2018-06-09 12:59:00

അദെലയിദ് ദെ ബെ ദെ ത്രെങ്ക് ലെയൊ വാഴ്ത്തപ്പെട്ടപദത്തിലേക്ക്


അമലോത്ഭവമറിയത്തിന്‍റെ പുത്രികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക അദെലയിദ് ദെ ബെ ദെ ത്രെങ്ക് ലെയൊ (ADÉLAÏDE DE BATZ DE TRENQUELLÉON) വാഴ്ത്തപ്പെട്ടവാളായി പ്രഖ്യാപിക്കപ്പെടും.

ഫ്രാന്‍സിലെ അഷാനില്‍ (AGEN) ഞായാറാഴ്ച (10/06/18) ആയിരിക്കും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

അമലോത്ഭവത്തിന്‍റെ മറിയം എന്ന നാമം സ്വീകരിച്ച അദെലയിദ് ദെ ബെ ദെ ത്രെങ്ക് ലെയൊ ഫ്രാന്‍സിലെ ഫ്യഗെറോള്‍ എന്ന പ്രദേശത്ത് 1789 ജൂണ്‍ 10 ന് ജനിച്ചു. അന്നു തന്നെ മാമ്മോദീസാമുക്കപ്പെട്ട അവള്‍ ജന്മദിനത്തിനു പകരം തന്‍റെ ജ്ഞാനസ്നാനവാര്‍ഷികമാണ് ആഘോഷിച്ചിരുന്നത്.

ഫ്രഞ്ചുവിപ്ലവ കാലഘട്ടമായിരുന്നതിനാല്‍ അദെലായിദെയുടെ കുടുബംത്തിന് സ്വദേശം വിട്ട് സ്പെയിനിലേക്കു പോകേണ്ടിവന്നു. 1797 ല്‍ കുടുംബത്തോടൊപ്പം സ്പെയിനിലെത്തിയ അദെലെയിദ് ആദ്യകുര്‍ബ്ബാന സ്വീകരിച്ച നാള്‍മുതല്‍ അവളില്‍ കര്‍മ്മലീത്താ സമൂഹത്തില്‍ ചേരണമെന്ന അഭിലാഷം ക്രമേണ തളിരിടാന്‍ തുടങ്ങി. പിന്നീട് ഫ്രാന്‍സില്‍ തിരിച്ചെത്തിയതിനു ശേഷം 1804 ല്‍ അവള്‍ “ചെറു സമൂഹം” എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്കു രൂപം നല്കി. അതിന് വൈദികന്‍ ഗ്വിയെം ജോസഫ് ഷമിനാദ് സ്ഥാപിച്ച മരിയന്‍ സമൂഹവുമായി സാമ്യമുണ്ടായിരുന്നു. അങ്ങനെ ഫാദര്‍ ഷമിനാദിന്‍റെ ആദ്ധ്യാത്മക സഹായത്തോടുകൂടി അദെലെയ്ദ് തന്‍റെ സമുഹത്തെ അമലോത്മവ മറിയത്തിന്‍റെ പുത്രികള്‍ എന്ന സന്ന്യാസിനി സമൂഹമാക്കി മാറ്റി.

1816 മെയ് 25 ന് അഷന്‍ ആസ്ഥാനമാക്കി ഈ സമൂഹത്തിന് തുടക്കം കുറിച്ചു. താന്‍ തന്നെ സ്ഥാപിച്ച സന്ന്യാസിനി സമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തിയ അദെലെയിദ്, അമലോത്ഭവത്തിന്‍റെ മറിയം എന്ന നാമം സ്വീകരിച്ചു.

38-Ↄമത്തെ വയസ്സില്‍ 1828 ജനുവരി 10 ന് അഷാനില്‍ വച്ച് അമലോത്ഭവത്തിന്‍റെ  മറിയം മരണമടഞ്ഞു.

 








All the contents on this site are copyrighted ©.