2018-06-25 17:57:00

അശ്ലീല ചിത്രങ്ങളുടെ പ്രചാരണം : വൈദികനെ വത്തിക്കാന്‍ ശിക്ഷിച്ചു


ബാല-അശ്ലീല ചിത്രങ്ങള്‍ ശേഖരിക്കുകയും കൈമാറുകയുംചെയ്ത വൈദികനെ
വത്തിക്കാന്‍റെ കോടതി ശിക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കാണുകയും (Pedo-ponographic pictuures and videos) കൈമാറുകയുംചെയ്ത കുറ്റത്തിന്  വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ ജോലിചെയ്തിരുന്ന മിലാന്‍ സ്വദേശിയായ വൈദികന്‍, കാര്‍ളോ കപേലയെയാണ് ജൂണ്‍ 23-Ɔο തിയതി ശനിയാഴ്ച വത്തിക്കാന്‍റെ കോടതി വിധിച്ചത്. അഞ്ചുവര്‍ഷത്തെ തടവും 5000-യൂറോ (3.5 ലക്ഷം രൂപയുടെ) പിഴയുമാണ് ശിക്ഷ.

അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ ജോലിചെയ്യവെ ഫാദര്‍ കാര്‍ളോയുടെ കമ്പ്യൂട്ടറില്‍നിന്നും ഫോണില്‍നിന്നും രണ്ടു രാജ്യങ്ങളിലെയും പൊലീസ് കണ്ടുകെട്ടിയ ബാല-ആശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും തെളിവുകളെ ആധാരമാക്കിയുള്ള വിചാരണയുടെ അന്ത്യത്തിലാണ് 51-വയസ്സുകാരന്‍ ഇറ്റാലിയന്‍ വൈദികനെ വത്തിക്കാന്‍റെ കോടതി ശിക്ഷിച്ചത്. വത്തിക്കാന്‍ പ്രസ്സ് ഓഫിസ്സാ ഇക്കാര്യം 23 ജൂണ്‍ ശനിയാഴ്ച, വൈകുന്നേരം വെളിപ്പെടുത്തിയത്.

അമേരിക്കയില്‍നിന്നും ഫാദര്‍ കാര്‍ളോയുടെ കുറ്റകൃത്യത്തെക്കുറിച്ചു ലഭിച്ച ആരോപണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ 2017-ഏപ്രിലില്‍ വത്തിക്കാന്‍റെ കോടതി പ്രതിയെ വിളിപ്പിച്ച് താക്കീതു നല്കിയതില്‍ പിന്നെയും കുറ്റകൃത്യം തുടര്‍ന്നതായി സാമൂഹ്യ മാധ്യമ ശൃംഖലകളില്‍നിന്നും (Social Media) തെളിവുകള്‍ ലഭിച്ചതോടെയാണ് രണ്ടു ദിവസം നീണ്ട വിചാരണയ്ക്കുശേഷം വിധിയുണ്ടായത്.

സമൂഹ്യമാധ്യമ ശൃഖലകളില്‍ അശ്ലീല ചിത്രങ്ങള്‍ പ്ര‍ദര്‍ശിപ്പിക്കുകയും കൈമാറുകയും ചെയ്ത കുറ്റത്തിന് പ്രതിയെ അമേരിക്കന്‍, കനേഡിയന്‍ പൊലീസിന് കൈമാറണമെന്ന അഭ്യര്‍ത്ഥനയെ വത്തിക്കാന്‍റെ കോടതി തള്ളിക്കളയുകയുണ്ടായി. കോടതിവിധി അവസാനിച്ചെങ്കിലും ഫാദര്‍ കപ്പേലയുടെ പൗരോഹിത്യജീവിതത്തിന്‍റെ തുടര്‍ച്ചയെക്കുറിച്ച് തീരുമാനിക്കുന്ന കാനോനിക വിചാരണയും വത്തിക്കാന്‍ വൈകാതെ നടത്തുമെന്ന് പ്രസ്താവന സൂചിപ്പിച്ചു.

തനിക്കു വന്ന തെറ്റില്‍ പ്രതി ഖേദിക്കുന്നതായും, സമൂഹത്തോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്നതായും, പൗരോഹിത്യ ജീവിതം തുടരാന്‍ പ്രതി ആഗ്രഹിക്കുന്നതായും പ്രതിപക്ഷം വക്കീല്‍ റൊബേര്‍ത്തോ ബര്‍ഗോഞ്ഞോ അറിയിച്ചു.








All the contents on this site are copyrighted ©.