2018-05-29 11:49:00

“വിശുദ്ധിയുടെ വഴിയേ മുന്നേറുക”: പാപ്പായുടെ വചനസന്ദേശം


ലോകത്തിന്‍റെ വഴിയേ നീങ്ങാതെ വിശുദ്ധിയില്‍ മുന്നേറാനുള്ള ആഹ്വാനമേകിയാണ് മാര്‍പ്പാപ്പാ, മെയ് 29-ാംതീയതി  ചൊവ്വാഴ്ച രാവിലെ സാന്താമാര്‍ത്തായിലര്‍പ്പിച്ച ബലിമധ്യേ വചനസന്ദേശം നല്‍കിയത്.  പത്രോസിന്‍റെ ഒന്നാം ലേഖനത്തില്‍ നിന്നുള്ള  ആദ്യവായനയില്‍, വിശുദ്ധിയെ ലക്ഷ്യമാക്കി നീങ്ങുവാന്‍ നല്‍കുന്ന ക്ഷണമായിരുന്നു (1Pt 1,10-16) പാപ്പാ തന്‍റെ വചനവിചിന്തനത്തിനു വിഷയമാക്കിയത്.

“ഒരു ക്രൈസ്തവനായിരിക്കുക എന്ന വിളി ഒരു വിശുദ്ധനായിരിക്കുക എന്നതുതന്നെയാണ്” എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട്  പാപ്പാ പറഞ്ഞു: “പലപ്പോഴും, വിശുദ്ധിയെക്കുറിച്ചു നാം ചിന്തിക്കുന്നത്, എന്തെങ്കിലും അസാധാരണ്വം, ദര്‍ശനങ്ങളും, ഉയര്‍ന്ന പ്രാര്‍ഥനാരീതികളും ഒക്കെ ഉണ്ടായിരിക്കുന്ന അവസ്ഥയെന്നാണ്... അല്ലെങ്കില്‍, വിശുദ്ധരുടെ ചിത്രങ്ങളില്‍ കാണുന്നതുപോലെയുള്ള ഒരു മുഖം ഉണ്ടായിരിക്കുക എന്നാണ്... വിശുദ്ധരായിരിക്കുക എന്നത് മറ്റൊരു കാര്യമാണ്.  അത്, കര്‍ത്താവു നമ്മോടു വിശുദ്ധിയെക്കുറിച്ചു പറഞ്ഞിട്ടുള്ള വഴിയിലൂടെ നടക്കുക എന്നതാണ്.  പത്രോസ് അത് ഇങ്ങനെ വ്യക്തമാക്കുന്നു: “യേശുക്രിസ്തു വിന്‍റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍” (വാ. 13)...

വിശുദ്ധിയില്‍ മുന്നേറുന്നതിനെ പാപ്പാ വിവിധ തരത്തില്‍ വിശേഷിപ്പിച്ചു: “അതു പ്രകാശത്തിലേയ്ക്കു നടക്കുന്നതാണ്, നമ്മെ കണ്ടുമുട്ടുന്നതിനായി വരുന്ന കൃപയിലേയ്ക്കുള്ള ഗമനമാണ്, പ്രത്യാശയിലേയ്ക്കു നടക്കുന്നതാണ്, യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനായുള്ള നമ്മുടെ പുറപ്പാടാണത്.  പലപ്പോഴും മുന്നില്‍ നിന്നു വരുന്ന ആ പ്രകാശം നമ്മുടെ കണ്ണുകളില്‍ പതിക്കുന്നതിനാല്‍ വഴി വ്യക്തമാകണമെന്നില്ല.  പക്ഷേ, ആ പ്രകാശം മുമ്പിലുണ്ടെന്നതിനാല്‍, വഴി തെറ്റുകയില്ല.  എന്നാല്‍ പ്രകാശത്തിനു പിന്തിരിഞ്ഞു നടന്നാല്‍ നമ്മുടെ നിഴല്‍ വഴിയില്‍ വീഴുകയായിരിക്കും ചെയ്യുക...

ലോകത്തിന്‍റെ മാതൃകയ്ക്കൊത്തു നാം തിരിഞ്ഞുനടക്കരുത്.  വിശുദ്ധിയിലേയ്ക്കുള്ള വഴിയില്‍ നാം സ്വതന്ത്രരും, സ്വാതന്ത്ര്യാനുഭവം ഉള്ളവരും ആയിരിക്കണം.  മരുഭൂമിയില്‍ ഇസ്രായേല്‍ജനം ഈജിപ്തിലെ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ഓര്‍ത്തതുപോലെ, പ്രയാസകാലങ്ങളില്‍ നാം നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു ഗൗനിക്കാതെ, അടിമത്തത്തിന്‍റെ മേശയിലെ ഇഷ്ടവിഭവങ്ങളെ ചിന്തിച്ചു പോകുന്നു... എന്നാല്‍ സ്വാതന്ത്ര്യമില്ലാതെ നമുക്കു വിശുദ്ധരാകാന്‍ സാധിക്കുകയില്ല. ലോകത്തി ന്‍റെ പദ്ധതികള്‍ നമുക്കെല്ലാം വാഗ്ദാനം ചെയ്യുമെങ്കിലും, അവയ്ക്ക് ഒന്നും തരാനാകില്ല എന്നതാണു സത്യം.  അതുകൊണ്ട്, കര്‍ത്താവ്, “ഞാന്‍ പരിശുദ്ധനായതുകൊണ്ട് നിങ്ങളും പരിശുദ്ധ രായിരിക്കണം” എന്നു കല്‍പ്പിച്ചുകൊണ്ട്, വിശുദ്ധിയിലേയ്ക്കു നമുക്കു നല്‍കുന്ന അനുദിനവിളി ശ്രവിച്ചുകൊണ്ട്, മുന്നോട്ടു നീങ്ങുക എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.