2018-05-30 09:40:00

വിശ്വാസത്തില്‍ ഊന്നിയ സന്തോഷത്തില്‍ ജീവിക്കാം!


മെയ് 25 മുതല്‍, 28-വരെ തിയതികളില്‍ റൊസേരിയോ നഗരത്തില്‍ ഒത്തുചേര്‍ന്ന ദേശീയ യുവജനസംഗമത്തിലേയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സാന്നിദ്ധ്യം, കൂട്ടായ്മ, ദൗത്യം എന്നിങ്ങനെ ശ്രദ്ധേയമായ മൂന്നു കാര്യങ്ങളാണ് താല്പര്യത്തോടും ആര്‍ജ്ജവത്തോടുംകൂടെ പാപ്പാ യുവജനങ്ങളുമായി പങ്കുവച്ചത്.

1. സാന്നിദ്ധ്യം
ചരിത്രത്തില്‍ ജീവിക്കുകയും തന്‍റെ സാന്നിദ്ധ്യം ലോകത്തെ അറിയിക്കുകയും ചെയ്ത ക്രിസ്തു യുവജനങ്ങളുടെ ജീവിതത്തില്‍ സന്നിഹിതനാണ്. നാം അവിടുത്തെ അറിയില്ലെങ്കിലും, മറന്നുപോയാലും, അവിടുന്നു നമ്മെ കൈവെടിയുകയില്ല. യേശുവിനെ വിട്ടകന്നുപോയ എമാവൂസിലെ രണ്ടു ചെരുപ്പക്കാരുടെ പക്കലേയ്ക്ക് ക്രിസ്തു അന്വേഷിച്ചു ചെന്ന സംഭവം പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു. ഭീരുക്കളായവര്‍ക്ക് അവിടുന്ന് ധൈര്യവും വെളിച്ചവും നല്കി. അവിടുന്ന് അവര്‍ക്ക് സ്നേഹസാന്ത്വനമായി!

എവിടെയും.... സമൂഹത്തിലും കുടുംബത്തിലും കൂട്ടുകാരുടെ ഇടയിലും ഒരു “സ്നേഹസംസ്ക്കാരം” വളര്‍ത്താന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് ഒരു സഹോദരനായി നമ്മില്‍ വാസമാകുന്നു,  മാംസം ധരിക്കുന്നു. അതിനാല്‍ പ്രാര്‍ത്ഥനയിലും കൂദാശകളിലും വചനത്തിലും അവിടുത്തെ നാം കണ്ടെത്തണം. അവിടുത്തേയ്ക്കായി കുറച്ചു സമയം മാറ്റിവയ്ക്കണം, നാം നിശ്ശബ്ദതയില്‍ അവിടുത്തെ ശ്രവിക്കണം. യേശുവെ ശ്രവിക്കുവോളം ഒരു പ്രശാന്തതയും ആന്തരിക നിശ്ശബ്ദതയും പാലിക്കാന്‍ എനിക്കു സാധിക്കുന്നുണ്ടോ ആത്മശോധനചെയ്യാം! അത് അത്ര എളുപ്പമല്ല. എന്നാല്‍ സാധിക്കും... പരിശ്രമിച്ചാല്‍, പരിശ്രമിച്ചാല്‍ നമുക്കത് സാധക്കും!

