2018-06-22 11:26:00

DOCAT ​LXXII​: “സഭയും ജനാധിപത്യവും''


ഡുക്യാറ്റിന്‍റെ എട്ടാമധ്യായത്തില്‍ നല്‍കിയിരിക്കുന്ന രാഷ്ട്രീയാധികാരത്തെയും ധാര്‍മികതയെയും കുറിച്ചുള്ള ചര്‍ച്ചകളാണു ഈ ദിനങ്ങളില്‍ നമ്മുടെ ശ്രദ്ധാവിഷയമായിരിക്കുന്നത്. രാഷ്ട്രീയം, ജനാധിപത്യം, സ്വാഭാവികനിയമങ്ങളും രാഷ്ട്രനിയമങ്ങളും എന്നിവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളിലൂടെ നാം കടന്നുപോയി.   ഇന്ന് ഇതേ അധ്യായത്തിലെ 219 മുതല്‍ 223 വരെയുള്ള അഞ്ചു ചോദ്യങ്ങളാണ് നമ്മുടെ വിചിന്തനത്തിനുള്ളത്.

കത്തോലിക്കരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും പല അഭി പ്രായങ്ങളും ഉയരാറുണ്ട്.  രാഷ്ട്രീയം എന്നത് നിഷേധാത്മകമായി വീക്ഷിക്കുന്ന ഒരു പ്രവണതയാല്‍ സഭയും രാഷ്ട്രീയവും എതിര്‍ചേരികളിലാണെന്നൊരു ധാരണയും ചിലരില്‍ കാണാം.  എന്നാല്‍, രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ട് പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക കത്തോലി ക്കര്‍ക്കു ഭൂഷണമാണെന്നും, അതു വേണമെന്നും സഭ പ്രോത്സാഹിപ്പിക്കുകയാണ്.  

ചോദ്യം 219: ഒരുവന് ഒരേ സമയത്ത് ഒരു രാഷ്ട്രീയപ്രവര്‍ത്തകനും ക്രിസ്ത്യാനിയുമായിരിക്കാന്‍ കഴിയുമോ?

രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടുകൊണ്ട് സമൂഹത്തിനു സേവനം ചെയ്യുകയെന്നത് ഏതു ക്രൈസ്തവനും ഒരു ബഹുമതിയാണ്.  രാഷ്ട്രീയം എപ്പോഴും “സാധ്യമായതിനെ” സംബന്ധിച്ചുള്ളതാണ്.  അത്യാവശ്യമായി ചെയ്യേണ്ടത് ചെയ്യാന്‍ മാര്‍ഗങ്ങള്‍ എപ്പോഴും ലഭ്യമായിരിക്കുകയില്ല.  മൗലികമായ ക്രൈസ്തവ തീരുമാനങ്ങള്‍ പോലും പോളിസിയാക്കി രൂപാന്തരപ്പെടുത്താന്‍ ചിലപ്പോള്‍ ഭൂരി പക്ഷമുണ്ടായിരിക്കുകയില്ല. ക്രൈസ്തവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊരുത്തപ്പെടലില്‍ ഏര്‍പ്പെട്ടാല്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല.  എന്നാലും ക്രൈസ്തവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മനസ്സാക്ഷി പ്രകാരം തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റാത്തതായി വരുന്ന, നിശ്ചയമായും എടു ക്കാന്‍ പാടില്ലാത്ത തീരുമാനങ്ങള്‍ക്കുള്ള പ്രേരണയ്ക്ക് വഴങ്ങുക ശരിയല്ല..  മനുഷ്യവ്യക്തിയു ടെ മൗലിക മൂല്യങ്ങള്‍ - ജീവന്‍, സ്വാതന്ത്ര്യം, മഹത്വം – ക്രൈസ്തവ രാഷ്ട്രീയപ്രവര്‍ത്തകനെ സം ബന്ധിച്ചിടത്തോളം കൂടിയാലോചനവഴി ഒത്തുതീര്‍പ്പിലെത്താന്‍ പാടില്ലാത്തവയാണ്.  ഉദാഹരണമായി, ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും തന്നെത്തന്നെ ക്രൈസ്തവനായി വിവരിക്കുകയും അതേ സമയം ഗര്‍ഭച്ഛിദ്രത്തെ നീതീകരിക്കുകയും ചെയ്യാന്‍ പാടില്ല.

