2018-06-23 16:16:00

സ്നാപക യോഹന്നാന്‍റെ ജനനം ഒരു മഹോത്സവം!


വിശുദ്ധ ലൂക്കാ 1, 57-66.   ഏശയ്യ 49, 1-6.   നടപടി 13, 22-26.



1. സ്നാപകന്‍റെ ജനനം  ഒരു മഹോത്സവം!
രക്ഷകനായ ക്രിസ്തുവിന് “വഴിയൊരുക്കിയവന്‍” - യോഹന്നാന് ചരിത്രത്തിലുള്ള ഈ പ്രത്യേക സ്ഥാനം പരിഗണിച്ചുകൊണ്ടാണ് സ്നാപകന്‍റെ ജനനം മഹോത്സവമായി സഭ ആചരിക്കുന്നത്. ഇത് വചനത്തിന്‍റെ മഹോത്സവമാണ്. ക്രിസ്തുവിന്‍റെ ആഗമനത്തെക്കുറിച്ച്  -യൂദയായില്‍ പ്രഘോഷിക്കപ്പെട്ട വചനത്തിന്‍റെ മഹോത്സവം! ക്രിസ്തുവിന്‍റെ ‘മുന്നോടി’യെന്നും, ‘വഴിയൊരുക്കിയവന്‍’ എന്നുമെല്ലാം യോഹന്നാന്‍ ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ വ്യക്തിത്വം കൃത്യമായി വിളിച്ചോതുന്ന ഒരു വചനം നടപടിപ്പുസ്തകം കുറിക്കുന്നുണ്ട്.    “വാഗ്ദാനംചെയ്തിരുന്നതുപോലെ ദാവീദിന്‍റെ വംശത്തില്‍നിന്ന് ഇസ്രായേലിന്‍റെ രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തി. അവിടുത്തെ ആഗമനത്തിനുമുന്‍പ് ഇസ്രായേലിലെ എല്ലാ ജനതകളോടും യോഹന്നാന്‍ അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചു. തന്‍റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ അവിടുന്നല്ല, ഇസ്രായേല്‍ പ്രതീക്ഷിക്കുന്ന രക്ഷകനല്ല! എനിക്കു പിന്നാലെ അവിടുന്നു വരും. അവിടുത്തെ പാതരക്ഷ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല” (ന‌ടപടി 13, 23-25).

2. സ്ത്രീകളില്‍നിന്ന്  ഉരുവായവരില്‍ ഏറ്റവും വലിയവന്‍!
ഇന്നത്തെ വചനഭാഗത്ത്  ലൂക്കാ സുവിശേഷകന്‍ യോഹന്നാന്‍റെ ജനനത്തിന്‍റെ അത്ഭുതാവഹമായ വശങ്ങള്‍ വിവരിക്കുമ്പോള്‍, മറ്റു സുവിശേഷകന്മാര്‍ - മത്തായിയും മര്‍ക്കോസും യോഹന്നാനും  എപ്രകാരം സ്നാപകന്‍ ക്രിസ്തുവിന് വഴിയൊരുക്കി എന്നു വ്യക്തമാക്കുന്നു. സുവിശേഷകന്മാര്‍ യോഹന്നാന്‍റെ വ്യക്തിത്വത്തിലേയ്ക്ക് വെളിച്ചം വീശുന്നത് അദ്ദേഹത്തിന്‍റെ വിനയമെന്ന പുണ്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.  സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളിലൂടെ ക്രിസ്തു പ്രബോധിപ്പിക്കുന്ന പുണ്യങ്ങളില്‍ ശ്രേഷ്ഠമാണ് വിനയം. “ആത്മനാ ദരിദ്രരായവന്‍ ഭാഗ്യവാന്മാര്‍!” (മത്തായി 5, 3). സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ലെന്നും (ലൂക്കാ 7, 28) ക്രിസ്തുതന്നെ പറയുണ്ട്. അപ്പോള്‍ സ്നാപകനെ വിനയത്തിന്‍റെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് ക്രിസ്തുവാണെന്നു പറയാം. വിശുദ്ധനെന്നും മഹത്തമനെന്നും ക്രിസ്തു യോഹന്നാനെ വിളിച്ചെങ്കില്‍ സ്നാപക യോഹന്നാന്‍ വിശുദ്ധരില്‍ വിശുദ്ധന്‍തന്നെ!

