സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവാത്മ നിന്ദ അക്ഷന്തവ്യം: പാപ്പായുടെ ത്രികാലജപസന്ദേശം

ഫ്രാന്‍സീസ് പാപ്പാ,ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാന്‍ 10/06/18

12/06/2018 06:21

റോമാപുരി വേനല്‍ക്കാലത്തിന്‍റെ പിടിയിലായിരിക്കുന്നു. താപമാപനിയില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നദിനമായിരുന്ന ഈ ഞായറാഴ്ച (11/06/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. സൂര്യതാപത്തില്‍ നിന്ന് രക്ഷനേടുന്നതിന് ചിലര്‍ കുടകള്‍ ചൂടിയിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(10/06/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറഞ്ഞാല്‍ അത് അക്ഷന്തവ്യമായ തെറ്റായിരിക്കും എന്നു മുന്നറിയിപ്പു നല്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷം 3-Ↄ○ അദ്ധ്യായം 20-35 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇപ്രകാരം പറഞ്ഞു.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഈ ഞായറാഴ്ചത്തെ (10/06/18) സുവിശേഷഭാഗം (മര്‍ക്കോസ് 3:20-35) യേശുവിന് നേരിടേണ്ടിവന്ന രണ്ടുതരം തെറ്റിദ്ധാരണകളെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. നിയമജ്ഞരുടെ ഭാഗത്തുനിന്നും അവിടത്തെ സ്വന്തക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റിദ്ധാരണകളാണവ.

പ്രഥമ അബദ്ധധാരണ. നിയമജ്ഞര്‍ തിരുലിഖിതങ്ങളില്‍ പാണ്ഡിത്യമുള്ളവരും തിരുമൊഴികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയെന്ന ചുമതലുള്ളവരുമായിരുന്നു. യേശുവിന്‍റെ  ഖ്യാതി വ്യാപിച്ചുകൊണ്ടിരുന്ന ഗലീലിയിലേക്ക് ജറുസലിമില്‍ നിന്ന് അവരില്‍ ചിലര്‍  അയക്കപ്പെടുന്നു. ജനങ്ങള്‍ക്കുമുന്നില്‍ അവിടത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. വൃഥാകഥനം ചെയ്യുന്നവരുടെ സംഘമുണ്ടാക്കുകയും അപരനെ ദുഷിച്ചുസംസാരിക്കുകയും, അപരന്‍റെ അധികാരം ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്നത് വളരെ മോശമാണ്. ഇതൊക്കെ ചെയ്യുന്നതിനാണ് ഈ നിയമജ്ഞര്‍ അയക്കപ്പെട്ടത്. അവര്‍ വളരെ കൃത്യവും ഗുരുതരവുമായ ഒരു ആരോപണവുമായിട്ടാണ് വരുന്നത്. അതിന് അവര്‍ എല്ലാ മാര്‍ഗ്ഗവും ഉപയോഗപ്പെടുത്തുന്നു. ജനസഞ്ചയത്തിന്‍റെ മദ്ധ്യത്തിലെത്തുന്നു എന്നിട്ടു പറയുന്നു: “ അവനെ ബേല്‍സബൂല്‍ ആവേശിച്ചിരിക്കുന്നു, അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നത്” (മര്‍ക്കോസ് 3:22). അതായ്ത്., പിശാചുക്കളുടെ തലവനാണ് അവനെ നയിക്കുന്നതെന്നര്‍ത്ഥം; എന്നുവച്ചാല്‍ അവിടന്ന് പിശാചുബാധിതനാണെന്നു പറഞ്ഞുവയ്ക്കുകയാണ്. വാസ്തവത്തില്‍ യേശു അനേകം രോഗികള്‍ക്ക് സൗഖ്യം പ്രദാനം ചെയ്തു. എന്നാല്‍ ദൈവാരൂപിയെക്കൊണ്ടല്ല, മറിച്ച്, സാത്താനെക്കൊണ്ട്, സാത്താന്‍റെ ശക്തികൊണ്ടാണ് യേശു ഇതു ചെയ്യുന്നതെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശുവാകട്ടെ ശക്തവും വ്യക്തവുമായ വാക്കുകള്‍ കൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നു. നിയമജ്ഞരുടെ പ്രവര്‍ത്തി യേശു സഹിക്കുന്നില്ല. കാരണം ആ നിയമജ്ഞര്‍, ഒരു പക്ഷേ, അവര്‍ അറിയാതെതന്നെ ഘോരപാപത്തിലേക്കു വീഴുകയാണ്. യേശുവില്‍ സന്നിഹിതവും പ്രവര്‍ത്തനനിരതവുമായ ദൈവത്തിന്‍റെ സ്നേഹത്തെ നിഷേധിക്കുകയും അതിനെതിരെ ദൂഷണം പറയുകയും ചെയ്യുകയെന്ന പാപം ചെയ്യുകയാണ്. ദൈവദൂഷണം, പരിശുദ്ധാരൂപിക്കെതിരായ പാപം ഒരിക്കലും പൊറുക്കാനാവാത്തതാണ്. അത് യേശുതന്നെ പറയുന്നു. കാരണം അതിന്‍റെ ഉത്ഭവം യേശുവില്‍ പ്രവര്‍ത്തനനിരതമായ ദൈവത്തിന്‍റെ കാരുണ്യത്തോടു ഹൃദയം അടച്ചിടുന്നതില്‍ നിന്നാണ്.

