോള്‍, ദൈവത്തിന്‍റെ സൃഷ്ടിവൈഭവങ്ങളാണ് ഗായകന്‍ എടുത്തുപറയുന്നത്. വാനവിതാനങ്ങളില്‍ മേഘങ്ങളെ താങ്ങി നിറുത്തുന്നവന്‍, അവയില്‍നിന്നും ഭൂമിയിലേയ്ക്ക് മഴപെയ്യിക്കുന്നു. മനുഷ്യര്‍ക്ക് ജലം അയച്ചുതരുന്നു. അവിടുന്ന് ഭൂമിയില്‍ വിത്തുമുളപ്പിക്കുന്നു, സസ്യലതാദികളെ വളര്‍ത്തുന്നു. മനുഷ്യന്‍റെ അദ്ധ്വാനമായ കൃഷിയെ സമ്പന്നമാക്കുന്നു. അങ്ങനെ ദൈവം ഭൂമിയെ പരിപാലിച്ച് മനുഷ്യജീവിതങ്ങള്‍ സമൃദ്ധമാക്കുന്നു. കുടിക്കാന്‍ ജലവും, ഭൂമിയില്‍നിന്നും സസ്യലതാദികളെയും ഫലമൂലാദികളെയും തരുന്ന ദൈവം നല്ലവനാണെന്നും, കലവറയില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന പരിപാലകനാണെന്നുമുള്ള സത്യങ്ങള്‍ സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രഘോഷിക്കുന്നു.

ഈ ഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ബിന്ദു ജോസഫും സംഘവും.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സമുഖമാക്കുന്നു സകലേശന്‍. (2)
കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്
അവിടുത്തെ ജ്ഞാനം അളവറ്റതാണ്
കര്‍ത്താവു തന്‍റെ എളിയവരെ ഉയര്‍ത്തുന്നു
ദൈവമേ, ദുഷ്ടരെ അവിടുന്നു നിലംപരിശാക്കുന്നു.
- ഹൃദയംതകര്‍ന്ന

ഇന്നു നമുക്ക് 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ 12-മുതല്‍ 20-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം. ഇത് സങ്കീര്‍ത്തനത്തിന്‍റെ മൂന്നാമത്തെ ഭാഗമാണ്. കാരണം 12-മത്തെ പദം ഗീതത്തിന്‍റെ മൂന്നാം സ്ഥാനത്ത് ഉള്‍ച്ചേര്‍ത്തിരിക്കുന്ന സ്തുപ്പിനുള്ള ആഹ്വാനമാണ്. പദങ്ങള്‍  ശ്രവിക്കാം...

Recitation :
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക. സിയോനേ,
നിന്‍റെ ദൈവത്തെ പുകഴ്ത്തുക. 

വളരെ വ്യക്തമാണ്... ജരൂസലമേ, ഇസ്രായേല്‍ ജനമേ, നിങ്ങള്‍ കര്‍ത്താവിനെ സ്തുതിക്കുക, സിയോനിലെ ജനങ്ങളെ നിങ്ങള്‍ കര്‍ത്താവിനെ സ്തുതിക്കുക... എന്ന് ആഹ്വാനംചെയ്തിട്ട്... സങ്കീര്‍ത്തകന്‍ തുടര്‍ന്ന് കരണങ്ങള്‍ ഒന്നൊന്നായി സമര്‍ത്ഥിക്കുകയാണ്. 13-മത്തെ പദത്തില്‍...

Recitation :
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു.
നിന്‍റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടുന്ന് അനുഗ്രഹിക്കുന്നു.

ഇതാണ് മൂന്നാം ഖണ്ഡത്തിലെ സ്തുതിപ്പിനുള്ള ആദ്യകാരണം. ഈ പദങ്ങള്‍ നമ്മെ നെഹേമിയ പ്രവാചകന്‍റെ കാലത്തേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. വിപ്രവാസത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനതയും, തകര്‍ന്ന ജരൂസലേം പട്ടണവും ഇവിടെ പ്രതിപാദ്യ വിഷയങ്ങളാണ്. കര്‍ത്താവിന്‍റെ പ്രചോദനത്താല്‍ നെഹേമിയ നീതിനിഷ്ഠനും സത്യസന്ധനുമായവന്‍... പേര്‍ഷ്യന്‍ രാജാവിന്‍റെ അനുമതിയോടെ കര്‍ത്താവിന്‍റെ ആലയം ബലപ്പെടുത്താനായി ജരൂസലത്തെത്തുന്നു. ഇത് ക്രിസ്തുവിന് ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതിന്‍റെ കോട്ടയും മതിലുകളും ബലപ്പെടുത്തുക മാത്രമല്ല, നഗരകവാടങ്ങളുടെ ഓടാമ്പലുകളും പ്രവാചകന്‍വഴി കര്‍ത്താവു ബലപ്പെടുത്തുന്നുവെന്നാണ് പദങ്ങള്‍ സൂചിപ്പിക്കുന്നത്.  അങ്ങനെ ജരൂസലത്ത് വസിച്ചിരുന്ന മക്കളെ കര്‍ത്താവ് അനുഗ്രഹിച്ചു. അവിടുന്ന് അവരെ സംരക്ഷിച്ചു. ഇത്, ഇസ്രായേലിന്‍റെ ചരിത്രമാണ്.

