2018-06-26 18:21:00

ഒരു സ്തുതിപ്പിന്‍റെ പഠനം : സങ്കീര്‍ത്തനം - 147


 സങ്കീര്‍ത്തനം 147-ന്‍റെ പഠനം - ആദ്യഭാഗം :



ഇതൊരു സമ്പൂര്‍ണ്ണ  സ്തുതിപ്പാണ്. ഈ ഗീതത്തിന്‍റെ ‘സ്തുതിപ്പ്’ എന്ന അടിസ്ഥാനസ്വഭാവം പുറത്തുകൊണ്ടുവരുന്ന ഇതിലെ പദങ്ങള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന മൂന്നു ആഹ്വാനപദങ്ങളാണ്. അവ 1, 7, 12 എന്നീ വരികളാണ്. ആദ്യമായി നമുക്കീ മൂന്നു പദങ്ങളും പരിശോധിച്ചുകൊണ്ട് പഠനം ആരംഭിക്കാം. ഒന്നാമത്തെ പദം, ഇങ്ങനെയാണ്.

Recitation :
കര്‍ത്താവിനെ സ്തുതിക്കുവിന്‍
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്ര ഉചിതം
കാരുണ്യവാനായ അവിടുത്തേയ്ക്കു
സ്തുതിപാടുന്നത് ഉചിതം തന്നെ.

സ്തുതിപ്പിനുള്ള ആഹ്വാനംനല്കുന്നതാണ് ആദ്യപദം. ദൈവത്തിന് സ്തുതിപാടണമെന്നും, കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത് ഉചിതമാണെന്നും ഗായകന്‍ പറഞ്ഞ് ഉറപ്പിക്കുകയാണ്, സ്ഥാപിക്കുകയാണ്. ഇനി, ഏഴാമത്തെ പദം ശ്രദ്ധിക്കാം.

Recitation :
കര്‍ത്താവിനു കൃതജ്ഞതാഗാനം ആലപിക്കുവിന്‍
കിന്നിരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.

ഒരുപടികൂടെ ഉയര്‍ന്നുനിന്നുകൊണ്ടാണ് 7-Ɔമത്തെ പദം സ്തുതിപ്പിനുള്ള ആഹ്വാനംനല്കുന്നത്. കര്‍ത്താവിന് കൃതജഞതാഗീതം ആലപിക്കണമെന്നും, അത് കിന്നരം മീട്ടിയായിരിക്കണമെന്നും സങ്കീര്‍ത്തകന്‍ അനുവാചകരോട് കൃത്യമായി അഭ്യര്‍ത്ഥിക്കുന്നു. ഉദാഹരണത്തിന്, പാട്ടുപാടുന്നത് പിയാനോ മീട്ടിക്കൊണ്ടാണ്, അല്ലെങ്കില്‍ ഗിറ്റാറു വായിച്ചുകൊണ്ടാണെന്ന പോലുള്ള സവിശേഷതയാണ് പദം വെളിപ്പെടുത്തുന്നത്. നമുക്കിനി 12-‍Ɔമത്തെ പദം പരിശോധിക്കാം.

Recitation :
12. ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക. സിയോനേ,
നിന്‍റെ ദൈവത്തെ പുകഴ്ത്തുക.

മൂന്നാമത്തെ ആഹ്വാനം ജനത്തോടാണ്, സമൂഹത്തോടാണ്. സിയോനോട്, ഇസ്രായേലിനോട് ദൈവത്തെ സ്തുതിക്കാന്‍ ആഹ്വാനംചെയ്യുന്നു. സകലരെയും ഒരു സമൂഹപ്രാര്‍ത്ഥനയ്ക്ക്, സജീവപങ്കാളിത്തമുള്ള ആരാധനയ്ക്കും സ്തുതിപ്പിനുമായി ക്ഷണിക്കുകയാണിവിടെ. വ്യക്തിപരമായൊരു നിരീക്ഷണം ചേര്‍ക്കാന്‍ ഇവിടെ ആഗ്രഹിക്കുന്നത് - ഈ മൂന്നു പദങ്ങളുടെയും –
1, 7, 12 അല്ലെങ്കില്‍ വരികളുടെയും  സ്ഥാനത്തെക്കുറിച്ചാണ്. മറ്റു പദങ്ങളുടെ ഇടയ്ക്കുള്ള ഒരു Sandwitching position വളരെ തന്ത്രപൂര്‍വ്വമാണ് രചയിതാവ് ആവിഷ്ക്കരിച്ചിരിക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍. ഏറ്റവും ആദ്യവും, അവസാനവും പിന്നെ ഇടയ്ക്കുമാണ്. ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍. തുടര്‍ന്ന് സങ്കീര്‍ത്തനം അവസാനിക്കുന്നതിനു തൊട്ടു മുന്നിലുമായി 12-Ɔമത്തെ പദത്തിലൂടെയും ദൈവത്തെ സ്തുതിക്കാനുള്ള ആഹ്വാനം ക്രമപ്പെടുത്തിയിരിക്കുന്നു.