3. മരുപ്രദേശത്ത് ഉയര്‍ന്ന ശബ്ദം
മരുപ്രദേശത്ത് ജീവിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ദൈവരാജ്യത്തിന്‍റെയും രക്ഷകന്‍റെ ആഗമനത്തിന്‍റെയും സദ്വാര്‍ത്ത അറിയിച്ച യോഹന്നാന്‍ സ്വാര്‍ത്ഥനായ രാഷ്ട്രീയ അധികാരിയുടെ കൈകളില്‍ ബന്ധിയാക്കപ്പെട്ടു, ജയിലില്‍ അടക്കപ്പെട്ടു. അവസാനം ശിരച്ഛേദനം ചെയ്യപ്പെട്ടു. യോഹന്നാന്‍റെ ശിരച്ഛേദനത്തെക്കുറിച്ച് അറിഞ്ഞ ശിഷന്മാര്‍ ചെന്ന്  ശരീരം ഏറ്റുവാങ്ങി, സംസ്ക്കരിച്ചു. അതോടെ യോഹന്ന‍ാന്‍റെ ജീവിതകഥയ്ക്ക് തിരശ്ശീല വീഴുകയാണ്. എന്നാല്‍ യോഹന്നാന്‍ ഇന്നും ജീവിക്കുന്നു, ആ പരമസാത്വികന്‍, മഹായോഗീശ്വരന്‍ സുവിശേഷത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ ജീവിതസമര്‍പ്പണവും വിനീതഭാവവും ആത്മീയതയായി ഇന്നും ജീവിക്കുന്നു!

4. യോഹന്നാന്‍റെ കുന്നുകളും  ഊടുവഴികളും
കുന്നുകളൊക്കെ നിരപ്പാക്കണം, ഊടുവഴികള്‍ നേരെയാക്കണം...!   തന്‍റെ ജീവിതവീഥി ക്രിസ്തുവിനുവേണ്ടി ഒരാള്‍ ഒരുക്കണമെന്ന് യോഹന്നാന്‍ അലറിവിളിച്ച് ഓര്‍പ്പിച്ചത് ലാളിത്യമാര്‍ന്നൊരു ജീവിതശൈലിയും ആത്മീയതയുമായിത്തീര്‍ന്നു. പല അടരുകളുള്ള നമ്മുടെ അഹം തന്നെയാവണം യോഹന്നാന്‍ പറയുന്ന ഈ കുന്ന്. ഗുരുക്കന്മാര്‍ പറയുന്നത് 30-തുകളില്‍ മനുഷ്യന്‍റെ കാമാസക്തി മങ്ങും. 40-തുകളില്‍ ക്ഷോഭവും! പിന്നെ അഹത്തോടുള്ള സമരം മരണത്തോളം തുടരും. ജീവന്‍റെ പല വര്‍ണ്ണച്ചേലകളെയും ഉപേക്ഷിക്കുക അത്ര എളുപ്പമല്ലല്ലോ! അഹങ്കാരമല്ല അഹം. അഹങ്കാരമെന്ന വൃക്ഷത്തിന്‍റെ പല ശാഖകളില്‍ ഒന്നമാത്രമാണത്. എന്‍റെ ശാഠ്യം, കരുത്ത്, ധാരണ ഒക്കെ ഈ വൃക്ഷത്തിന്‍റെ ശാഖകളാണ്. അഹം വെളിപ്പെട്ടു കിട്ടണമെങ്കില്‍ എന്തിനെ തൊടുമ്പോഴാണ് ഒരാള്‍ ഉലയുന്നത് എന്നു ശ്രദ്ധിച്ചാല്‍ മതി. അതാണ് ആ വ്യക്തിത്വത്തിലെ ഈഗോ (Ego) എന്നു പറയുന്ന ദുര്‍ബലമായ മേഖല. വ്യക്തി ജീവിതത്തിലെ ഉലച്ചില്‍ ക്ഷോഭമായോ, ഖേദമായോ, പ്രതിരോധമായോ ഒക്കെ വെളിപ്പെടാം. ആനുപാതികമല്ലാത്ത ആഘോഷങ്ങളും ഒരു ഉലച്ചില്‍ തന്നെയാണ്.

