2018-06-11 19:03:00

സുവിശേഷപ്രഘോഷണം ലാഭമുണ്ടാക്കാനുള്ള പദ്ധതിയല്ല!


അപ്പസ്തോലന്‍ വിശുദ്ധ  ബര്‍ണബാസിന്‍റെ തിരുനാള്‍  :

പ്രഘോഷണം, സേവനം, പ്രതിനന്ദി എന്നിവ സുവിശേഷപ്രഘോഷകന്‍റെ മുഖമുദ്രയാവണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 11-Ɔο തിയതി തിങ്കളാഴ്ച വിശുദ്ധ ബര്‍ണബാസ് അപ്പസ്തോലന്‍റെ അനുസ്മരണം ആഘോഷിച്ചുകൊണ്ട് പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പോളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധേയാണ് പാപ്പാ വചനചിന്തകള്‍ സുവിശേഷപ്രോഘണത്തെ ആധാരമാക്കി പങ്കുച്ചത് (നടപടി 11, 21-26, 13, 1-3 മത്തായി 10, 7-13).

സുവിശേഷപ്രഘോഷകന്‍ കച്ചവട സംരംഭകനല്ല
സുവിശേഷപ്രഘോഷകന്‍ ഒരു കച്ചവട സംരംഭകനെപ്പോലെ ലാഭം നോക്കുന്നവനല്ല. എന്തുകിട്ടുമെന്നല്ല, എന്തുകൊടുക്കാനാവുമെന്നു ചിന്തിക്കുന്ന ദൈവാവാരൂപിയുടെ പ്രേരണയുള്ള വചനപ്രഘോഷകനാണ്. പ്രഘോഷകന്‍ പ്രാസംഗികന്‍ മാത്രമല്ല, ദൈവാത്മാവിന്‍റെ അഭിഷേകചൈതന്യവും ബലതന്ത്രവുമുള്ള വചനത്തിന്‍റെ ശുശ്രൂഷകനാണ്. കുറെ നല്ല ചിന്തകളും ആശയങ്ങളും എറിഞ്ഞുകൊടുക്കുകയല്ല ലക്ഷ്യം, മറിച്ച് ഹൃദയങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുകയാണ് വചനപ്രഘോഷകന്‍റെ ദൗത്യം. നന്നായും ശാസ്ത്രീയമായും ഒരുക്കിയ അജപാലനപദ്ധതികള്‍ ഓരോ രൂപതയ്ക്കും ഇടവകകള്‍ക്കും ഉണ്ടാകാം. എന്നാല്‍ അവ സുവിശേഷപ്രഘോഷണത്തിനുള്ള ഉപകരണങ്ങളാകണം.

കര്‍ത്താവ് നമ്മെ അയയ്ക്കുന്നത് ലാഭമുണ്ടാക്കാനോ പണമുണ്ടാക്കാനോ അല്ല. അതിനാല്‍ നാം കച്ചവടത്തിന്‍റെയോ, ലാഭകരമായ പദ്ധതികളുടെയോ സമാരംഭകരല്ല. അവിടുത്തെ അരൂപിയാണ് നമ്മെ അയക്കുന്നത്. അതിനാല്‍ നമ്മുടെ മാനുഷികമായ കരുത്തിനെയും കഴിവിനെയുംകാള്‍ ആവശ്യം, ദൈവാത്മാവില്‍നിന്നുള്ള കരുത്തും ധൈര്യവുമാണ്.

സഭാശുശ്രൂഷ കയറ്റത്തിനല്ല ശുശ്രൂഷയ്ക്കുള്ളത്!
ചെറിയ കാര്യങ്ങളിലും വിശ്വസ്തതയുള്ള സേവനമാണ് സുവിശേഷപ്രഘോഷകന്‍റെ അടയാളം. സഭയിലെ സ്ഥാനം ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, വിശിഷ്യ പാവങ്ങളും എളിയവരുമായവരെ ശുശ്രൂഷിക്കാനുള്ളതാണ്. സഭയില്‍ സ്ഥാനക്കയറ്റം കാത്തിരിക്കുന്നവര്‍ സുവിശേഷവത്ക്കരണം എന്തെന്ന് അറിവില്ലാത്തവരാണ്. പ്രഘോഷിക്കുന്നത് ജീവിക്കുന്നവരാകണം വചനത്തിന്‍റെ സേവകര്‍.

നല്ല കാര്യങ്ങള്‍ പറയാം, പക്ഷെ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ അത് പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നില്ലങ്കിലോ?! അരൂപി നമ്മെ അയക്കുന്നത് പ്രഘോഷിക്കാന്‍ മാത്രമല്ല, സഹോദരങ്ങള്‍ക്ക് സേവനംചെയ്തു ജീവിക്കാനാണ്. ആ സേവനം എന്നു പറയുന്നത് സുവിശേഷം പ്രവൃത്തിപഥത്തില്‍ കൊണ്ടു വരുന്നതാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും സുവിശേഷപ്രഘോഷകര്‍ ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കരുത്. അവര്‍ എന്നും സകലരുടെയും ശുശ്രൂഷകരായിരിക്കട്ടെ!

സുവിശേഷവത്ക്കരണത്തിന്‍റെ കൃതജ്ഞതാഭാവം  
സുവിശേഷശുശ്രൂഷകന്‍ തന്‍റെ പ്രവൃത്തികള്‍ക്ക് പ്രതിനന്ദി പ്രതീക്ഷിക്കേണ്ടതില്ല. കാരണം ദൈവം ദാനമായി തന്നത് ദാനമായി കൊടുക്കേണ്ടവനാണ് സുവിശേഷപ്രഘോഷകന്‍. ക്രിസ്തുവിനാല്‍ വിളിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തവര്‍ ആ രക്ഷയുടെ ദാനം ഉദാരമായി പങ്കുവച്ചു ജീവിക്കേണ്ടതാണ്. സുവിശേഷജീവിതം അരൂപിയുടെ പ്രചോദനത്താല്‍ ദാനമായി സമര്‍പ്പിക്കേണ്ട സേവനത്തിന്‍റെയും വചനപ്രഘോഷണത്തിന്‍റെയും ജീവിതമാണ്. സമര്‍പ്പിതരുടെ ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്‍റെയും ജീവിതം ദൈവത്തിലും അവിടുത്തെ അരൂപിയിലും കൂടുതല്‍ ആശ്രയിച്ചു ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കട്ടെ!!








All the contents on this site are copyrighted ©.