സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

സാന്താ മാര്‍ത്താ ഗ്രൂപ്പ് : മനുഷ്യക്കടത്തിന് എതിരായ രാജ്യാന്തരശൃംഖല

വത്തിക്കാനില്‍ സമ്മേളിച്ച സാന്താ മാര്‍ത്താ ഗ്രൂപ്പ്

30/05/2018 17:56

സഭയും സമൂഹവും ചേര്‍ന്ന് രൂപീകൃതമായ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കണ്ണിയാണ് സാന്താ മാര്‍ത്താ ഗ്രൂപ്പെന്ന് ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസാ പ്രസ്താവിച്ചു.

നവഅടിമത്തമായ മനുഷ്യക്കടത്തിന് എതിരെ പോരാടുവാന്‍ പാപ്പാ ഫ്രാന്‍സിസ് രാജ്യാന്തര തലത്തില്‍ സംവിധാനംചെയ്ത ഉന്നതതല  പൊലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും സാന്താ മാര്‍ത്താ ഗ്രൂപ്പിനെ മെയ് 28-ന് യുഎന്‍ വിളിച്ചുകൂട്ടിയ രാഷ്ട്രങ്ങളുടെ സംഗമത്തില്‍ രാഷ്ട്രപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തവെയാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അരുള്‍ചെയ്തത്.

മനുഷ്യക്കടത്തെന്ന ഭീതിദമായ കുറ്റകൃത്യത്തിന് കാരണക്കാരായവര്‍ക്കെതിരെ നീതി നടപ്പാക്കുന്നതിനും ഇരകളായവരുടെ യാതനകള്‍ ശമിപ്പിക്കുന്നതിനുമായി 2014 ഏപ്രില്‍ മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ വസതി, സാന്താ മാര്‍ത്തയില്‍ വിളിച്ചുകൂട്ടിയ ലോകത്തെ വന്‍നഗരങ്ങളിലെ ഉന്നതതല പൊലീസ് ഓഫിസന്മാരുടെയും പൗരപ്രമുഖരുടെയും സര്‍ക്കാരേതര സംഘടകളുടെയും സന്നദ്ധ കൂട്ടായ്മയാണ് സാന്താ മാര്‍ത്താ ഗ്രൂപ്പെന്ന് (The Santa Marta Group) ആര്‍ച്ചുബിഷപ്പ് ഔസ വ്യക്തമാക്കി.

അനീതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരും സഭയും കൈകോര്‍ക്കുന്നതിന്‍റെ പ്രതീകമാണ് സാന്താ മാര്‍ത്താ ഗ്രൂപ്പെന്നും, മനുഷ്യക്കടത്തിന് ഇരയായവരെ അതിവേഗം നേരിട്ടു ബന്ധപ്പെടാന്‍ ഫലവത്തായ നേരായ മാര്‍ഗ്ഗമാണ് പൊലീസ് ഉദ്ദ്യോഗസ്ഥരും പ്രാദേശിക മെത്രാന്‍ സംഘവുമായുള്ള ഈ കണ്ണിചേരലെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ തന്‍റെ പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.

ഇന്നിന്‍റെ പ്രതിഭാസങ്ങളായ മനുഷ്യക്കടത്ത്, അവയവങ്ങളുടെയും കോശങ്ങളുടെയും കള്ളക്കടത്ത്, കുട്ടികളുടെ ലൈംഗിക പീഡനം, അടിമവേല, വേശ്യാവൃത്തി എന്നിങ്ങനെയുള്ള വളരെ നീചമായ പ്രത്യാഘാതങ്ങളുള്ള സാമൂഹിക സാമ്പത്തിക ഒറ്റപ്പെടുത്തലുകള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രനേതാക്കളുടെ ഫലവത്തും, പ്രായോഗികവും നിരന്തരവും യഥാര്‍ത്ഥവുമായ പിന്‍തുണ ആവശ്യമാണെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടാണ്. ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ വിവരിച്ചു.

ഈ വിപത്തുകള്‍ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ സ്ഥാപനങ്ങള്‍ സത്യസന്ധമായും ഫലവത്തായും നീങ്ങണമെങ്കില്‍ ഈ മേഖലയിലെ സഭാസ്ഥാപനങ്ങള്‍ സാമൂഹികവും സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ളതുമായ സ്ഥാപനങ്ങളുമായി കൈകോര്‍ത്തു നീങ്ങേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. രാഷ്ട്രപ്രതിനിധികളെ ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.


(William Nellikkal)

30/05/2018 17:56