സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

നാബോത്തിനെ തകര്‍ത്ത സ്വേച്ഛാശക്തികള്‍ ഇന്നും വാഴുന്നു!

പാപ്പായുടെ വചനപീഠത്തില്‍നിന്ന്

18/06/2018 19:14

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്നും
18 ജൂണ്‍ 2018

സ്വേഛാധിപത്യത്തിന്‍റെ തുടക്കം അപകീര്‍ത്തിപരമായ ആശയവിനിമയമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 18-Ɔο തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പോളയില്‍ ദിവ്യബലിയര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആദ്യവായന രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ നാബോത്തിന്‍റെ മുന്തിരത്തോപ്പിന്‍റെ കഥയാണ് പാപ്പായുടെ വചനചിന്തയ്ക്ക് ആധാരമായത് (1രാജ. 21, 1-16).

1. കൊല്ലപ്പെട്ടത് പൈതൃകം!
നാബോത്തിന്‍റെ സമ്പന്നമായ വലിയ മുന്തിരിത്തോപ്പില്‍ ആഹാബ് രാജാവ് അസൂയാലുവായി കണ്ണുവയ്ക്കുന്നു. അതിന് പണം ആദ്യം തരാമെന്നു പറഞ്ഞു. പിതൃസ്വത്ത് കൈവിടാന്‍ നാബോത്ത് സന്നദ്ധനായില്ല. ചപലമാനസനായ ആഹാബ് രാജാവ് തന്‍റെ ആഗ്രഹം സാധിക്കാഞ്ഞതില്‍ ദുഃഖം നടിക്കുന്നു. ആഹാബിന്‍റെ ക്രൂരയായ ഭാര്യ ജെസബേല്‍ ഒരു കുതന്ത്രം മെനഞ്ഞ് നാബോത്തിനെ അപകീര്‍ത്തിപ്പെടുത്തി. ഇസ്രായേലിന്‍റെ രാജ്യസ്വത്ത് വ്യാജമായി നാബോത്ത് കൈക്കലാക്കിയതാണെന്ന് ആരോപിച്ചു. തുടര്‍ന്ന് നാബോത്തിനെ ചതിയായി കൊലപ്പെടുത്തുകയും മുന്തിരിത്തോട്ടം കൈക്കലാക്കുകയും ചെയ്തു. പൈതൃകത്തോടുള്ള വിശ്വസ്തതയുടെ രക്തസാക്ഷിയാണ് നാബോത്ത്. മുന്തിരിത്തോപ്പിനും മേലെ, പൈതൃകത്തെ അതീവ സ്നേഹത്തിലും ആദരവിലും ഹൃദയത്തിലേറ്റിയ വിശ്വസ്തതയാണി അവിടെ വ‍‍ഞ്ചിക്കപ്പെട്ടതും കൊലപ്പെട്ടതും. പാപ്പാ വ്യാഖാനിച്ചു.

2. വ്യാജാരോപണങ്ങളുടെ രക്തസാക്ഷികള്‍
ക്രിസ്തുവും, സ്റ്റീഫനും, അനേക സഹസ്രം രക്ഷസാക്ഷികളും അനുഭവിച്ചതും, അവരുടെ രക്തം വിലയായി നല്കപ്പെട്ടതും നാബോത്തിനെപ്പോലെ ചരിത്രത്തില്‍ സംഭവിച്ചു വ്യാജാരോപണങ്ങളുടെ തനിയാവര്‍ത്തനമാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ഇന്നും സമൂഹത്തില്‍ ജനങ്ങള്‍ക്ക് ദുര്‍മാതൃകയാകുന്നുണ്ട്. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന ഒരു നുണയില്‍ എല്ലാം ആരംഭിക്കും. നുണയായ ദുരാരോപണമാണ് വ്യക്തിയെയും പ്രസ്ഥാനത്തെയും നശിപ്പിക്കുന്നത്. ഒരു ദൂഷണം അല്ലെങ്കില്‍ അപവാദംവഴി വ്യക്തി വഞ്ചിതനാകുന്നു,  വിധിക്കപ്പെടുന്നു, നശിപ്പിക്കപ്പെടുന്നു.

3. മാധ്യമസംവിധാനങ്ങളെ  സ്വാധീനിക്കുന്ന സ്വേഛാശക്തികള്‍
ഇന്നും ഏതു രാജ്യത്തും സ്വേഛാശക്തികള്‍ ആദ്യമായി ചെയ്യുന്നത്, അവര്‍ സ്വതന്ത്രമായ അശയവിനിമയത്തിന്മേല്‍ ‍കടിഞ്ഞാണിടുന്നു. ആശയവിനിമയത്തിന്‍റെ മേഖലയില്‍ നിയമവും സ്വാതന്ത്ര്യവും ഉണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. സമൂഹത്തിന്‍റെ മാധ്യമസംവിധാനത്തെ സ്വേഛാശക്തികള്‍ വ്യാജപ്രചരണങ്ങള്‍കൊണ്ട് നിറയ്ക്കുകയും, അങ്ങനെ അസത്യവും അനീതിയും അഴിമതിയും, അതുമായി ബന്ധപ്പെട്ട അട്ടിമറിയും സമൂഹത്തില്‍ നടമാടുകയും ചെയ്യുന്നു. അതോടെ ജനാധിപത്യം ദുര്‍ബലമാക്കപ്പെടും. ദുര്‍ബലമായ സാമൂഹ്യ സംവാധാനത്തിന്മേലാണ് പിന്നെ ന്യായാധിപന്മാര്‍ വിധിപറയുന്നത്. ന്യായപീഠം അഴിമതി കലര്‍ന്നതായി മാറുന്നു. ഇവിടെ ജനങ്ങള്‍ വ്യാജമായി വിധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും, സത്യവും നീതിയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് ജനാധിപത്യമെന്നു നാം കരുതുന്ന... സ്വേച്ഛാധിപത്യം! സ്വോച്ഛാധിപത്യത്തിന്‍റെ തുടക്കം എവിടെയും ഇങ്ങനെയാണ്. മായംചേര്‍ക്കപ്പെടുന്ന മാധ്യമ സംവിധാനം വളര്‍ന്നാല്‍ മാനസാക്ഷിക്കുത്തില്ലാത്തവരുടെ കൈകളില്‍ ജനങ്ങള്‍ പന്താടപ്പെടും...! സത്യം ക്രൂശിക്കപ്പെടും...!!