മൂന്നാം ഭാഗത്ത് സ്തുതിപ്പിനുള്ള ആദ്യകാരണമായി നാം കാണുന്നത്, ദൈവത്തിന് തന്‍റെ ജനത്തോടും അവരുടെ നഗരത്തോടും അവരുടെ ആലയത്തോടുമുള്ള താല്പര്യവും ശ്രദ്ധയും കരുതലുമാണ് വരികള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ എടുത്തുപറയേണ്ടത്, ദൈവം മതിലും കോട്ടയും കെട്ടിടവും സംരക്ഷിക്കുന്നുവെന്നു പറയുമ്പോള്‍, അതിലെ ജനങ്ങളെയാണ് അവിടുന്ന് പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും. “തന്‍റെ മക്കളെയാണെന്ന്,” സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പറയുന്നു. ദൈവികനന്മകള്‍ക്ക് ഗായകന്‍ സ്തുതിപാടുകയും ദൈവത്തെ പ്രകീര്‍ത്തിക്കുകയുംചെയ്യുന്നു.

നമുക്കിനി 14-ഉം 15-ഉം പദങ്ങള്‍  കൂട്ടിവായിക്കാം. അവയും സ്തിതിപ്പിന്‍റെ കാരണങ്ങള്‍തന്നെ..!. 

അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം സ്ഥാപിക്കുന്നു.
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെ തൃപ്തിയാക്കുന്നു.
ഭൂമിയിലേയ്ക്കു അവിടുന്നു കല്പനകള്‍ അയയ്ക്കുന്നു.
അവിടുത്തെ വചനം പാഞ്ഞുവരുന്നു.

ശാലോം, സമാധാനം... അവിടുന്ന് ഇസ്രായേലിന്‍റെ അതിര്‍ത്തികളില്‍ സമാധാനം ആശംസിക്കുന്നു...പാലിക്കുന്നു! കര്‍ത്താവിന്‍റെ സംരക്ഷണയില്‍ ജനത്തിന് സമാധാനം മാത്രമല്ല, സാമൂഹ്യസുരക്ഷയും, സമ്പല്‍സമൃദ്ധിയും കൈവന്നിട്ടുണ്ടെന്നാണ് പദങ്ങള്‍ പറയുന്നത്. അതിര്‍ത്തികളില്‍ സമാധാനം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഗോതമ്പുകൊണ്ട്... അതും വിശിഷ്ടമായ ധാന്യംകൊണ്ട് കര്‍ത്താവ് തന്‍റെ ജനത്തെ തൃപ്തരാക്കുന്നു. വിപ്രവാസത്തില്‍നിന്നും തിരികെ സീയോനിലെത്തിയ ജനത്തിനുള്ള  പദ്ധതി ക്രമസമാധാനവും, സമ്പല്‍സമൃദ്ധിയുമുള്ളതായിരുന്നെന്ന് പദങ്ങള്‍ പഠിപ്പിക്കുന്നു. ഒപ്പം കല്പനകള്‍കൊണ്ട് ജീവിതത്തില്‍ ദൈവത്താല്‍ വീണ്ടെടുക്കപ്പെട്ട ജനമാണ് – ദൈവജനമാണ് ഇസ്രായേല്‍, എന്ന വസ്തുതയും പുറത്തുവരുന്നുണ്ട്! കര്‍ത്താവ് തന്‍റെ കാരുണ്യാതിരേകം കാട്ടി, അവരുടെ കുറവുകള്‍ ക്ഷമിച്ച്, കല്പനകള്‍ നല്കി തന്‍റെ ജനമാക്കി ഉടമ്പടിചെയ്തവാരാണ് ഇസ്രായേലെന്ന് പദങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ത്താവിന്‍റെ കല്‍പനകളും, അവിടുത്തെ വചനവും ജനത്തിന് ദൈവം  സമീപസ്ഥമാണെന്ന സത്യമാണ് സൂചിപ്പിക്കുന്നത്. അങ്ങനെ തുടര്‍ന്നുള്ള ജീവിതത്തില്‍ ഇസ്രായേലിന് ദൈവികസാന്നിദ്ധ്യവും മാര്‍ഗ്ഗരേഖയും തോറയിരുന്നു, കര്‍ത്താവിന്‍റെ കല്‍പനകളായിരുന്നെന്നും ഈ വരികള്‍ വെളിപ്പെടുത്തിതരുന്നു.  ബാക്കി പദങ്ങളും ദൈവം തന്‍റെ ജനത്തിനു ചെയ്ത നന്മകള്‍ എണ്ണിപ്പറഞ്ഞ് സ്തുതിക്കാനുള്ള ആഹ്വാനത്തെ ദൃഢപ്പെടുത്തുകയാണ്, സ്ഥാപിക്കുകയാണ്യ 16-മുതല്‍ 20-വരെയുള്ള പദങ്ങളില്‍... അവ ശ്രിവിക്കാം.

