2018-06-29 14:26:00

DOCAT ​LXXIII​: “സഭയും രാഷ്ട്രവും''


ഡുക്യാറ്റിന്‍റെ എട്ടാമധ്യായത്തില്‍ നിന്ന്, അതിലെ അവസാനചോദ്യങ്ങള്‍, അതായത് 224 മുതല്‍ 228 വരെയുള്ള അഞ്ചു ചോദ്യങ്ങളാണ് നാമിവിടെ വിചിന്തനത്തിനെടുക്കുന്നത്. സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, അവ തമ്മിലുള്ള വ്യ ത്യാസത്തെക്കുറിച്ചും പ്രധാനമായി ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

മത സ്വാതന്ത്ര്യവും, അതായത് ആശയപ്രകാശനത്തിനും പ്രബോധനത്തിനും പൊതു ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും രാഷ്ട്രം സഭയ്ക്കു നല്‍കേണ്ടതുണ്ട്. പൊതുനന്മയ്ക്കായുള്ള നിയമങ്ങളും മറ്റു വിധത്തിലുള്ള സഹകരണവും രാഷ്ട്രത്തിനു സഭ നല്കേണ്ടതുണ്ട്. അതുപോലെതന്നെ, രാഷ്ട്രീയമായ തെറ്റുകള്‍ക്കു തിരുത്തല്‍ ശക്തിയാകാനും, ധാര്‍മികത ഉപദേശിക്കാനും സഭയ്ക്കു കഴിയേണ്ടതുണ്ട്.  ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്കു നമുക്കു കടക്കാം.

ചോദ്യം 224: എന്താണ് സഭയെ സ്റ്റേറ്റിനോടു ബന്ധപ്പെടുത്തുന്നതും അതില്‍ നിന്നു വേര്‍തിരിക്കുന്നതും?

ഭൂമിയിലെ സഭ സ്റ്റേറ്റിനെപ്പോലെ ദൃശ്യവും സംഘടിപ്പിക്കപ്പെട്ടതുമായ ഘടനയോടുകൂടിയ ഒരു സമൂഹമാണ്. എന്നാലും രണ്ടും സ്വതന്ത്രമാണ്, സ്വയംഭരിക്കുന്നതുമാണ്. സഭയ്ക്ക് രാഷ്ട്രീയമായി സ്റ്റേറ്റിനോടു “സിഹാസനവും അള്‍ത്താരയും തമ്മിലുണ്ടായിരുന്ന സഖ്യ”ത്തിന്‍റെ മുന്‍ നൂറ്റാണ്ടുകളിലേതുപോലെയുള്ള ബന്ധം ഇന്നില്ല. ഈയര്‍ഥത്തില്‍ സഭയുടെയും സ്റ്റേറ്റിന്‍റെയും സ്വയം ചാല കത്വവും സ്വാതന്ത്ര്യവും ഊന്നിപ്പറയപ്പെടുന്നു. രാഷ്ട്രീയ പൊതുനന്മയും ആധ്യാത്മിക പൊതുനന്മയും തമ്മില്‍ വലിയ തോതില്‍ വേര്‍തിരിക്കപ്പെടാം.  പരസ്പരം ബന്ധപ്പെടലിന്‍റെ വിഷയങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കുമെങ്കിലും അങ്ങനെ ചെയ്യാം.  ഇക്കാരണത്താല്‍, സഭയും സ്റ്റേറ്റും ഒന്നി ച്ചു നന്നായി പ്രവര്‍ത്തിക്കണം.  നിയമങ്ങള്‍ അനുസരിക്കാന്‍ സഭയ്ക്കു കടമയുണ്ട്.  എന്നാലും, ധാര്‍മിക തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനുള്ള അവകാശം സഭ റിസേര്‍വു ചെയ്യുന്നു.  ധാര്‍മിക തത്വങ്ങള്‍ ലംഘിക്കപ്പെടുന്നതായി കാണുമ്പോള്‍ രാഷ്ട്രത്തെ വിമര്‍ശിക്കാനുള്ള അവകാശവും സഭ റിസേര്‍വു ചെയ്യുന്നു.

ഇക്കാര്യത്തെക്കുറിച്ചുള്ള ചില മഹദ്ചിന്തകള്‍ കൂടി ഇവിടെ ചേര്‍ത്തിരിക്കുന്നു.