ജീവിതപരിസരത്ത് നന്മയുടെ മാറ്റങ്ങള്‍ കാണാതെ വിഷമിക്കുകയും, നിരാശനാവുകയും, പ്രത്യാശ അറ്റ് നീങ്ങുകയും ചെയ്യുമ്പോള്‍, ഓര്‍ക്കുക.... എമാവൂസിലെ ശിഷ്യന്മാരുടെ പക്കല്‍ എന്നപോലെ ക്രിസ്തു നിങ്ങളുടെ ചാരത്തുണ്ട്. ചില സംഭവങ്ങള്‍ നമ്മെ ജീവിതത്തില്‍ തകര്‍ക്കുന്നു. കാരണം ജീവിതവൈരുധ്യങ്ങള്‍ നന്മയെക്കാള്‍ ശക്തമാണ്. ഇരുട്ടറയുടെ അന്ത്യത്തില്‍ വെളിച്ചം കാണാനാവാത്തപോലെ...! എന്നാല്‍ യേശുവിനെ കണ്ടെത്തുമ്പോള്‍ ജീവിതത്തില്‍ കൃപ ലഭിക്കുന്നു. അവിടുന്ന് ചാരത്തെത്തുന്ന നല്ല സമറിയക്കാരനെപ്പോലെയാണ്. അവിടുത്തെ കൃപാസ്പര്‍ശം നമുക്ക് പുതുജീവന്‍ തരുന്നു. ക്രിസ്തുവോടു ചേര്‍ന്നാല്‍ നമ്മുടെ ചരിത്രത്തെ നവീകരിക്കാനാകും! ഇത് അവിശ്വസനീയമെന്ന് നിങ്ങള്‍ എന്നോടു പറഞ്ഞേക്കാം. എന്നാല്‍, നസ്രത്തിലെ യുവതി, മേരി തന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റിയെഴുതിയില്ലേ!? ലഭിച്ച കൃപാസ്പര്‍ശത്താല്‍ അവള്‍ ചരിത്രം മാറ്റിയെഴുതിയില്ലേ!?

പാവങ്ങളെയും ആവശ്യത്തിലായിരിക്കുന്നവരെയും കണ്ടെത്തി സഹായിക്കുന്ന നല്ല സമറിയക്കാരന്‍ ക്രിസ്തുവാണ്. പാവങ്ങളില്‍ അവിടുത്തെ മുഖം ദര്‍ശിച്ച് അവരെ സഹായിക്കാന്‍ ഇന്ന് യുവജനങ്ങളായ നിങ്ങള്‍ക്കും എനിക്കും സാധിച്ചാല്‍ - യേശുവിനെപ്പോലെ നാമും “നല്ല സമറിയക്കാരനാ”യിത്തീരും. അങ്ങനെ ജീവിതം കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു അനുയാത്രയാവട്ടെ! ഈ കാഴ്ചപ്പാട് നമ്മെ സൗഖ്യപ്പെടുത്തും, അതുപോലെ മറ്റുള്ളവര്‍ക്ക് സൗഖ്യംപകരാന്‍ അത് നമ്മെ പ്രചോദിപ്പിക്കും.
സഹോദരങ്ങള്‍ക്ക് സൗഖ്യം പകരാന്‍ നാം വിളിക്കപ്പെട്ടവരാണു നാം. അവരെ അടുത്തറിഞ്ഞ് അവരെ കൈപിടിച്ച് ഉയര്‍ത്തേണ്ടതാണ്. അതിന് നാം അവര്‍ക്ക് ഒരു സ്നേഹസാന്നിദ്ധ്യമാവണം, അവരെ അടുത്തറിയണം! നല്ല സമറിയക്കാരന്‍റെ മനോഭാവം ഉള്‍ക്കൊള്ളാന്‍ നാം ക്രിസ്തുവുമായി വ്യക്തിജീവിതത്തില്‍ കൂടിക്കാഴ്ച നടത്തിയിരിക്കണം. പ്രാര്‍ത്ഥന, ആരാധനയുടെ നിമിഷങ്ങള്‍, സര്‍വ്വോപരി വചനത്തിലും അവിടുത്തെ ശ്രവിക്കാം. അതിന് നാം ഒരു ദിവസം രണ്ടു മിനിറ്റെങ്കിലും വചനം, ബൈബിള്‍ വായിക്കാറുണ്ടോ? ഒരു ചെറിയ സുവിശേഷപ്പുസ്തകം പോക്കറ്റിലോ, ബാഗിലോ നാം കരുതണം. സമയം കിട്ടുമ്പോള്‍ - യാത്രയിലാണെങ്കിലും നമുക്ക് വചനം വായിക്കാം. ബസ്സിലും മെട്രോയിലും ട്രെയിനിലുമെല്ലാം നമുക്ക് വചനം പാരായണം ചെയ്യാം. നമ്മുടെ ജീവിതത്തെ അതു സ്പര്‍ശിക്കും, മാറ്റിമറിക്കും. കാരണം നാം വചനത്തില്‍ ക്രിസ്തുവിനെ കേള്‍ക്കുന്നു, അവിടത്തെ ദര്‍ശിക്കുന്നു.

