2018-06-30 13:00:00

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ആവശ്യം


ഭീകരവാദ ആശയങ്ങളുടെ പ്രചാരണവും സകലവിധ മൗലികവാദങ്ങളും തടയുന്നതിനുമുള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ അതിന്‍റെ  എല്ലാഘടകങ്ങളുടെയും പിന്തുണ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, അതായത്, ന്യുയോര്‍ക്കില്‍ ജൂണ്‍ 28-29 തിയതികളില്‍ സംഘടിപ്പിക്കപ്പെട്ട ഭീകരപ്രവര്‍ത്തനവിരുദ്ധ ഉന്നതതലസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം.

ഭീകരപ്രവര്‍ത്തനവിരുദ്ധ നീക്കത്തില്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങള്‍ വികസനം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷപ്പ് ഔത്സ എങ്കില്‍ മാത്രമെ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണികളായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മാറുന്നതിനു മുമ്പ് നാടുകളെ സഹായിക്കാന്‍ സാധിക്കുകയുള്ളുവെന്ന ബോധ്യവും വെളിപ്പടുത്തി.

ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിന് പൗരസമൂഹവുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയെയും ഭീകരപ്രവര്‍ത്തനവിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര-ദേശീയ-പ്രാദേശിക സംഘടനകളെ ആഹ്വാനംചെയ്യുകയും ചെയ്തു.








All the contents on this site are copyrighted ©.