സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

ഭയപ്പെടരുതെന്ന് യുവജനങ്ങളോട് പാപ്പാ ഫ്രാന്‍സിസ്

യുവജനങ്ങളോട്... (ഫയല്‍ ചിത്രം... സ്കോളാസ് ) - AP

12/06/2018 09:25

2018 –ലെ ആഗോള യുവജനദിന സന്ദേശം
- ആദ്യഭാഗത്തെ ചിന്താമലരുകള്‍ ശബ്ദരേഖയോടെ.
 


ലോകയുവജനോത്സവത്തിന് ഒരുങ്ങാം
2018–ല്‍ ആഗോളസഭ ആചരിക്കുന്ന യുവജനദിനം തെക്കേ അമേരിക്കയിലെ പനാമയില്‍ 2019 ജനുവരിയില്‍ സംഗമിക്കാന്‍ പോകുന്ന ലോക യുവജനോത്സവത്തിന് ഒരുക്കമാണെന്നു പറയാം. യുവജനങ്ങളുടെ ഈ തീര്‍ത്ഥാടനത്തിനിടെ സഭയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനം 2018-ഒക്ടോബറില്‍ നടക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. യുവജനങ്ങളുടെ വിശ്വാസവും അവരുടെ ജീവിത തിരഞ്ഞെടുപ്പുകളും (Young people, their faith and vocational discernment) എന്നതാണ് സിനഡിന്‍റെ പ്രതിപാദ്യവിഷയം.  ഇത് ഏറെ സന്തോഷമുള്ളതും ഫലപ്രദവുമായ ഒരു സന്ധിചേരലും യാദൃശ്ചികതയുമാണ്.  കാരണം നിങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള ആഗ്രഹത്തോടെയാണ് സഭയുടെ സൂക്ഷ്മ ദൃഷ്ടിയും പ്രാര്‍ത്ഥനയും ധ്യാനവും ഇത്തവണ യുവജനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നത്.  കാരണം നിങ്ങള്‍ ദൈവത്തിനെന്നപോലെ, സഭയ്ക്കും ലോകത്തിനും ഏറെ വിലപ്പെട്ടവരാണ്.

നിങ്ങള്‍ ഭയപ്പെടരുത്!
രക്ഷകനായ യേശുവിന്‍റെ അമ്മയാകാന്‍ ഭാഗ്യമുണ്ടായ നസ്രത്തിലെ മറിയത്തെ ദൈവം നമ്മുടെ ജീവിത പ്രയാണത്തില്‍ സഹയാത്രികയും മാതൃകയും മധ്യസ്ഥയുമായി തിരഞ്ഞെടുത്തിരിക്കുന്നതും നല്കിയിരിക്കുന്നതും ഏവര്‍ക്കും അറിവുള്ള വസ്തുതയാണ്. സിനഡിലൂടെയും പനാമയിലെ ലോകയുവജന സംഗമത്തിലൂടെയും കന്യകാനാഥ നമ്മുടെകൂടെ ചരിക്കും. “ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു” (ലൂക്ക 1: 41).
മറിയത്തിന്‍റെ സ്തോത്രഗീതത്തിലെ ഈ വാക്കുകളാണ് 2017-ലെ യുവജനദിനത്തിലൂടെ നമ്മെ നയിച്ചതെങ്കില്‍ ഈ വര്‍ഷം, 2018-ല്‍ നാം അമ്മയോടു ചേര്‍ന്ന് ദൈവികമായ ആത്മധൈര്യം ഉള്‍ക്കൊള്ളുകയും അവിടുത്തെ വിളിയോടു പ്രതികരിക്കാന്‍ ആവശ്യമായ കൃപ തേടുകയും  ചെയ്യുന്നത് മറ്റൊരു വചനത്തിലൂടെയാണ്. “മറിയമേ, ഭയപ്പെടേണ്ട, നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു”! (ലൂക്ക 1: 30). ഗബ്രിയേല്‍ ദൈവദൂതന്‍  ഗലീലിയായിലെ ഗ്രാമീണ കന്യകയായ മറിയത്തോട് അരുള്‍ചെയ്ത വാക്കുകളാണിവ.