5. ആത്മീയതയുടെ അരണ്ട നാളുകള്‍
യോഹന്നാന്‍ പ്രവാചകനായിരുന്നു. പ്രവാചക ശൃംഖലയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു. ഇസ്രായേല്‍ കാലങ്ങളായി കാത്തിരുന്ന രക്ഷകനെ കൃത്യമായും ലോകത്തിന് കാട്ടിക്കൊടുത്തത് യോഹന്നാനാണ്. ജോര്‍ദ്ദാനില്‍വച്ച് ജനമദ്ധ്യത്തില്‍ യേശുവിനെ സ്നാനപ്പെടുത്തി, അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്... “ഇതാ! ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ! ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍...!” (യോഹ. 1, 29). ജീവിതത്തില്‍ ഉടനീളം മരുപ്രദേശത്തിന്‍റെ വിശാലമായ ഇടങ്ങളില്‍ സ്വതന്ത്രമായി ചരിച്ച യോഹന്നാന്‍ ബന്ധിയാക്കപ്പെട്ടു. ഒരു ജയിലിന്‍റെ ഇരുട്ടറയില്‍ കഴിയുന്നു. അവിടെ ശാരീരികമായി അദ്ദേഹം പീഡിപ്പിക്കപ്പെടുന്നു. അതുപോലെ മാനസികമായും ധാരാളം വ്യഥകള്‍ അനുഭവിച്ചു കാണും. സ്നാപകന്‍റെ ആത്മീയതയുടെ അരണ്ടയാമങ്ങളായിരുന്നവ!

നിരാശയുടെയും സംശയത്തിന്‍റെയും ആന്തരിക സംഘര്‍ഷം യോഹന്നാനെ വലച്ചു കാണും. അതുകൊണ്ടാണ് തന്‍റെ ശിഷ്യന്മാരെ വളിപ്പിച്ച് യേശുവിന്‍റെ പക്കലേയ്ക്ക് പറഞ്ഞയച്ചത്. പോയി അന്വേഷിക്കാന്‍! എന്ത് അന്വേഷിക്കാന്‍? വരാനിരിക്കുന്നവന്‍ ക്രിസ്തു തന്നെയാണോ? അതോ, ഞങ്ങള്‍ മറ്റൊരാള്‍ക്കായ് കാത്തിരിക്കണമോ? ചുരുക്കത്തില്‍ താന്‍ ഇത്രയുംനാള്‍ പ്രഘോഷിച്ചതൊക്കെ തെറ്റിപ്പോയോ എന്നായിരിക്കാം ആ സംശയം! ആ വിഷമവും വേദനയും പേറി, ജയിലറയുടെ ഏകാന്തതയില്‍ യോഹന്നാന്‍ ദുഃഖത്തിന്‍റെയും സംശയത്തിന്‍റെയും അതീവമായ ആന്തരിക വ്യഥ അനുഭവിച്ചു കാണും. ഞാന്‍ ചെറുതാകണം, ക്രിസ്തു വലുതാകണം! ഇവിടെ താന്‍ ചെറുതാകണം, ഇല്ലാതാകണം എന്ന ആ പ്രയോഗം, ആത്മീയമായും ആന്തരികമായും മാത്രമല്ല, ശാരീരികമായും സംഭവിക്കട്ടെ എന്നയാള്‍ ആഗ്രഹിച്ചു കാണും!
തന്‍റെ ദൗത്യം പൂര്‍ത്തിയായി ഇനി വിടപറയാം... എന്ന് സ്വയം സമര്‍പ്പിച്ചു കാണണം.
എന്നിട്ട് അദ്ദേഹം തന്‍റെ ബാക്കി ശിഷ്യന്മാരെപ്പോലും ക്രിസ്തുവിങ്കലേയ്ക്ക് പറഞ്ഞയച്ചു! അപ്പോഴേയ്ക്കും ആ ശരസ്സില്‍‍ ഒരു ഘട്കം വന്നുവീണു. നീതിയുടെ ശബ്ദം നിലച്ചു!

