2018-07-12 19:36:00

ഇറ്റലിയുടെ നവകര്‍ദ്ദിനാളന്മാരെ പ്രസിഡന്‍റ് മത്തരേലാ ആദരിച്ചു


പ്രസി‍ഡന്‍റിന്‍റെ മന്ദിരമായ റോമിലെ “കുരിനാലേ” കൊട്ടാരത്തിന്‍റെ പ്രാതല്‍ മേശയിലെ സൗഹൃദത്തിലേയ്ക്ക് ജൂലൈ 11-Ɔο തിയതി ബുധനാഴ്ച ഇറ്റലിയുടെ 3 നവകര്‍ദ്ദിനാളന്മാരെയും ക്ഷണിച്ചുകൊണ്ടാണ് പ്രസിഡന്‍റ് സേര്‍ജൊ മത്തരേലാ ഇറ്റലിയുടെ നവകര്‍ദ്ദിനാളന്മാരെ ആദരിച്ചത്.

റോമാ രൂപതയുടെ വികാരി ജനറലായ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ദെ ദൊനാത്തിസ്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്യു, അക്വീല അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജുസെപ്പേ പെത്രോചി എന്നിവരാണ് പ്രസിഡന്‍റിന്‍റെ പ്രത്യേക അതിഥികളായി സ്വീകരിച്ചത്.

കൂടാതെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, ഇറ്റലിയിലേയ്ക്കുള്ള വത്തിക്കാന്‍റെ ​അംബാസിഡര്‍ ആര്‍ച്ചുബിഷപ്പ് എമില്‍ പോള്‍ ഷെറീഗ്, വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ സ്ഥാനപതി പിയെത്രോ സെബസ്തീനി എന്നിവരും പ്രസി‍ഡന്‍റിന്‍റെ ക്ഷണപ്രകാരം കുരിനാലെ കൊട്ടാരത്തിലെ സൗഹൃദകൂടിക്കാഴ്ചയ്ക്ക് നവകര്‍ദ്ദിനാളന്മാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ജൂണ്‍ 28-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ കണ്‍സിസ്ട്രിയില്‍ വാഴിച്ച ആഗോളസഭയിലെ 14 നവകര്‍ദ്ദിനാളന്മാരില്‍ മൂന്നുപേരാണ് ഈ ഇറ്റലിക്കാര്‍.  ഇറ്റലിക്കാരായ നവകര്‍ദ്ദിനാളന്മാരെ പ്രസി‍‍ഡന്‍റ് ആദരിക്കുന്ന പതിവിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.








All the contents on this site are copyrighted ©.