ദൈവദൂതന്‍റെ പ്രത്യക്ഷപ്പെടലും തന്‍റെ മുന്നില്‍ ദൂതന്‍ ഒരു നിമിഷത്തില്‍ ചടുതിയില്‍ അവതരിപ്പിച്ച,  “കൃപ നിറഞ്ഞവളെ സ്ത്രീകളില്‍ ധന്യേ! ദൈവം നിന്നോടുകൂടെ…” (ലൂക്ക 1: 28) എന്ന നിഗൂഢമായ വാക്കുകളും ദൈവിക പദ്ധതിയുടെ അപാരതയും തനിക്ക് ഇന്നുവരെയ്ക്കും അറിവില്ലായിരുന്ന ദൈവത്തിന്‍റെ പ്രത്യേക വിളിയും തന്‍റെ വ്യക്തിത്വത്തിന്‍റെയും ദൈവിക തിരഞ്ഞെടുപ്പിന്‍റെയും അന്യൂനതയും മറിയത്തെ അമ്പരപ്പിച്ചു കാണും.
വിശുദ്ധഗ്രന്ഥം വിവരിക്കുന്ന ദൈവവിളി ശ്രവിച്ചവരെപ്പോലെയുള്ള തന്‍റെ ചെറുമയും വിനീതഭാവവുമാണ് ആദ്യവെളിപാടില്‍ മറിയം അറിയിക്കുന്നത്. അവളുടെ ഹൃദയാന്തരാളത്തിന്‍റെ ആഴങ്ങള്‍ അറിഞ്ഞ ദൈവദൂതന്‍ പറഞ്ഞത്, “മറിയമേ, ഭയപ്പെടേണ്ട" എന്നാണ്. ദൈവം നമ്മുടെ ഉള്ളും ഉള്ളവും അറിയുന്നു! നാം ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവിടുന്ന് അറിയുന്നു. ഈ ലോകത്ത് നാം പ്രത്യേകിച്ച് എന്താണ് ചെയ്യുവാന്‍ പോകുന്നത്? നാം ആരായിരിക്കും?  ഇതെല്ലാം വ്യക്തമാക്കുന്ന ജീവിതത്തിന്‍റെ അടിസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ട അവസരത്തില്‍ ഭാവിയുടെ തിരഞ്ഞെടുപ്പിനെയും ജീവിതാവസ്ഥയെയും ദൈവവിളിയെയും അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ ഉണ്ടാകുന്ന ഞെട്ടലാണിത്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് നാം തത്രപ്പെടുകയും വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്യുന്നത്.

"ഫോട്ടോഷോപ്പ്" വ്യക്തിത്വങ്ങളാകാതിരിക്കാം
യുവജനങ്ങളുടെ ഭീതി എന്താണ്? നിങ്ങളെ ഏറെ ആഴമായി അലട്ടുന്നത് എന്താണ്?  നിങ്ങള്‍ സ്നേഹിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല അല്ലെങ്കില്‍ നിങ്ങളെ പലരും ഇഷ്ടപ്പെടുന്നില്ല ‍എന്നതായിരിക്കാം മനസ്സിന്‍റെ അടിത്തട്ടിലെ വലിയ ഭയം! നിങ്ങള്‍ക്ക് സാധിക്കുന്നതിലും വലുതും സാങ്കല്പികവും, കൃത്രിമവുമായ കാര്യങ്ങള്‍ മനസ്സിലേറ്റി ജീവിക്കുന്നതിനാല്‍, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആയിരിക്കുന്നതിലും വ്യത്യസ്തരാകാന്‍ നിര്‍ബന്ധിതരാകുകയാണ്.  അങ്ങനെയുള്ളവര്‍ യഥാര്‍ത്ഥ രൂപം മറച്ചുവച്ച് ഒരു "ഫോട്ടോഷോപ്പ്" ചിത്രത്തിന്‍റെ ഭംഗിയണിയാന്‍ നിരന്തരമായി ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതുവഴി ജീവിതത്തില്‍ നിങ്ങള്‍ ഒരു മുഖംമൂടിയുടെ പിന്നിലെ വ്യക്തിയായി, അല്ലെങ്കില്‍ ഒരു പൊയ്മുഖമായി ജീവിക്കേണ്ടിവരുന്നു. ഒത്തിരി പേരുടെ ഏറ്റവും അധികം "ലൈക്കുകള്‍" (Likes) നേടിയെടുക്കാനുള്ള ഒരു വ്യഗ്രതയാണ് ഇന്ന് യുവജനങ്ങളില്‍ കാണുന്ന മറ്റൊരു കാര്യം. ഒപ്പം, ജീവിതത്തിന്‍റെ അപര്യാപ്തതയില്‍നിന്നും വളരുന്ന അനിശ്ചിതത്വത്തിന്‍റെ ചുറ്റുപാടുകള്‍ ബഹുമുഖങ്ങളായ ഭീതി അവരില്‍ ഉണര്‍ത്തുകയും ചെയ്യുന്നു. മറ്റുചിലര്‍ വൈകാരിക സുരക്ഷിതത്വമില്ലാതെ ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നു. പിന്നെയും ധാരാളം പേര്‍ ജോലിയില്ലാതെ വിഷമിക്കുന്നു. തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് ഉതകുന്ന ഒരു തൊഴില്‍ സ്ഥിരതയില്ലല്ലോ എന്ന വേദനയും പേറി ജീവിക്കുന്നവരും ധാരാളമുണ്ട്. 