2. കൂട്ടായ്മ
ജീവിതകഥ നാം രചിക്കുന്നത് ഒറ്റയ്ക്കല്ല! നമ്മുടെ ജീവിതകഥാവിഷ്ക്കാരത്തില്‍ മറ്റു കഥാപാത്രങ്ങളുമുണ്ട്. അങ്ങിനെ നാം ഒറ്റയ്ക്കല്ല, ഒരു ജനമാണ്. ചരിത്രം കുറിക്കുന്ന ഒരു ജനസമൂഹമാണു നാം, ചരിത്രത്തിലെ കഥാപാത്രങ്ങളാണു നാം. അതിനാല്‍ നാം ഒരു സമൂഹവുമാണ്.  നാം ഒരു സഭയാണ്. നാം ദൈവജനമാണ്. കുട്ടികളും പ്രായമായവരും, രോഗികളും ആരോഗ്യമുള്ളവരും,  അംഗവൈകല്യമുള്ളവരും പാപികളും പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമെല്ലാം സഭയുടെ വൈവിധ്യമാര്‍ന്ന മുഖങ്ങളാണ്. യേശുവോടൊപ്പം കന്യകാനാഥയും വിശുദ്ധരും സഭയെ അനുധാവനംചെയ്യുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ സധൈര്യം നമുക്കു മുന്നേറാം. ഇന്നിന്‍റെ ചരിത്രം പുനരാവിഷ്ക്കരിക്കാം. യേശുവിന് നിങ്ങളിലും എന്നിലും പ്രതീക്ഷയുണ്ട്, നമ്മില്‍ അവിടുന്നു പ്രത്യാശയര്‍പ്പിക്കുന്നുണ്ട്. നമ്മില്‍ എല്ലാവരിലും നാം ഓരോരുത്തരിലും ക്രിസ്തു പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.

ചരിത്രത്തിലെ സവിശേഷമായ കാലഘട്ടമാണിത്. മെത്രാന്മാരുടെ സിനഡുസമ്മേളനം സഭ വിളിച്ചുകൂട്ടുകയാണ്. ഒക്ടോബറില്‍ സംഗമിക്കുന്ന സിനഡിന്‍റെ പ്രതിപാദ്യവിഷയം യുവജനങ്ങളാണ്. യുവജനങ്ങളുടെ പങ്കാളിത്തവും അഭിപ്രായങ്ങളും സഭ ഈ സിനഡില്‍ പ്രതീക്ഷിക്കുന്നുണ്ട്. സിനഡിനു മുന്നോടിയായി നടന്ന യുവജനങ്ങളുടെ റോമിലെ സംഗമത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 350 പേര്‍ പങ്കെടുക്കുകയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ക്രൈസ്തവരും അക്രൈസ്തവരും അവിശ്വാസികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സമ്മേളന ദിനങ്ങളില്‍ 15,000 യുവജനങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നായി സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ പങ്കെടുക്കയും, പ്രതിനിധികളുമായി സംശയങ്ങളും ആശയങ്ങളും കൈമാറുകയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഈ അഭിപ്രായ ശേഖരം സിനഡില്‍ എത്തിപ്പെടും. അതുപോലെ ഇപ്പോഴിതാ, അര്‍ജന്‍റീനയിയിലും യുവജനങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നു. നിങ്ങളുടെ തനിമയാര്‍ന്ന ചിന്തകളുമായി നിങ്ങളും സിനഡില്‍ പങ്കുചേരും!!