 “മതസ്വാതന്ത്ര്യമെന്നത് ആര്‍ക്കും മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നതായിരിക്കണം.  പക്ഷേ, പ്രയോഗത്തില്‍, ആര്‍ക്കും അതേപ്പറ്റി സംസാരിക്കാന്‍ പോലും അനുവാദമില്ലാത്ത അവസ്ഥയാണ്” (ഗില്‍ബെര്‍ട്ട് കെയ്ത് ചെസ്റ്റര്‍ട്ടണ്‍, 1874-1936)

“അധികാരത്തിന്‍റെ ഭാവങ്ങള്‍ എത്ര ഉന്നതമാണോ അത്രകണ്ട് അവ അരോചകവും, മനുഷ്യത്വരഹിതവും ദുസ്സഹവുമായിരിക്കും.  മതാധിഷ്ഠിത ഭരണമായിരിക്കും ഭരണസംവിധാനത്തില്‍വച്ച് ഏറ്റവും മോശമായത്” (സി. എസ് ലേവിസ്).

ചോദ്യം 225: സ്റ്റേറ്റുമായുള്ള സഭയുടെ സര്‍ഗാത്മക സഹാസ്തിത്വം ഏതെല്ലാം ധാര്‍മിക തത്വങ്ങളിലന്മേലാണ് അടിയുറപ്പിക്കേണ്ടത്?

മത സ്വാതന്ത്ര്യത്തിന്‍റെ സാര്‍വത്രിക തത്വങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്തോ അതാണു സഭ ആ വശ്യപ്പെട്ടത്: ആശയ പ്രകാശനത്തിനും പ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യം, പൊതു ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും സംഘടനാപരമായ സ്വാതന്ത്ര്യവും, സ്വന്തം കാര്യനിര്‍വാഹകരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം, ആരാധനയ്ക്കുള്ള ഭവനങ്ങള്‍ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യം, സ്വകാര്യ സ്വത്ത് ഉണ്ടായിരിക്കാനുള്ള അവകാശം, വിദ്യാഭ്യാസപരവും സാംസ്ക്കാരികവും ചികിത്സാ പരവും പരസ്നേഹപരവുമായ ലക്ഷ്യങ്ങള്‍ക്കായി സംഘടിക്കാനുള്ള അവകാശം.

വൈരുധ്യമെന്നു തോന്നാമെങ്കിലും, ഇടതുപക്ഷ രാഷ്ടീയക്കാരനായ ഗ്രിഗര്‍ ഗൈസിയുടെ അഭിപ്രായമിതാണ്. “ഒരു ദൈവവിശ്വാസിയല്ലാതിരിക്കെത്തന്നെ ദൈവസാന്നിധ്യമില്ലാത്ത ഒരു സമൂഹത്തെ ഞാന്‍ ഭയപ്പെടുന്നു” (ഗ്രിഗര്‍ ഗൈസി, 1948യ, ജര്‍മന്‍ ഇടതുപക്ഷ രാഷ്ട്രതന്ത്രജ്ഞന്‍).

ചോദ്യം 226: ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒന്നിച്ചു നിലനില്‍ക്കാന്‍ പര്യാപ്തമായ ചട്ടക്കൂടാണോ നിയമം?