അങ്ങനെ യുവജനങ്ങള്‍,  അവര്‍ വിശ്വാസികളോ അവിശ്വാസികളോ ആരായാലും വലിയൊരു ഭാഗം പേരും ഭീതിയിലാണ് കഴിയുന്നത്.  അതുപോലെ വിശ്വാസമുള്ളവര്‍, ഒരു ദൈവവിളി തിരഞ്ഞെടുത്തിട്ടുള്ളവര്‍പോലും ഈ ഭീതിയിനിന്നും അകന്നല്ല കഴിയുന്നത്. ദൈവം ആവശ്യപ്പെടുന്നത് അസാധ്യമായ കാര്യങ്ങളോണോ എന്നു നിങ്ങള്‍ ചിന്തിക്കാം! അല്ലെങ്കില്‍ ദൈവം വിളിച്ച വഴി എനിക്ക് സന്തോഷം തരുന്നില്ലെന്നും കരുതാം. പിന്നെ ദൈവം എന്നില്‍നിന്നും ആവശ്യപ്പെടുന്നത് അത്ര എളുപ്പമല്ലെന്നും തോന്നാം.

എങ്ങനെ ഭയം മാറ്റിയെടുക്കാം!
ദൈവം വിളിച്ച വഴി തിരഞ്ഞെടുത്താല്‍ അത് ജീവിക്കാനാകുമെന്ന് ആര് ഉറപ്പു തരും? 
ഞാന്‍ നിരാശനാകേണ്ടി വരുമോ? ഉള്ള ഉണര്‍വ് നഷ്ടപ്പെടുമോ? അവസാനംവരെ പിടിച്ചു നില്ക്കാനാകുമോ? എന്നിങ്ങനെയുള്ള സംശയവും, ഭീതിയും മനസ്സില്‍ തിങ്ങുമ്പോള്‍ വിവേകപൂര്‍ണ്ണമായ വിവേചനമാണ് ഏക പരിഹാര മാര്‍ഗ്ഗം. അത് നമ്മുടെ ചിന്തകളുടെയും വികാരങ്ങളുടെയും കെട്ടുപിണഞ്ഞ അവസ്ഥ ഇല്ലാതാക്കി ക്രമപ്പെടുത്താം. നീതിയോടും വിവേകത്തോടുംകൂടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നു. ഭയം മാറ്റിയെടുക്കുന്ന ഈ പ്രക്രിയയുടെ ആദ്യപടിയില്‍ നാം അവയെ മനസ്സിലാക്കുന്നു. അതുവഴി കാര്യം അറിയാത്തതും "മുഖമില്ലാത്തതുമായ" പ്രേതങ്ങളെയും പേക്കോലങ്ങളെയും പോലെ നാം വ്യഗ്രതപ്പെടേണ്ടി വരില്ല. അതിനാല്‍ ജീവിതത്തിന്‍റെ ഭയപ്പാടുകളെ നാം തിരിച്ചറിയണം, അവയെ പേരെടുത്തു പറയാനാകണം. സ്വയം ചോദിക്കുക: എന്താണ് എന്നെ വിഷമിപ്പിക്കുന്നത്?  ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍ എന്താണ് എന്നെ കൃത്യമായും അലട്ടുന്നത്?  ജീവിതത്തില്‍ മുന്നോട്ടു പോകുന്നതില്‍നിന്നും എന്നെ എന്താണ് തടസ്സപ്പെടുത്തുന്നത്?  ജീവിത ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ധൈര്യം എനിക്കില്ലാതെ പോകുന്നുണ്ടോ?  എന്താണ് ഈ ധൈര്യമില്ലായ്മയ്ക്കു കാരണം?  ജീവിതത്തിലുണ്ടാകുന്ന ഭീതിയെ സത്യസന്ധമായി നേരിടാന്‍ മടിക്കരുത്. സത്യസന്ധമായും ന്യായമായും അവയെ നാം മനസ്സിലാക്കി നേരിടണം.

