2018-06-13 13:04:00

പത്തു കല്പനകള്‍ - പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


റോമില്‍ വേനല്‍ക്കാലചൂടിന്‍റെ കാഠിന്യം പെട്ടെന്നു കുറഞ്ഞിരിക്കുന്നു. ഈ ബുധനാഴ്ച(13/06/18)  കാര്‍മേഖ ശകലങ്ങള്‍ ഇടയ്ക്കിടെ അര്‍ക്കാംശുക്കളെ തടയുന്നുണ്ടായിരുന്നു. ഈ ദിനങ്ങളില്‍ വൃഷ്ടിയും കാലാവസ്ഥനിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നു. എന്നിരുന്നാലും ബുധനാഴ്ച പതിവുള്ള ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ    ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണമായിരുന്നു ഈ ആഴ്ചയും. വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു. വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആര്‍പ്പുവിളികളോടുംകൂടെ വരവേറ്റു.ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തു കൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി അവിടെ മുന്നില്‍ ഇരുന്നിരുന്ന രോഗികളുടെ ചാരെ അല്പസമയം ചിലവഴിച്ചു. തുടര്‍ന്ന് ഒരു സംഘം ബാലികാബാലന്മാരാല്‍ അനുഗതനായി പ്രസംഗവേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? 18 യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. 19 പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. 20 അവന്‍ പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നു. 21 യേശു സ്നേഹപൂര്‍വ്വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”. (മര്‍ക്കോസ് 10: 17,21)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ കല്പനകളെ അധികരിച്ച് പുതിയൊരു പ്രബോധന പരമ്പരയ്ക്ക് തുടക്കം കുറിച്ചു.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ  വിചിന്തനം ആരംഭിച്ച പാപ്പാ പാദൊവായിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാള്‍ ജൂണ്‍ 13 ന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ആ വിശുദ്ധന്‍റെ നാമം പേറുന്ന എല്ലാവര്‍ക്കും നാമഹേതുകത്തിരുന്നാള്‍ ആശംസകള്‍ ഏകുകയും ചെയ്തുകൊണ്ട് ഇപ്രകാരം തുടര്‍ന്നു:

പ്രഭാഷണസംഗ്രഹം:

ഇന്നു നാം പുതിയൊരു പ്രബോധനപരമ്പര ആരംഭിക്കുകയാണ്. കല്പനകളാണ് വിചിന്തന വിഷയം. ദൈവികനിയമത്തിന്‍റെ കല്പനകളാണവ. അതിലേക്കു കടക്കുന്നതിന് നമുക്ക് ഇപ്പോള്‍ നാം വായിച്ചുകേട്ട സുവിശേഷ ഭാഗം ഒന്നു വിശകലനം ചെയ്യാം. യേശുവും യുവാവായ ഒരു മനുഷ്യനുമായുള്ള കൂടിക്കാഴ്ച. നിത്യജീവന്‍ അവകാശമാക്കാന്‍ താന്‍ എന്തു ചെയ്യണമെന്ന് ആ മനുഷ്യന്‍ മുട്ടുകുത്തി യേശുവിനോടു ചോദിക്കുന്നു. ആ ചോദ്യത്തില്‍ ഓരോ അസ്തിത്വത്തിന്‍റെയും നമ്മുടെ അസ്തിത്ത്വത്തിന്‍റെയും വെല്ലുവിളി അടങ്ങിയിരിക്കുന്നു: അതായത്, പുര്‍ണ്ണവും ശാശ്വതവുമായ ഒരു ജീവിതത്തിനായുള്ള അഭിവാഞ്ഛ. അതു പ്രാപിക്കാന്‍ എന്തു ചെയ്യണം? ഏതു സരണിയിലൂടെയാണ് സഞ്ചരിക്കേണ്ടത്? യഥാര്‍ത്ഥ ജീവിതം നയിക്കുക, അന്തസ്സാര്‍ന്ന ജീവിതം നയിക്കുക. എത്ര യുവജനങ്ങള്‍ ജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്. ക്ഷണികങ്ങളായവയുടെ പിന്നാലെ പോയി എത്ര പേര്‍ ജീവിതം നശിപ്പിക്കുന്നു.

