2018-06-14 17:31:00

DOCAT ​LXXI​: “രാഷ്ട്രീയത്തിലെ ധാര്‍മികത''


ഡുക്യാറ്റിന്‍റെ എട്ടാമധ്യായത്തില്‍ നല്‍കിയിരിക്കുന്ന രാഷ്ട്രീയാധികാരത്തെയും ധാര്‍മികതയെയും കുറിച്ചുള്ള ചര്‍ച്ചകളാണു  ഈ ദിനങ്ങളില്‍ നമ്മുടെ ശ്രദ്ധാവിഷയമായിരിക്കുന്നത്.   ഇന്ന് അധ്യായത്തിലെ 215 മുതല്‍ 218 വരെയുള്ള നാലു ചോദ്യങ്ങളാണ് നമ്മുടെ വിചിന്തനത്തിനുള്ളത്. രാഷ്ട്രീയ ധാര്‍മികത, യഥാര്‍ഥ അധികാരം, മനസ്സാക്ഷിപ്രകാരം രാഷ്ട്രീയാധികാരത്തിലെ തിന്മകളോടു പോരാടുവാനുള്ള കടമ എന്നിവയെക്കുറിച്ച് നാമിവിടെ ചിന്തിക്കുന്നു. മനുഷ്യവ്യക്തിയുടെ പ്രാഥമ്യം രാഷ്ട്രീയത്തിലും ഊന്നിപ്പറയേണ്ടതുണ്ട് എന്നു സഭ പഠിപ്പിക്കുന്നു. നമുക്ക് ഈ ചിന്തകളിലേയ്ക്കു ശ്രദ്ധ തിരിക്കാം. 215-ാം ചോദ്യത്തിനുത്തരം രാഷ്ട്രീയധാര്‍മികതയെക്കുറിച്ച് വ്യക്തത നല്‍കുന്നു.

ചോദ്യം 215: രാഷ്ട്രീയധാര്‍മികതയുടെ പ്രധാന താല്‍പ്പര്യം എന്താണ്?

“മനുഷ്യവ്യക്തിയാണ് രാഷ്ട്രീയജീവിതത്തിന്‍റെ അടിസ്ഥാനവും ലക്ഷ്യവും” (സഭയുടെ സാമൂഹി കപ്രബോധനസംക്ഷേപം, 384).  ഇതാണ് ക്രൈസ്തവ രാഷ്ട്രീയധാര്‍മികതയുടെ കേന്ദ്രസ്ഥ പ്രമേയം.  കൂടുതല്‍ മൂല്യമുള്ള ലക്ഷ്യങ്ങള്‍ നേടാന്‍ മനുഷ്യരെ മാര്‍ഗങ്ങളായി തരംതാഴ്ത്തുന്ന രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ മൂല്യങ്ങളില്ല.  ഇരുപതാം നൂറ്റാണ്ടിലെ എല്ലാ സര്‍വാധിപത്യ സമ്പ്രദായങ്ങളിലും വ്യക്തികള്‍ പ്രത്യയ ശാസ്ത്രങ്ങള്‍ക്കായി ബലിയര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.  മതത്തി ന്‍റെ തത്വംപോലും ദുരുപയോഗിക്കപ്പെടാം.  നമുക്കെല്ലാം അറിയാവുന്നതു പോലെ, യഥാര്‍ഥത്തില്‍ മതപരമായ ലക്ഷ്യങ്ങളുള്ള പ്രത്യയശാസ്ത്രങ്ങളും ഭീകരവാദത്തിന്‍റെ രൂപങ്ങളും ഉണ്ട്.  എന്നാലും മനുഷ്യവ്യക്തിയുടെ പ്രാഥമ്യം വീണ്ടും വീണ്ടും പരിരക്ഷിക്കേണ്ടതുണ്ട്.

ഇക്കാര്യത്തിന്‍റെ പ്രായോഗിക വിശദീകരണമാണ് ഉദാഹരണങ്ങളിലൂടെ പാപ്പാ, ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ വ്യക്തമാക്കുന്നത്. സ്റ്റേറ്റിനെ അതിശയിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വാധീനശക്തിയുള്ള കോര്‍പ്പറേറ്റുകളുണ്ടാകാം. മാഫിയസംഘങ്ങള്‍ ഉണ്ടാകാം. മനുഷ്യക്കടത്ത്, മയക്കുമരുന്ന് എന്നിവപോലെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് വളരാന്‍ സാധ്യത യൊരുങ്ങുന്നു. അവയെ നേരിടാനുള്ള ധാര്‍മികശക്തി രാഷ്ട്രീയത്തിനുണ്ടായില്ലെങ്കില്‍, അതു പൊതുനന്മയെ ആഗോളതലത്തില്‍ തന്നെ ഇല്ലാതാക്കും. അരാജകത്വം നടമാടും.  പാപ്പാ ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കുന്നു.