യുവജനങ്ങള്‍ക്കായുള്ള ആഗോളസഭയുടെ സിനഡിലെ സജീവ പങ്കാളികളും പ്രയോക്താക്കളുമായിരിക്കാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു. മാറി നില്ക്കരുത്. ഹൃദയം തുറക്കുക! നിങ്ങള്‍ ചിന്തിക്കുന്നത് തുറവോടെ പങ്കുവയ്ക്കുക. നിങ്ങള്‍ പിന്‍വലിയരുത്. ഒരാള്‍‍ നോക്കി. അവള്‍ ഒന്നു കളിയാക്കി. അവനും അവളും എന്തു ചിന്തിക്കും! അല്ല. നമുക്കു വ്യത്യസ്തമായി ചിന്തിക്കാം. നാം ജീവിക്കുന്നതില്‍ ഈ വ്യത്യാസമുണ്ട്. അതിനാല്‍ ജീവിക്കുന്ന രീതി തന്നെ, സ്വതന്ത്രമായി നമുക്ക് പങ്കുവയ്ക്കാം! പാപ്പാ നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളോടു സംവദിക്കാനും കൂട്ടായ്മയുടെ നവമായ രീതികള്‍ നിങ്ങളില്‍നിന്ന് ആരായാനും ആഗ്രഹിക്കുന്നുണ്ട്. അതുവഴി വിശ്വാസത്തെ നവീകരിക്കാം, നമ്മുടെ സുവിശേഷവത്ക്കരണ ദൗത്യത്തെ കാലികമായി പുനരാവിഷ്ക്കരിക്കാം.

യുവജനങ്ങള്‍ക്ക് നന്നായിട്ട് അറിയാം കമ്പ്യൂട്ടര്‍, മൊബൈല്‍-ഫോണ്‍ പോലുള്ള ഡിജിറ്റല്‍  ഉപകരണങ്ങള്‍ സമായസമയങ്ങളില്‍ നവീകരിക്കണം, up-date ചെയ്യണമെന്ന്. അതുപോലെ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ ക്രിസ്തുവുമായുള്ള ബന്ധവും നവീകരിക്കപ്പെടണം. പോക്കറ്റിലും ബാഗിലും സൂക്ഷിച്ചു വായിച്ചു ധ്യാനിക്കേണ്ട വചനം ഇന്നത്തെ ലോകത്തെ വീക്ഷിക്കാനുള്ള ശരിയായ കാഴ്ചപ്പാടു നിങ്ങള്‍ക്കു നല്കും, ഒപ്പം നമ്മുടെ കൂട്ടായ ജീവിതദൗത്യത്തെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടും അതു നല്കും. റൊസേരിയോയിലെ യുവജസംഗമം ക്ഷണിക്കുന്നത് ഈ മനനത്തിലേയ്ക്കാണ്, ജീവിതദൗത്യത്തിന്‍റെ ചിന്തത്തിലേയ്ക്കാണ്. യുവജനങ്ങള്‍ക്ക് പാപ്പാ പ്രാര്‍ത്ഥനാസാന്നിദ്ധ്യം വാഗ്ദാനം ചെയ്തു.

3. ദൗത്യം
സാന്നിദ്ധ്യം (Presence), കൂട്ടായ്മ (Communion) എന്നീ വാക്കുകളെക്കുറിച്ചു നാം മനസ്സിലാക്കി. നമുക്കിനി മൂന്നാമത്തെ വാക്യമായ ‘ദൗത്യ’ത്തിലേയ്ക്ക് (Mission) കടക്കാം. ലക്ഷ്യപ്രാപ്തിക്കായി ഇറങ്ങിപ്പുറപ്പെടുന്ന ഒരു സഭാസമൂഹത്തിന്‍റെ ഭാഗമാണ് നമ്മള്‍. സുഖസൗകര്യങ്ങളില്‍ ഒതുങ്ങി ജീവിക്കാതെ അപരനുവേണ്ടി നാം ഇറങ്ങിപ്പുറപ്പെടുന്നു. അങ്ങനെ നാം ഒരു പ്രേഷിതസഭയാണ്. അപരനോടു സംവദിക്കാനും അവരെ കേള്‍ക്കാനുള്ള തുറവും കരുണയുമുള്ള സമരായന്‍റെ   സഭയാണിത്.  ഇവിടെ ക്രിസ്തു നമ്മെ വിളിച്ച്, നിയോഗിച്ച് അയക്കുന്നത് സകലരോടും അടുക്കുവാനും അവരെ സ്നേഹിക്കുവാനുമാണ്. സുവിശേഷം ഉദ്ബോധിപ്പിക്കുന്നത്, നിങ്ങള്‍ പേയി സകലജതകളെയും ശിഷ്യപ്പെടുത്തുക. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തുക.  ഞാന്‍ ലോകാവസാനംവരെ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നാണ് (മത്തായി 28, 19-20).   അതിനാല്‍ പോവുക, ഭയപ്പെടേണ്ട! ചഞ്ചലമാകുന്നതും സമീകരിക്കാനാവാത്തതുമായ മനസ്സ് യുവജനങ്ങളുടേതാണ്. എന്നാല്‍ നിങ്ങള്‍ അതിനെതിരെ പോരാടാണം. തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കണം, ജീവിതത്തിന്‍റെ ജാലകങ്ങളില്‍ അലസമായി നോക്കിനില്ക്കരുത്. ക്രിസ്തുവിന്‍റെ കുപ്പായവും പാദരക്ഷയും അണിഞ്ഞ് അവിടുത്തെ ആദര്‍ശങ്ങള് ജീവിക്കാന്‍ ഒരുങ്ങുക. പരിത്യക്തരായ സഹോദരങ്ങളുടെ മുറിവുണക്കാന്‍ വേദനക്കുന്നവരില്‍ പ്രത്യാശ പകരാനും ഇറങ്ങിപ്പുറപ്പെടാം, അങ്ങനെ നമ്മുടെ ചരിത്രംതന്നെ തിരുത്തി എഴുതാം, നവീകരിക്കാം!

