2018-05-28 11:08:00

"ക്രൈസ്തവരുടെ പ്രഥമഭാഷ ആനന്ദമാണ്": മാര്‍പ്പാപ്പാ


2018, മെയ്മാസം 27-ാം തീയതി,  പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളിലെ മധ്യാഹ്നത്തില്‍ വത്തി ക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണത്തില്‍ ഒത്തുകൂടിയ തീര്‍ഥാടകസമൂഹത്തോടൊന്നിച്ച് പാപ്പാ ത്രികാലജപം നയിച്ചു. "കര്‍ത്താവിന്‍റെ മാലാഖ" എന്ന ജപം നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുന്നതിനുമായി പതിവുജാലകത്തിങ്കല്‍ എത്തിയ ഫ്രാന്‍സീസ് പാപ്പാ കൈകളുയര്‍ത്തി വീശി തീര്‍ഥാടകസമൂഹത്തെ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദ്യം ചെയ്തുകൊണ്ട‌് കരങ്ങളുയര്‍ത്തി വീശിയും, കരഘോഷവും ആഹ്ലാദാരവവും മുഴക്കിയും, സ്നേഹാദരവുകളോടെ അവര്‍ പാപ്പായെ എതിരേറ്റു. ത്രികാലജപത്തിനുമുമ്പ്, ദൈവികരഹസ്യത്തെ, അവിടുത്തെ അവിരാമവും അനന്തവുമായ സ്നേഹത്തെ, ധ്യാനിക്കുന്നതിനും, അവിടുത്തെ സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും സാക്ഷികളായിത്തീരുന്നതിനും ആഹ്വാനം ചെയ്തുകൊണ്ട്, ക്രിസ്ത്യാനിയുടെ പ്രഥമഭാഷ ആനന്ദം ആണെന്ന് ഉദ്ബോധിപ്പിച്ചു.  ഇറ്റാലിയന്‍ ഭാഷയില്‍ പരിശുദ്ധ പിതാവു നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ സുപ്രഭാതം!

ഇന്ന്, പന്തക്കുസ്താ കഴിഞ്ഞുവരുന്ന ഈ ഞായറാഴ്ചയില്‍, നാം പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ആചരിക്കുകയാണ്. മൂന്നാളുകളുടെ ഐക്യമായ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‍റെ, യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന്‍റെ രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുന്നതിനും സ്തുതിക്കുന്നതിനുമുള്ള ഒരു തിരുനാളാണിത്.  നമുക്കു തന്‍റെ ജീവന്‍ ദാനമായി നല്‍കുകയും, അതു ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്ത സ്നേഹദൈവത്തെ എന്നും നവീനമായ വിസ്മയത്തോടെ ആഘോഷിക്കുന്നതിനുള്ള തിരുനാള്‍.

ഇന്നത്തെ ബൈബിള്‍ വായനകള്‍ നമുക്ക് മനസ്സിലാക്കിത്തരാനാഗ്രഹിക്കുന്നത്, ദൈവത്തിന്‍റെ അസ്തിത്വം എങ്ങനെയെന്നല്ല, മറിച്ച്, ദൈവത്തിന്‍റെ സ്വഭാവം എങ്ങനെയാണെന്നാണ്.  നമ്മോടുകൂടി ആയിരിക്കുന്നവനാണെന്ന, നമുക്കു സമീപസ്ഥനും, നമ്മെ സ്നേഹിക്കുകയും, നമ്മോടൊത്തു നടക്കുകയും, നമ്മുടെ വ്യക്തിഗതചരിത്രത്തില്‍ താല്പര്യമുള്ളവനായിരിക്കുകയും, ഏറ്റവും ചെറിയവന്‍ മുതല്‍ ആവശ്യത്തിലായിരിക്കുകയും ചെയ്യുന്നവര്‍ മുതല്‍ ഓരോരുത്തരുടെയും കാര്യത്തില്‍ ശ്രദ്ധയുള്ള വനായിരിക്കുകയും ചെയ്യുന്ന, അവിടെ സ്വര്‍ഗത്തിലും ഒപ്പം, ഇവിടെ ഭൂമിയിലും ആയിരിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് (cf. Dt 4:39).  എന്നു പറഞ്ഞാല്‍, നാമൊരിക്കലും, അകലത്തിലായിരിക്കുന്ന ഒരു അസ്തിത്വത്തിലല്ല വിശ്വസിക്കുന്നത്. നിസ്സംഗമായൊരു അസ്തിത്വത്തെയല്ല, മറിച്ച്, സ്നേഹത്താല്‍, വിശ്വത്തെ സൃഷ്ടിക്കുകയും, ഒരു ജനതയ്ക്കു ഉത്ഭവം നല്‍കുകയും, നമുക്കു വേണ്ടി മാംസം ധരിക്കുകയും, മരിച്ച് ഉയിര്‍ക്കുകയും ചെയ്ത, എല്ലാറ്റിനെയും, പരിവര്‍ത്തനപ്പെടുത്തുകയും, പൂര്‍ണതയിലേയ്ക്കു നയിക്കുകയും ചെയ്യുന്ന പരിശുദ്ധാവായ ദൈവത്തെയാണു നാം വിശ്വസിക്കുന്നത്.

