സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും... നന്ദിയുടെ ഗീതം!

കുന്നുംപുറത്തെ അജപാലകന്‍ - AP

05/06/2018 13:54


സങ്കീര്‍ത്തനം 138-ന്‍റെ പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ആരംഭിച്ചു. ആദ്യത്തെ മൂന്നുപദങ്ങള്‍ സങ്കീര്‍ത്തനത്തിന് ഒരു ആമുഖമാണെന്നും, ചരിത്രപരമായൊരു പശ്ചത്താലമാണെന്നും മനസ്സിലാക്കി. ബാല്‍-നെബോ ദേവന്മാരുടെ ഉത്സവനാളുകളും അതിന്‍റെ ആഘോഷ തിമിര്‍പ്പും സങ്കീര്‍ത്തനത്തില്‍ നേരിട്ടല്ലെങ്കിലും വ്യംഗ്യമായി ഗായകന്‍ പരാമര്‍ശിക്കുന്നു. ഇങ്ങനെയുള്ള ദേവാന്മാരെക്കാള്‍ ശക്തനും, സര്‍വ്വകാരണകനുമായ യാഹ്വേയെ, ദൈവത്തെയാണ് ഗായകന്‍ സ്തുതിക്കുന്നത്, പ്രകീര്‍ത്തിക്കുന്നത് :

Recitation:
ദേവന്മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ
                          അങ്ങേയ്ക്കു നന്ദിപറയുന്നു.

എന്നു ആലപിക്കുമ്പോള്‍ നാം മനസ്സിലാക്കണം മനുഷ്യനിര്‍മ്മിതമായ അല്ലെങ്കില്‍ കെട്ടിച്ചമയ്ക്കപ്പെട്ട, ആവിഷ്കൃത ദൈവങ്ങളല്ല, മറിച്ച് സ്രഷ്ടാവും, നാഥനും രക്ഷകനുമായവനെയാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രകീര്‍ത്തിക്കുന്നത്, സ്തുതിക്കുന്നത്, നന്ദിപറയുന്നത്. ഇസ്രായേല്‍ അനുഭവിച്ച യാഹ്വേയുടെ സ്നേഹവും പരിപാലനയും രക്ഷണീയ കര്‍മ്മങ്ങളും മനസ്സിലേറ്റിക്കൊണ്ടാവണം, സങ്കീര്‍ത്തകന്‍ തുടര്‍ന്നുള്ള വരികളില്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നത്. ആമുഖഭാഗം ഇങ്ങനെ അയവിറച്ചുകൊണ്ടും, അവര്‍ത്തിച്ച് അനുസ്മരിച്ചുകൊണ്ടും, നമുക്കിനി നന്ദിയുടെ കീര്‍ത്തനത്തിന്‍റെ, ബാക്കിയുള്ള ആദ്യം 4-മുതല്‍ 6-വരെയുള്ള പദങ്ങളുടെയും, പിന്നെ 7-മുതല്‍ 8-വരെയുള്ള വരികളുടെ പഠനത്തിലേയ്ക്ക് പ്രവേശിക്കാം.                              

 ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം അനൂപ്കുമാര്‍ ജീയും സംഘവും.

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.

ഇനി, 4-മുതല്‍ 6-വരെയുള്ള പദങ്ങള്‍ പരിചയപ്പെടാം. ദൈവവചനത്തിന്‍റെ രക്ഷാകര ശക്തി രാജാക്കന്മാര്‍ അത്ഭുതത്തോടെ മനസ്സിലാക്കുന്നു... എന്നല്ലേ ഗായകന്‍ പറഞ്ഞുതുടങ്ങത്..! നാലാമത്തെ പദം നമുക്ക് ശ്രവിക്കാം.

Recitation:
4. കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്മാരും
അങ്ങയെ പ്രകീര്‍ത്തിക്കുന്നു എന്തെന്നാല്‍
അവര്‍ അങ്ങയുടെ വാക്കുകള്‍ ശ്രവിച്ചിരിക്കുന്നു.

ഭൂമിയിലെ സകലരാജാക്കന്മാരും കര്‍ത്താവായ യാഹ്വെയേ സ്തുതിക്കുന്ന സമയം, കാലം ഇതാ, ആഗതമായിരിക്കുന്നു! അവിടുന്നു വരുമ്പോള്‍ ബാലിനെയും നെബോയെയും, ഇതര ദേവാന്മാരെയെല്ലാം ഉപേക്ഷിച്ച് ഭൂമിയിലെ സകല രാജാക്കന്മാരും ദൈവമായ കര്‍ത്താവിനെ ആരാധിക്കട്ടെ! കാരണം അവര്‍ അങ്ങയുടെ വചനം ശ്രവിക്കുന്നു, എന്ന് സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇനി, അഞ്ചാമത്തെ പദം വ്യക്തമാക്കുന്നത്, യാഹ്വേയുടെ തിരഞ്ഞെടുപ്പിനുള്ള കാരണമാണ്:

Recitation:
5. അവര്‍ കര്‍ത്താവിന്‍റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചു പാടും
എന്തെന്നാല്‍ അവിടുത്തെ മഹത്വം സമുന്നതമാണ്.

