2018-05-29 12:33:00

സുവിശേഷപ്രഘോഷണം സഭയുടെ ദീപ്തമായ ദൗത്യം


മിഷന്‍ സംഘടനകളുടെ (Pontifical Mission Societies) രാജ്യാന്തര സംഗമത്തിന് വത്തിക്കാനില്‍നിന്നും അയച്ച വീഡിയോ സന്ദേശത്തിലെ ചിന്തകള്‍ :  മെയ് 28-Ɔο തിയതി തിങ്കളാഴ്ച റോമിലെ സാക്രോഫാനോയില്‍ ആരംഭിച്ച മിഷന്‍ സൊസൈറ്റികളുടെ (Pontifical Mission Societies) പൊതുസമ്മേളനത്തിന് പാപ്പാ അയച്ച വീഡിയോ സന്ദേശത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

19-Ɔο നൂറ്റാണ്ടിലായിരുന്നു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ കാര്യക്ഷമമായി പിറവിയെടുത്തത്. പ്രവര്‍ത്തനങ്ങളോടൊപ്പം മിഷനുവേണ്ടിയുള്ള പ്രാര്‍ത്ഥനയും വളര്‍ന്നുവന്നു. പത്രോസിന്‍റെ പിന്‍ഗാമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ ദൗത്യം എപ്രകാരമായിരിക്കണമെന്ന് ആദ്യമായി നിര്‍വ്വചിച്ചത് ഭാഗ്യസ്മരണാര്‍ഹനായ പതിനൊന്നാം പിയൂസ് പാപ്പയാണ്. അങ്ങനെ 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ സ്ഥാപിതമായി. 120 രാജ്യങ്ങളില്‍ ഇന്നും പ്രവര്‍ത്തന ക്ഷമതയുള്ള സൊസൈറ്റികള്‍ക്ക് ദേശീയ ഡയറക്ടറേറ്റുകളും (National Directorates) പരിശുദ്ധ സിംഹാസനത്തിന്‍റെ രാജ്യാന്തര സെക്രട്ടറിയേറ്റുകളുമുണ്ട് (International Secretariats).

മിഷനുവേണ്ടിയും മിഷണറിമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക, ഒപ്പം തങ്ങളാല്‍ കഴിവതു ചെയ്യുക എന്നത് സഭയുടെ സുവിശേഷപ്രവര്‍ത്തനത്തിന്‍റെ പ്രസക്തി വെളിപ്പെടുത്തുന്ന രണ്ടു ഘടകങ്ങളാണ്. പരിശുദ്ധാത്മാവാണ് സഭയുടെ സുവിശേഷവത്ക്കരണത്തിന്‍റെ സൂത്രധാരകന്‍! അരൂപിയോടു സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സുവിശേഷവത്ക്കരണത്തിനും കൂദാശകളുടെ അനുഷ്ഠാനത്തിനും, വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും, അജപാലനപ്രേഷിത പ്രവൃത്തനങ്ങളുടെയും, മതബോധനത്തിന്‍റെയും സാക്ഷാത്ക്കാരത്തിനുമായി ചെയ്യുന്ന ധനസഹായം എല്ലായിടത്തും തുല്യമായി ലഭ്യമാകണമെന്ന് പാപ്പാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കുന്ന പ്രേഷിതരെ പ്രാര്‍ത്ഥനയോടെ അനുധാവനംചെയ്യുകയും പിന്‍തുണയ്ക്കുകയും ചെയ്യാം. അവരെ പരിശുദ്ധാത്മാവ് നയിക്കട്ടെ! അവിടുന്നാണ് സുവിശേഷവത്ക്കരണത്തെ ശാക്തീകരിക്കുന്നത്.  ലോക രക്ഷകനായ ക്രിസ്തുവിന്‍റെ സുവിശേഷ പ്രഘോഷണം സസന്തോഷം തുടരാനും, സകലജനതകളോടും, വിശിഷ്യ ചെറിയ സമൂഹങ്ങളോടും സംസ്ക്കാരങ്ങളോടും വളരുന്ന ചെറുസഭകളോടുമുള്ള പ്രത്യേക പരിഗണയോടെ മിഷന്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നവീകരിക്കാനും സാധിക്കട്ടെ! എല്ലാപ്രേഷിതര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.