“ഏതെങ്കിലും ഒരു സ്ഥലത്ത് സ്റ്റേറ്റ് അതിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉപകാരികള്‍ എന്ന വ്യാജേന കുറേ ബിസിനസ്സ് ഗ്രൂപ്പുകള്‍ മുന്നോട്ടുവരികയും യഥാര്‍ഥ അധികാരം കൈയാളുകയും തങ്ങള്‍ ചില നിയമങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്നു കരുതുകയും ചെയ്യും. സംഘടിത കുറ്റകൃത്യങ്ങളുടെ വിവിധ രൂപങ്ങള്‍ക്ക് ഇടംകൊടുക്കുക പോലും ചെയ്യും.  മനുഷ്യക്കട‌ത്ത്, മയക്കുമരുന്നു വ്യാപാരം, അക്രമം, എന്നിവവരെയുണ്ടാകാന്‍ അവസരംനല്‍കും. ഇവയെല്ലാം പിഴുതെറിയാന്‍ വളരെ പ്രയാസമുണ്ട്.  അത്തരം വിനാശകരമായ ചിന്താഗതിയെ തകര്‍ക്കാന്‍ കഴിവില്ലാത്ത ഒന്നായി രാഷ്ട്രീയം സ്വയം പ്രകാശിക്കുകയും അനന്തര ഫലങ്ങളില്ലാത്ത ചര്‍ച്ചകളില്‍ മുഴുകുകയും ചെയ്യുമ്പോള്‍ നമ്മള്‍ മനുഷ്യവംശത്തിന്‍റെ പ്രധാന പ്രശ്നങ്ങളെ നേരിടാതെ കഴിഞ്ഞുകൂടും” (ഫ്രാന്‍സീസ് പാപ്പാ, LS 197).

അധികാരം ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ ശരിയായ വിധത്തില്‍ ഇല്ലാതിരുന്നാല്‍ അത് അരാജകത്വമാണ്.  അധികാരം ഉചിതമായി പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് അടുത്ത ചോദ്യത്തിലൂടെ ഡുക്യാറ്റ് വിശദീകരിക്കുന്നു. 

ചോദ്യം 216: എങ്ങനെയാണ് യഥാര്‍ഥ അധികാരം പ്രവര്‍ത്തിക്കുന്നത്?

അധികാരമില്ലാതിരുന്നാല്‍ ഏതു മനുഷ്യസമൂഹവും തകര്‍ന്നുപോകും.  തീര്‍ച്ചയായും അധികാരം സ്വേച്ഛാപരമായിരിക്കരുത്.  അധികാരം ആളുകളെ സ്വാതന്ത്ര്യത്തിന്‍റെ പൊതുനന്മയിലേയ്ക്കു ന യിക്കാന്‍ സേവനം ചെയ്യുന്നു.  പൊതുനന്മ സ്വേച്ഛാപരമായ തീരുമാനത്തിലല്ല ഉള്‍ക്കൊണ്ടിരിക്കു ന്നത്.  പൊതുനന്മ എല്ലാവര്‍ക്കുമുള്ള നന്മയാകയാല്‍ എല്ലാവരും യുക്തിപൂര്‍വകമായും സ്വന്തം താല്‍പ്പര്യമനുസരിച്ചും അതു നേടാന്‍ പ്രവണത കാണിക്കണം.  ഇങ്ങനെയാണെങ്കില്‍ ക്രൈസ്ത വര്‍ മനസ്സാക്ഷിപ്രകാരം അധികാരത്തെ അനുസരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.  എല്ലാ രാഷ്ട്രീ യാധി കാരവും നിലനില്‍ക്കുന്നത് മാനുഷിക മനസ്സാക്ഷിയുടെ മഹത്വമാകുന്ന അടിത്തറമേലാണ്.  അതു കൊണ്ട്, ധാര്‍മിക തത്വങ്ങളാല്‍ നയിക്കപ്പെടുന്ന എല്ലാ രാഷ്ട്രീയവും മനസ്സാക്ഷിയെന്ന സങ്കല്പ ത്തെ രാഷ്ട്രീയാധികാരത്തിന്‍റെ പ്രയോഗങ്ങളിലെ കേന്ദ്രസ്ഥ  ഇനമാക്കും.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും (1897-1922) ഒപ്പം, യുവജനമതബോധനഗ്രന്ഥവും ഇക്കാര്യം സുഗ്രഹമാക്കുന്നുണ്ട്. യുവജനമതബോധനഗ്രന്ഥം 325-ല്‍ നാം വായിക്കുന്നു: "ഓരോ സമൂഹവും ക്രമവത്കൃതവും അവഗാഢവും സുഗമമായി പ്രവര്‍ത്തിക്കുന്നതുമാണെന്ന് ഉറപ്പുവരുത്താനും സ്വന്തം വികസനം വളര്‍ത്താനും നിയമാനുസൃതമായ അധികാരത്തെ ആശ്രയിക്കുന്നു.  നിയമാനുസൃതമായ അധികാരത്താല്‍ ഭരിക്കപ്പെടാന്‍ മനുഷ്യര്‍ സ്വയം അനുവദിക്കുകയെന്നത് ദൈവസൃഷ്ടിയെന്ന നിലയില്‍ മനുഷ്യപ്രകൃതിക്ക് ചേര്‍ന്നതാണ്. സ്വാഭാവികനിയമമാണത്".