ബൈബിളിലെ ഭീരുക്കള്‍?
മനുഷ്യജീവിതത്തിലെ ഭീതിയെയും അവയുടെ കാരണങ്ങളെയും അവഗണിക്കരുതെന്ന് വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നു. അബ്രാഹത്തിന് ഭീതിയുണ്ടായിരുന്നു (ഉല്പത്തി 12: 12), അതുപോലെ യാക്കോബിനും (ഉല്പത്തി 31: 31, 32: 7), മോശയ്ക്കും ഭീതിയുണ്ടായിരുന്നു (പുറപ്പാട്2:4,17:4).  എന്തിന്, പത്രോസു ഭീരുവായിരുന്നില്ലേ (മത്തായി 26 -69)!  ശിഷ്യന്മാര്‍ ഭയവിഹ്വലരായിരുന്ന എത്രയോ അവസരങ്ങള്‍ (മാര്‍ക്കോസ് 4: 38-40). യേശുപോലും തന്‍റെ ജീവിതത്തില്‍  താരതമ്യപ്പെടുത്താനാവാത്തതും അപാരവുമായ ഭീതിയും വ്യഥകളും അനുഭവിച്ചതായി നമുക്കു കാണാം (മത്തായി 26: 37, ലൂക്ക 22:44).  “എന്തുകൊണ്ടാണ് നിങ്ങള്‍ ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?” (മാര്‍ക്കോസ് 4: 38-40). തന്‍റെ ശിഷ്യന്മാരെ ഇപ്രകാരം ഉപദേശിച്ചുകൊണ്ട് വിശ്വാസത്തിന് വിരുദ്ധമാകുന്നത് സംശയമല്ല ഭീതിയാണെന്ന് ഈശോ നമ്മെയും പഠിപ്പിക്കുന്നു. ഭീതി എന്തെന്ന് അറിയാനും അതിനെ മാനിക്കാനും  ജീവിതവഴികളിലുണ്ടാകുന്ന പ്രതിസന്ധികളെ ശാന്തമായി അഭിമുഖീകരിക്കാനും വിവേചനം നമ്മെ സഹായിക്കും. പ്രയാസങ്ങളില്‍ ക്രൈസ്തവര്‍ ഒരിക്കലും ഭയപ്പെടുകയോ ഭയത്തില്‍ മുങ്ങിപ്പോവുകയോ ചെയ്യരുത്, മറിച്ച് ദൈവത്തിലും നമ്മില്‍തന്നെയും വിശ്വാസമര്‍പ്പിക്കാനുള്ള അവസരമായി ഈ ഭീതിയെയും ഭീതിയുടെ അനുഭവങ്ങളെയും കാണണം.

ദൈവം തരുന്ന നന്മയില്‍ വിശ്വസിക്കാം
ഇന്നിന്‍റെ ജീവിതപരിസരങ്ങളും അവസ്ഥകളും അമ്പരപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണെങ്കിലും ദൈവം നമുക്കു നല്കിയിട്ടുള്ള ഈ അസ്ഥിത്വത്തില്‍ നന്മകളിലുള്ള വിശ്വാസത്തിലൂടെ അവിടുന്നു നമ്മെ നയിക്കും എന്നത് നമുക്കുണ്ടാകേണ്ട അടിസ്ഥാന ബോധ്യമാണ്. എന്നിട്ടും ഭീതിയില്‍ നങ്കൂരമടിച്ചിരിക്കുകയാണെങ്കില്‍ നാം സ്വാര്‍ത്ഥരും അടഞ്ഞ മനസ്ഥിതിക്കാരും എന്തിനെയും ആരെയും എതിര്‍ക്കുന്ന സങ്കുചിത മനസ്ക്കരുമായി മാറും. നാം പ്രവര്‍ത്തന ബദ്ധരാകണം. നമ്മില്‍ തന്നെ ഒതുങ്ങിപ്പോകരുത്.  വിശുദ്ധഗ്രന്ഥത്തിന്‍റെ വിവിധ തലങ്ങളില്‍ 365 തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രയോഗമാണ് “ഭയപ്പെടരുത്”! 
ഈ വചനം നമ്മോടു പറയുന്നത് ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയിച്ചു ദിനം തോറും മുന്നോട്ടുപോകാനാണ്.