അല്ല. ജനങ്ങള്‍ക്ക് മുന്നേറാനും സ്ഥാപനങ്ങള്‍ക്ക് ഒന്നിച്ചു നന്നായി പ്രവര്‍ത്തിക്കാനും “സാമൂഹിക നീതി”യെ തത്വങ്ങളുടെയും അവകാശങ്ങളുടെയും കടമകളുടെയുംമാത്രം വാക്കുകളില്‍ നിര്‍വചിക്കുന്നത് ഒരിക്കലും മതിയാവുകയില്ല.  പൗരന്മാരുടെയിടയില്‍ സൗഹൃദപരമായ പെരുമാറ്റം, “പൗരത്വപരമായ ചൈതന്യം” അല്ലെങ്കില്‍ സാമൂഹിക പരസ്നേഹം കൂടി ആവശ്യമാണ്.  ക്രൈസ്തവ സാമൂഹിക ധര്‍മശാസ്ത്രം എന്ന പേരിനു യോഗ്യമായ ഒരു സാമൂഹിക ധര്‍മശാസ്ത്രം, തത്വങ്ങള്‍, അവകാശങ്ങള്‍, കടമകള്‍ എന്നിവ കൊണ്ട് അവസാനിക്കുന്നില്ല.  നമ്മുടെ യഥാര്‍ഥജീവിതത്തിലെ അയല്‍ക്കാരനെ അവന്‍റെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടുംകൂടെ ഹൃദയത്തില്‍ വഹിക്കാനും അങ്ങനെ ദൈവസ്നേഹത്തെപ്രതി നമ്മുടെ അയല്‍ക്കാരനെ നമ്മെപ്പോലെ തന്നെ സ്നേഹിക്കണമെന്ന ക്രിസ്തുവിന്‍റെ കല്‍പ്പന അനുസരിക്കാനും അത് ആവശ്യപ്പെടുന്നുണ്ട്.

ലോകത്തിന്‍റെ പൊതുനന്മയ്ക്കായി സഭ പ്രവര്‍ത്തിക്കേണ്ടതുണ്ട്.  എന്നാല്‍ ചരിത്രത്തില്‍ അതിനു വിപരീതമായ പ്രവണതയും ഉണ്ടായിട്ടുണ്ടെന്നു സമ്മതിച്ചുകൊണ്ട്, ബെന‍ഡിക്ട് പതിനാറാമന്‍ പാപ്പാ, നല്‍കുന്ന പ്രഭാഷണഭാഗം ഇവിടെ ശ്രദ്ധേയമാണ്.

 “സഭ ലോകത്തിന്‍റെ ആവശ്യങ്ങള്‍ക്കായി നവ്യമായ തുറവി കാണിക്കേണ്ടതുണ്ട്. എന്നാല്‍ സഭയുടെ ചരിത്രത്തില്‍ നേരെ വിപരീതമായ ഒരു പ്രവണതയാണു കണ്ടിട്ടുള്ളത്. സ്വയം സംതൃപ്തിയുടെയും സ്വയം പര്യാപ്തതയുടെയും ഭാവത്തില്‍ ലോകനിലവാരത്തോടു താദാത്മ്യം പ്രാപി ക്കുന്ന ഒരു സഭയെയാണു നാം കാണുന്നത്.  തന്‍റെ തന്നെ സംഘടിത-സ്ഥാപനാത്മക ഘടനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അവള്‍ തന്‍റെ സവിശേഷവിളിയെ അവഗണിക്കുന്നു.  ദൈവ ത്തോട് സഭയ്ക്കുള്ള തുറവിയും ലോകത്തെ അവിടുത്തോട് അടുപ്പിക്കുന്നതിനുള്ള വിളിയും അപ്രധാനമായി മാറുന്നു” (ബെനഡിക്ട് 16-ാമന്‍ പാപ്പാ, ഫ്രെയ്ബര്‍ഗ് പ്രഭാഷണം. 25 സെപ്തംബര്‍ 2011).

പൗരബോധം നീതിയില്‍ മാത്രം പ്രകടമാകേണ്ടതല്ല.  അതു സ്നേഹത്തോടെയുള്ള നീതിയധിഷ്ഠിത മായിരിക്കണമെന്ന് തുടര്‍ന്നു നാം ചര്‍ച്ച ചെയ്യുന്നു.

ചോദ്യം 227: ഒരുവന്‍ എങ്ങനെ “പൗരത്വപരമായ ചൈതന്യം” പ്രകടിപ്പിക്കും?

