2018-06-22 14:00:00

ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നത് ക്രിസ്തീയ പ്രാര്‍ത്ഥനാശൈലി


പിതാവ്, അപ്പം, മാപ്പ് എന്നീ ത്രിപദങ്ങള്‍ നമ്മെ  നമ്മുടെ വിശ്വാസത്തിന്‍റെ  ഹൃദയത്തിലേക്ക് ആനയിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാസഭ അംഗമല്ലാത്തതും 350 ഓളം ക്രൈസ്തവ സഭകള്‍ അംഗങ്ങളായുള്ളതുമായ ആഗോള സഭാ കൂട്ടായ്മയായ സഭകളുടെ ലോകസമിതിയുടെ, ഡബ്ലിയൂ സി സി എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചെസിന്‍റെ (World Council of Churches) എഴുപതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് അതിന്‍റെ ആസ്ഥാനമായ, സ്വിറ്റ്സര്‍ലണ്ടിലെ ജനീവാപട്ടണത്തില്‍ വ്യാഴാഴ്ച (21/06/18) ഏകദിന എക്യുമെനിക്കല്‍ സന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് പാപ്പാ  അന്നു വൈകുന്നേരം പാല്‍എക്സ്പൊ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു.

ദൈവത്തെ പിതാവ് എന്ന് വിളിച്ച് അപേക്ഷിക്കുമ്പോഴാണ് പ്രാര്‍ത്ഥന ക്രിസ്തീയ ശൈലി ആര്‍ജ്ജിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ  ദൈവം എന്ന പൊതുവായ ഒരു നാമമല്ല പിതാവേ എന്ന സംബോധനയാണ് ദൈവത്തിന്‍റെ ഹൃദയത്തിലേക്കു കടക്കുന്നതിനുള്ള താക്കോല്‍ എന്ന് വിശദീകരിച്ചു.

സകല പിതൃത്വവും മാതൃത്വവും വരുന്നത് പിതാവായ ദൈവത്തില്‍ നിന്നാണെന്നും സകല നന്മകളുടെയും നമ്മുടെ ജീവിതത്തിന്‍റെ തന്നെയും ഉറവിടം അവിടന്നാണെന്നും “ഞങ്ങളുടെ പിതാവേ” ​എന്ന സംബോധനയാണ് സ്നേഹിക്കപ്പെട്ട മക്കളാണ് നമ്മളെന്ന നമ്മുടെ അനന്യതയെ ആവിഷ്ക്കരിക്കുന്ന ജീവിതത്തിന്‍റെ  സൂത്രവാക്യമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പിതാവായ ദൈവത്തെയും നമ്മുടെ സഹോദരങ്ങളായ മറ്റുള്ളവരെയും സ്നേഹിക്കണമെന്ന് സൂചിപ്പിക്കുന്ന സമവാക്യമാണ് “ഞങ്ങളുടെ പിതാവേ” എന്ന സംബോധനയെന്നും പാപ്പാ പറഞ്ഞു.

പിതാവിനോടു അന്നന്നുവേണ്ടുന്ന ആഹാരം, അപ്പം  ചോദിക്കേണ്ടതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ അപ്പമല്ലാതെ കൂടുതലായി മറ്റൊന്നും ചോദിക്കേണ്ടതില്ലെന്നും അന്നന്നേക്കുവേണ്ടതും ആരോഗ്യത്തിനും ജോലിചെയ്യുന്നതിനും ആവശ്യമായതും ആഹാരം മത്രമാണെന്നും വിശദീകരിച്ചു.

എന്നാല്‍ പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങള്‍ നിരവധിയാണെന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ അനുദിനജീവിതത്തിന് അടിസ്ഥാനമായ ഭക്ഷ്യവസ്തുക്കള്‍ വച്ച് വിലപേശുന്നവര്‍ക്ക് ദുരിതം എന്ന് കടുത്ത ഭാഷയില്‍ താക്കീതു ചെയ്തു.

ആഹാരം സകലര്‍ക്കും സംലഭ്യമാക്കപ്പെടേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

അപ്പത്തിനായി അപേക്ഷിക്കുന്നതോടൊപ്പം ജീവിതം  ലളിതമാക്കാനുള്ള സഹായവും പിതാവിനോടപേക്ഷിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ഇന്നു ജീവിതം വളരെ സങ്കീര്‍ണ്ണമായിരിക്കയാണെന്നും വിളികളുടെയും സന്ദേശങ്ങളുടെയും അതിപ്രസരംമൂലം ഒരു നമിഷം നിന്ന് ആളുകളുടെ മുഖത്തേക്കൊന്നു നോക്കാന്‍ പോലും സമയമില്ലാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ ഓട്ടത്തിലാണെന്നും പാപ്പാ പറയുന്നു.

ജീവിതത്തെ നിറയിക്കുകയും ഹൃദയത്തെ ശൂന്യമാക്കുകയുചെയ്യുന്നവയെ വര്‍ജ്ജിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

പൊറുക്കുക എന്ന പദത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ നാം മറ്റുള്ളവരുടെ അപരാധങ്ങള്‍ക്ക് പൊതു മാപ്പുനല്കണമെന്ന് ദൈവം അഭിലഷിക്കുകയാണെന്നു പറഞ്ഞു. മാപ്പു നല്കുന്നതിന് നമ്മുടെ ഹൃദയത്തിനുള്ളില്‍ തടസ്സങ്ങള്‍ ഉണ്ടോയെന്ന്  സസൂക്ഷ്മം പരിശോധിക്കണമെന്ന്, ഹൃദയത്തിന്‍റെ “എക്സ്റേ” എടുക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മാപ്പേകുമ്പോള്‍ മാത്രമാണ് നാം ലോകത്തില്‍ പുതുമ കൊണ്ടുവരുന്നതെന്നും പൊറുക്കല്‍ തിന്മയെ നന്മയാക്കി പരിവര്‍ത്തനം ചെയ്യുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.   

തന്നെ ക്ഷണിച്ചതിന് പാപ്പാ വിശുദ്ധ കുര്‍ബ്ബാനയുടെ അവസാനം സ്വിറ്റ്സര്‍ലണ്ടിന്‍റെ സര്‍ക്കാരിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  








All the contents on this site are copyrighted ©.