യുവജനങ്ങല്‍ നാടിന്‍റെ വാഗ്ദാനങ്ങളാണെന്ന് നാം പലമുറ കേള്‍ക്കുന്നതാണ്. ഭാവി നിങ്ങളുടെ കൈകളിലാണ്. കാരണം മുതിര്‍ന്നവര്‍ കടന്നുപോകും, യുവജനങ്ങള്‍ ജീവിതം തുടരുന്നു. എന്നാല്‍ നല്ല ഭാവിക്ക് അടിത്തറ ആവശ്യമാണ്. അയാഥാര്‍ത്ഥ്യമായ സ്വപ്നത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? കേള്‍ക്കാത്ത കഥകളില്ല! നാം അവ വിശ്വസിക്കുന്നു. അര്‍ജന്‍റീനയുടെ കവി ബെര്‍ണാര്‍ദെസ് കുറിക്കുന്നത്, മരം പൂവണിയുന്നത് വേരൂന്നി നിലക്കുന്നതിനാലാണ്! അതിനാല്‍ വേരുകള്‍ മറക്കരുത്. രാഷ്ട്രത്തിന്‍റെയും കുടുംബത്തിന്‍റെ മൂലം മറക്കരുത്. കാരണവന്മാരെ മറക്കരുത്. ചരിത്രം മറക്കരുത്. വേരുകളില്‍നിന്നും നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാം. നമ്മുടെ രാഷ്ട്രത്തിന്‍റെ യോദ്ധാക്കള്‍ കടന്നുപോയി.. അവര്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിലേയ്ക്കു തിരിയാന്‍ ഞാന്‍ യുവജന ങ്ങളെ ക്ഷണിക്കുന്നു. തന്‍റെ തിരിക്കുമാരന്‍ ക്രിസ്തുവിനോട് എപ്രകാരം ചേര്‍ന്നുനില്ക്കണമെന്ന്, സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും പ്രകാശത്തിന്‍റെയും മഹത്വത്തിന്‍റെയും  ജപമാലയുടെ രഹസ്യങ്ങള്‍  പഠിപ്പിക്കുന്നു. സ്നേഹസാമീപ്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും അമ്മ തന്നെ തേടുന്നവരെ കാത്തുപാലിക്കട്ടെ! യുവജനങ്ങളുടെ വിശ്വാസജീവിതത്തിന് ഈ അമ്മ മാതൃകയാവട്ടെ, അവള്‍ നിങ്ങളുടെ ഗുരുനാഥയാവട്ടെ! നിങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും കന്യകാനാഥയും യേശുവും നയിക്കട്ടെ! തനിക്കായി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ, എന്ന അഭ്യര്‍ത്ഥനയോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.