തിന്മയുടെ ലോകത്ത് താണുപോകാതെ തങ്ങളെ തിരഞ്ഞെടുത്തു നയിച്ചത് യാഹ്വേയാണെന്ന് പദങ്ങള്‍ അനുസ്മരിപ്പിക്കുന്നു. മാത്രമല്ല, ഈ ലോകത്ത് അവിടുത്തെ നന്മയുടെ പ്രകാശമായി പ്രശോഭിക്കാനുള്ള ദൗത്യം അവിടുന്ന് തന്‍റെ ജനത്തിനു നല്കിയിരിക്കുന്നു. ദൈവികനന്മയുടെ വെളിച്ചം ലോകത്തു തെളിയിക്കാന്‍ അവിടുന്ന് തിരിഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെടുന്നു.

തുടര്‍ന്ന്, ആറാമത്തെ പദം പറയുന്നതും ഏറെ സ്ഥാപിതമായ സത്യവും, ഹൃദസ്പര്‍ശിയായ കാര്യവുമാണ് :
Recitation:
6. കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു
അഹങ്കാരികളെ അവിടുന്നു അകലെവച്ചുതന്നെ അറിയുന്നു.

ദൈവം മഹോന്നതാണ്. അവിടുന്ന് സ്രഷ്ടാവായ ദൈവമാണ്. എന്നാല്‍ അവിടുന്ന് എളിയവരെ കടാക്ഷിക്കുന്നു. അവിടുന്ന് ലോകത്തിലേയ്ക്ക് വന്നത്, വലിമ വെടിഞ്ഞ് ചെറുമ ഉള്‍ക്കൊണ്ടത് താഴ്മയില്‍ സൃഷ്ടികള്‍ക്കൊപ്പം വസിക്കാനാണ്, സൃഷ്ടിജാലങ്ങള്‍ക്കൊപ്പം ആയിരിക്കാനാണ്. അദൃശ്യനായ ദൈവം ദൃശ്യനായത്, ലോകത്ത് അവതരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. എന്നാല്‍ ലോകത്തു കാണുന്ന അതിര്‍വരമ്പുകളെ സങ്കീര്‍ത്തകന്‍ പദങ്ങളില്‍ തിരിച്ചറിയുന്നു. അവയെ വെറുക്കുന്നു. എളിയവരെ അവഗണിക്കുന്നതും, അവരെ സ്വാര്‍ത്ഥതയില്‍ ഉപയോഗിക്കുകയും വലിച്ചെറിയുകയും, വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് പദങ്ങളില്‍ നിരീക്ഷിക്കപ്പെടുന്നു. അഹങ്കാരികളായവരെയും അതിക്രമികളെയും അവിടുന്നു തിരിച്ചറിയുന്നുണ്ടെന്ന് ആറാമത്തെ പദം വ്യക്തമാക്കുന്നുണ്ട്.   

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.
ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍
ശിരസ്സുനമിക്കുന്നു, ഞാന്‍ ശിരസ്സുനമിക്കുന്നു.

ഇനി നാം പരിചയപ്പെടുന്നത് ഈ ഗീതത്തിന്‍റെ അവസാനത്തെ രണ്ടു പദങ്ങളാണ്. 7, 8 വരികളാണ്. വ്യക്തിയുടെ ഹൃദയവ്യഥയോടെയുള്ള ഏറ്റുപറച്ചിലും, അതിനെ തുടര്‍ന്നുള്ള നന്ദിപ്രകടനവുമാണിത്. സങ്കീര്‍ത്തനത്തിലെ പദപ്രയോഗത്തില്‍ ഇതൊരു ‘കുമ്പസാര’മാണ്, അല്ലെങ്കില്‍ മനഃതാപത്തോടെയുള്ള ഏറ്റുപറച്ചിലാണ്. സങ്കീര്‍ത്തകന്‍റെ, അല്ലെങ്കില്‍ ഈ കൃതജ്ഞതാഗീതം ഉരുവിടുന്ന വ്യക്തിയുടെ വിശ്വാസപ്രകരണമോ, വിശ്വാസപ്രഖ്യാപനമോ ആണ് ഈ വരികള്‍ വ്യക്തമാക്കി തരുന്നതെന്ന് പദങ്ങള്‍ ശ്രവിക്കുമ്പോള്‍ മനസ്സിലാകും.

Recitation:
7. കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും,
എന്‍റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു.
ശത്രുക്കളുടെ ക്രോധത്തിനെതിരേ അവിടുന്നു കരം നീട്ടുന്നു.
അവിടുത്തെ വലതുകരം എന്നെ പരിരക്ഷിക്കുന്നു.

നിരൂപകന്മാര്‍ പറയുന്നത്, ഇവിടെ ഏശയാ പ്രവാചകന്‍റെ വചനം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്. തീര്‍ച്ചയായും ഇസ്രായിലിന്‍റെ സാമൂഹികപശ്ചാത്തലത്തില്‍ പ്രവാചകന്‍റെ വാക്കുകള്‍ ഗായകന്‍ സ്വായത്തമാക്കിയതായിരിക്കണം.

