2018-06-28 08:48:00

സഭകള്‍ കൈകോര്‍ക്കുന്ന ഭൂമി സംരക്ഷണപദ്ധതി


ഭൂമി - ദൈവം തന്ന മനുഷ്യകുലത്തിന്‍റെ പൊതുഭവനം.
ഭൂമിയുടെ സംരക്ഷണത്തിനായി സഭകള്‍ കൈകോര്‍ക്കുന്നു :

“വന്യ മൃഗങ്ങളോടു ചോദിക്കുവിന്‍, അവ നിങ്ങളെ പഠിപ്പിക്കും,
ആകാശപ്പറവകളോടു ചോദിക്കുവിന്‍ അവ നിങ്ങള്‍ക്കു പറഞ്ഞുതരും.
ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിന്‍ അവ നിങ്ങളെ ഉപദേശിക്കും.
ആഴിയിലെ മത്സ്യങ്ങളും നിങ്ങളോടു പ്രഖ്യാപിക്കും
ദൈവത്തിന്‍റെ കരങ്ങളാണ് ഇവയെല്ലാം സൃഷ്ടിച്ചതെന്ന്.
അവയില്‍ ഏതിനാണ് ഇക്കാര്യം അറിഞ്ഞുകൂടാത്തത് ?”

–ജോബ് 12, 7-9.

ജൂണ്‍ 26-Ɔο തിയതി പ്രസിദ്ധപ്പെടുത്തിയ “സൃഷ്ടിയുടെ വസന്തം” The Season of Creation എന്നു ശീര്‍ഷകംചെയ്ത പൊതുവായ ഒരു കത്തിലൂടെയാണ് ലോകത്തെ 8 വിവിധ ക്രൈസ്തവസഭകളുടെ നേതാക്കള്‍ ഭൂമിയുടെ സുസ്ഥിതിക്കായുള്ള നവമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്.

അനുവര്‍ഷം സെപ്തംബര്‍ 1-മുതല്‍ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ ദിനമായ ഒക്ടോബര്‍ 4-Ɔο തിയതിവരെ പ്രത്യേകമായ പ്രാര്‍ത്ഥനകളിലൂടെയും ക്രിയാത്മകമായ പരിപാടികളിലൂടെയും അനുഷ്ഠിക്കപ്പെടേണ്ടതാണ് “സൃഷ്ടിയുടെ വസന്തം” പദ്ധതി. 1989-ല്‍ കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കേറ്റില്‍ തുടങ്ങിയ ഈ പാരിസ്ഥിതിക സംരക്ഷണ പരിപാടിയാണ് ഇപ്പോള്‍ ഇതര സഭകളിലേയ്ക്കും വ്യാപിപ്പിക്കപ്പെടുന്നത്.  ‘സൃഷ്ടിയുടെ വസന്തകാലം’ എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതും സഭകള്‍ ഒത്തുചേര്‍ന്ന് ദൈവത്തിന്‍റെ ദാനവും സമ്മാനവുമായ ഭൂമിയെ എങ്ങനെ പരിരക്ഷിക്കണമെന്ന് ചിന്തിക്കുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമയമാണ് ഈ ഒരു മാസക്കാലം. തിരക്കുള്ള അനുദിന ജീവിതപരസരത്ത് നമ്മുടെ ജീവനും ജീവിതവും എങ്ങനെ പരിസ്ഥിതിയുടെ സങ്കീര്‍ണ്ണതയിലേയ്ക്ക് ഇണങ്ങിച്ചേരുന്നു എന്ന് ആത്മശോധചെയ്യാനും അതിനെ ഫലവത്താക്കുവാനുള്ള ഒരു നിശ്ചിത പദ്ധതിയുടെ പ്രവര്‍ത്തന സമയമാണിത്.

പ്രകൃതിയുടെ ദുരവസ്ഥ വര്‍ദ്ധിച്ച് കാലാവസ്ഥക്കെടുതിയും, ദുരന്തങ്ങളും കൃഷിനാശവും ജലക്ഷാമവും, ആഗോളതാപനവും അനുഭവിക്കുന്ന കാലത്ത് ദൈവത്തിന്‍റെ ദാനമായ ഭൂമിയെ സംരക്ഷിക്കാനും അതിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ മെച്ചപ്പെടുത്താനും ഒരോ ക്രൈസ്തവനും, തങ്ങള്‍ ഭാഗമായിരിക്കുന്ന സഭാസമൂഹങ്ങള്‍ക്കും ഉത്തരവാദിത്ത്വമുണ്ട്. അതിനുള്ള വിലപ്പൊട്ടൊരു അവസരവുമാണ് “സൃഷ്ടിയുടെ വസന്തകാലം”!

“ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍റേതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍റെ അടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മുകളില്‍ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവാണ്”  

- സങ്കീര്‍ത്തനം 24, 1-2.

കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാപ്രതിനിധി, തെല്‍മെസ്സോസിലെ ആര്‍ച്ചുബിഷപ്പ് ജോബ്, ആംഗ്ലിക്കാന്‍ സഭാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍, ഒലാവ് ഫിക്സേ ത്വൈത്, നവീകൃത സഭകളുടെ രാജ്യാന്തര സഖ്യത്തിന്‍റെ ജനറല്‍ സെക്രട്ടറി, ബിഷപ്പ് എപ്രേം തെന്തേരോ, ലോക ലൂതറന്‍ ഫെഡറേഷന്‍റെ തലവന്‍, മാര്‍ടിന്‍ ജൂങ്, സഭകളുടെ യൂറോപ്യന്‍ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി, ഫാദര്‍ ഹെയ്ക്കി ഹുട്നേന്‍, 146 മറ്റു ചെറുക്രൈസ്തവ ആഗോളകൂട്ടായ്മയുടെ (ACT) പ്രസിഡന്‍റ് റുഡെല്‍മാര്‍ ബുവനോ ദി ഫാരിയ എന്നിവരാണ് പാരിസ്ഥിതിക സുസ്തിതിക്കായുള്ള സംയുക്ത കത്തില്‍ (Season of Creation) ഒപ്പുവച്ചിരിക്കുന്നത്.    








All the contents on this site are copyrighted ©.