2018-07-05 16:55:00

വത്തിക്കാന്‍റെ മാധ്യമ വകുപ്പിന് പുതിയ മേധാവി


ഡോക്ടര്‍ പാവുളോ റുഫീനിയെയാണ് (Dr. Paolo Ruffini) വത്തിക്കാന്‍റെ മാധ്യമ വകുപ്പിന്‍റെ
പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.  ജൂലൈ 5-Ɔο തിയതി വ്യാഴാഴ്ച രാവിലെയായിരുന്നു മാധ്യമവിധഗ്ദ്ധനും ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ടി.വി.2000, ദൃശ്യ-ശ്രാവ്യ ശൃംഖലയുടെ ഡയറക്ടറുമായി സേവനംചെയ്തിട്ടുള്ള ഡോക്ടര്‍ പാവുളോ റുഫീനിയുടെ നിയമനം നടന്നത്.

പരിചയസമ്പന്നനായ പത്രപ്രവര്‍ത്തകനും, ഇറ്റാലിയുടെ ഔദ്യോഗിക ടിവി ശ്രൃംഖല RAI—യിലും TV2000 കത്തോലിക്കാ ചാനലിലെ ദീര്‍ഘകാല പരിചയ സമ്പത്തുമായിട്ടാണ് 59-കാരന്‍ പാവുളോ റുഫീനി വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ ചുക്കാന്‍ പിടിക്കാന്‍ പോകുന്നത്. റോമിലെ സിപെയെന്‍സാ യൂണിവേഴ്സിറ്റിയില്‍നിന്നും നിയമം, പത്രപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ള കുടുംബസ്ഥനാണ് റുഫീനി. തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിയാണ്. ഭാര്യ, മരിയ അര്‍ജേന്തിയാണ്.

ആദ്യം വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ഡയറക്ടറായി 3 വര്‍ഷവും, പിന്നീട് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രഥമ പ്രീഫെക്ടായും സേവനംചെയ്ത മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ തല്‍സ്ഥാനത്തുനിന്നും വിരമിച്ചതില്‍പ്പിന്നെയാണ് പാപ്പാ പുതിയ നിയമനം നടത്തിയത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ദൈവശാസ്ത്ര രചനകളെക്കുറിച്ച് മുന്‍പാപ്പാ ബെനഡിക്ട്
16-Ɔമന്‍ മോണ്‍സീഞ്ഞോര്‍ വിഗനോയ്ക്ക് നല്കിയ കത്തിന്‍റെ അസ്സല്‍രൂപത്തില്‍ ഭേദഗതിവരുത്തി രാജ്യാന്തര മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മോണ്‍സീഞ്ഞോര്‍ വിഗനോ 2018 മാര്‍ച്ച് 23-ന് സ്ഥാനത്യാഗംചെയ്തത്. അദ്ദേഹം അസ്സെസര്‍ (Assesor) എന്ന തസ്തികയില്‍ മാധ്യമ വിഭാഗത്തില്‍ ഇപ്പോഴും ജോലി തുടരുന്നുണ്ട്.

വത്തിക്കാന്‍റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കണം ഒരു വകുപ്പിന്‍റെ തലവനായി അല്‍മായന്‍ സ്ഥാനമേല്ക്കുന്നത്!








All the contents on this site are copyrighted ©.