ഈ സംഭവത്തില്‍ നമുക്കെല്ലാവര്‍ക്കുമുള്ള ഒരു താക്കീത് അടങ്ങിയിരിക്കുന്നു. വാസ്തവത്തില്‍ ഒരുവന്‍റെ നന്മയെയും അവന്‍റെ സല്‍പ്രവര്‍ത്തികളെയുകുറിച്ചുള്ള ശക്തമായ അസൂയ, അവനെതിരെ കള്ളാരോപണങ്ങള്‍ ഉന്നയിക്കുന്നതിലേക്കു നയിച്ചേക്കാം. ഇവിടെ മാരകമായ ഒരു വിഷമാണ് ഉള്ളത്. ഒരുവന്‍റെ  കീര്‍ത്തിനശിപ്പിക്കുന്നതിന് ആസൂത്രിതമായി നീങ്ങുന്ന ദ്രോഹചിന്തയാണ് ആ മാരക വിഷം. ഈ ഭീകര പ്രലോഭനത്തില്‍ നിന്ന് ദൈവം നമ്മെ വിമുക്തരാക്കട്ടെ. ആത്മശോധനനടത്തുമ്പോള്‍ നാം, ഈ കള നമ്മുടെ ഉള്ളില്‍ കിളിര്‍ത്തു  തുടങ്ങിയിരിക്കുന്നതായി കാണുകയാണെങ്കില്‍, അതു പടര്‍ന്ന് ഹീനമായ ഫലങ്ങളു‍ പറപ്പെടുവിക്കുന്നതിനിട നല്കാതെ ഉടനെ പാപസങ്കീര്‍ത്തന കൂദാശയ്ക്ക് അണയുക. കാര​ണം തിന്മയുടെ അനന്തര ഫലങ്ങള്‍ ഭേദമാക്കാന്‍ പറ്റാത്തവയാണ്. നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുക., കാരണം ഈ ദുഷിച്ച മനോഭാവം കുടുംബങ്ങളെയും സൗഹൃദങ്ങളയെും കൂട്ടായ്മകളെയും, സമൂഹത്തെത്തന്നെയും, നശിപ്പിക്കും.

ഇന്നത്തെ സുവിശേഷം യേശുവിനെക്കുറിച്ചുള്ള, വളരെ വ്യത്യസ്തമായ, മറ്റൊരു തെറ്റിദ്ധാരണയെക്കുറിച്ചും നമ്മോടു പറയുന്നു, അത് അവിടത്തെ സ്വന്തക്കാരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിദ്ധാരണയാണ്. നാടുനീളെ സഞ്ചരിക്കുന്ന അവിടത്തെ പുതിയ ജീവിതം ഒരുതരം ഭ്രാന്താണെന്ന് കരുതി അസ്വസ്ഥരായിരുന്നു അവര്‍. ഭക്ഷിക്കാന്‍ പോലും സമയം കിട്ടാത്തവിധം അത്രമാത്രം ജനങ്ങളുടെ, വിശിഷ്യ, രോഗികളുടെയും പാപികളുടെയും കാര്യങ്ങളില്‍ വ്യാപൃതനായിരുന്നു അവിടന്നു. യേശു അങ്ങനെ ആയിരുന്നു. ആദ്യം ജനം, ജനങ്ങളെ സേവിക്കുക, ജനങ്ങളെ സഹായിക്കുക, ജനങ്ങളെ പഠിപ്പിക്കുക, ജനങ്ങളെ സൗഖ്യമാക്കുക. ജനങ്ങളായിരുന്നു അവിടത്തെ ഹൃദയത്തില്‍. ആഹരിക്കാന്‍ പോലും അവിടത്തേക്കു സമയമില്ലായിരുന്നു. ആകയാല്‍ അവിടത്തെ നസ്രത്തിലേക്ക്, വീട്ടിലേക്കു കൊണ്ടുപോകാന്‍ സ്വന്തക്കാര്‍ തീരുമാനിച്ചു. യേശു പ്രസംഗിക്കുകയായിരുന്നിടത്ത് എത്തിയ അവര്‍ അവിടത്തെ വിളിക്കാന്‍ ആളയച്ചു. അവര്‍ അവനോടു പറ‍ഞ്ഞു: “ഇതാ നിന്‍റെ അമ്മയും സഹോദരന്മാരും സഹോദരികളും പുറത്തു കാത്തു നില്ക്കുന്നു” (മര്‍ക്കോസ് 3,32).  അപ്പോള്‍ യേശു പ്രത്യുത്തരിക്കുന്നു: “ ആരാണ് എന്‍റെ അമ്മയും സഹോദരങ്ങളും” എന്നിട്ട്, തന്നെ ശ്രവിക്കാന്‍ തനിക്കു ചുറ്റും നിന്നിരുന്നവരോടായി പറഞ്ഞു:” ഇതാ എന്‍റെ അമ്മയും സഹോദരങ്ങളും! ദൈവഹിതം നിറവേറ്റുന്ന വ്യക്തിയാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും" (മര്‍ക്കോസ് 3:33-34). യേശു ഒരു നൂതന കുടുംബത്തിനു രൂപം നല്കുകയായിരുന്നു. അത് സ്വഭാവിക ബന്ധങ്ങളിലല്ല, പ്രത്യുത, അവിടുന്നിലുള്ള വിശ്വാസത്തില്‍, നമ്മെ ആശ്ലേഷിക്കുന്ന അവിടത്തെ സ്നേഹത്തില്‍, നമ്മെ ഐക്യപ്പെടുത്തുന്ന സ്നേഹത്തില്‍, പരിശുദ്ധാരൂപിയില്‍ ആണ് അധിഷ്ഠിതമായിരിക്കുന്നത്. യേശുവിന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നവര്‍ ദൈവമക്കളും തമ്മില്‍ത്തമ്മില്‍ സഹോദരങ്ങളു  ആണ്. യേശുവിന്‍റെ വചനങ്ങള്‍ സ്വീകരിച്ചാല്‍  അതു നമ്മെ സോഹോദരങ്ങളാക്കിത്തീര്‍ക്കുകയും യേശുവിന്‍റെ കുടുംബമാക്കി മാറ്റുകയും ചെയ്യും. എന്നാല്‍ മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുകയും അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മെ പിശാചിന്‍റെ  കുടുംബമാക്കിത്തീര്‍ക്കും.

