2018-06-13 20:03:00

ഫീഫാ ഫുട്ബോള്‍ മേളയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിവാദ്യങ്ങള്‍!


റഷ്യയില്‍ ജൂണ് 14-ന്, വ്യാഴാഴ്ച ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോള്‍ മേളയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജൂണ്‍ 13-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ലോകകപ്പ് ഫുഡ്ബോള്‍ മേളയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.

കളിക്കാര്‍ക്കു മാത്രമല്ല, അതിന്‍റെ സംഘാടകര്‍ക്കും കളി നിയന്തിക്കുന്നവര്‍ക്കും, കളികാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്കും, സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ അതില്‍ പങ്കുചേരുന്ന സകലര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.സംസ്ക്കാരങ്ങളും മതങ്ങളും തമ്മില്‍ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളര്‍ത്താനുള്ള അവസരമാവട്ടെ
ഈ ഫുട്ബോള്‍ മത്സരം! അതുവഴി രാഷ്ട്രങ്ങളില്‍ ഐക്യവും സമാധാനവും വളരട്ടെ, എന്നാണ് പാപ്പാ ആശംസിച്ചത്.
പാപ്പായുടെ ആശംസയെ പിന്‍തുണച്ചുകൊണ്ട് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിച്ച ആയിരങ്ങള്‍ ഹസ്തഘോഷം മുഴക്കി.

വ്യാഴാഴ്ച ജൂണ്‍ 14-ന് ആരംഭിക്കുന്ന ഫീഫാ ലോകകപ്പ് കായികോത്സവം (FIFA-Federation of International Football Associations)
ജൂലൈ 15-വരെ നീണ്ടുനില്ക്കും. ഒരു മാസത്തിലധികം നീളുന്ന 8 പൂളുകളായുള്ള മത്സരങ്ങളില്‍‍ റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് മത്സരിക്കുന്നത്. റഷ്യയിലെ ഫുട്ബോള്‍ മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയിട്ടുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കൊറിയ, ജപ്പാന്‍, ഇറാന്‍, സൗദി അറേബ്യ എന്നിവയാണ്. ഫുട്ബോള്‍ സംസ്ക്കാരമുള്ള ഇറ്റലിക്ക് ഇക്കുറി യോഗ്യതനേടാനായില്ലെന്നത് കായികപ്രേമികളെ ഏറെ നിരശപ്പെടുത്തുന്നുണ്ട്. പാപ്പാ ഫ്രാന്‍സിസിന്‍റെ ജന്മനാടും ചാമ്പ്യന്മാരുമായ അര്‍ജന്‍റീന ബ്രസ്സീല്‍, കൊളംമ്പിയ, മെക്സിക്കോ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പം കളത്തിലിറങ്ങും. നാലുവര്‍ഷം കൂടുമ്പോഴുള്ള ഈ രാജ്യന്തര മത്സരത്തിന‍് 2014-ല്‍ ബ്രസീലാണ് വേദിയായത്. ഫീഫായുടെ 209 അംഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളാണ് റഷ്യയില്‍ മത്സരിക്കുന്നത്. 12 വിവിധ നഗരങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫീഫാ കപ്പിന്‍റെ 21-Ɔο  ഊഴത്തിനാണ് റഷ്യ ആതിഥ്യം വഹിക്കുന്നത്.








All the contents on this site are copyrighted ©.