4. വഴിപിഴപ്പിക്കുന്ന ഉതപ്പുകള്‍
ഉതപ്പുകള്‍ അനുദിന ജീവിതത്തില്‍ നാശം വിതയ്ക്കുന്നതും വഴിപിഴപ്പിക്കുന്നതുമാണ്. അതുപോലെ പറഞ്ഞുപരത്തുന്ന ഉതപ്പുകളും ഒരാളെ നശിപ്പിക്കുന്നതാണ്. മറിച്ച് സദ്വാര്‍ത്ത നമ്മെ നയിക്കുന്നു, വളര്‍ത്തുന്നു, നമുക്കും ഏവര്‍ക്കും സന്തോഷം പകരുന്നു! അതു കണ്ടില്ലേ... ഇതു കേട്ടില്ലേ...!? ഉതപ്പുകളും വ്യാജാരോപണങ്ങളും നമ്മെ വേദനിപ്പിക്കുന്നു, ദുഃഖിപ്പിക്കുന്നു. ഉതപ്പുകള്‍ വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കുന്നു. വ്യക്തികളും സമൂഹവും ഉതപ്പിനു മുന്നില്‍ പരാജയപ്പെടുന്നതിനു കാരണം, അവ പ്രതിരോധിക്കാവുന്നതിലും ഭയാനകവും ഭീമവുമാണ്. ഉതപ്പിനു കാരണക്കാര്‍ രക്ഷപ്പെടാം. എന്നാല്‍ ജനങ്ങളും സമൂഹവും പ്രതിരോധിക്കപ്പെടാനാവാതെ വിഷമിച്ച് മൗനംഭജിക്കേണ്ടിയും വരാം.

5. യഹൂദരുടെ പീഡനം
തന്‍റെ പൈതൃകവും പിതൃസ്വത്തും വില്ക്കാതിരിക്കാനും, അത് സംരക്ഷിക്കാനും വേണ്ടുവോളം കടപ്പാടും വിശ്വസ്തതയുമുണ്ടായിരുന്ന നബോത്ത് നശിപ്പിക്കപ്പെട്ടില്ലേ! ചിതറിക്കപ്പെട്ടു. വിശുദ്ധ സ്റ്റീഫന് ഒത്തിരി വാദിക്കാനും സത്യം പറയാനുമുണ്ടായിരുന്നു. എന്നാല്‍ പ്രതിയോഗികള്‍ക്ക് സത്യം കേള്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നില്ലേ!? മനുഷ്യന്‍റെ ധനമോഹത്തിന്‍റെയും ആര്‍ത്തിയുടെയും കദനകഥയാണിത്. വ്യാജവാര്‍ത്ത അല്ലെങ്കില്‍ വിവരങ്ങളുടെ തെറ്റായ കൈമാറ്റം വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിക്കുന്നു. അതുപോലെ വ്യക്തിയുടെ നിഷേധാത്മകമായ നിലപാടുകള്‍ സമൂഹത്തെയും അതിലെ വ്യക്തികളെയും വേദനിപ്പിക്കുകയും സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വേച്ഛാധിപത്യമാണ്, ഏകാധിപത്യമാണ്! യഹൂദര്‍ക്കെതിരായ ദുരാരോപണമാണ് ഓഷ്വിറ്റ്സ് ഭീകരതയ്ക്കും കൂട്ടക്കുരുതിക്കും പിന്നില്‍...!! ഇന്നും ചെറുസമൂഹങ്ങളിലും ജനതകള്‍ക്കിടയിലും സംഭവിക്കുന്ന ഭീകരതയ്ക്കു പിന്നിലും സ്വേച്ഛാശക്തികളാണ്! വിനാശത്തിനും ദുര്‍വിധിക്കും മരണത്തിനുമപ്പുറം എടുക്കേണ്ട ആദ്യപടി നീതിനിഷ്ഠമായ ആശയവിനിമയമാണ്, സത്യം ഏറ്റുപറയുകയാണ്!

6. ആവര്‍ത്തിക്കപ്പെടുന്ന നാബോത്തിന്‍റെ കഥ
വ്യാജാരോപണത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് യാക്കോസ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ട്. നാബോത്തിന്‍റെ കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ നമ്മുടെ കണ്‍മുന്‍പില്‍ എത്രയോ സമൂഹങ്ങളും വ്യക്തികളുമാണ് അനീതിയാല്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത് (1രാജ. 21, 1-16). എത്രയോ സ്വേച്ഛാശക്തികളുടെ വെള്ളപൂശിയ കറുത്തകൈകളാല്‍ വ്യക്തികളും രാഷ്ട്രങ്ങളും ജനതകളും സമൂഹങ്ങളും തകര്‍ക്കപ്പെടുന്നു!


(William Nellikkal)

18/06/2018 19:14