സ്വാഭാവികനിയമം: മനുഷ്യന്‍റെ പ്രകൃതിയില്‍ തന്നെ ഉള്ളതായി പ്രഖ്യാപിക്കപ്പെട്ടതാണ്. പ്രവൃത്തികളുടെ നിയമവും മാനദണ്ഡവുമാണ് സ്വാഭാവിക നിയമം.  അതു പ്രവൃത്തികളെ അവയുടെ ശരീയായ ലക്ഷ്യത്തിലേയ്ക്കു നയിക്കുന്നു.  ദൈവത്തിന്‍റെ ശാശ്വത നിയമത്തില്‍ മനുഷ്യനുള്ള ഭാഗഭാഗിത്വമാണത്.  അതു യുക്തികൊണ്ടു മാത്രമേ അറിയാന്‍ കഴിയുകയുള്ളു.

അധികാരം സ്വാഭാവികനിയമത്താല്‍ നിയന്ത്രിക്കപ്പെടുക എന്നതും ആവശ്യമാണ്.  നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും പ്രയോഗിക്കുമ്പോഴും സ്വാഭാവികനിയമത്തിനു വിരുദ്ധമാകാതിരിക്കുക ആവ ശ്യമാണ്. സ്വാഭാവികനിയമവും ആ മൂല്യങ്ങള്‍ക്കു വിരുദ്ധമായ നിയമവും എങ്ങനെയെന്ന് ഉദാഹരണത്തിലൂടെ അടുത്ത ചോദ്യം വിശദീകരിക്കുന്നു.

ചോദ്യം 217: അധികാരം എന്തിനാല്‍ നിയന്ത്രിക്കപ്പെടുന്നു?

മനുഷ്യപ്രകൃതിയോടു നേരിട്ടു വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്ന മൗലിക ധാര്‍മിക മൂല്യങ്ങളെ പ്രകാശിപ്പിക്കുന്ന സ്വാഭാവികനിയമത്താല്‍ എല്ലാ അധികാരവും നിയന്ത്രിക്കപ്പെടുന്നു.  ഏതെങ്കിലും അധികാരി ഈ മൂല്യങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങളും ചട്ടങ്ങളും ക്രോഡീകരിച്ചാല്‍ അതു നീതിയല്ലാത്ത നിയമങ്ങളായിത്തീരും.  മറ്റു വാക്കുകളില്‍, ആ നിയമങ്ങള്‍ പാലിക്കാന്‍ ആര്‍ക്കും കടമയില്ല.  സ്വാഭാവിക നിയമത്തിന്‍റെ സാധുത മൂലം, ഉദാഹരണമായി, നാസി യുദ്ധത്തിലെ കുറ്റക്കാര്‍ക്ക് തങ്ങള്‍ നിയമമനുസരിച്ചു ചെയ്തതേയുള്ളു എന്നോ നിയമാനുസൃത അധികാരിയുടെ കല്‍പ്പനകള്‍ അനുസരിച്ചതേയുള്ളു എന്നോ വാദിക്കാന്‍കഴിയില്ല.  ഇന്ന് ഈ ഉള്‍ക്കാഴ്ചകള്‍ അന്താരാഷ്ട്ര നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുവജനമതബോധനഗ്രന്ഥം ഇതുറപ്പിച്ചു പറയുന്നതു കേള്‍ക്കാം.  സ്വേച്ഛാപരവും നീതിരഹിതവുമായ അഥവാ സ്വാഭാവിക ധാര്‍മികക്രമത്തിന് എതിരായ നിയമങ്ങള്‍ അനുസരിക്കാന്‍ ആര്‍ക്കും കടമയില്ല.  ആ സാഹചര്യങ്ങളില്‍ അവയെ എതിര്‍ക്കാന്‍ അവകാശമുണ്ട്, ചില സാഹചര്യങ്ങ ളില്‍ എതിര്‍ക്കാന്‍ കടമയുമുണ്ട് (326)  ഇതു ബെനഡിക്ട് 16-ാമന്‍പാപ്പായും പഠിപ്പിക്കുന്നു.