ഒരോ ആഹ്വാനം കഴിയുമ്പോഴും, സ്തുതിപ്പിനുള്ള കാരണങ്ങളാണ് സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നത്. വളരെ സാധാരണ ഭാഷയില്‍ പറയുമ്പോള്‍, പൂട്ടിന് പീരയിടുന്നതുപോലുള്ള, ഒരു Systematic ക്രമീകരണം ഈ ഗീതത്തിന്‍റെ ഘടനയല്ലേ!? തന്‍റെ ജനത്തെ സംരക്ഷിക്കാനും അവരെ സാന്ത്വനപ്പെടുത്താനും ദൈവം ചെയ്തനന്മകള്‍ ഗായകന്‍ എണ്ണിയെണ്ണിപ്പറയുന്നു. എന്നിട്ട് ഉടനെ അവിടുത്തെ സ്തുതിക്കണമെന്നും സയുക്തം ആവശ്യപ്പെടുന്നു. മൂന്നാമത്തെ പദമാണ് നാം ഈ പഠനത്തില്‍ ഗീതത്തിന്‍റെ പ്രഭണിതമായി, Antophon-ആയി പ്രയോഗിച്ചിരിക്കുന്നത്.

ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം ബിന്ദു ജോസഫും സംഘവും.

Musical Version Ps. 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുമുഖമാക്കുന്നു സകലേശന്‍. (2)

കവിതകള്‍ വിരിയുന്നത് യഥാര്‍ത്ഥമായ ജീവിതസാഹചര്യങ്ങളിലാണെന്ന് പറയാറുണ്ട്. അവ ജീവിതാനുഭവങ്ങളാണ്. അതുപോലെതന്നെയാണ്  നാം സങ്കീര്‍ത്തനങ്ങളെന്നു വിളിക്കുന്ന ഹെബ്രായ കവിതകളും. ഇസ്രായേല്‍ ജനത്തിന്‍റെ ജീവിത പശ്ചാത്തലത്തില്‍ വിരിഞ്ഞ വരികളാണവ.  ബൈബിളിലെ സങ്കീര്‍ത്തനശേഖരം  നമുക്കു ലഭിച്ചിരിക്കുന്നതിന് വളരെ കൃത്യമായ കാലക്രമമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തെ അവംലംബിച്ചുള്ള ഈ ഗീതങ്ങളില്‍ പ്രധാനമായും
3 കാലഘട്ടങ്ങളുടെ ഘടനയും ക്രമീകരണവുമാണ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
1. ഒന്നാമതായി, സങ്കീര്‍ത്തനശേഖരത്തിലെ ആദ്യഗീതങ്ങള്‍ ക്രിസ്തുവിനു മുന്‍പ് ഏകദേശം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളവയില്‍, അവയില്‍ അധികവും ദാവീദുരാജാവിന്‍റെ സൃഷ്ടികളാണെന്ന് പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നു. ദാവീദുരാജാവിന്‍റെ കാലഘട്ടവും, അദ്ദേഹത്തിന്‍റെ നാമത്തിലുള്ള ഗീതങ്ങളും, ഇസ്രായേലിന്‍റെ ആരാധനജീവിതത്തില്‍ രാജാവിനുള്ള ക്രിയാത്മകമായ പങ്കും, ചരിത്രത്തിന്‍റെ ഏടുകളിലെ സുവര്‍ണ്ണകാലഘട്ടമായിട്ടാണ് കുറിക്കപ്പെട്ടിട്ടുള്ളത്.

2. ജരൂസലേമിന്‍റെ പതനത്തിന്, അല്ലെങ്കില്‍ വിനാശത്തിനുശേഷമുള്ളതാണ് രണ്ടാം ഘട്ടം. അത് ക്രിസ്തുവിനുമുന്‍പ് 587-മുതലാണ്. ഇസ്രായേല്‍ വേദനയിലും നിരാശയിലും കേഴുന്ന കാലം. നഷ്ടബോധത്തോടെ ജനം പതറിനില്ക്കുന്ന കാലം!  

3. മൂന്നാമത്തെ ചരിത്രഘട്ടത്തില്‍ - വിപ്രവാസികളായ ജനം                                                                                                     ദൈവത്തിങ്കലേയ്ക്ക് തിരിയുന്നു. വിലാപത്തിന്‍റെയും ഒപ്പം പ്രത്യാശയുടെയും കാലമാണിത്. ദൈവവുമായുള്ള ഉടമ്പടിയുടെ ഓര്‍മ്മകളാണ് അവര്‍ക്ക് പ്രത്യാശ നല്കുന്നത്. ജനവും-ദൈവവുമായുള്ള രക്ഷാകരമായ ആത്മീയബന്ധത്തിന്‍റെ അനുസ്മരണം അവര്‍ക്ക് പ്രത്യാശ പകരുന്നു. അത് ഇസ്രായേല്‍ മക്കളോടു ദൈവം കാണിച്ചിട്ടുള്ള കാരുണ്യാതിരേകത്തിന്‍റെ ഓര്‍മ്മയാണ്. നേതാവും, രാജാവും നിയമദാതാവും പരിപാലകനുമായ ദൈവത്തിന്‍റെ ജനമാണു തങ്ങളെന്ന ബോധ്യം ശക്തിപ്പെടുന്നതായി നമുക്ക് പദങ്ങളില്‍ കാണാം.