 അവിടുന്ന് ആട്ടിന്‍രോമംപോലെ മഞ്ഞുപെയ്യിക്കുന്നു.
ചാരംപോലെ ഹിമധൂളി വിതറുന്നു.
അപ്പക്കഷണംപോലെ ആലിപ്പഴം പൊഴിക്കുന്നു.
അവിടുന്ന് അയയ്ക്കുന്ന തണുപ്പ് ആര്‍ക്കു സഹിക്കാനാവും?
അവിടുന്നു കല്പന അയച്ച് അതിനെ ഉരുക്കിക്കളയുന്നു.
അവിടുന്നു കാറ്റിനെ അയയ്ക്കുമ്പോള്‍ ജലം ഒഴുകിപ്പോകുന്നു.
അവിടുന്ന് യാക്കോബിനു കല്‍പനയും
ഇസ്രായേലിനു ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തിക്കൊടുക്കുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല
അവിടുത്തെ പ്രമാണങ്ങള്‍ അജ്ഞാതമാണ്.
കര്‍ത്താവിനെ സ്തുതിക്കുവിന്‍! 

ഇവിടെ ദൈവം അയയ്ക്കുന്ന കാറ്റ്, ജലത്തെ ഒഴുക്കുന്ന കാറ്റ് പ്രകൃതിയുടേതല്ലെന്ന് നമുക്കു മാനസ്സിലാക്കാം. പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങളാണ്. അതിനാല്‍ കര്‍ത്താവിന്‍റെ കല്പനകളും പ്രമാണങ്ങളും ദൈവാത്മാവിന്‍റെ വെളിപ്പെടുത്തലുകളാണ്. കാറ്റും അരൂപിയും... Wind and the Spirit , അതപോലെ Running Water and the living water - രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു നാം മനസ്സിലാക്കേണ്ടതാണ്. ഹെബ്രായ മൂലപദങ്ങളില്‍ അവയ്ക്ക് ഒരേവാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവിക സാമീപ്യത്തിന്‍റെയും സാന്നിദ്ധ്യത്തിന്‍റെയും കാറ്റാണ് പ്രകൃതിയെയും പ്രപഞ്ചത്തെയും ചലിപ്പിക്കുന്നത്.

അത് ദൈവാത്മാവിന്‍റെ ചൈതന്യമാണ്. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍...7-Ɔ൦ അദ്ധ്യായത്തില്‍ വിവരിക്കുന്ന കൂടാരത്തിരുനാളിന്‍റെ സമാപനത്തില്‍ ക്രിസ്തു പ്രബോധിപ്പിക്കുന്ന വാക്കുകള്‍ സങ്കീര്‍ത്തനത്തിലെ പ്രയോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Recitation :
“ വിശുദ്ധ ലിഖിതങ്ങള്‍ പ്രസ്താവിക്കുന്നതുപോലെ, എന്നില്‍ വിശ്വസിക്കുന്നവന്‍റെ   ഹൃദയത്തില്‍നിന്നും ജീവജലത്തിന്‍റെ അരുവികള്‍ പ്രവഹിക്കും..” (7, 37). 

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)
ഹൃദയംതകര്‍ന്നവരെ കര്‍ത്താവ് സുഖപ്പെടുത്തുന്നു
അവിടുന്ന് അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു
അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
ദൈവമേ, അവയോരോന്നിനും അവിടുന്നു പേരിടുന്നു.
- ഹൃദയംതകര്‍ന്ന








All the contents on this site are copyrighted ©.