“സ്രഷ്ടാവു നിശ്ചയിച്ച ഏകമാനുഷിക സ്വഭാവത്തിന്‍റെ പ്രകാശനമെന്ന നിലയില്‍ എല്ലാ സംസ്ക്കാ രങ്ങളിലും ധാര്‍മികമായ ഏകത്ര കേന്ദ്രീകരിക്കലിന്‍റെ ഉദാഹരണങ്ങളുണ്ട്.  ചിലത് ഒറ്റപ്പെട്ടവയാ യിരിക്കും.  വേറെ ചിലത് പരസ്പരം ബന്ധപ്പെട്ടവയായാരിക്കും.  ധാര്‍മിക ജ്ഞാനത്തിന്‍റെ പാ രമ്പര്യം ഇതിനെ സ്വാഭാവിക നിയമമായി അറിയുന്നു.  ഈ സാര്‍വത്രിക ധാര്‍മികനിയമം സാം സ്ക്കാരികവും മതപരവും രാഷ്ട്രീയവുമായ എല്ലാ സംവാദത്തിനും ഗുണകരമായ അടിസ്ഥാനം നല്‍കുന്നു.  സാംസ്ക്കാരിക വൈവിധ്യത്തിന്‍റെ ബഹുത്വം സത്യത്തിനും നന്മയ്ക്കും ദൈവത്തിനും വേണ്ടിയുള്ള പൊതു അന്വേഷണത്തില്‍ നിന്നു സ്വയം മാറിനില്‍ക്കുന്നില്ല എന്ന് ഇത് ഉറപ്പു തരുന്നു” (ബെനഡിക്ട് 16-ാമന്‍ പാപ്പാ CV 59).

ഇതേത്തുടര്‍ന്നുള്ള 218-ാമത്തെ ചോദ്യം, രാഷ്ട്രീയാധികാരത്തിലെ, സ്വാഭാവിക നിയമത്തിനു വിരുദ്ധമായവയെ എതിര്‍ക്കുക എന്ന ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ചാണ്.

ചോദ്യം 218: മനസ്സാക്ഷിപ്രകാരമുള്ള എതിര്‍പ്പും പ്രതിരോധവും എന്തുകൊണ്ടാണ് നിയമാ നുസൃതമായിരിക്കുന്നത്?

ആത്യന്തികമായി കടപ്പെടുത്തുന്നതാണെന്ന് ഒരിക്കലും അവകാശപ്പെടാന്‍ നൈയാമികമോ രാഷ്ട്രീ യമോ ആയ ഒരു സമ്പ്രദായത്തിനും സാധ്യമല്ല. രാഷ്ട്രീയാധികാരത്തിന്‍റെ പരിധിയ്ക്കപ്പുറം വൈ യക്തിക മനസ്സാക്ഷിയുടെ ഉത്തരവാദിത്വം കടന്നുപോകുന്നു. വസ്തുനിഷ്ഠമായ ധാര്‍മികക്രമത്തോ ടും പൊതുനന്മയോടും അര്‍ഹമായ പരിഗണന കാണിക്കണം. ഒരുവന്‍റെ മൗലിക ബോധ്യങ്ങള്‍ക്ക് കടകവിരുദ്ധമായ ഒരു കാര്യംചെയ്യാന്‍ ഒരുവനും നിര്‍ബന്ധിക്കപ്പെടരുത്. പട്ടാളസേവനത്തോടുള്ള മനസ്സാക്ഷിപ്രകാരമുള്ള എതിര്‍പ്പില്‍ ഇതു തുടങ്ങുന്നു. താഴെക്കാണുന്ന ചോദ്യംവരെ അതു വ്യാപിക്കുന്നു: ആചാരാനുസരണം നിയമാനുസൃതനായ ഒരു ഭരണകര്‍ത്താവിനെ വധിക്കുന്നത് എന്നെങ്കിലും നിയമാനുസൃതമാകുമോ?  വിശുദ്ധ ആഗസ്തീനോസുമുതല്‍ വിശുദ്ധ തോമസ് അക്വീ നാസ് വരെയുള്ള എല്ലാ ക്രൈസ്തവ ഗ്രന്ഥകാരന്മാരും ഇതു ശരിവച്ചു.  അങ്ങേയറ്റം കരുതലോടെയും കര്‍ക്കശമായി നിര്‍വചിച്ചിട്ടുള്ള വ്യവസ്ഥകളുടെ കീഴിലുമാണ് അങ്ങനെ ചെയ്തിട്ടുള്ളത്.