6.  ദൈവരാജ്യത്തിന്‍റെ  മൗലിക പാത
ഇല്ലാതാകുക, സ്വയാര്‍പ്പണം ചെയ്യുക! അതായിരുന്നു യോഹന്നാന്‍റെ ജീവിതം! തന്‍റെ മഹത്വം കാണാതെ ദൈവമഹത്വം തേടിയൊരാള്‍...! എന്നിട്ടോ, നിന്ദ്യമായി കൊല്ലപ്പെട്ടു. അറിയപ്പെടാതെ... നടന്ന ഒരു മരണവും സംസ്ക്കാരവുമായിരുന്ന സ്നാപകന്‍റേത്. ഒറ്റയ്ക്ക് ദൈവരാജ്യത്തിനായി സമര്‍പ്പിച്ചവന്‍, ജീവിച്ചവന്‍ ഏകനായി അരുമില്ലാതെ, ആരോരുമിറിയാതെ, ന്യായമായൊരു ഒരു വിചാരണപോലുമില്ലാതെ കൊല്ലപ്പെട്ടു. ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളായ ലാളിത്യം, എളിമ, ചെറുമ എന്നിവ ജീവിതത്തില്‍ മനോഹരമായി പ്രതിഫലിപ്പിച്ച യോഹന്നാന്‍ തീര്‍ച്ചായായും ക്രിസ്തുവിന്‍റെ മുന്നോടിയാണ്.

യോഹന്നാന്‍റെ വ്യക്തിത്വം തുറന്നത് ദൈവരാജ്യത്തിന്‍റെ ഒരു നവമായ അദ്ധ്യായമാണ്. യേശുവിലുള്ള രക്ഷയുടെ നവമായ അദ്ധ്യായം! മനുഷ്യന്‍റെ വഴിയല്ല ദൈവത്തിന്‍റെ വഴിയാണിത്! ജീവിതത്തില്‍ വിനയം പ്രഘോഷിച്ചവന്‍, സ്വന്തം മഹത്വം തേടിയില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ മഹത്വം ആഗ്രഹിക്കുകയോ, അത് ഏറ്റുപിടിക്കയോ ചെയ്തില്ല. തന്‍റെ മഹത്വത്തിലോ, അപരന്‍റെ മഹത്വത്തിലോ അയാള്‍ ആശ്രയിക്കുന്നുമില്ല. ‌ഒരിക്കല്‍പ്പോലും യോഹന്നാന്‍ തന്‍റെ വിളിയില്‍നിന്നും, ദൈവം ഭരമേല്പിച്ച ഉത്തരവാദിത്വത്തില്‍നിന്നും വ്യതിചലിച്ചില്ലെന്നത് ശ്രദ്ധേയംതന്നെ. തന്‍റെ ജീവിതദൗത്യത്തിനായി പൂര്‍ണ്ണമായി ജീവിച്ചു. ദൈവരാജ്യത്തിന്‍റെ മൗലികമായ മാതൃക യോഹന്നാന്‍ ജീവിച്ചുകാട്ടി. അതിനായി രക്തസാക്ഷിത്വം വരിച്ചു.