യഥാര്‍ഥ ദൈവഭക്തിയുള്ള വ്യക്തികളാല്‍ രൂപീകരിക്കുന്ന ഗവണ്‍മെന്‍റുകള്‍ തീര്‍ച്ചയായും മാനവികമൂല്യങ്ങളെ, ദൈവഹിതത്തെ അന്വേഷിക്കുകയും ആദരിക്കുകയും ചെയ്യും.  അല്ലാത്ത വ്യക്തികളാല്‍ രൂപീകരിക്കപ്പെടുന്ന ഗവണ്‍മെന്‍റുകളെക്കുറിച്ച്, ആന്‍റണ്‍ ദ് സാങ്ത് എക്സ്യൂ പെറി എന്ന ഫ്രഞ്ച് ഗ്രന്ഥകാരന്‍ (1900-1944) വളരെ വ്യക്തമായി അഭിപ്രായപ്പെട്ടിരിക്കുന്നത് നമ്മുടെ ചിന്തകള്‍ക്ക് ഉപകാരപ്രദമാണ്. വര്‍ത്തമാനകാലത്തിന്‍റെ ഒരു നേര്‍വായനയാണത്.

“മനുഷ്യര്‍ ദൈവമില്ലാത്തവരാകുമ്പോള്‍, സര്‍ക്കാരുകള്‍ പരിഭ്രാന്തിയുള്ളതാകും – അതിരറ്റ നുണകള്‍, അസംഖ്യം കടങ്ങള്‍, ആലോചനകള്‍, നിഗമനങ്ങളിലെത്താത്തവ എന്നിവയ്ക്കു കാരണമാകും. അപ്പോള്‍ ബുദ്ധിപ്രകര്‍ഷം ചേതനയില്ലാത്തതാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ തത്വദീക്ഷയില്ലാത്തവരാകും.  ക്രിസ്ത്യാനികള്‍ പ്രാര്‍ഥനയില്ലാത്തവരാകും.  പെരുമാറ്റങ്ങള്‍ നിയന്ത്രണം ഇല്ലാത്തതാകും. ഫാഷനുകള്‍ ലജ്ജയില്ലാത്തതാകും. കോണ്‍ഫറന്‍സുകള്‍ അവസാനമില്ലാത്തതാകും.  ലക്ഷ്യങ്ങള്‍ പ്രത്യാശയില്ലാത്തതാകും”

ഭൂരിപക്ഷം എപ്പോഴും ശരിയാകണമെന്നില്ല.  “എന്തുകൊണ്ടാണ് നാം ഭൂരിപക്ഷത്തെ അനുസരിക്കുന്നത്? അവര്‍ക്കു കൂടുതല്‍ വിവേചനാശക്തിയുള്ളതുകൊണ്ടാണോ? അല്ല.  അവര്‍ക്ക് കൂടുതല്‍ അധികാരമുള്ളതുകൊണ്ടാണ്” എന്നു ഫ്രഞ്ചു ഗണിതശാസ്ത്രജ്ഞനും തത്വജ്ഞാനിയും ആയ ബ്ലെയ്സ് പാസ്ക്കല്‍ (1623-1662,) പറയുന്നതും എത്രയോ ശരിയാണ്.  ഭൂരിപക്ഷമോ, ന്യൂനപക്ഷമോ എന്നതല്ല, ശരിയായത് എന്താണോ അതിനെ പിന്തുണയ്ക്കാന്‍ കഴിയുന്നെങ്കില്‍ ഒരു ക്രൈസ്തവന്‍ രാഷ്ട്രീയത്തില്‍ ലോകത്തിനു നന്മ ഉളവാക്കും.  അങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തിലുണ്ടാകുന്നതിന് അവര്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

ചോദ്യം 220: ജനാധിപത്യപരമായ എല്ലാ തീരുമാനങ്ങളെയും സഭ അംഗീകരിക്കണമോ?

സഭ ജനാധിപത്യത്തെ അനുകൂലിക്കാന്‍ തീരുമാനിച്ചു എന്നതിനു ജനാധിപത്യസമൂഹം സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സഭ അംഗീകരിക്കണമെന്ന് അര്‍ഥമില്ല.  സഭ തന്‍റെ ധാര്‍മിക വിധിത്തീര്‍പ്പില്‍ മിക്കപ്പോഴും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് എതിരായ നിലപാടു സ്വീകരിക്കേണ്ടിവരും.  ഉദാഹരണമായി നിയമാനുസൃതമാക്കപ്പെട്ട ഗര്‍ഭച്ഛിദ്രത്തെയോ മാ നുഷിക ഭ്രൂണങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളെയോ സഭയ്ക്ക് ​അംഗീകരിക്കാന്‍ കഴിയുമോ?  അത്തരം വികസനങ്ങളെ വിമര്‍ശിക്കാന്‍ സഭയ്ക്കു കടമയുണ്ട്.  ഇവിടെ ക്രൈസ്തവര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉള്‍പ്പെടണം.  മാനുഷികാവകാശങ്ങളുടെ മൂല്യങ്ങള്‍ക്കും മനുഷ്യജീവന്‍റെ വിശുദ്ധിയ്ക്കുംവേണ്ടി നിലകൊള്ളാനും അവയെ രാഷ്ട്രീയ തീരുമാനങ്ങളാക്കാനും വേണ്ടിയാണത്.