ചിലര്‍ ചിന്തിക്കുന്നു ഈ ത്വര അപകടരമാകയാല്‍ കെടുത്തിക്കളയുന്നതാണ് നല്ലതെന്ന്. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, പ്രത്യേകിച്ച്, യുവജനങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്:  എത്ര നാടകീയവും ഗുരുതരവുമായിക്കൊള്ളട്ടെ, സമൂര്‍ത്തങ്ങളായ ആ പ്രശ്നങ്ങളല്ല നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു. മറിച്ച് തിന്മയായ അരൂപിയെ സ്വീകരിക്കലാണ്. അത് സൗമ്യതയുടെയൊ എളിമയുടെയൊ ചൈതന്യമല്ല മറിച്ച്, സാമാന്യത്വത്തിന്‍റെയും ഭീരുത്വത്തിന്‍റെയും അരൂപിയാണ്. മന്ദോഷ്ണതയില്‍ ജീവിക്കുന്ന ഒരു യുവാവിന് ഭാവിയുണ്ടോ? ഇല്ല. അവന്‍ അവിടെ നിശ്ചലനായിപ്പോകുന്നു. അത്തരാക്കാരായ യുവജനങ്ങള്‍ക്ക് മുന്നോട്ടു പോകാനാകില്ല. വാഴ്ത്തപ്പെട്ട പീയെര്‍ ജോര്‍ജൊ ഫ്രസ്സാസി പറയുമായിരുന്നു “ നാം ജീവിക്കണം, ജീവിതം വലിച്ചിഴയ്ക്കരുത്. ആരോഗ്യകരമായ ഒരു അസ്വസ്ഥത, സൗര്യവും വര്‍ണ്ണവുമില്ലാത്ത ഒരു ജീവിതത്തില്‍ ഒതുങ്ങിക്കൂടാതിരിക്കാനുള്ള ഒരു കഴിവ് യുവജനത്തിനു ലഭിക്കുന്നതിനായി നാം പ്രാര്‍ത്ഥിക്കണം. അധികൃതമായ ഒരു ജീവിതത്തിനായി യുവജനം ആഗ്രഹിക്കാത്തപക്ഷം നരകുലത്തിന്‍റെ ഗതി എന്താകും? 

സുവിശേഷത്തിലെ ആ മനുഷ്യന്‍ ഉന്നയിച്ച ചോദ്യം നമ്മുടെ എല്ലാവരുടെയും മനസ്സിലുണ്ട്. ജീവിതം, സമൃദ്ധമായ ജീവിതം, ആനന്ദം എങ്ങനെ കണ്ടെത്തും? യേശു ഉത്തരമരുളുന്നു. “നിനക്ക് കല്പനകള്‍ അറിയമല്ലോ?”. തുടര്‍ന്ന് യേശു പത്തു പ്രമാണങ്ങളുടെ ഒരു ഭാഗം ഉദ്ധരിക്കുകയും ചെയ്യുന്നു. ഇത് അവിടത്തെ പ്രബോധന ശൈലിയാണ്. നമ്മെ സുനിശ്ചിതമായിടത്തിലേക്ക് അവിടന്നു നയിക്കുന്നത് ഇപ്രകാരമാണ്. ആ യുവാവിന്‍റെ  ചോദ്യത്തില്‍നിന്നുതന്നെ വ്യക്തമാണ് ആ മനുഷ്യന്‍റെ ജീവിതം പൂര്‍ണ്ണമല്ലെന്ന്. അവന്‍ അസ്വസ്ഥാനാണ്. കൂടുതലായുള്ള അന്വേഷണത്തിലാണ്. ആകയാല്‍ എന്താണ് മനസ്സിലാക്കേണ്ടത്? ആ യുവാവ് യേശുവിനോട് പറയുന്നു, താന്‍ ചെറുപ്പം മുതലേ ഈ കല്പനകള്‍ പാലിക്കുന്നുണ്ട് എന്ന്.

യുവത്വത്തില്‍ നിന്ന് പക്വതയിലേക്ക് എങ്ങനെയാണ് കടക്കുക? സ്വന്തം പോരായ്മകള്‍ അംഗീകരിച്ചുകൊണ്ടാണ് അതു ചെയ്യുക. സ്വന്തം കുറവുകള്‍ അംഗീകരിക്കുകയാണ് യുവത്വത്തില്‍ നിന്ന് പ്രായ പക്വതയിലേക്കുള്ള കടക്കല്‍. തനിക്കുള്ള കുറവുകളെക്കുറിച്ചു അവബോധം പുലര്‍ത്തുമ്പോള്‍ ഒരുവന്‍ പക്വത പ്രാപിക്കുകയാണ്.

സ്ത്രപുരുഷന്മാരായിരിക്കുക എത്ര മനോഹരം. നമ്മുടെ അസ്തിത്വം എത്ര വിലയേറിയതാണ്. അപ്പോഴും ഇക്കഴിഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ മനുഷ്യന്‍ പലപ്പോഴും തിരസ്ക്കരിച്ചതും ദുരന്തഫലങ്ങള്‍ ഉളവാക്കിയതുമായ ഒരു സത്യം ഉണ്ട്. അത് മനുഷ്യന്‍റെ പോരായ്മകളെ അവന്‍റെ പരിമിതികളെ സംബന്ധിച്ച സത്യമാണ്.

യേശു സമ്പന്നനായ ആ യുവാവിനോടു പറയുന്നു: നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു  കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും.