എന്‍റെ പിന്നാലെ വരുന്നവന്‍റെ “വഴിയൊരുക്കുന്നവനാ”ണു ഞാന്‍...എന്ന  ആരെയും അമ്പരപ്പിക്കുന്നതായിരുന്നു യോഹന്നാന്‍റെ വിനീതഭാവം! അവസാനം ക്രിസ്തുവിന്‍റെ മുന്നോടിയായി ലോകം ഈ യോഗീവര്യനെ തിരിച്ചറിഞ്ഞു.  ജീവിതത്തിലെന്നപോലെ മരണത്തിലും യോഹന്നാന്‍ ക്രിസ്തുവിന്‍റെ മുന്നോടിയാണ്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ മറ്റൊരു ക്രിസ്തു! Alter Christus!!  അപരനുവേണ്ടി ആത്മാര്‍പ്പണംചെയ്യുന്ന, സ്വയം ഇല്ലാതാകുന്ന, അലിഞ്ഞു തീരുന്ന ജീവാര്‍പ്പണത്തിന്‍റെ ആത്മീയതയാണിത്... യോഗാത്മ ജീവിതത്തിന്‍റെ ദര്‍ശനമാണിത്.

7. മാതൃകയാക്കേണ്ട  ജീവസമര്‍പ്പണം
അസ്തിത്വത്തിന്‍റെ അന്ത്യത്തിലേയ്ക്ക് നാം ഓരോ ദിവസവും നടന്നടുക്കുകയാണ്. സ്വത്തുവാങ്ങാനാകും... ജീവന്‍ ആര്‍ക്കും വാങ്ങാനാവില്ല. നര്‍ത്തകിയായൊരു സുന്ദരിയുടെ മോഹവലയത്തില്‍പ്പെട്ട മദ്യപനായ രാജ്യാധികാരിയുടെ പൊള്ളത്തരമായിരുന്നു യോഹന്നാന്‍റെ ജീവിതാന്ത്യം കുറിച്ചത്. ഇന്നുമുണ്ട് ഇതുപോലെ നേരില്ലാത്ത മനുഷ്യര്‍! ജീവസമര്‍പ്പണത്തിന്‍റെ പാതവിട്ട് സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കുമായി പോകുന്നവര്‍. ഈ പ്രക്രിയയില്‍ സമൂഹത്തില്‍ നീതിയും സത്യവും ധ്വംസിക്കപ്പെടുന്നു, ഇല്ലാതാകുന്നു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അവര്‍ക്ക് ഉതപ്പുനല്കുകയുംചെയ്യുന്നവര്‍! യോഹന്നാന്‍റെ സമര്‍‍പ്പണപാത നമ്മുടെ ജീവിതത്തിലും തുറക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം. ക്രിസ്തുവും അവിടുത്തെ സുവിശേഷവും നമ്മുടെ ജീവിതത്തില്‍ വളരാനും വളര്‍ത്താനുംവേണ്ടി നമുക്കു വിയത്തോടെ താഴെയിറങ്ങാം..., ജീവിതത്തിലെ കുന്നുകള്‍ നിരത്താം, ഊടുവഴികള്‍ നേരെയാക്കാം, ചെറുതാകാം. യോഹാന്നാനോടൊപ്പം, സ്നാപകനോടുചേര്‍ന്നു ഹൃദയപൂര്‍വ്വ പറയാം... ക്രിസ്തു വലുതാകണം, ഞാന്‍ ചെറുതാകണം! ജീവിതംകൊണ്ടൊരു ധൂപാര്‍ച്ചനയാണിത്!! ക്രിസ്തു കാണിച്ചുതന്ന ഇടുങ്ങിയ വഴിയെയുള്ള സഞ്ചരമാണിത്... ദൈവരാജ്യത്തിന്‍റെ ശബ്ദമാകാം..വെളിച്ചമാകാം. ക്രിസ്തു നമ്മെ നയിക്കട്ടെ! പ്രകാശിപ്പിക്കട്ടെ!








All the contents on this site are copyrighted ©.