2018-06-21 13:04:00

പാപ്പാ ഫ്രാന്‍സിസിന് ജനീവയില്‍ ഹൃദ്യമായ വരവേല്‍പ്പ്!


ജൂണ്‍ 21 വ്യാഴം, ജനീവ

പ്രാദേശിക സമയം രാവിലെ 10.10-ന് പാപ്പായുടെ വിമാനം സ്വിറ്റ്സര്‍ലണ്ടിലെ ജനീവ നഗരത്തില്‍ ഇറങ്ങി. സ്വിറ്റ്സര്‍ലണ്ടിന്‍റെ പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റും സ്ഥലത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചാള്‍സ് മൊരേരോ, വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഗലിക്സണ്‍ തോമസ്, ദേശീയ മെത്രാന്‍ സമിതി അംഗങ്ങള്‍, സഭൈക്യപ്രസ്ഥാനത്തിന്‍റെ പ്രതിനിധികള്‍ വന്‍ വിശ്വാസസമൂഹം എന്നവര്‍ ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസിനെ ഹൃദ്യമായി വരവേറ്റു. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായ്ക്കും (1969), വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കും (1984, 2004) ശേഷം സ്വിറ്റ്സര്‍ലണ്ടിന്‍റെ മണ്ണില്‍ കാലുകുത്തുന്ന മൂന്നാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്.

കുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിച്ചു. തുടര്‍ന്ന് ചുവപ്പു പരവതാനിയിലൂടെ ആനീതനായ പാപ്പായെ മിലിട്ടറി ബഹുമതിയുടെ ബാന്‍റുമേളത്തോടെ ഔപചാരികമായി വരവേറ്റു. ആയിരങ്ങള്‍ ഹസ്താരവം മുഴക്കിയും ഗീതങ്ങള്‍ ആലപിച്ചു സഭൈക്യന്‍റെ പ്രയോക്താവായ പാപ്പായ്ക്ക് സ്വാഗതമോതി. തുടര്‍ന്ന് പ്രസി‍ഡന്‍റുമായുള്ള കൂടിക്കാഴ്ച വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചിലായിരുന്നു. തികച്ചും സ്വകാര്യമായിരുന്ന കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി സമ്മാനങ്ങള്‍ കൈമാറി.

പ്രാദേശിക സമയം രാവിലെ 11 മണിയോടെ പാപ്പാ വിമാനത്താവളത്തില്‍നിന്നു കാറില്‍ 3 കി.മി. അകലെയുള്ള World Council of Churches-ന്‍റെ ആസ്ഥാനമന്ദരിത്തിലേയ്ക്ക് യാത്രയായി.








All the contents on this site are copyrighted ©.