പൗരത്വപരമായ ചൈതന്യം (പൗരബോധം), സര്‍വോപരി പ്രയോഗത്തിലുള്ള ഐക്യദാര്‍ഢ്യമാണ്.  “നീതി”യെ മാത്രം വേര്‍തിരിച്ചെടുത്ത് അതിന്‍റെ അമൂര്‍ത്തമായ ഭാവത്തില്‍ മാത്രം കരുതുന്നവര്‍ തണുത്തവനും മനുഷ്യത്വമില്ലാത്തവനുമാണ്. പണ്ട് മധ്യയുഗത്തില്‍ വിശുദ്ധ തോമസ് അക്വീനാസ് അറിഞ്ഞിരുന്നു, സ്നേഹം കൂടാത്ത നീതി ഭയാനകമാണെന്ന്.  എന്തെന്നാല്‍, നീതി സാര്‍വത്രിക മായതിനെ മാത്രമേ ശ്രദ്ധിക്കുന്നുള്ളു.  മനുഷ്യജീവിയെ അവന്‍റെ പ്രത്യേകതയില്‍ പരിഗണിക്കുന്നില്ല. എന്നാല്‍, എല്ലാവരെയും ഒന്നുപോലെ വിധിക്കുന്നില്ലെന്ന വസ്തുതയാണ് ക്രിസ്തീയതയുടെ വ്യതിരിക്തമായ സവിശേഷത.  മറ്റേതൊരു വ്യക്തിക്കും ഒരു പേരും ഒരു മുഖവും സമ്പൂര്‍ണമായ ചരിത്രവുമുണ്ടെന്ന് ക്രൈസ്തവര്‍ അറിയുന്നു.

ധാര്‍മികപ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ അന്വേഷണങ്ങള്‍ക്കും മനുഷ്യനു നിശ്ചയധാര്‍ഢ്യവും സ്വാഭാവിക പ്രവണതകള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഇച്ഛാശക്തിയും ആവശ്യമാണ്.  എന്നാല്‍ വെറും വിനോദോപാധികള്‍ക്കും, സാധാരണപ്രവര്‍ത്തനങ്ങള്‍ക്കും സ്വാഭാ വികപ്രേരണ മതിയാകും.  എന്നാല്‍, ജനം സ്വാഭാവിക പ്രേരണയില്‍ നിന്നുയര്‍ന്ന ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിക്കപ്പെടുക എന്നത് ആവശ്യമാണ്.  അതിനുള്ള മാര്‍ഗങ്ങള്‍ നേതൃത്വത്തിലിരിക്കുന്നവരും, പ്രത്യേക സിദ്ധി ലഭിച്ചിട്ടുള്ളവരും കണ്ടെത്തേണ്ടതുണ്ട്.  ഇക്കാര്യം ഡിട്രീച്ച് ബോണ്‍ഹോഫര്‍ തുറന്നു പറയുന്നതു കേള്‍ക്കാം.

“ആയിരക്കണക്കിന് ആളുകള്‍ക്ക് സഭ വിരസമായിരിക്കുന്നതിനു കാരണമെന്താണ്? സഭയെക്കാള്‍ താല്‍പ്പര്യത്തോടെ, ആവേശത്തോടെ, സ്വാധീനത്തോടെ അവര്‍ സിനിമയെ വീക്ഷിക്കുന്നതെന്തു കൊണ്ടാണ്? ഇത് ജനത്തിന്‍റെ മാത്രം തെറ്റാണോ? അതോ നമ്മുടേതും കൂടിയാണോ?” (ഡീട്രിച്ച് ബോണ്‍ഹോഫര്‍, 1906-1945, ജര്‍മന്‍ ഇവാന്‍ഞ്ജലിക്കല്‍ ലൂഥറന്‍ പാസ്റ്റര്‍, ന്യാസി ക്യാമ്പില്‍ വധിക്കപ്പെട്ടു).

ഇക്കാര്യം മറ്റൊരുവിധത്തില്‍ അവതരിപ്പിക്കുകയാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്. 

“ഒരു പ്രശ്നത്തിന്‍റെ ഉത്തരവാദിത്വം ദൈവം ഏറ്റെടുക്കട്ടെ എന്നു കരുതിക്കൊണ്ട് അലസരായി കാത്തിരുന്നാല്‍ ഒരു പ്രശ്നവും നാം പരിഹരിക്കുകയില്ല” (മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, 1929-1968).  സ്വയരക്ഷ കാംക്ഷിച്ചുകൊണ്ടു ഒരു മുടക്കു ന്യായമായി നാം എപ്പോഴും നമ്മുടെ ഉത്തര വാദിത്വം നിര്‍വഹിക്കാതെ, ദൈവത്തെ ഏല്പിക്കുകയും അതു ശരിയാണെന്ന വിധത്തില്‍ നാം മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.  നിയമലംഘടനം നടത്തുന്നവരോടുള്ള രാഷ്ട്രത്തിന്‍റെയും സഭയുടെയും നിലപാടില്‍ വ്യത്യസ്തത ഉണ്ടോ എന്ന കാര്യത്തെക്കുറിച്ചാണ് അടുത്തതായി നാം പരിചിന്തനം നടത്തുക. 

