2018-06-25 17:41:00

ബിഷപ്പ് ഫെലിക്സ് തോപ്പോ റാഞ്ചിയുടെ മെത്രാപ്പോലീത്ത


റാഞ്ചി അതിരൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാപ്പോലീത്തയെ നിയമിച്ചു.
കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ പ്രായപരിധിയെത്തി വിരമിച്ചു.

വടക്കെ ഇന്ത്യയിലെ ജാംഷെഡ്പൂര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫെലിക്സ് തോപ്പോയെയാണ് പാപ്പാ ഫ്രാന്‍സിസ് ജൂണ്‍ 24-Ɔο തിയതി ഞായറാഴ്ച റാഞ്ചി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിച്ചത്. ബിഷപ്പ് ഫെലിക്സ് തോപ്പോ ഈശോ സഭാംഗമാണ്. 61 വയസ്സുകാരന്‍ ബിഷപ്പ് തോപ്പോ 1997-മുതല്‍ ജാംഷെഡ്പൂര്‍ രൂപതയുടെ മെത്രാനായി സേവനംചെയ്യവെയാണ് പുതിയ നിയമനം ഉണ്ടായത്.

കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ കാനോന നിയമം അനുശാസിക്കുന്ന പ്രായപരിഥി 75 വയസ്സു കഴിഞ്ഞ് വിരമിച്ചതോടെയാണ് ജാര്‍ക്കണ്ഡിലെ റാഞ്ചി അതിരൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാപ്പോലീത്തയെ നല്കിയത്. 1978-മുതല്‍ ഡൂംക്കാ രൂപതായുടെ മെത്രാനായിരുന്നു വിരമിച്ച കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോ. 1984-ല്‍ റാഞ്ചിയുടെ സഹായമെത്രാനായും 1985 മെത്രാപ്പോലീത്തയായും നിയമിതനായി. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് 2003-ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

34 വര്‍ഷക്കാലം റാഞ്ചി അതിരൂപതയ്ക്കും സഭയ്ക്കു പൊതുവെയും സ്തുത്യര്‍ഹമായ സേവനംചെയ്തുകൊണ്ടാണ് 79-Ɔമത്തെ വയസ്സില്‍ കര്‍ദ്ദിനാള്‍ തോപ്പോ വിശ്രമജീവിതത്തിലേയ്ക്കു കടക്കുന്നത്. പത്രോസിന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ 80 വയസ്സിനു താഴെ പ്രായമുള്ള സഭയിലെ കര്‍ദ്ദിനാളന്മാരില്‍ ഒരാളാണ് വിരമിക്കുന്ന കര്‍ദ്ദിനാള്‍ തൊപ്പോ.








All the contents on this site are copyrighted ©.