 ഏശയ 43, 1-4.  Recitation:
യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും
ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.
നീ എന്‍റേതാണ്. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും.
നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളുകയില്ല. അഗ്നിയിലൂടെ നടന്നാലും
നിനക്കു പൊള്ളലേല്ക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമാണ്.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്.

യഥാര്‍ത്ഥമായ ഒരു വിശ്വാസപ്രഖ്യാപനം  വരികളില്‍ നമുക്ക് കണ്ടെത്താം. തുടര്‍ന്ന് എട്ടാമത്തെ പദത്തില്‍ വളരെ അടിസ്ഥാനപരമായ ഒരു സ്ഥിരീകരണമാണ് നാം കേള്‍ക്കുന്നത്. കര്‍ത്താവ് തന്‍റെ പദ്ധതികള്‍ തന്നില്‍ പൂര്‍ത്തീകരിക്കുമെന്ന സങ്കീര്‍ത്തകന്‍റെ പ്രത്യാശഭരിതമായ ചിന്ത, ഈ പദം നമുക്കു പകര്‍ന്നുതരികയാണ്.    

Recitation:
8.എന്നെക്കുറിച്ചുള്ള തന്‍റെ നിശ്ചയം കര്‍ത്താവു നിറവേറ്റും
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്.
അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

ഞെരുക്കപ്പെടുന്ന സങ്കീര്‍ത്തകനു മാത്രമല്ല, ജീവിതഭാരത്താല്‍ വേദനിക്കുകയും തളരുകയുംചെയ്യുന്ന ഓരോ മനുഷ്യനും ജീവനും സഹായവും നല്കുന്നവാനാണ് കര്‍ത്താവ്! അതുകൊണ്ട് ശത്രുക്കള്‍ ഉപദ്രവിച്ചാലും സഹായകനായ ദൈവത്തില്‍ പൂര്‍ണ്ണമായി ശരണപ്പെടുകയാണ് സങ്കീര്‍ത്തകന്‍! പദങ്ങള്‍ അത് വ്യക്തമാക്കുന്നു!  കര്‍ത്താവിന്‍റെ കാരുണ്യം അനന്തമാണ്, എന്ന് സങ്കീര്‍ത്തകന്‍ ആലപിക്കുമ്പോഴും... ‘ഹെസെദ്’ hesed എന്ന വാക്കാണ് ഹെബ്രായ മൂലരചനയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലിഷിലോ മറ്റൊരു ഭാഷയിലും  തതുല്യമായ ഒറ്റവാക്ക് ഇല്ലെന്നാണ് പറയുന്നത്. ‘ഹെസെദ്’ എന്നാല്‍ ‘കരുണാര്‍ദ്രമായ സ്നേഹം’  Loving Kindness എന്നാണ്. ദൈവ-മനുഷ്യ ബന്ധത്തിലും ഉടമ്പടിയിലുമുള്ള പ്രയോഗമാണിത്. ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹമാണ് വ്യക്തിജീവിതത്തില്‍ പദ്ധതിയൊരുക്കന്നതും, വ്യക്തിയെ നയിക്കുന്നതും! യാഥാര്‍ത്ഥത്തില്‍ ദൈവിക പദ്ധതികള്‍... അവിടുത്തെ സ്നേഹത്തിന്‍റെയും കരുണ്യത്തിന്‍റെയും ഉടമ്പടിയും പദ്ധതിയുമാണ്. അത് ഇന്നേയ്ക്കു മാത്രമല്ല, കാലാന്തരത്തോളം തുടരുകതന്നെചെയ്യും. ദൈവസ്നേഹം അനന്തമാണ്, എന്ന അവബോധത്തോടെയാണ് തന്‍റെ കൃതജ്ഞതാഗീതം ദൈവസന്നിധിയില്‍ സങ്കീര്‍ത്തകന്‍ സമര്‍പ്പിക്കുന്നത്.

Recitation:
കര്‍ത്താവേ, അങ്ങേ കാരുണ്യം അനന്തമാണ്
എന്നെക്കുറിച്ചുള്ള അങ്ങേ നിശ്ചയം നിറവേറ്റേണമേ!
അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

കണിശമായും മരണം നമ്മെ ഒരുനാള്‍ വിഴുങ്ങുമെന്ന് അറിയാം. എങ്കിലും ദൈവത്തിന്‍റെ അനന്തമായ സ്നേഹം, പതറാത്ത സ്നേഹം നിത്യതയോളം നിങ്ങളെയും എന്നെയും നയിക്കുകയും രക്ഷിക്കുകയും ചെയ്യും... എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നതും പ്രത്യാശിക്കുന്നതും.  

Musical Version Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
2. ദൈവമേ, അങ്ങേ കാരുണ്യവും വിശ്വസ്തതയുമോര്‍ത്തു ഞാന്‍
നന്ദിയര്‍പ്പിക്കുന്നു
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
‍ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ച നാളില്‍
അങ്ങെനിക്കുത്തരമരുളി.


(William Nellikkal)

05/06/2018 13:54