യേശുവിന്‍റെ ഉത്തരം അമ്മയോടും കുടുംബാംഗങ്ങളോടുമുള്ള അനാദരവല്ല. മറിച്ച്, അത് മറിയത്തിനുള്ള ഒരു അംഗീകാരമാണ്. എന്തെന്നാല്‍ ദൈവഹിത്തോടു പൂര്‍ണ്ണമായ വിധേയത്വം കാട്ടിയ പരിപൂര്‍ണ്ണയായ ശിഷ്യയാണ് അവള്‍. ലോകത്തിന് നവജീവന്‍ പ്രദാനം ചെയ്തുകൊണ്ട് യേശുവിലും സഭയിലും പ്രവര്‍ത്തനനിരതമായ പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് യേശുവുമായുള്ള ഐക്യത്തില്‍ എന്നും ജീവിക്കാന്‍ കന്യകാ മാതാവേ ഞങ്ങളെ സഹായിക്കേണമെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ കൊറിയയിലെ ജനങ്ങളെ അനുസ്മരിച്ചു.

പ്രിയപ്പെട്ട കൊറിയന്‍ ജനതയെ സൗഹൃദത്തോടും പ്രാര്‍ത്ഥനയോടും കൂടെ താന്‍ ഒരിക്കല്‍കൂടി പ്രത്യേകം ഓര്‍ക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഈ ദിനങ്ങളില്‍ സിങ്കപ്പൂര്‍ ആഥിത്യം വഹിക്കാന്‍ പോകുന്ന സംഭാഷണങ്ങള്‍ കൊറിയന്‍ ഉപദ്വീപിനും ലോകത്തിനും സമാധാനപൂര്‍ണ്ണമായ ഒരു ഭാവി ഉറപ്പുവരുത്തുന്ന രചനാത്മകമായ ഒരു സരണി തുറക്കുന്നതിന് സംഭാവനയേകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ഈ സംഭാഷണത്തെ തുണയ്ക്കുന്നതിനുവേണ്ടി കൊറിയയുടെ രാജ്ഞിയായ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടു പാപ്പാ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന നയിച്ചു.

തദ്ദനന്തരം പാപ്പാ ഫ്രാന്‍സിലെ അഷാനില്‍ അമലോഭവത്തിന്‍റെ മറിയം, അഥവാ, അദെലയിദ് ദെ ബെ ദെ ത്രെങ്ക് ലെയൊ ഈ ഞായറാഴ്ച (10/06/18) വാഴ്‍ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകള്‍ക്കു മദ്ധ്യേ ജീവിച്ചിരുന്ന നവവാഴ്ത്തപ്പെട്ടവള്‍ അമലോത്ഭവമറിയത്തിന്‍റെ  പുത്രികള്‍ എന്ന സന്ന്യാസിനി സമുഹം സ്ഥാപിച്ചതിനെക്കുറിച്ചു പാപ്പാ സൂചിപ്പിക്കുകയും ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവന്‍ ഉഴിഞ്ഞു വച്ച ആ പുണ്യാത്മവിനെ ലഭിച്ചതിന് ദൈവത്തിന് നന്ദി പറയാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

തുടര്‍ന്ന് പാപ്പാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തു. അവസാനം  പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

12/06/2018 06:21