മനസ്സാക്ഷിയുടെ സ്വരം ദൈവസ്വരമാണ്.  നന്മയെ സ്വീകരിക്കാനും തിന്മയെ എതിര്‍ക്കാനും മന സ്സാക്ഷിയുടെ സ്വരം നാം ഉപയോഗപ്പെടുത്തണം. അത് ഉപയോഗപ്പെടുത്താത്തതിനെക്കുറിച്ച് ഒരു പോളിഷ് തമാശയുണ്ട്. സ്തനിസ്ലാവ് ജേര്‍സി ലെക് (1909-1966) പറഞ്ഞിട്ടുള്ളതാണത്:  “അവന്‍റെ മനസ്സാക്ഷി ശുദ്ധമായിരുന്നു.  അവന്‍ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല”.

വിവേകമില്ലാത്ത നിയമം സ്വാര്‍ഥപൂര്‍ണമാകും. പൊതുനന്മയെ ആദരിക്കാത്തതാകും. എഡ്വേര്‍ഡ് എബി എന്ന അമേരിക്കന്‍ ഗ്രന്ഥകാരന്‍ പറയുന്നു: “വിവേകത്തെ വിശ്വസിക്കാതിരിക്കല്‍ സ്വേച്ഛാ ധിപത്യത്തിന്‍റെ ആരംഭമാണ്” (എഡ്വേര്‍ഡ് എബി, 1927-1989, അമേരിക്കന്‍ ഗ്രന്ഥകാരന്‍).

ജനാധിപത്യത്തില്‍ ജനങ്ങള്‍ മനസ്സാക്ഷിയുടെ സ്വരം ഉപയോഗപ്പെടുത്തുക അവകാശവും കടമയുമാണ്.  അതില്ലെങ്കില്‍ ചെസ്റ്റര്‍ട്ടണ്‍ പറയുന്നതുപോല, “നമ്മുടെ ജനാധിപത്യത്തിന് ഒരു വലിയ കുഴപ്പമേ ഉള്ളു: അതു ജനാധിപത്യപരമല്ല” (ചെസ്റ്റര്‍ട്ടണ്‍ 1874-1936) എന്നു പറയേണ്ടിവരും. 

കുടുംബത്തിലായാലും സമൂഹത്തിലായാലും രാഷ്ട്രത്തിലായാലും ഓരോ വ്യക്തിക്കുമുളള അന്യാധീനപ്പെടുത്താനാവാത്ത മഹത്വം ആദരിക്കപ്പെടുകയും, ആ മഹത്വത്തില്‍ നിന്നുണ്ടാകുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യണം.  അതു ഭ്രൂണാവസ്ഥ മുതല്‍ മരണം വരെ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം എന്നു സഭ പഠിപ്പിക്കുന്നു.  ഇല്ലെങ്കില്‍ ഭ്രൂണ ഹത്യ, ദയാവധം, മററുതരത്തിലുള്ള മാനവാന്തസ്സിനെതിരായുള്ള തിന്മകള്‍ എന്നിവ സമൂഹവും രാഷ്ട്രവും അംഗീകരിച്ചെന്നു വരും.  അതുകൊണ്ട് നമുക്കു സ്വാഭാവികനിയമത്തോടു ചേര്‍ന്നു നില്‍ക്കുന്ന, ദൈവസ്വരത്തിലധിഷ്ഠിതമായിരിക്കുന്ന ക്രിസ്തീയ ധാര്‍മികതയോടെ സാമൂഹിക തിന്മകളെ എതിര്‍ക്കുവാന്‍ അവകാശവും കടമയുമുണ്ട്.








All the contents on this site are copyrighted ©.