തെളിയിച്ചെടുക്കേണ്ട ജീവിതദൗത്യം
ഒരോരുത്തരും തങ്ങളുടെ ദൗത്യത്തെക്കുറിച്ച് അവബോധമുള്ളവരാണെങ്കില്‍                          ജീവിതത്തില്‍ വിവേചനം അനിവാര്യമാണെന്ന് മനസ്സിലാകും. ഒരാള്‍ക്ക് ആദ്യം തന്നെ വെളിപ്പെട്ടുകിട്ടുന്നതല്ല ജീവിതദൗത്യം, അതു സാവധാനം തെളിഞ്ഞുവരുന്നതാണ്, രൂപപ്പെടുന്നതാണ്. അതിനാല്‍ ജീവിത തിരഞ്ഞെടുപ്പിനെ വ്യക്തിയുടെ ഉള്‍ക്കാഴ്ചയില്‍ പെട്ടന്നു വളര്‍ത്തിയെടുക്കാവുന്ന കാര്യമായി കാണരുത്.  മറിച്ച് നമ്മുടെ ആന്തരികത കൂടുതല്‍ മനസ്സിലാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഒരു സന്തുലിതാവസ്ഥ പ്രാപിക്കുന്നതാണ് ജീവിതദൗത്യം.  അങ്ങനെ വ്യക്തി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെങ്കിലും അവന്‍റെ അല്ലെങ്കില്‍ അവളുടെ കാഴ്ചപ്പാടുകളുടെയും സാദ്ധ്യതകളുടെയും പരിമിതികളില്‍ ഒതുങ്ങിവേണം എപ്പോഴും ജീവിക്കാന്‍.

ജീവിതദൗത്യം ദൈവം തരുന്നതാണ്. അങ്ങനെയാണ് അത് ദൈവവിളിയാകുന്നത്.                   ഈ കാഴ്ചപ്പാടില്‍ ദൗത്യം അടിസ്ഥാനപരമായി വിളിച്ച ദൈവത്തോടുള്ള തുറവും സമര്‍പ്പണവുമാണ്.  അതിനാല്‍ നമ്മുടെ മനസാക്ഷിയില്‍ പ്രതിധ്വനിക്കുന്ന ദൈവിക സ്വരം ശ്രവിക്കുന്നതിന് പ്രാര്‍ത്ഥനാപൂര്‍ണ്ണമായ നിശബ്ദത വ്യക്തിജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്. മറിയത്തിന്‍റെ ജീവിതത്തിലെന്നപോലെതന്നെ നമ്മുടെയും ഹൃദയകവാടങ്ങളില്‍ ദൈവം  മുട്ടിവിളിക്കുന്നുണ്ട്. അവിടുന്നുമായി ഒരു വ്യക്തിബന്ധം പ്രാര്‍ത്ഥനയിലൂടെ വളര്‍ത്താന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. തിരുവെഴുത്തുകളിലൂടെ നമ്മോടു സംസാരിക്കാനും അനുരഞ്ജനത്തിന്‍റെ കൂദാശയിലൂടെ അവിടുത്തെ കാരുണ്യം പങ്കുവയ്ക്കാനും, പരിശുദ്ധ കുര്‍ബാനയില്‍ നമ്മോടു ഒന്നായിരിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നുമുണ്ട്.  മറ്റു സഹോദരങ്ങളുമായി സംവദിക്കുന്നത്, പ്രത്യേകിച്ച് വിശ്വാസജീവിതത്തില്‍ കൂടുതല്‍ പരിചയസമ്പന്നരുമായി സംവദിക്കുന്നത് വിവിധ സാധ്യതകള്‍ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കുന്നതിന് നമ്മെ സഹായിക്കും.