അങ്ങനെയാണ്, തിരിച്ചുവരവിന്‍റെയും ദേവാലയ പുനര്‍നിര്‍മ്മിതയുടെയും സങ്കീര്‍ത്തനങ്ങളും, ഇളകാത്ത പാറമേല്‍ സ്ഥാപിതമാകുന്ന കര്‍ത്താവിന്‍റെ ആലയത്തെക്കുറിച്ചും, അതിന്‍റെ മനോഹാരിതയും, അലങ്കാരങ്ങളും കണ്ട് ദൈവത്തെ സ്തുതിക്കണമെന്നും, പിന്നെ ദേവാലയത്തിന്‍റെ പുനര്‍സ്ഥാപനത്തെക്കുറിച്ചുമെല്ലാം എടുത്തുപറഞ്ഞ് ജനം യാഹ്വേയെ സ്തുതിക്കുന്ന ഗീതങ്ങള്‍ ഇക്കാലഘട്ടത്തില്‍ നമുക്കു കാണാം.

Musical Version Ps. 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)
കര്‍ത്താവിനെ നിങ്ങള്‍ സ്തുതിക്കുവിന്‍
നമ്മുടെ ദൈവത്തിന് സ്തുതിപാടുന്നത് ഉചിതമത്രേ
കാരുണ്യവാനയവിടുത്തേയ്ക്ക് സ്തുതിപാടുന്നത് ഉചിതമത്രേ...
ദൈവമേ, അങ്ങേയ്ക്ക് സ്തുതിപാടുന്നത് ഉചിതമത്രേ.

വിപ്രവാസത്തിന്‍റെ മക്കളാണ് എസ്രാ, നെഹേമിയ പ്രവാചകന്മാര്‍. നീതിനിഷ്ഠരും സത്യസന്ധരും നന്മയുള്ളവരുമായിരുന്ന അവരുടെ നേതൃത്വത്തിലാണ് ബന്ധനത്തിലായിരുന്ന ഇസ്രായേല്യരുടെ ആദ്യഗണം ജരൂസലേമില്‍ പ്രവേശിക്കാന്‍ ദൈവം ഇടയാക്കിയത്. അവര്‍തന്നെയാണ് ജരുസലത്തിന്‍റെ പുനര്‍സ്ഥാനത്തിനും ഭദ്രതയ്ക്കും വഴിയൊരുക്കുന്നതും സമാധാനത്തിന്‍റെ ചരിത്രഘട്ടത്തിലേയ്ക്ക് മെല്ലെ ഇസ്രായേലിനെ നയിക്കുന്നതും.

നാം പഠനവിഷയമാക്കുന്ന 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഉത്ഭവം മേല്‍പ്പറഞ്ഞ, ഈ മുന്നാം ഘട്ടമാണ്, അതായത് –ജരൂസലേമിന്‍റെ സമാധാനപൂര്‍ണ്ണമായ പുനര്‍സ്ഥാപന കാലമാണിതെന്ന് നിരൂപകന്മാര്‍ വ്യക്തമാക്കുന്നു. പേര്‍ഷ്യന്‍ രാജാവിന്‍റെ മേല്‍ക്കോയ്മയില്‍ ബാബിലോണ്‍  വിപ്രവാസത്തില്‍ കഴിഞ്ഞ പിന്‍തലമുറക്കാരുടെ സ്തുതിപ്പാണ് 147-Ɔ൦ സങ്കീര്‍ത്തനം. പ്രത്യേകിച്ച് വിപ്രവാസത്തിന്‍റെ ക്ലേശങ്ങള്‍ മറികടന്ന് ജരൂസലേമില്‍ കര്‍ത്താവിന്‍റെ നഗരത്തില്‍ എത്തിയവരുടെ വികാരമാണിത്. തങ്ങളുടെ രക്ഷകനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതിലുള്ള വികാരത്തിമിര്‍പ്പാണ് വരികളില്‍ സ്തുതിപ്പായി പ്രകടമാക്കിയിരിക്കുന്നത്.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)
ഹൃദയംതകര്‍ന്നവരെ കര്‍ത്താവ് സുഖപ്പെടുത്തുന്നു
അവിടുന്ന് അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു
അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
ദൈവമേ, അവയോരോന്നിനും അവിടുന്നു പേരിടുന്നു.

വത്തിക്കാന്‍ റോഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയില്‍...
സങ്കീര്‍ത്തനം 147-ന്‍റെ  ആമുഖപഠനമാണ് നാം ശ്രവിച്ചത്.  അവതരണം...  ഫാദര്‍ വില്യം നെല്ലിക്കല്‍... 








All the contents on this site are copyrighted ©.