ചോദ്യം 228: നിയമം ലംഘിച്ചവരോട് എങ്ങനെ പെരുമാറണം?

മനുഷ്യജീവി എപ്പോഴും ഒരു വ്യക്തിയാണ്.  അതുകൊണ്ട് ബന്ധനസ്ഥരായ പൗരന്മാരോടുള്ള ഐക്യദാര്‍ഢ്യം പിന്‍വലിക്കാന്‍ പാടില്ല.  ശിക്ഷ മാനംകെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യരുത്.  ശിക്ഷയുടെ ലക്ഷ്യം പൊതുക്രമത്തെ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും, കുറ്റക്കാരനെ കൂടുതല്‍ നല്ലവനാക്കുകയും ചെയ്യുക എന്നതാണ്. അതു പരിഹാരക്രിയയുടെ ഒരു രൂപവുമാണ്. കുറ്റക്കാരന്‍റെ മനുഷ്യമഹത്വത്തെ അവഗണിക്കുന്ന പ്രതികരണങ്ങളെ സഭ എതിര്‍ക്കു ന്നു.  കുറ്റം സമ്മതിപ്പിക്കാനോ ശിക്ഷയായോ കഠോരവേദന അനുഭവിപ്പിക്കുന്നതും അനുപാതരഹിതമായ ശിക്ഷ നല്‍കുന്നതും അത്തരം പ്രതികരണങ്ങളുടെ ഉദാഹരണങ്ങളാണ്.  കൂടാതെ, ഏറെ സമയമെടുക്കാത്ത കുറ്റവിചാരണയാണു വേണ്ടതെന്നു സഭ വാദിക്കുന്നു.

സ്നേഹവും കരുണയുമായ കര്‍ത്താവിന്‍റെ ശിഷ്യര്‍ക്ക്, സ്നേഹത്തോടും കരുണയോടും കൂടി യല്ലാതെ നീതി പ്രവര്‍ത്തിക്കാനാവില്ല. അന്ത്യവിധിയില്‍, നമ്മുടെ തെറ്റുകളെയെ, നമ്മുടെ നീതിയെയോ അല്ല, നമ്മുടെ സ്നേഹവും കരുണയും അളന്നുകൊണ്ടാണ് വിധിയാളന്‍ നമുക്കു രക്ഷയോ ശിക്ഷയോ നല്‍കുക എന്നോര്‍ക്കാം.  “ഞാന്‍ കാരാഗൃഹത്തിലായിരുന്നു. നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.  അപ്പോള്‍ നിങ്ങള്‍ ഇങ്ങനെ മറുപടി പറയും, കര്‍ത്താവേ, ഞങ്ങള്‍ നിന്നെ കാരാഗൃഹത്തില്‍ വന്നു കണ്ടതെപ്പോള്‍? രാജാവ് മറുപടിപറയും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തു തന്നത്” (മത്താ 25,35-40).

അതുകൊണ്ട്, സ്നേഹവും കരുണയും ഉള്ളവരായിരിക്കാം.  നീതി അതില്‍ അന്തര്‍ലീനമായിക്കൊള്ളും. നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നാം രക്ഷിക്കപ്പെടുകയില്ല എന്ന് യേശു പറയുന്നുണ്ടല്ലോ.  ആ അതിശയിക്കുന്ന നീതിയുടെ പേര് കരുണയെന്നതാണെന്ന് കര്‍ത്താവിന്‍റെ ശിഷ്യര്‍ മനസ്സിലാക്കുകയും അതനുസരിച്ച് അനുവര്‍ത്തിക്കുകയും ചെയ്യുകയാണ്, ലോകത്തില്‍ അവിടുത്തേയ്ക്കു സാക്ഷ്യമായിത്തീരുന്ന സുവിശേഷ പ്രഘോഷണമാകുക. ആ കൃപയ്ക്കായി നമുക്കു പ്രാര്‍ഥിക്കാം.








All the contents on this site are copyrighted ©.