യുവാവായ സാമുവല്‍ ദൈവത്തിന്‍റെ വിളികേട്ടപ്പോള്‍ ആദ്യം അത് തിരിച്ചറിഞ്ഞില്ല. തന്നെ വിളിച്ചോ എന്നറിയാനായി മൂന്നു തവണ പുരോഹിതനായ ഏലിയായുടെ പക്കല്‍ ചെന്നപ്പോഴാണ്, തന്നെ വിളിച്ചത് പ്രവാചകനല്ല, കര്‍ത്താവാണെന്ന്. “അവിടുന്ന് ഇനിയും വിളിക്കുകയാണെങ്കില്‍ പറയുക, കര്‍ത്താവേ, അരുള്‍ചെയ്താലും അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു". (സാമുവല്‍ 3, 9). എന്നാണ് പ്രവാചകന്‍ ഉപദേശിച്ചത്.

ബന്ധങ്ങള്‍ “സ്മാര്‍ട്ട്ഫോണി”ന്‍റെ ജാലകത്തിലൂടെ മാത്രമോ?
നിങ്ങളുടെ സംശയങ്ങളില്‍ എപ്പോഴും സഭയെ ആശ്രയിക്കാമെന്ന് അറിഞ്ഞിരിക്കുക. ധാരാളം യുവാക്കളായ നല്ല വൈദികരും, സന്ന്യാസിനി സന്ന്യാസിനിമാരും അല്മായരും സഭയിലുണ്ടെന്ന് അറിയുക. വിശ്വാസത്തില്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളെപ്പോലെ പിന്‍തുണയ്ക്കാന്‍  കെല്പുള്ളവരാണ്. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി നിങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ച് അറിവിന്‍റെ  വെളിച്ചം നേടാനും നിങ്ങളുടെ ജീവിതദൗത്യങ്ങളെ തെളിയിച്ച് പ്രകാശിപ്പിക്കാനും അവര്‍ നിങ്ങളെ സഹായിക്കും.  അങ്ങനെ അപരന്‍ നമ്മുടെ ആത്മീയ നിയന്താവായിരിക്കുക മാത്രമല്ല, ദൈവം നമുക്കായി നിശ്ചയിച്ചിട്ടുള്ള അനന്തമായ നന്മകളെക്കുറിച്ചു നമ്മില്‍ അവബോധം വളര്‍ത്തുകയും ചെയ്യുന്നു. വളരാനും ചിന്തിക്കാനും, ആത്മീയതയുടെ പുതിയ ചക്രവാളങ്ങളിലേക്ക് പ്രത്യാശയോടെ തിരിയാനും  ഉതകുന്ന ഇടങ്ങള്‍ നമ്മുടെ നഗരങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കേണ്ടതാണ്. മറ്റുള്ളവരുമായി കൂട്ടുചേരാനും സൗഹൃദവലയം സൃഷ്ടിക്കാനും ഒരുമിച്ചു നടക്കാനും ചിന്തിക്കാനുമുള്ള ഉന്മേഷം വളര്‍ത്തിയെടുക്കണം.  ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി മറ്റുള്ളവരോട് തുറവുള്ളവനായിരിക്കണം.  കൂടാതെ ഉള്ളത് പങ്കുവയ്ക്കുകയും  സാഹോദര്യത്തിന്‍റെ തലങ്ങള്‍ അവരുമായി സൃഷ്ടിക്കുകയും വേണം.

ഇന്ന് യുവജനങ്ങള്‍ക്ക് പുറം ലോകവുമായി ഒരു കമ്പ്യൂട്ടറിന്‍റെയും സ്മാര്‍ട്ട്ഫോണിന്‍റെയും ജാലകത്തിലൂടെ മാത്രം ബന്ധമുണ്ടായാല്‍ പോര! അങ്ങനെയെങ്കില്‍ ജീവിതം നവസാങ്കേതികതയുടെ ഒരു ചെറുമുറിയുടെ ഇരുട്ടില്‍ കെട്ടുപോകാന്‍ ഇടയുണ്ട്. ജീവിതത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുക!  നല്ല വ്യക്തിബന്ധങ്ങള്‍കൊണ്ടും മറ്റുള്ളവരുമായി യഥാര്‍ത്ഥവും സത്യസന്ധവുമായ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടും നിങ്ങളുടെ സമയവും ചുറ്റുപാടുകളും നന്മയാല്‍ നിറയട്ടെ! നന്മയില്‍ വളരട്ടെ!


(William Nellikkal)

12/06/2018 09:25