സ്നേഹദൈവത്താല്‍ നിര്‍വഹിക്കപ്പെടുന്ന ഈ പരിവര്‍ത്തനത്തെ ആദ്യം അനുഭവിച്ച വ്യക്തിയായ വിശുദ്ധ പൗലോസ് (cf. Rom 8: 14-17), ദൈവത്തിന് താന്‍ “പിതാവേ, അപ്പാ, എന്നു വിളിക്കപ്പെടുന്നതിനുള്ള ആഗ്രഹത്തെ നമുക്കു മനസ്സിലാക്കിത്തന്നു.  തനിക്കു ജന്മം നല്‍കിയവന്‍റെ കൈകളിലേയ്ക്കു തന്നെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു ശിശുവിന്‍റെ ആത്മവിശ്വാസത്തോടെ നാം “ഞങ്ങളുടെ പിതാവേ”, വിളിക്കുന്നതു കേള്‍ക്കാനുള്ള ദൈവീകാഗ്രഹത്തെ വെളിപ്പെടുത്തിത്തന്നു.  അപ്പസ്തോലന്‍ വീണ്ടും, നമ്മില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ്, യേശുക്രിസ്തുവിനെ കഴിഞ്ഞു പോയ കാലത്തിലെ ഏതെങ്കിലും കഥാപാത്രമായിട്ടല്ല, നമ്മോടു സമീപസ്ഥനായിരിക്കുന്നവനാണെന്നു നമുക്കു അനുഭവവേദ്യമാക്കുകയാണ് എന്നു വെളിപ്പടുത്തുന്നുണ്ട്. നമ്മുടെ സമകാലീനനും, ദൈവത്താല്‍ സ്നേഹിക്കപ്പെടുന്ന അവിടുത്തെ മക്കളെന്നുള്ള അനുഭവം നമുക്കേകുന്നവനും ആയ യേശുക്രിസ്തുവിനെ നമുക്ക് അനു ഭവവേദ്യമാക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നമ്മോടൊത്തു വസിക്കും എന്ന വാഗ്ദാനമാണ് സുവിശേഷം നമുക്കു നല്‍കിയിട്ടുള്ളത്. അവിടുത്തെ സാമീപ്യത്തിനും, അവിടുന്നു നമ്മെ ഭരമേല്‍പ്പി ച്ച ദൗത്യം ശാന്തമായി നേടിയെടുക്കുന്നതിനുള്ള പരിശുദ്ധാരൂപിയുടെ ശക്തിക്കും നന്ദി. എന്താണ് ഈ ദൗത്യം?  അവിടുത്തെ സുവിശേഷം പ്രഘോഷിക്കുകയും, എല്ലാവര്‍ക്കും അതിന്‍റെ സാക്ഷ്യമേകുകയും അങ്ങനെ അവിടുത്തോടുള്ള ഐക്യവും, അതിലൂടെ കൈവരുന്ന ആനന്ദവും വ്യാപിപ്പിക്കുക യും ചെയ്യുക എന്നതാണത്.  ദൈവം, നമ്മോടുകൂടി നടക്കുന്നുവെന്ന അനുഭവത്തിന്‍റെ ആനന്ദത്താല്‍ നാം നിറയപ്പെടുന്നു.  ഒരുതരത്തില്‍, ക്രിസ്ത്യാനികളുടെ ആദ്യഭാഷയായിരുന്ന ആ ആനന്ദത്താല്‍ നാം നിറയപ്പെടുന്നു.

അതിനാല്‍, ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍, അവിരാമമായ സ്നേഹത്തോടെ സൃഷ്ടിക്കുകയും, രക്ഷിക്കുകയും, വിശുദ്ധീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവികരഹസ്യത്തെ ധ്യാനിക്കുവാനുള്ള അവസരമാണ്.  അവിടുത്തെ സ്വാഗതംചെയ്യുന്ന ഓരോ സൃഷ്ടിയും അവിടുത്തെ സൗന്ദര്യത്തെ, നന്മയെ, സത്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കിരണമാണ്.  അവിടുന്ന്, എല്ലായ്പോഴും, മാനവവംശത്തോടൊത്തു നടക്കുന്നതിനും, ജനതകള്‍ക്കും ആരെയും ഉപേക്ഷിക്കാതെ ഓരോ വ്യ ക്തിക്കും അനുഗ്രഹമായിത്തീരുന്നതിനുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിനും വേണ്ട മാര്‍ഗം തെര‍ഞ്ഞെടുക്കുന്നു. ക്രിസ്ത്യാനി ഒരിക്കലും ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല, അയാള്‍ ഒരു ജനതയുടെ, ദൈവം രൂപപ്പെടുത്തിയ ഒരു ജനതയുടെ, സ്വന്തമാണ്.  അത്തരത്തിലുള്ള ഒരു ഐക്യവും സ്വന്തമായിരിക്കുന്ന അനുഭവവും ഇല്ലാതെ ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നതു സാധ്യമല്ല.  നാം ഒരു ജനമാണ്, ദൈവത്തിന്‍റെ ജനം ആണ്.  സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന ലോകത്തിന്, യ ഥാര്‍ത്തില്‍ ഒരിക്കലും അവസാനിക്കാനിക്കാത്ത സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന, പിതാവിന്‍റെയും പുത്രന്‍റെയം പരിശുദ്ധാത്മാവിന്‍റെയും സമൂര്‍ത്തസ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന ലോകത്തിനു സാക്ഷ്യമായിരിക്കുന്നതിനുള്ള ദൗത്യം ആനന്ദത്തോടെ നിറവേറ്റുന്നതിന് പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ!

ഈ പ്രാര്‍ഥനാശംസയോടെ പാപ്പാ ത്രികാലജപം ചൊല്ലി. തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.