“ജനാധിപത്യമെന്നത് നാം അര്‍ഹിക്കുന്നതിലും ഒട്ടും ഭേദമല്ലാത്ത ഭരണം നമുക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന ക്രമീകരണമാണ്” (ജോര്‍ജ് ബെര്‍ണാര്‍ഡ്, 1856 – 1950).

സഭ ജനാധിപത്യത്തെ പിന്താങ്ങുന്നു എന്നു പറഞ്ഞുകൊണ്ട്, യുവജനമതബോധനഗ്രന്ഥത്തിന്‍റെ 441-ാം നമ്പറില്‍ ഇങ്ങനെ വ്യക്തമാക്കുന്നു.  എന്തെന്നാല്‍ നിയമത്തിന്‍റെ മുമ്പില്‍ സമത്വം നേടുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മറ്റ് എല്ലാ സമ്പ്രദായങ്ങളെക്കാള്‍ ഏറ്റവും നല്ല വ്യവസ്ഥകള്‍ അതുനല്‍കുന്നു. എങ്കിലും, അതിന്‍റെ പോരായ്മകളെക്കുറിച്ചും, സഭയ്ക്ക് വ്യക്തതയുണ്ട്.  യുവജനമതബോധനഗ്രന്ഥം, ഇതുംകൂടി കൂട്ടിച്ചേര്‍ക്കുന്നു. ജനാധിപത്യംപോലും മനുഷ്യമഹത്വത്തിന്‍റെയും മാനുഷികാവകാശങ്ങളുടെയും ലംഘനത്തില്‍ നിന്ന് തികഞ്ഞ സംരക്ഷണം നല്‍കുന്നില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു... അതിനാല്‍, അടുത്തതായി പ്രസക്തമായൊരു ചോദ്യമാണ്  ഡുക്യാറ്റ് ചോദിക്കുന്നത്.

ചോദ്യം 221: അതുകൊണ്ട് സഭയ്ക്കു ജനാധിപത്യത്തെ സംബന്ധിച്ച് കരുതലുകളുണ്ടെന്നാണോ?

രാഷ്ട്രീയസംഘടനയുടെ എല്ലാ രൂപങ്ങളില്‍ നിന്നും വിമര്‍ശനാപൂര്‍വം മാറിനില്‍ക്കാനുള്ള അവകാശം സഭ സംവരണം ചെയ്യുന്നു.  ഗവണ്‍മെന്‍റിന്‍റെ ജനാധിപത്യപരമായ രൂപങ്ങളെ സഭ കൂടുതല്‍ ഇഷ്ടപ്പെടുകയും പിന്താങ്ങുകയും ചെയ്യുന്നു. എന്നാല്‍ സഭ അവയെ ആദര്‍ശവത്ക്കരിക്കുന്നില്ല.  ജനാധിപത്യവും തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാന്‍ പാടില്ലാത്തതല്ല.  കത്തോലിക്കാ സാമൂഹിക സിദ്ധാന്തം രാഷ്ട്രീയ സംഘടനയുടെ “സാങ്കേതികപ്രശ്നങ്ങളെ”ക്കുറിച്ചല്ല, മറിച്ച്, സാമൂഹിക ജീവിതത്തിന്‍റെ മൗലിക ധാര്‍മിക തത്വങ്ങളെക്കുറിച്ചാണ് താല്‍പ്പര്യം കാണിക്കുന്നത്.

