2018-06-09 12:56:00

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം, 4 പ്രഖ്യാപനങ്ങള്‍


വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുതിയ നാലു പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയക്ക് വെള്ളിയാഴ്ച (08/06/18) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ശനിയാഴ്ച (09/06/18) ഈ പ്രഖ്യാപനങ്ങള്‍ പ്രസ്തുത സംഘം പുറപ്പെടുവിച്ചത്.

ഈ നാലു പ്രഖ്യാപനങ്ങളില്‍ ആദ്യത്തേത് ഇറ്റലി സ്വദേശിയായ അല്മായ വിശ്വാസി വാഴ്ത്തപ്പെട്ട നുണ്‍സിയൊ സുള്‍പ്രീത്സിയൊയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഒരു അത്ഭുതം അംഗീകരിക്കുന്നതാണ്.

1817 ഏപ്രFല്‍ 13 ന് ജനിക്കുകയും 1836 മെയ് 5 ന് മരണമടയുകയും ചെയ്ത വാഴ്‍ത്തപ്പെട്ട നുണ്‍സിയൊയെ വിശുദ്ധ പദത്തിലേക്കുയര്‍ത്തുന്നതിന് ആവശ്യമായിരുന്ന അത്ഭുതമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

തുടര്‍ന്നു വരുന്ന രണ്ടു പ്രഖ്യാപനങ്ങള്‍ യഥാക്രമം, മെക്സിക്കൊ സ്വദേശിനിയും കുടുംബിനിയുമായിരുന്ന ദൈവദാസി കൊണ്‍ചെത്സിയോനെ കബ്രേറ അരിയാസിന്‍റെയും സ്പെയിന്‍ സ്വദേശിനിയും അത്മായയുമായ ദൈവദാസി മരിയ ഗ്വാദലൂപെ ഓര്‍ത്തിസ് ദെ ലന്താത്സൂറിയുടെയും മദ്ധ്യസ്ഥതയാല്‍ നടന്ന ഒരോ അത്ഭുതം അംഗീകരിക്കുന്നു. ഇതോടെ ഇരുവരും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തപ്പെടാന്‍ യോഗ്യരാക്കപ്പെട്ടു.

അവസാനത്തെ പ്രഖ്യാപനം 1976 ല്‍ അര്‍ജന്തീനയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഒരു മെത്രാനും 2 വൈദികരും ഒരു അത്മായവിശ്വാസിയും ഉള്‍പ്പെട്ട 4 പേരുടെ നിണസാക്ഷിത്വം അംഗീകരിക്കുന്നതാണ്.

ബിഷപ്പ് ആഞ്ചെലൊ കര്‍ലേത്തി, രൂപതാവൈദികന്‍ ഗബ്രിയേലെ ജുസേപ്പെ, ഫ്രാന്‍സിസ്കന്‍ വൈദികന്‍ കാര്‍ലൊ ദി ദിയൊ മുരിയാസ്, കുടുംബനാഥനായിരുന്ന വെന്‍ചെസ്ലാവൊ പെദെര്‍നെറ എന്നിവരാണ് ഈ രക്തസാക്ഷികള്‍    

 








All the contents on this site are copyrighted ©.