ഇവിടെ നാം കാണുക “ ഞാന്‍ വന്നിരിക്കുന്നത് നിയമം ഇല്ലാതാക്കാനല്ല പ്രത്യുത പൂര്‍ത്തീകരിക്കാനാണ്” എന്ന യേശുവിന്‍റെ വാക്കുകളുടെ പൊരുളാണ്. ദാരിദ്ര്യമല്ല സമ്പന്നതയാണ്, യഥാര്‍ത്ഥ സമ്പന്നതയാണ് യേശു യുവാവിനുള്ള ക്ഷണത്തിലൂടെ അവതരിപ്പിക്കുന്നത്.

യേശു നല്കുന്നത് യഥാര്‍ത്ഥ ജീവിതമാണ്, യഥാര്‍ത്ഥ സ്നേഹമാണ്, യഥാര്‍ത്ഥ സമ്പന്നതയാണ് അവയ്ക്ക് പകരമുള്ളവയല്ല. പകര്‍പ്പുകളല്ല “അസ്സല്‍” നാം തിരഞ്ഞെടുക്കുന്നതു കാണാതെ യുവജനത്തിനെങ്ങനെ വിശ്വാസത്തില്‍ നമ്മെ പിന്‍ചെല്ലാന്‍ സാധിക്കും? ഇടത്തരക്കാരായ ക്രിസ്ത്യാനകള്‍ ഉണ്ടെങ്കില്‍ അതു മോശമാണ്. അവര്‍ കുള്ളന്മാരെപ്പോലെയാണ്. ഒരു പരിധിക്കപ്പുറം അവര്‍ വളരില്ല. അപ്പുറത്തേക്കു വളരുന്നവരുടെ മാതൃക ആവശ്യമാണ്. “മാജിസ്” എന്നാണ് വിശുദ്ധ ഇഗ്നേഷ്യസ് പറയുക. നിദ്രാലസരെ കുലുക്കിയുണര്‍ത്തുന്ന കര്‍മ്മ തീവ്രതയാണ്, അഗ്നിയാണ് അത്.

നാം അസാധാരണമായതിലേക്ക് നമ്മെത്തന്നെ തുറക്കുന്നതിനായി സാധാരണമായവയെ സസൂക്ഷ്മം പരിശോധിക്കണം. യുവത്വത്തിന്‍റെ മായാലോകത്തുനിന്ന് സ്വര്‍ഗ്ഗീയ നിക്ഷേപത്തിലേക്കു കടക്കുന്നതിന് യേശുവിന്‍റെ കൈപിടിച്ച് നാം മോശയുടെ രണ്ടു കല്പനാഫലകങ്ങള്‍ ഈ പ്രബോന പരമ്പരയില്‍ കൈകളിലേന്തി അവിടത്തെ അനുഗമിക്കും. പുരാതനവും വിജ്‍ഞാനപരവുമായ ആ നിയമങ്ങളിലോരോന്നിലും സ്വര്‍ഗ്ഗീയ പിതാവ് തുറന്നിട്ട വാതില്‍ നാം കണ്ടെത്തും. താന്‍ കടന്ന ആ വതിലിലൂടെ യേശു സത്യജീവിതത്തിലേക്കു, അവിടത്തെ ജീവിതത്തിലേക്ക്, ദൈവമക്കളുടെതായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നതിനുവേണ്ടിയാണ് പിതാവ് അതു തുറന്നിട്ടിരിക്കുന്നത്. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

റഷ്യയില്‍ ജൂലൈ 15 വരെ നീളുന്ന ലോക കാല്‍പ്പന്തുകളി മത്സരം ഈ വ്യാഴാഴ്ച (14/06/18) ആരംഭിക്കുന്നത് അനുസ്മരിച്ച പാപ്പാ കളിക്കാര്‍ക്കും സംഘാടകര്‍ക്കും   മംഗളങ്ങള്‍ നേരുകയും സുപ്രധാനമായ ഈ മാമാങ്കം സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സമാഗമത്തിന്‍റെയും സംഭാഷണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അവസരമായി ഭവിക്കട്ടെയെന്നും രഷ്ട്രങ്ങള്‍ക്കു മദ്ധ്യേ ഐക്യദാര്‍ഢ്യവും സമാധാനവും പരിപോഷിപ്പിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.  

പൊതുദര്‍ശനപരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ പാവപ്പെട്ടവരുടെ മദ്ധ്യസ്ഥനും സഭാപാരംഗതനുമായ വിശുദ്ധ അന്തോണീസിന്‍റെ  തിരുന്നാള്‍ ഈ ബുധനാഴ്ച ആചരിക്കപ്പെട്ടത് അനുസ്മരിക്കുകയും ആത്മാര്‍ത്ഥവും സൗജന്യവുമായ സ്നേഹത്തിന്‍റെ മനോഹാരിത ആ വിശുദ്ധന്‍ അവരെ പഠിപ്പിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.