“നിങ്ങള്‍ എപ്പോഴെല്ലാം ഭൂരിപക്ഷത്തിന്‍റെ കൂട്ടത്തിലായിരിക്കുന്നുവോ, അപ്പോഴെല്ലാം സ്വസ്ഥമായി നിന്ന് ആലോചിക്കാനുള്ള സമയമാണ്” എന്ന് മാര്‍ക് ട്വെയിന്‍ (1835-1910, അമേരിക്കന്‍ നര്‍മലേഖകന്‍) പറയുന്നത് നമുക്കും ആലോചിക്കാനുള്ള വക നല്‍കുന്നു. ഭൂരിപക്ഷത്തിന്‍റെ ജനാ ധിപത്യം പിന്താങ്ങുക എന്നത് പല തെറ്റുകളെയും പിന്താങ്ങുന്നതിനു കാരണമാകാം എന്നു നാം മനസ്സിലാക്കുക ആവശ്യമാണ്. ഇക്കാര്യമാണ് അടുത്ത ചോദ്യങ്ങളിലേയ്ക്കു നമ്മെ നയിക്കുന്നത്.

ചോദ്യം 222: ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങള്‍ എത്രമാത്രം വ്യാപിക്കും?

ഓരോ രാഷ്ട്രീയ സമൂഹത്തിന്‍റെയും മൗലികമൂല്യം മനുഷ്യവ്യക്തിയാണെങ്കില്‍ ജനാധിപത്യപരമോ നിയമനിര്‍മാണപരമോ ആയ ഭൂരിപക്ഷത്തിനുപോലും ഏതു തീരുമാനവും നീതിപൂര്‍വം സ്വീകരിക്കാനാവുകയില്ല.  രാഷ്ട്രതന്ത്രം നിയമങ്ങളും അവകാശങ്ങളുമായി അവിഭാജ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.  പ്രത്യേകിച്ച് വ്യക്തിപരവും സിവില്‍പരവുമായ മൗലികാവകാശങ്ങള്‍ അപ്രകാരമുള്ളവയാണ്.  ന്യൂനപക്ഷങ്ങള്‍ക്ക് അവ നിഷേധിക്കരുത്.  തീര്‍ച്ചയായും, ഇതു ന്യുനപക്ഷങ്ങള്‍ക്ക് കടമകളും സൃഷ്ടിക്കുന്നുണ്ട്.  രാഷ്ട്രീയ തീരുമാനങ്ങളില്‍ തങ്ങള്‍ക്കു പ്രാതിനിധ്യമില്ലെന്ന് അവര്‍ക്കു തോന്നിയാലും.

ചോദ്യം 223: അധികാരങ്ങളുടെ വിഭജനത്തെയും ഭരണഘടനാപരമായ സ്റ്റേറ്റിനെയും സംബന്ധിച്ച് സഭ എന്തുപറയുന്നു?

അധികാരങ്ങളുടെ വിഭജനത്തിന്‍റെ തത്വത്തെ അനുകൂലിച്ച് സഭ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.  നീതിന്യായപരവും, നിയമ നിര്‍മാണപരവും കാര്യനിര്‍വഹണപരവുമായ ശാഖകള്‍ പരസ്പര സ്വാതന്ത്ര്യത്തോടെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ഭരണഘടനാപരമായ ഒരു സ്റ്റേറ്റു സാധ്യമാവുകയുള്ള.  മനുഷ്യവ്യക്തികളുടെ മഹത്വപൂര്‍ണമായി വികസനത്തിന് ഇത് ഒരു മുന്‍ വ്യവസ്ഥയാണ്.  ഉദാഹരണമായി, വ്യക്തികള്‍ മനസ്സാക്ഷി സ്വാതന്ത്ര്യവും, മത സ്വാതന്ത്ര്യവും അനുഭവിക്കുന്നതിനെ സംബന്ധിച്ചിടത്തോളം. പ്രത്യേകമായി, സ്വതന്ത്ര നീതിന്യായവകുപ്പിന്‍റെ അസ്തിത്വം സന്മാര്‍ഗശാസ്ത്രപരമായി നീതീകരിക്കപ്പെട്ട രാഷ്ട്രീയ സമ്പ്രദായത്തിന്‍റെ മാറ്റ് ഉരയ്ക്കാനുള്ള ഉരകല്ലായി കത്തോലിക്കാ സാമൂഹിക ധര്‍മശാസ്ത്രത്തില്‍ കരുതപ്പെടുന്നു.  ഭരണഘടനാപരമായ സ്റ്റേറ്റ് എന്ന തത്വം ഏറെ അടിസ്ഥാനപരമായിട്ടുള്ളതാണെന്നു സഭ കരുതുന്നു.  അതുകൊണ്ട് സഭ തന്നെത്തന്നെ ഈ തത്വത്തിനു വിധേയമാക്കുന്നു.  ഉദാഹരണമായി, മതസ്വാതന്ത്ര്യം കത്തോലിക്കാ മതത്തിനുമാത്രം നേട്ടമുണ്ടാക്കുന്ന ഒന്നായിരിക്കാന്‍ പാടില്ലെന്ന് കത്തോലിക്കാ സാമൂഹിക സിദ്ധാ ന്തം സമ്മതിക്കുന്നുണ്ട്.  മത സ്വാതന്ത്ര്യം എല്ലാ മതസമൂഹങ്ങള്‍ക്കും ഉറപ്പാക്കപ്പെടണം.

അധികാരവിഭജനം ജനാധിപത്യത്തിന്‍റെ പ്രത്യേകതയാണ്.  എങ്കിലും പരസ്പരമുള്ള ധാരണയും സ്വാതന്ത്ര്യവും ഇവിടെ കാത്തുസൂക്ഷിക്കപ്പെടണം. ഉദാഹരണമായി – നീതിയുടെ ന്യായപീഢവും നീതി നടപ്പാക്കുന്ന ഭരണസംവിധാനവുമായ ജുഡീഷ്യറിയും, നിയമനിര്‍മാണം നിര്‍വഹിക്കുന്ന ഭരണസംവിധാനമായ ലെജിസ്ലേറ്റീവും ശാഖയും നിയമ നിര്‍വഹണത്തിനായുള്ള ഭരണ സംവിധാ നമായ എക്സിക്യുട്ടീവ് ശാഖയും തമ്മിലുള്ള പരസ്പരബന്ധം യുക്തിസഹവും ശക്തവുമായിരിക്കുക ഭരണഘടനാപരമായ ഒരു രാഷ്ട്രത്തിന്‍റെ നിലനില്‍പ്പിനാവശ്യമാണ്.

ഇവിടെ, “ദൈവം അധികാരമുള്ളവരുടെ കൂടെയല്ല, സത്യത്തിന്‍റെ കൂടെയാണ്” എന്ന റഷ്യന്‍ എഴുത്തുകാരനായ, ദെസ്തെയോവ്സ്ക്കിയുടെ അഭിപ്രായവും (1821-1881) “നീതിന്യായ പീഠങ്ങ ളില്‍ നിയമം സംസാരിക്കുകയും ഭരണാധികാരി നിശ്ശബ്ദനായിരിക്കുകയുമാണ് വേണ്ടത്” എന്ന മഹാനായ ഫ്രെഡറിക്കിന്‍റെ (1712-1786, പ്രെഷ്യയിലെ രാജാവ്) അഭിപ്രായവും ചിന്തനീയമാണ്.

ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം സ്വരൂപിക്കാന്‍ ചിലപ്പോള്‍ ന്യൂനപക്ഷം തന്നെ പ്രേരിപ്പിക്കപ്പെട്ടേക്കാം. ഉദാഹരണമായി, യേശുവിനെ വധശിക്ഷയ്ക്കു വിധിക്കുന്നതിന്, യഹുദമത നേതൃത്വം, ജന ങ്ങളെ പ്രേരിപ്പിച്ചു.  റോമന്‍ഗവര്‍ണറായ പീലാത്തോസിനുപോലും, ആ ഭൂരിപക്ഷാഭിപ്രായത്തെ മറികടക്കാന്‍ കഴിഞ്ഞില്ല.  ഇന്നും, അനേക തിന്മകള്‍ക്ക്, ഗര്‍ഭച്ഛിദ്രം, ദയാവധം, മറ്റു സാമൂഹികതിന്മകള്‍ എന്നിവയ്ക്കു മുമ്പില്‍ ഭൂരിപക്ഷത്തെ സ്വാധീനിക്കുന്നത് എളുപ്പമാണ്.  ഗവണ്‍മെന്‍റു തലത്തിലായാലും, സാമൂഹിക തലത്തിലായാലും ഇക്കാര്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.  ഇന്നും അവഗണിക്കപ്പെടുന്ന അനേക ജീവിതങ്ങള്‍ ഈ തീരുമാനങ്ങളില്‍ ബലിയര്‍പ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത്, ദൈവികജീവനില്‍ പങ്കുപറ്റുന്നുവെന്നു തിരിച്ചറിയുന്ന, ജീവന്‍റെ മൂല്യത്തെക്കുറിച്ച് അവബോധമുള്ള ക്രൈസ്തവരെ സത്യത്തോടു ചേര്‍ന്നു നില്‍ക്കാന്‍, ദൈവഹിതത്തോടു ചേര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കണം.  അങ്ങനെയുള്ളവരുടെ ശക്തമായ നിലപാടുകള്‍, ലോകത്തിനു നന്മയേകും.








All the contents on this site are copyrighted ©.